Monday, March 15, 2010

വിനീത ലേലം വികൃത വേഷം

1984 എനിക്കുണ്ടായ അനുഭവം (തീയതി ഓർമ്മ വരുന്നില്ല) മലയാള മനോരമ ദിനപ്പത്രം നടുക്കഷണ പംക്തിയിലേക്കു അയച്ചു കൊടുക്കുകയും മനോരമ "വിനീത ലോകം വികൃത വേഷം" എന്നു പേരിൽ അതു പ്രസിദ്ധീകരിക്കുകയും ചെയ്തു.
വർഷങ്ങൾക്കു ശേഷം വീണ്ടും എന്റെ അനുഭവത്തിൽ പ്രതിപാദിക്കുന്ന ഈതട്ടിപ്പു മറ്റൊരു സ്ഥലത്തു വെച്ചു ഞാൻ കാണുകയുണ്ടായി. മാത്രമല്ല "പിതാമഹൻ" എന്ന തമിഴു സിനിമയിലെ നായക വേഷം തരത്തിലുള്ള തട്ടിപ്പു നടത്തുന്നതായുള്ള ചിത്രീകരണം ഉണ്ടെന്നു എന്റെ ഒരു സുഹൃത്തു പറഞ്ഞപ്പോള്‍ അനുഭവം വീണ്ടും പ്രസിദ്ധീകരിക്കണമെന്ന തോന്നലുണ്ടായി. തോന്നലിൽ നിന്നും പോസ്റ്റ്‌ ജന്മമെടുത്തു;, മനോരമ നൽകിയ അതേ പേരിൽ.
വിനീത ലേലംവികൃത വേഷം.
തമിഴു നാടു സംസ്ഥാനത്തുള്ള ചെങ്കോട്ട ബസ്‌ സ്റ്റാന്റ്‌.
കൊല്ലത്തേക്കുള്ള ബസ്സ്‌ സ്റ്റാന്റിൽ പിടിച്ചിട്ടുണ്ടു. തമിഴും മലയാളവും ഇടകലർന്ന ഭാഷ സം സാരിക്കുന്ന ചെങ്കോട്ടക്കാരാണു ബസ്സിൽ അധികവും. വാരിക വിൽപ്പനക്കാരും പഴ വ്യാപാരികളും ബസ്സിൽ അവരുടെ വൈഭവം പ്രകടിപ്പിക്കുന്നു. ബസ്സ്‌ പുറപ്പെടാൻ ഇനിയും സമയം ഉണ്ടു. അപ്പോഴണു ഒരു പുതിയ വേഷത്തിന്റെ തിരപ്പുറപ്പാടു ഞാൻ ശ്രദ്ധിച്ചതു
ഒരു മീശക്കാരൻ. കൈത്തണ്ടിൽ ഒരു ബെഡ്‌ ഷീറ്റ്‌ മടക്കി തൂക്കി ഇട്ടിരിക്കുന്നു.
"
ദയവു ചെയ്തു ശ്രദ്ധിക്കുക" ബസ്സിലെ കലപില ബഹളങ്ങൾക്കു മീതെ അയാളുടെ ശബ്ദം ഉയർന്നു.
"
പുതുതായി തുടങ്ങിയ ഞങ്ങളുടെ കമ്പനിയുടെ പ്രചരണാർത്ഥം മാത്രം " കൊമ്പൻ മീശയുടെ താഴെ ഫിറ്റ്‌ ചെയ്ത പുഞ്ചിരിയോടെ അയാൾ മൊഴിഞ്ഞു.
എല്ലാവരു ശ്രദ്ധിച്ചു.
"ഇതാ 300 രൂപ വിലയുള്ള ബെഡ്‌ ഷീറ്റ്‌ ലേലം വിളിച്ചു കൊടുക്കുവാൻ പോകുന്നു...."
യാത്രക്കാർ വീണ്ടും സ്വന്തം കാര്യങ്ങളിലേക്കു തിരിഞ്ഞു. സാധാരണ വേഷക്കാരൻ; പുതുമയൊന്നുമില്ല.
"
പത്തു രൂപാ..." ലേലക്കാരൻ വിളി ആരംഭിച്ചു. ആർക്കും അനക്കമില്ല.
"300
രൂപയുടെ ബെഡ്‌ ഷീറ്റ്‌ കമ്പനിയുടെ പ്രചരണാർത്ഥം വെറും പത്തു രൂപാ..."
"15
റൂപാ...." ഒരു തമിഴു കുടവയർ വിളി ഏറ്റു പിടിച്ചു. " 20 രൂപാ..." അടുത്തിരുന്ന ഒരു മലയാളി വല്യമ്മ തുക കൂട്ടി.തമിഴന്റെ 15 രൂപാ അവർക്കിഷ്ടപ്പെട്ടില്ലെന്നു തോന്നി.
ലേലക്കാരന്റെ മുഖത്തെ പുഞ്ചിരിക്കു മാറ്റമൊന്നുമില്ല."20 രൂപാ...." അയാൾ ആവർത്തിച്ചു.
20
രൂപ പലരും ചേർന്നു 50 രൂപയിൽ കൊണ്ടെത്തിച്ചു."300 രൂപയുടെ ബെഡ്‌ ഷീറ്റ്‌ വെറും 50 രൂപായിലേ എത്തിയുള്ളൂ, ഞങ്ങളോടു സഹകരിക്കൂ, വില ഉയർത്തി വിളിക്കൂ....." ലേലക്കാരൻ പുഞ്ചിരിയോടെ മധുര സ്വരത്തിൽ വീണ്ടും ഉണർത്തി. അയാളുമായി യാത്രക്കാർക്കു മുൻ ബാദ്ധ്യതയുള്ള വിധത്തിലാണു പ്രഭാഷണം.
പല തവണ വിളിച്ചിട്ടും 50 രൂപയിൽ നിന്നും സൂചി മുകളിലേക്കു ഉയർന്നില്ല.50 രൂപ വിളിച്ച മദ്ധ്യവയസ്കൻ പോക്കറ്റു പരിശോധിച്ചതിനു ശേഷം ലേലക്കാരന്റെ സമീപം ചെന്നു ബെഡ്‌ ഷീറ്റ്‌ തിരിച്ചും മറിച്ചും പരിശോധിച്ചു. അയാളുടെ മുഖം നിറയെ സംതൃപ്തിയുടെ പ്രകാശം.
"50
രൂപാ..ഒരു തരം രണ്ടു തരം.......ഇല്ലാ മൂന്നു തരമില്ല. ക്ഷമിക്കണം.ഈ വിലക്കു കൊടുക്കാൻ സാദ്ധ്യമല്ല......" ലേല വേഷം നിരാശ സ്വരത്തിൽ എന്നാൽ മുഖത്തെ പുഞ്ചിരിക്കു കോട്ടം വരാത്ത വിധത്തിൽ മൊഴിഞ്ഞു.
"പക്ഷേ ഒന്നു കേൾക്കൂ, ..." അയാൾ ബസ്സിന്റെ ജനാലയിലൂടെ കൈ നീട്ടി. ഞാൻ പുറത്തേക്കു നോക്കി. ഒരു പയ്യൻ തുണിക്കെട്ടും മറ്റുമായി നിൽക്കുന്നു. അവൻ രണ്ടു പേനകൾ ലേലക്കാരനു കൊടുത്തു.
" ഈ ഷീറ്റ്‌ കൊടുക്കാൻ സാധിച്ചില്ലെങ്കിലും ഞങ്ങളുടെ കമ്പനിയുടെ പ്രചരണാർത്ഥം ഏറ്റവും തുക കൂടുതൽ വിളിച്ച രണ്ടു പേർക്കു ബോണസ്സ്‌...."
45-ം 50-ം രൂപ ലേലം വിളിച്ച രണ്ടു പേർക്കു അയാൾ ഓരോ പേനാ കൊടുത്തു.
യാത്രക്കാരുടെ ശ്രദ്ധ മുഴുവൻ അങ്ങോട്ടായി. പേന ഏതു തരത്തിലുള്ളതു ആയാലും അതു സൗജന്യമാണല്ലോ. 50 രൂപാ വിളിച്ച മദ്ധ്യ വയസ്കന്റെ മുഖത്തു ഇപ്പോൾ ഒരു വിജയ ഭാവമുണ്ടു.
"ഇതാ അടുത്തതു..." ഇപ്പോൾ ഒരു സാരിയാണു അയാളുടെ കയ്യിൽ.
"500 രൂപാ വിലയുള്ള സാരി കമ്പനിയുടെ പ്രചരണാർത്ഥം ,ഇതാ ലേലം തുടങ്ങുന്നു..വെറും 20 രൂപാ..."
"അൻപതു റൂപ.." പഴയ കുടവയറൻ തമിഴൻ ആരംഭമിട്ടു.ലേലത്തിൽ ആദ്യത്തെ വിളി അയാളുടേതായിരിക്കണമെന്നു അയാൾക്കു നിർബന്ധമുള്ളതു പോലെ തോന്നി. ഈ തവണ വല്യമ്മ അനങ്ങിയില്ല.ലേല തുക വേഗത്തിൽ ഉയർന്നു 100 രൂപാ വരെ എത്തി.യത്രക്കാർക്കു ലേലക്കാരനിൽ വിശ്വാസം ജനിച്ചിരിക്കുനു.പക്ഷേ 100 രൂപാക്കു മുകളിൽ ആരും കടന്നില്ല.
"ഒരു തരം.....രണ്ടു തരം.....ഇല്ല മൂന്നു തരമില്ല.....ലേലക്കാരന്റെ സ്വരത്തിൽ വീണ്ടും നിരാശ.
"ക്ഷമിക്കണം 100 രൂപാക്കു കൊടുക്കാൻ സാധിക്കുകയില്ല, സുഹൃത്തുക്കളേ പക്ഷേ...."അയാൾ പുറത്തേക്കു കൈ നീട്ടി.
100 രൂപാ വിളിച്ച കറുത്ത യുവതിയുടെ മുഖത്തു പതിനാലാം രാവിന്റെ തിളക്കം.
ഈ തവണ ബോണസ്സ്‌ രണ്ടു ചീപ്പു.100 രൂപാ വിളിച്ച കറുത്ത യുവതിക്കും 98 രൂപാ വിളിച്ച ഒരു കോന്ത്ര പല്ലനും അതു കിട്ടി. യാത്രക്കാർക്കു ഉത്സാഹം കയറി. ഇനി എന്താണാവോ അടുത്ത രംഗം.
ഈ തവണ ബോണസ്സ്‌ മുൻ കൂറായി പ്രദർശിപ്പിച്ചു. രണ്ടു സോപ്പു പെട്ടി വിത്തു സോപ്പു.
ലേല സാധനം രംഗത്തെത്തി. പാന്റ്സിന്റെ തുണി.
"ഇതാ കമ്പനിയുടെ പ്രചരണാർത്ഥം 500 രൂപായുടെ എ.സീ.കോട്ടൺ തുണി..പാന്റിനു..... ആർക്കും വിളിക്കാം...."
മിന്നൽ വേഗത്തിൽ ലേല തുക 250 രൂപായിൽ എത്തി. 250 രൂപാ വിളിച്ചതു ഒരു മെലിഞ്ഞ ചെറുപ്പക്കാരൻ 245 വിളിച്ചതു ബെഡ്‌ ഷീറ്റ്‌ ലേലത്തിൽ കൂടുതൽ വിളിച്ച മദ്ധ്യ വയസ്കൻ.
"ഒരു തരം...രണ്ടു തരം..." ഞാൻ കാതോർത്തു. "ഇല്ലാ ക്ഷമിക്കണം ..." ഇപ്പോൾ പുറത്തു വരും. പക്ഷേ തെറ്റി.
"മൂന്നു തരം"
250-ം 245-ം വിളിച്ച രണ്ടു പേർക്കും ഓരോ പാന്റ്സ്‌ തുണിയും സോപ്പു പെട്ടി വിത്തു സോപ്പും ലേലക്കാരൻ മടിയിലിട്ടു കൊടുത്തു.അവരുടെ മുഖത്തു പരിഭ്രമം.
"ങ്‌ എ...എനിക്കു വേണ്ടാ...."മെലിഞ്ഞ ചെറുപ്പക്കാരൻ കുതറി നോക്കി.
"വേണ്ടെന്നോ....." ലേല വേഷത്തിന്റെ സ്ഥിരം പുഞ്ചിരി ഇപ്പോൾ മുഖത്തില്ല, പകരം രൗദ്രമാണു.ഉടൻ കാച്ചി കളയുമെന്ന മട്ടിൽ കൊമ്പൻ മീശ വിറച്ചു. ഈ സമയം അയാളുടെ പുറകിൽ അതേ പോലുള്ള രണ്ടു കൊമ്പൻ മീശകൾ കൂടി അണി നിരന്നിരിക്കുന്നു . അവർ സമയം ആയപ്പോൾ രംഗത്തെത്തിയതാണു.
"കണ്ടിട്ടു മാന്യനാണെന്നു തോന്നുന്നല്ലോ, തൊണ്ടയിലെ വെള്ളം വറ്റിച്ചു ലേലം വിളിച്ചിട്ടു ഇപ്പോൾ വേണ്ടെന്നോ? പൈസ്സ എടുക്കടോ " ലേലക്കാരൻ അലറി.പുറകിൽ നിൽക്കുന്ന മീശകൾ നിശ്ശബ്ദരാണു. പക്ഷേ അവർ ചെറുപ്പക്കാരനെ രൂക്ഷമായി നോക്കി മീശ പിരിച്ചു കൊണ്ടേ ഇരുന്നു.
യാത്രക്കാർ തരിച്ചിരിക്കുകയാണു.ആരും പ്രതികരിക്കുന്നില്ല. അഥവാ നമ്മെളെന്തിനു ഇതിൽ പ്രതികരിക്കണം എന്ന മട്ടു.
ബോണസ്സിന്റെ ആഗ്രഹത്തിന്മേൽ വിളിച്ചതാണെന്നും തുണി ആവശ്യം ഇല്ലെന്നും പറയുന്നതു മര്യാദക്കു നിരക്കാത്തതും നാണക്കേടുമാണു.
മെലിഞ്ഞ ചെറുപ്പകാരൻ ദയനീയമായി സഹ യാത്രികരെ നോക്കി. കൂട്ടു പ്രതിയായ മദ്ധ്യ വയസ്കനെ നോക്കി. ആരും സഹായത്തിനില്ല.
പോക്കറ്റിൽ നിന്നും രൂപാ എണ്ണി കൊടുത്തപ്പോൽ അയാൾ പതുക്കെ പറഞ്ഞത് "നീ ഗുണം പിടിക്കില്ലെടാ"എന്നാണോ എന്നറിയില്ല.
ലേലക്കാരൻ അനുയായികളുമായി മദ്ധ്യ വയസ്കന്റെ മുമ്പിൽ ചെന്നു കൈ നീട്ടി.
"ഉം...ം.." ബോംബയിൽ ഗല്ലികളിൽ ദാദാമാർ പണം പിരിക്കുന്ന ഭാവമാണു അയാളുടെ മുഖത്തു.
"ഞാൻ 245 രൂപയേ വിളിച്ചുള്ളൂ....." മദ്ധ്യ വയസ്കന്‍ ഒഴിയാൻ നോക്കി.
" മതി സാർ 245 തന്നാൽ മതി, തുണി എടുത്താട്ടെ...." തുണിയും സോപ്പു പെട്ടിയും അയാളുടെ മടിയിൽ തന്നെ കിടക്കുന്നു.
താമസം ഉണ്ടായില്ല; പൈസ്സാ കൊടുക്കാനും ലേല വേഷം ബസ്സിൽ നിന്നിറങ്ങാനും.
ബസ്സ്‌ പുറപ്പെട്ടു കഴിഞ്ഞു ചെറുപ്പക്കാരന്റെ പക്കൽ നിന്നും ഞാൻ തുണി വാങ്ങി പരിശോധിച്ചു. പരമാവധി 100 രൂപാ വില വരും, അതും രണ്ടു കഴുകൽ കഴിഞ്ഞാൽ മിച്ചം കാണുമോ എന്നു സംശയം. ലേലക്കാരനു ലാഭം 150രൂപ. അതിൽ ചിലവു രണ്ടു ബാൾ പെൻ, രണ്ടു ചീപ്പു, രണ്ടു സോപ്പു പെട്ടി വിത്തു സോപ്പു, ഇവയുടെ വില. കച്ചവടം കൊള്ളാം.
എസ്സൻസ്സ്‌:- ഇതു കലിയുഗം.സൗജന്യം എവിടെ കാണുന്നുവോ അവിടെ ജാഗ്രത ആയിരിക്കുക; പുറകിൽ അപകടം പതിയിരിക്കുന്നു.
:
4 comments:

 1. ഷെരീഫ്‌ മാഷെ,
  ഇതിൽ സമ്മാനം ലഭിച്ചവരിൽ എത്രപേർ ലേലക്കാരന്റെ തന്നെ ഏജന്റായിരിക്കുമോ ആവോ!!!!
  സമാനമായൊരു കഥയുണ്ട്‌, കേട്ടറിവേയുള്ളു.... ഒരുകുഴപ്പം. എഴുതാൻ നിന്നാൽ ഓഫീസിൽ (വീട്ടിലും) പണികിട്ടും.
  നാളെ നോക്കാം.

  ReplyDelete
 2. എല്ലയിടത്തെയും കഥ ഇതുപോലെ തന്നെയാണു, സൂപ്പർമാർക്കറ്റിലും മറ്റും എന്തെൻകിലും ഫ്രീ ഉണ്ടെന്നു കേട്ടാൽ പിന്നെത്തെ കാര്യം അറിയാലൊ....

  ReplyDelete
 3. അഭിപ്രായത്തിന് അടിയൊപ്പ് ആമിനൂ

  ReplyDelete
 4. ഓഫറുകളുടെ കാലമല്ലേ!! ഓഫറിൻറെ രഹസ്യമറിയാവുന്നവരുണ്ടെങ്കിൽ പറയണം, നല്ലൊരോഫറുണ്ട്.

  ReplyDelete