Saturday, March 20, 2010

കാക്ക ചതിക്കപ്പെടുന്നു.

വർഷങ്ങൾക്കു മുമ്പു ഞാനെഴുതി കൂട്ടിയ രചനകളിൽ എനിക്കു ഏറ്റവും ഇഷ്ടപ്പെട്ടതിൽ ഒന്നായ ഈ കഥ എന്റെ ബ്ലോഗ്‌ ജീവിതത്തിൽ ആദ്യം ഒരു പോസ്റ്റായി പ്രസിദ്ധീകരിച്ചിരുന്നു. അടുത്ത കാലത്തു ആ പോസ്റ്റിലൂടെ ഞാൻ കടന്നു പോയപ്പോൾ തെറ്റുകൾ പലതും കണ്ടു. മാത്രമല്ല ബ്ലോഗ്‌ ജീവിതത്തിലെ ബാലാരിഷ്ടതകൾ ബാധിച്ചിരുന്നതായും കാണപ്പെട്ടു.(അക്ഷരങ്ങളുടെ വലിപ്പം തുടങ്ങിയവ) അതിനാൽ ഒരു പുന:പ്രസിദ്ധീകരണം ഈ കഥ അർഹിക്കുന്നു.ഈ പോസ്റ്റിന്റെ പിറവി അങ്ങിനെയാണു സംഭവിച്ചതു..
കാക്ക ചതിക്കപ്പെടുന്നു.
കിളിച്ചുണ്ടൻ മാവിന്റെ കൊമ്പിലിരുന്നു കുയിൽ കുഞ്ഞു വികൃത സ്വരത്തിൽ കരയുന്നതും കാക്ക തന്റെ ചുണ്ടിലെ തീറ്റ അതിന്റെ വായിൽ വെച്ചു കൊടുക്കുന്നതും അവൾ നോക്കി നിന്നു.
എത്രയോ നേരമായി താനിതു ശ്രദ്ധിക്കുന്നു. മനസ്സിലെ അസഹിഷ്ണത മുഖത്തു പ്രകടമായതു കൊണ്ടാവാം ഭർത്താവു ചോദിച്ചു:-
"എന്താ മാലിനീ നിനക്കൊരു വല്ലായ്മ.."
അവൾ മറുപടി പറയാതെ ദൂരെ കളിച്ചു കൊണ്ടിരുന്ന മകനെ ശ്രദ്ധിച്ചു.രണ്ടു വയസ്സുകാരൻ മകൻ മരക്കുതിരയിൽ ആടുകയാണു.
പന്തു കളിച്ചു കൊണ്ടിരുന്ന അഛനും മകനും എപ്പോഴാണു കളി നിർത്തിയതെന്നോ മകൻ മരക്കുതിരയിൽ കയറി ഇരുന്നതെപ്പോഴെന്നോ അവൾ അറിഞ്ഞതേയില്ല. കരയുന്ന കുയിൽ കുഞ്ഞിനെയും അതിനു തീറ്റി കൊടുക്കുന്ന കാക്കയെയുമായിരുന്നല്ലോ കുറേ നേരമായി അവൾ ശ്രദ്ധിച്ചിരുന്നതു.
മുഖത്തെ അസഹിഷ്ണത മാറ്റാനും ഭർത്താവിനെ നോക്കി ചിരിക്കാനും അവൾ ശ്രമിച്ചു.
"പഠനകാലത്തു കവിയത്രി ആയിരുന്നു എന്നതു കൊണ്ടു ഇപ്പോഴും പൂവിനും പക്ഷികൾക്കും പുറകെ നടന്നാൽ മോനെ ശ്രദ്ധിക്കാൻ പറ്റുമോ?"
അയാളുടെ സ്വരത്തിൽ പരിഭവം പുരണ്ടിരുന്നതായി അവൾ സം ശയിച്ചു.
മരകുതിരയുടെ സമീപത്തു ചെന്നു ഭര്‍ത്താവ് മകനെ എടുത്തു തോളിൽ വെയ്ക്കുന്നതും കണ്ണാടിക്കൂട്ടിലെ സ്വർണ്ണ മൽസ്യത്തെ ചൂണ്ടിക്കാണിക്കുന്നതും അവൾ കൗതുകത്തോടെ നോക്കി നിന്നു.
ഒരു ഒഴിവു ദിവസം കിട്ടിയാൽ അഛൻ മകന്റെ അരികിൽ നിന്നും മാറില്ല. അഛനു മകനെ ജീവനാണു.
കുയിൽ കുഞ്ഞു വീണ്ടും കരഞ്ഞപ്പോൾ അവൾ മാവിന്റെ കൊമ്പിൽ നോക്കി. ഇപ്പോൾ കാക്ക അരികിലില്ല.
എന്തൊരു ശബ്ദമാണു ഈ ജീവിയുടേതു. അവൾ അരിശത്തോടെ ചിന്തിച്ചു. കാക്കയുടേതുമല്ല കുയിലിന്റേതുമല്ലത്ത സ്വരം.
ആഹാരത്തിനു ആർത്തി കാണിക്കുന്ന സത്വം. കയ്യിലൊരു കല്ലു വേണമെന്നും കുയിൽ കുഞ്ഞിനെ എറിഞ്ഞു കൊല്ലണമെന്നും അവൾ ആഗ്രഹിച്ചു.
തനിക്കെന്തു പറ്റിയെന്നും ഈ വിധത്തിൽ തനിക്കു ചിന്തിക്കാൻ കഴിയുന്നതെങ്ങിനെയെന്നും അവൾ അതിശയിക്കുകയും ചെയ്തു.
എന്താണു തന്റെ അസഹിഷ്ണതയുടെ കാരണമെന്നു തിരിച്ചറിഞ്ഞപ്പോൾ ഉണ്ടായ ഞെട്ടൽ ഭർത്താവിൽ നിന്നും മറച്ചു വെക്കാണുള്ള ശ്രമത്തിലായി അവൾ.
ഇപ്പോൾ കുയിൽ കുഞ്ഞു നിശ്ശബ്ദനാണു. അതു ആണോ പെണ്ണോ എന്നറിഞ്ഞിരുന്നെങ്കിലെന്നു അവൾ കൊതിച്ചു.അതിന്റെ മാതാ പിതാക്കൾ എവിടെ പോയി.അടുത്ത പുരയിടത്തിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന ആൽമരത്തിലിരുന്നു ഒരു പക്ഷേ അവർ തങ്ങളുടെ കുഞ്ഞിനെ ഒളിഞ്ഞു നോക്കുന്നുണ്ടാകാം
അവരുടെ കുഞ്ഞിനെ കാക്ക പൊൻ കുഞ്ഞായി വളർത്തുമെന്നു അവർക്കറിയാം.
മഞ്ഞ വെയിൽ പ്രകാശം പരത്തിയ ഒരു സായാഹ്നത്തിൽ കിളിച്ചുണ്ടൻ മാവിന്റെ തുഞ്ചാണി കൊമ്പത്തു കൂടു കെട്ടാൻ കാക്ക ഒരുക്കങ്ങൾ നടത്തുന്നതു അവൾ കണ്ടിരുന്നു. ചുണ്ടിൽ ചില്ലകളും നാരുമായി കാക്ക ദമ്പതികൾ മാറി മാറി പറന്നു വന്നു. കൂടു പൂർത്തിയായതിനു ശേഷം ഒരു കാക്ക (അതു ഭാര്യയോ ഭർത്താവോ എന്നറിയില്ല)ചുണ്ടിൽ പഞ്ഞി തുണ്ടുമായി പറന്നു വന്നു കൂടിനുള്ളിൽ പഞ്ഞി താഴ്ത്തി വെയ്ക്കുന്നതും അവൾ കണ്ടു.
വീട്ടുജോലികൾ ചെയ്യാൻ വേലക്കാർ ധാരാളം ഉള്ളതിനാൽ ഈ വക കാര്യങ്ങൾ ശ്രദ്ധിച്ചായിരുന്നല്ലോ അവൾ സമയം ചെലവഴിച്ചിരുന്നതു.
മകൻ എല്ലാ നേരവും ആയയുമായി കഴിഞ്ഞു
പൂവിലും പൂനിലാവിലും തുമ്പിയിലും തുമ്പപ്പൂവിലുമായിരുന്നല്ലോ ബാല്യം മുതൽ തന്റെ താൽപര്യം. പ്രപഞ്ചമാകെ സ്നേഹം നിറഞ്ഞു നിൽക്കുന്നു എന്നും താനൊരു പ്രേമഗായികയാണെന്നും അവൾ വിശ്വസിച്ചു. കോളേജിൽ "പ്രേമഭിക്ഷുകി" എന്ന ഓമനപ്പേരു വീണപ്പോൾ അവൾക്കു നാണം തോന്നിയില്ല. കവിയരങ്ങിൽ പരിചയപ്പെട്ട കവിയുമായി ആരംഭിച്ച പരിശുദ്ധ സ്നേഹം ഹോട്ടൽ മുറിയിൽ കവിയാൽ വിവസ്ത്രയാക്കപ്പെട്ടതിനു ശേഷം അവസാനിച്ചപ്പോൾ അവൾക്കു വേദനയും തോന്നിയില്ല.
"നീ ഈ ലോകത്തു ഉണ്ടോ?!" ഭർത്താവിന്റെ ശബ്ദം അവളെ ഭയപ്പെടുത്തി. താൻ അയാളെ ഭയക്കുന്നു എന്നവൾ തിരിച്ചറിഞ്ഞു.
തന്റെ ശരീരത്തിൽ ചാരി നിന്നു തന്നെ നോക്കി ചിരിക്കുന്ന മകന്റെ ചുരുണ്ട തലമുടിയിലൂടെ വിരലോടിക്കുമ്പോൾ അവൾ മാവിൻ കൊമ്പിൽ ഒളിഞ്ഞു നോക്കി.
കുയിൽ കുഞ്ഞിനെ കാണാനില്ല. ആ ജീവി ഇനി ശബ്ദിക്കാതിരുന്നെങ്കിൽ സ്വസ്ഥത കിട്ടിയേനെ എന്നവൾ കരുതി.
കല്യാണം കഴിഞ്ഞു എട്ടാം മാസം താൻ പ്രസവിച്ചപ്പോൾ മാസം തികയാതെ ജനിച്ച കുഞ്ഞിനെ ജീവനോടെ കിട്ടുമോ എന്നായിരുന്നു ഭർത്താവിന്റെ ഭയം. കമ്പിളി തുണിയിൽ പൊതിഞ്ഞ കുഞ്ഞിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നു ഡോക്റ്റർ പറഞ്ഞപ്പോൾ ആ മുഖത്തെ സന്തോഷം കാണേണ്ടതു തന്നെയായിരുന്നു.
"കഥയോ കഥകളിയോ സ്വപ്നം കണ്ടു നീ ഇവിടെ ഇരുന്നോളൂ ഞാനും മോനും കുറച്ചു നേരം കൂടി കളിക്കട്ടെ" എന്നും പറഞ്ഞു അയാൾ മകന്റെ കുഞ്ഞി കയ്യിൽ പിടിച്ചു പുൽതകിടിയിലൂടെ നടന്നു പോകുന്നതും മകൻ കൊഞ്ചലോടെ അഛനുമായി വർത്തമാനം പറയുന്നതും അവൾ നോക്കി നിന്നു.
കാക്കയുടെ ശബ്ദം അവളെ മാവിൻ കൊമ്പിലേക്കു വീണ്ടും നോക്കാൻ പ്രേരിപ്പിച്ചു. കുയിൽ കുഞ്ഞിന്റെ കരച്ചിലും കേട്ടു.പൊളിഞ്ഞു പോയ കാക്കകൂടിനു സമീപമാണു ഇപ്പോൾ അതിനെ കണ്ടതു.
മാസങ്ങൾക്കു മുമ്പു കാക്ക അതിന്റെ കൂടു കെട്ടുമ്പോൾ അടുത്ത പുരയിടത്തിലെ ആൽമരത്തിൽ പുലർ കാലത്തും സായാഹ്നത്തിലും കുയിൽ ഇണയെ വിളിച്ച്‌ നീട്ടി പാടുന്നതു അവൾ ശ്രദ്ധിച്ചിരുന്നു.മറ്റൊരു ദിവസം കാക്ക ഇല്ലാതിരുന്ന നേരം കാക്കയുടെ കൂട്ടിൽ നിന്നും കുയിൽ പറന്നു പോകുന്നതും അവൾ കണ്ടിരുന്നു. കാക്ക അറിയാതെ കുയില്‍ അതിന്റെ കൂട്ടിൽ മുട്ടയിട്ടു കാണുമെന്നു അവൾക്കു മനസ്സിലായി.
പാവം കാക്ക തന്റെ കുഞ്ഞാണെന്നു കരുതി കുയിൽ കുഞ്ഞിനു കൊക്കിൽ തീറ്റ കൊണ്ടു വന്നു കൊടുക്കുന്നു.അടങ്ങാത്ത ആർത്തിയോടെ ആ ജീവി അതു വിഴുങ്ങുന്നതും കാക്ക അതു നോക്കി ഇരിക്കുന്നതും മാവിൻ ചില്ലകൾക്കിടയിലൂടെ അവൾ കണ്ടു.
പാവം കാക്ക. അവളുടെ മനസ്സു മന്ത്രിച്ചു.
"കാക്കേ അതു നിന്റെ കുഞ്ഞല്ല, കുയിലിന്റെ കുഞ്ഞാണു" എന്നു കാക്കയോടു വിളിച്ചു കൂവാൻ അവൾ ആഗ്രഹിച്ചു.
സഫലമാകാത്ത താണു തന്റെ ആഗ്രഹമെന്നും കാക്ക നിരന്തരം വഞ്ചിക്കപ്പെടുക തന്നെ ചെയ്യുമെന്നും ചിന്തിച്ചപ്പോൽ അവളുടെ കണ്ണുകൾ ഈറനായി.
"സ്വപ്നം കണ്ടു നീ കരയാനും തുടങ്ങിയോ" എന്നു ചോദിച്ചു ഉൽക്കണ്ഠയോടെ തന്നെ നോക്കി നിൽക്കുന്നതു തന്റെ ഭർത്താവല്ലെന്നും ആ കാക്കയാണെന്നും അയാളുടെ തോളിൽ തല ചായ്ച്ചു ഉറങ്ങുന്ന തന്റെ മകനു കുയിൽ കുഞ്ഞിന്റെ ഛായ ഉണ്ടെന്നും അവൾക്കു തോന്നിയപ്പോൾ അവൾ പൊട്ടിക്കരഞ്ഞു കൊണ്ടു അയാളുടെ നെഞ്ചിൽ മുഖം അമർത്തി.
"എന്തു പറ്റിയെടോ തനിക്കു" എന്ന അയാളുടെ ചോദ്യത്തിനു ഉത്തരം നൽകാൻ അവൾക്കു കഴിയാത്തതിനാൽ ആ മാറിൽ മുഖം അമർത്തി നിന്നു "എന്റെ കാക്കേ പ്രിയപ്പെട്ട കാക്കേ" എന്നു മാത്രം അവൾ മന്ത്രിച്ചു.

3 comments:

  1. കാക്കയും കുയിലുമായി അര്‍ഥം കൊടുത്തിരിക്കുന്നത്‌ തികച്ചും ഭാവനാപൂര്‍ണ്ണം.
    എങ്കിലും ആദ്യ പാരാഗ്രാഫ് മുതല്‍ കഥ എവിടെക്കാണ്‌ പോവുന്നത് എന്ന് വ്യക്തമായി സൂചനയുണ്ടായിരുന്നു.

    ReplyDelete
  2. വിശ്വാസം അതല്ലെ എല്ലാം. വിശ്വാസമാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്നത്. അത് തകർന്നാൽ കാക്കതന്നെ കുഞ്ഞിനെ കൊല്ലും.

    ReplyDelete