Friday, October 28, 2016

പെണ്ണും ഒളിച്ചോട്ടവും

മാതാപിതാക്കൾ പെൺകുഞ്ഞിനെ  പൊൻ കുഞ്ഞായി തന്നെ വളർത്തുന്നു. ചെറുപ്പത്തിൽ കുളിപ്പിച്ച് കണ്ണെഴുതി പൊട്ട് തൊട്ട്, കയ്യോ കാലോ വളരുന്നത് എന്ന് ആകാംക്ഷയോടെ നിരീക്ഷിച്ച്  ബാല്യവും കൗമാരവും കഴിഞ്ഞ് യൗവനം എത്തുമ്പോൾ  അവളുടെ ഭാവി ജീവിതത്തെ പറ്റി സ്വപ്നം കാണാൻ ആരംഭിക്കും. എന്തെല്ലാമെന്തെല്ലാം സ്വപ്നങ്ങൾ ആ മകളെ പറ്റി നെയ്തു കൂട്ടുന്നു. സ്നേഹവും വാൽസല്യവും കൊണ്ട് അവളെ വീർപ്പ് മുട്ടിക്കുമ്പോഴൊക്കെ അവൾക്ക് മാതാപിതാക്കൾ കൺ കണ്ട ദൈവങ്ങൾ തന്നെയാണ്. അങ്ങിനെ ഇരിക്കവേ ഒരു ദിവസം ഇന്നലെ കണ്ട ഒരുത്തന്റെ കൂടെ അവൾ മാതാപിതാക്കളെയും കൂടപ്പിറവികളെയും ഉപേക്ഷിച്ച്  ഇറങ്ങി പോകുമ്പോൾ ആ മാതാപിതാക്കൾക്ക്  അവൾ നമ്മളെ ഉപേക്ഷിച്ച് പോയി എന്ന സത്യം ഉൾക്കൊള്ളാനാവാതെ വിറങ്ങലിച്ചു നിൽക്കാനേ കഴിയൂ. 
അവളുടെ ഭാവിയും ആരുടെ കൂടെയാണ് അവൾ ജീവിക്കേണ്ടത് എന്ന് തീരുമാനിക്കുന്നതും അവളാണ് എന്നൊക്കെയുള്ള  ആ വെറും വാക്കുകളെ  അവഗണിച്ച് അവൾ ഇന്നലെ വരെ സഹകരിച്ച് കഴിഞ്ഞ ആ മനുഷ്യാത്മാക്കളെ പറ്റി ഒരു നിമിഷം ചിന്തിക്കേണ്ടതല്ലേ? അനുഭവവും ലോകപരിചയവും പള്ളിക്കൂടത്തിൽ നിന്നും ലഭിച്ച വിദ്യാഭ്യാസത്തേക്കാളും നമുക്ക് മാർഗദർശനം നൽകും. അത് കൊണ്ടായിരിക്കാം മാതാപിതാക്കൾ ഒരു പക്ഷേ    അവളുടെ ആഗ്രഹത്തിന് എതിര് നിന്നത്. അവന്റെ കൂടെ പോയാൽ അവളുടെ ജീവിതം ഇരുളടയും എന്ന് അവർ ഭയക്കുന്നുണ്ടാവാം. പക്ഷേ അതിലെല്ലാമുപരി ഒരു പനി വന്നാൽ പോലും ഉണ്ണാതെ ഉറങ്ങാതെ അവൾക്ക് കാവലിരുന്ന് " ഹൃദയം കൊടുത്ത് ഞാൻ സ്നേഹിച്ച മകൾക്ക് എങ്ങിനെ  എന്നെ ഒഴിവാക്കാൻ കഴിയുന്നു" എന്ന ചിന്ത ആയിരിക്കാം  അവരെ കൂടുതൽ വേദനിപ്പിക്കുന്നത്.  ഇതിത്രയും എഴുതുന്നത് ഞാൻ താമസിക്കുന്ന  പ്രദേശത്ത് നിന്നും ഈ മാസത്തിൽ ചില  പെൺകുട്ടികൾ  അവരുടെ ഹിതാനുസരണമുള്ള യുവാക്കളോടൊപ്പം ഇറങ്ങി പോയപ്പോൾ ആ മാതാപിതാക്കൾ അനുഭവിച്ച  വേദനയും നാണക്കേടും കണ്ടത് കൊണ്ടാണ്. ആ മാതാപിതാക്കൾ അവളോട് ഒരു തെറ്റും ചെയ്തിരുന്നില്ലല്ലോ. ഇവിടെ മാത്രമല്ല ഒരു പക്ഷേ നാട്ടിൽ പരക്കെ ഇങ്ങിനെ ഒക്കെ സംഭവിക്കുന്നുണ്ടാവാം. പണ്ട് അപൂർവമായി സംഭവിച്ചിരുന്നത് ഇന്ന് പരക്കെ സംഭവിക്കുന്നു.
പ്രണയം പരിപാവനമാണ്. ജീവിതത്തിൽ ഒരു തവണയെങ്കിലും പ്രണയിക്കാത്തവർ ചുരുക്കം. ജീവൻ കൊടുത്തും പ്രണയിച്ചവർ  തന്റെ മാതാപിതാക്കളുടെ കണ്ണീർ കണ്ട് പിൻ തിരിഞ്ഞ കഥകൾ ധാരാളം നമുക്ക് ചുറ്റുമുണ്ട്. ദിവ്യമായ പ്രണയം  ദിവ്യമായ സ്നേഹവും തിരിച്ചറിയും. മാതാപിതാക്കളോടുള്ള ദിവ്യമായ  സ്നേഹത്താൽ ദിവ്യമായ പ്രണയത്താൽ താൻ ആരാധിച്ചിരുന്ന  കമിതാവിനെ ഉപേക്ഷിക്കാൻ തയാറെടുക്കുമ്പോഴാണ് നമ്മുടെ ഔന്നിത്യം  വർദ്ധിക്കുന്നത്. പക്ഷേ ഇന്നത്തെ തലമുറ അത് മനസിലാക്കുന്നില്ല.ഇന്ന് കണ്ടവന്റെ  പുറകെ ഇറങ്ങി തിരിക്കുമ്പോൾ  അവരുടെ കാലിനെ നനച്ചത്  സ്വന്തം മാതാപിതാക്കളുടെ കണ്ണീർ ചാലായിരുന്നു എന്ന സത്യം അവർ തിരിച്ചറിഞ്ഞിരുന്നെങ്കിൽ.

Tuesday, October 25, 2016

കടുത്ത ശിക്ഷ

മുൻ മുഖ്യ മന്ത്രി  ഉമ്മൻ ചാണ്ടിയെ  ശിക്ഷിച്ചു എന്ന് ദേശാഭിമാനി  ദിനപ്പത്രത്തിൽ ചുവന്ന നിറത്തിലെ മത്തങ്ങാ തലക്കെട്ടിൽ മുൻ പേജിൽ  ഇന്ന് കാണപ്പെട്ടു. മറ്റ് പത്രങ്ങളും പരതി വായിച്ചപ്പോൾ  ഇതര പത്രങ്ങളിൽ മിക്കതും  സോളാർ കേസിൽ  ഉമ്മൻ ചാണ്ടി 1.60 കോടി നൽകണം എന്നായിരുന്നു തലക്കെട്ട്.   സോളാർ പദ്ധതിയുടെ പേരിൽ  1 കോടി 35 ലക്ഷം രൂപാ തട്ടിയെന്ന് ആരോപിച്ച്  കോട്ടയം ഉഴവൂർ സ്വദേശി എം.കെ.കുരുവിള നൽകിയ കേസിൽ 12 ശതമാനം പലിശ സഹിതം എതിർ കക്ഷികളിൽ നിന്നും ഈടാക്കാനായി ബംഗ്ലൂരിലെ ജില്ലാ കോടതിയിൽ നിന്നും ഉണ്ടായ ഉത്തരവാണ്  ദേശാഭിമാനിയുടെ ശിക്ഷക്ക് പാത്രീഭവിച്ചത്.  അതും ഈ വിധി വെറും എക്സ് പാർട്ടി ഉത്തരവ് മാത്രമാണെന്നുള്ളിടത്താണ് ഈ ശിക്ഷാ പ്രയോഗം  രസകരമായി അനുഭവപ്പെട്ടത്. കോടതിയിൽ നേരിട്ടോ വക്കീൽ മുഖേനെയോ
 ഹാജരായി തന്റെ ഭാഗം പത്രികയും തെളിവും ഹാജരാക്കാനായി എതിർ കക്ഷിയോട്  ആവശ്യപ്പെട്ട്  കോടതിയിൽ നിന്നും അയക്കുന്ന സമൻസുകളെ ടിയാൻ  അവഗണിക്കുകയും അഥവാ ഹാജരായി വക്കാലത്തും ഫയൽ ചെയ്ത് കഴിഞ്ഞ്  പിന്നീട് കേസ് അവധിക്ക്  എതിർ കക്ഷി ഹാജരാകാതിരിക്കുകയും ചെയ്താൽ  ടിയാനെ കൂടാതെ ആവലാതിക്കാരന്റെ പ്രാർത്ഥനകൾ അനുസരിച്ച് മാത്രം  നൽകുന്ന വിധിയാണ് എക്സ്പാർട്ടി ഉത്തരവ്. ഇത് ഒരു സിവിൽ കോടതി വിധി മാത്രം. ക്ലിപ്ത കാലാവധിക്കുള്ളിൽ ഈ എക്സ് പാർട്ടി ഉത്തരവ് അസ്ഥിരപ്പെടുത്താൻ മതിയായ കാരണങ്ങൾ ഉന്നയിച്ച്  തന്റെ അഭാവത്തെ ന്യായീകരിച്ച്  എതിർകക്ഷി അപേക്ഷ നൽകിയാൽ കാരണങ്ങൾ ത്രിപ്തിപ്പെട്ട്  ആ ജഡ്ജിക്ക് തന്നെ തന്റെ ഈ   വിധി ദുർബലപ്പെടുത്തി കേസ് വീണ്ടും ഫയലിൽ എടുക്കാവുന്നതേയുള്ളൂ.നമ്മുടെ നാട്ടിലെ സിവിൽ കോടതികളിൽ ദിനേന നടന്ന് കൊണ്ടിരിക്കുന്ന  ഒരു നടപടിക്രമം മാത്രമാണിത്.
ഒരു വ്യക്തിയെ ശിക്ഷിക്കുന്നത്  തടവോ പിഴയോ ചുമത്തി വിധി ഉണ്ടാകുമ്പോഴാണ്. ഇവിടെ അതുണ്ടായിട്ടില്ല. വാദിആവശ്യപ്പെട്ട പ്രകാരം അയാൾക്ക് നഷടമായെന്ന് ആരോപിക്കപ്പെടുന്ന തുക പ്രതിയിൽ നിന്നോ പ്രതിയുടെ സ്ഥാവര ജംഗമ സ്വത്തുക്കളിൽ നിന്നോ ഈടാക്കി എടുക്കാനുള്ള ഒരു ഉത്തരവാണ് ഏകപക്ഷീയമായി ഉണ്ടായിട്ടുള്ളത്. കേസിന്റെ മെറിറ്റിലേക്ക് ഇവിടെ കടക്കുന്നില്ല. പ്രചുര പ്രചാരമുള്ള ഒരു ദിനപ്പത്രത്തിന്റെ തലപ്പത്തിരിക്കുന്നവർക്ക് ഈ വിവരം അറിയാഞ്ഞിട്ടല്ല.
 പക..കടുത്ത പക...എതിരാളിയോടുള്ള വന്യമായ പക. കിട്ടുന്ന വടിയെടുത്ത് എതിരാളിയെ തല്ലി താഴെയിടണമെന്നുള്ള പക മാത്രം. ഇതിന്റെ പേർ പത്ര ധർമ്മം എന്നല്ല, പത്ര ആഭാസം എന്നാണ്

Sunday, October 23, 2016

യൂറോപ്പ് ടൂറും മറഡോണായും

ബോബി ചെമ്മണ്ണൂരിന്റെ സ്വർണാഭരണ ശാലയുടെ ശാഖ കൊട്ടാരക്കരയിൽ തുറക്കുന്നുവെന്ന് ഇന്നത്തെ  പത്രങ്ങളിൽ ഫുൾ പേജ് പരസ്യമായി വന്നിരുന്നു. മധുവും  ഷീലയും പരീക്കുട്ടിയായും കറുത്തമ്മയായും വർണിച്ച് അവർ പരസ്യത്തിൽ ചേർത്തത് പരസ്യത്തിന്റെ മാറ്റ് കൂട്ടുവാനായിരിക്കാം. അവർ വന്നോട്ടെ പൊയ്ക്കോട്ടേ! കനത്ത ഫീസ് കിട്ടുന്നതിനാൽ അത് അവരുടെ കാര്യം. പണിക്കുറവില്ലാതെയും പണിക്കൂലി ഇല്ലാതെയും ആഭരണങ്ങൾ തരുന്നു എന്നതു  ചെമ്മണ്ണൂർ ബോബിച്ചായൻ നമ്മുടെ അമ്മായി അപ്പൻ അല്ലാത്തതിനാൽ  മറ്റെന്തെങ്കിലും  ലാഭം  ഉണ്ടാക്കാനുള്ള വ്യാപാര തന്ത്രമാണെന്നും കണക്ക് കൂട്ടാം. ആഭരണ ശാലയുടെ ഉദ്ഘാടനം നടത്തുന്നത് കൊട്ടാരക്കാരുടെ  പട്ടിണി മാറ്റാനായിരിക്കാം എന്ന തെറ്റായ ധാരണയും നമുക്കില്ലായിരിക്കാം. ഇതെല്ലാം സഹിക്കാം, പക്ഷേ പരസ്യത്തിലെ മറ്റൊരു ഭാഗം വായിച്ചപ്പോൾ മലയാളികൾ ഇത്രക്ക് പുങ്കന്മാരാണെന്നാണോ ഈ  അച്ചായന്റെ ധാരണ എന്നത് സഹിക്കാൻ കഴിഞ്ഞില്ല.  അതായത് ഈ സ്വർണക്കടയിൽ നിന്നും  ആഭരണം വാങ്ങുന്ന ഏതൊരുവനും യൂറോപ്പ് യാത്ര നടത്തിയാൽ  കാൽ പന്ത് കളിക്കാരൻ മറഡോണായുമായിരുന്ന് ഭക്ഷണം കഴിക്കാനുള്ള അവസരം ലഭിക്കുമത്രേ!. അതായത് മ്മക്ക്  ആ വിദ്വാനോടൊപ്പം കഞ്ഞി മോന്താൻ ആദ്യം ബോബി ചെമ്മണ്ണൂർ വക ആഭരണക്കടയിൽ നിന്നും നമ്മൾ നമ്മുടെ പൈസാ  കൊടുത്ത്  ആഭരണം വാങ്ങി പിന്നെ നമ്മുടെ പൈസാ മുടക്കി യൂറോപ്പ് ടൂർ സംഘടിപ്പിച്ച്  അവിടെ ചെന്നാൽ കൂടിരുന്ന് ചട്ടിയിൽ കഞ്ഞി മോന്താമത്രേ! 10 ദിവസം അടുപ്പിച്ച് മല്ലൂസ് യൂറോപ്പ് യാത്ര നടത്തിയാൽ ഈ 10 ദിവസവും മറഡോണാ സായു  നുമ്മ മലയാളികളുമായി ഡിന്നർ മേശ പങ്കിടാൻ സമയം കണ്ടെത്തുമെന്ന്. ഒരു ഉളുപ്പുമില്ലാതെ കച്ചവട തന്ത്രങ്ങൾ ഇറക്കുമ്പോൾ അതിൽ വീഴാൻ തക്ക വിധം ഇത്രക്കും വട്ട് പിടിച്ചവരാണ് മലയാളികളെന്നാണോ ഈ കച്ചവടക്കാർ കരുതുന്നത്?

Wednesday, October 19, 2016

ഡോക്ടറും കൂലിവേലക്കാരനും

ഞാൻ താമസിക്കുന്ന ഈ  ചെറിയ പ്രദേശത്ത് മാത്രം പത്തോളം മെഡിസിന്   പഠിക്കുന്ന വിദ്യാർത്ഥികളും അതിന് തുല്യം  എഞ്ജിനീ  യറിംഗ് വിദ്യാർത്ഥികളും  ഉണ്ടെന്ന് ഒരു സ്നേഹിതനുമായുള്ള സൗഹൃദ സംസാരത്തിനിടയിൽ  അറിഞ്ഞപ്പോൾ അതിശയിച്ച് പോയി.അപ്പോൾ ഈ ചെറിയ നഗരത്തിൽ എത്ര പേർ മെഡിസിനും എഞ്ജിനീയറിംഗിനും  പഠിക്കുന്നുണ്ടാവും?! കേരളത്തിൽ മൊത്തമായി എടുത്താൽ ഇത് തന്നെ  സ്ഥിതി വിശേഷം.
 സ്വാശ്രയ കോളേജുകളിൽ 60 മുതൽ 75 ലക്ഷം വരെ കൊടുത്താണ് മെഡിസിന് സീറ്റ് തരപ്പെടുത്തുന്നതത്രേ!  നാം പ്രൈമറി സ്കൂളിൽ കൊച്ച് കുട്ടികളോട് പോലും നിങ്ങൾ  ആരാകണമെന്ന  ചോദ്യത്തിന് ഡോക്ടറാകണം, എഞ്ജിനീയറാകണം, കളക്ടറാകണം, പോലീസ് ഓഫീസറാകണം  ഈ മറുപടികളാണ് ഇപ്പോൾ കിട്ടുന്നത് മെഡിസിൻ ബിരുദവും കരസ്ഥമാക്കി വർഷം തോറും  മലവെള്ള പാച്ചിൽ പോലെ ഇത്രയേറെ ഭിഷഗ്വരന്മാരെ  സൃഷ്ടിച്ച് വിടുമ്പോൾ അവർക്കുള്ള ജോലി കൂടി കണ്ട് വെക്കണമല്ലോ. അത് മരുന്ന് കമ്പനികൾ  വൈറസിനെ ഇറക്കിയോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലോ  രോഗികളെ സൃഷ്ടിക്കുമായിരിക്കും. ഇപ്പോൾ തന്നെ ഡെങ്കി, മങ്കി, ചിക്കൻ, എലി, പന്നി, പക്ഷി,  ഇത്യാദി പനികൾ ഇവിടെ സുലഭമായിരിക്കുന്നു. മൺസൂൺ മഴ വരുന്നത് പോലെ എല്ലാ വർഷത്തിലും കൃത്യമായി  ഈ വക അസുഖങ്ങൾ ഇവിടെ സന്ദർശിക്കുന്നുമുണ്ട്. കുറച്ച് കാലം കൂടി കഴിയുമ്പോൾ പുതിയത് പുതിയത് വരുമായിരിക്കും.  ബേക്കറികൾ വർദ്ധിക്കുന്നതോടെ  മെഡിക്കൽ സ്റ്റോറും കൂടുമല്ലോ.
 പക്ഷേ  ഇരുപത്തഞ്ച് വർഷം കഴിയുമ്പൊൾ വലിയൊരു ഭീഷണി നമ്മൾ നേരിടേണ്ടി വരുമെന്നത് തീർച്ച. ഓരോ വീട്ടിലും ഒരു ഡോക്ടറും ഒരു എഞ്ജിനീയറും/ കളക്ടറും, പോലീസ് ഓഫീസറും കാണുമായിരിക്കാം. പക്ഷേ മഷിയിട്ട് നോക്കിയാൽ ഒരു കൂലി വേലക്കാരനെ കിട്ടില്ല. ഇപ്പോൾ തന്നെ ഒരു  എലി ചത്താൽ കുഴിച്ചിടാനോ കക്കൂസ കുഴി നിറഞ്ഞത് കോരി കളയാനോ ബംഗാളിയും ആസാമീസുമാണ് ശരണം. ഇരുപത്തഞ്ച് കൊല്ലം കഴിയുമ്പോൾ അവരുടെ നാട്ടിലും സൗജന്യ റേഷനും ഇലക്ഷൻ സമ്മാനമായി ടി.വി.യും മറ്റും കിട്ടി സ്വയം പര്യാപ്തമാകുമ്പോൾ തമിഴന്മാരെ പോലെ അവരുടെ നാട്ടിൽ തന്നെ ടി.വി.യുടെ മുമ്പിൽ മയങ്ങി ഇരുന്നോളും. അന്ന് ഈ ഡോക്ടറന്മാരും കളക്ടറന്മാരും  കൂലി വേലക്കാരൻ ഓഫീസിട്ട് ഇരിക്കുന്നിടത്ത് ക്യൂ നിൽക്കും. കൂലി വേലക്കാരൻ ഇന്ന് ഡോക്ടറന്മാർ ഗമയിൽ ഇരുന്ന് തുണ്ട് എഴുതുന്നത് പോലെ  ക്യൂവിൽ നിൽക്കുന്നവർക്ക്  തുണ്ട് എഴുതി തീയതി അനുവദിക്കും, ഇത്രാം തീയതി നാം നിങ്ങളുടെ വീട് സന്ദർശിച്ച് ഉദ്ദിഷ്ട കാര്യം നിർവഹിക്കുന്നതായിരിക്കും എന്ന് ഉത്തരവിറക്കും. ഡോക്ടറന്മാർ ആ ഉത്തരവ് ശിരസാ വഹിച്ച് കൂലി വേലക്കാരൻ വരാമെന്ന് തീയതി പ്രതീക്ഷിച്ച് കണ്ണിലെണ്ണ ഒഴിച്ച് കാത്തിരിക്കുമെന്ന് തീർച്ച.

Monday, October 17, 2016

ഞങ്ങളുടെ സിനാൻ

 
അടുത്ത കാലത്ത് ഉണ്ടായ  സിനാന്റെ   ആശുപത്രി വാസം  ഞങ്ങളെ പരിഭ്രാന്തരാക്കിയെങ്കിലും  അവിടന്ന് പോന്നതിന് ശേഷം ഇപ്പോൾ കാണപ്പെടുന്ന  അവന്റെ പ്രസന്നത ഞങ്ങളെ അതിയായി സന്തോഷിപ്പിക്കുന്നു. പ്രാർത്ഥനകളാൽ മുകളിൽ ഇരിക്കുന്നവൻ  കനിഞ്ഞത് കൊണ്ട് 30 സെക്കന്റ് വരെ  പരസഹായം കൂടാതെ  നിൽക്കാനിപ്പോൾ  അവന് കഴിയുന്നുണ്ട്. ആ ദയാവാരിധി ഇനിയും കനിയുമ്പോൾ കൂടുതൽ കൂടുതൽ പുരോഗമനം അവന്റെ  ജീവിതത്തിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ. പ്രതീക്ഷയാണല്ലോ എപ്പോഴും ജീവിതത്തിൽ വെളിച്ചം നൽകുന്നത്. പ്രസവാനന്തരം  സ്വകാര്യ ആശുപത്രിയിലെ ഇങ്ക്വിബേറ്ററിലെ മൂന്ന് ദിവസത്തെ ജീവിത കാലത്ത് ഡോക്ടറുടെ  അശ്രദ്ധ  അവന്റെ തലച്ചോറിലെ  വെയിനിന് ഹാനി വരുത്തുകയും തൽഫലമായി അവന്റെ  കൃമാനുസരണമുള്ള വളർച്ചയെ മന്ദീഭവിപ്പിക്കുകയും ചെയ്തു.
സിനാനെ പോലുള്ള കുട്ടികൾ ലോകത്തിൽ  ഇനിയും ഉണ്ടായേക്കാം  അവരുടെ അനുഭവങ്ങൾ , ചികിൽസ, പരിഹാര മാർഗങ്ങൾ പങ്ക് വെക്കാൻ ഏറെയുണ്ടാകും, അതിനാലാണ്  വ്യക്തിപരമായ വിഷയങ്ങൾ എപ്പോഴുമെപ്പോഴും പോസ്റ്റ് ചെയ്യുന്നത്.

Saturday, October 15, 2016

പത്രക്കാരും അഭിഭാഷകരും

കോടതിയുടെ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിന് പത്ര പ്രവർത്തകർക്ക് യാതൊരു തടസ്സവും ഏർപ്പെടുത്തിയിട്ടില്ല എന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി രജിസ്റ്റാർ അറിയിച്ചിരിക്കുന്നതായി പത്ര വാർത്ത.
കോടതിയിലെത്തിയ പത്ര പ്രവർത്തകരെ  അവരുടെ ജോലി തടസ്സപ്പെടുത്തി കോടതിയിൽ നിന്നും അഭിഭാഷകർ ബലമായി  തിരിച്ചയച്ചു  എന്ന്  തിരുവനന്തപുരം കോടതിയിൽ നടന്നതായി പറയപ്പെടുന്ന  സംഭവം  റിപ്പോർട്ട് ചെയ്ത് വന്നതും  ഇതേ ദിവസത്തെ പത്രത്തിൽ തന്നെ.
കോടതിയിലെ വാർത്തകൾ തമസ്കരിക്കുന്നത് മൂലം പൊതുജനങ്ങളുടെ അറിയാനുള്ള അവകാശം ഹനിക്കപ്പെടുന്നതായി അഭിഭാഷകനും  ചാനലിലെ സ്ഥിരം  സാന്നിദ്ധ്യക്കാരനുമായ സബാസ്റ്റ്യൻ പോൾ.
 യു.ഡി.എഫിലെ തലമൂത്ത നേതാക്കളെല്ലാം  പത്രക്കാർക്ക് പിൻ തുണയായുണ്ട്. (ഈ പത്രക്കാർക്ക് അവരെ പ്രതി പക്ഷത്തിരുത്തിയതിൽ മുഖ്യ പങ്ക് ഉണ്ടായിരുന്നു എന്നത് ഭരണ കക്ഷിയോടുള്ള അതി  വൈരാഗ്യത്താൽ അവർ മറന്നിരിക്കുന്നു എന്നതാണ് രസകരം)
ജനങ്ങളുടെ  അറിയാനുള്ള  അവകാശം ഹനിക്കപ്പെടുന്നത്  ഈ ജനാധിപത്യ യുഗത്തിൽ പൊറുക്കാനാവാത്ത തെറ്റാണ്. എങ്കിൽ  അതേ ജനങ്ങൾക്ക്  മറ്റൊരു കാര്യം അറിയാനുള്ള അവകാശം ഉണ്ട്, അത് പത്രക്കാർ തമസ്കരിച്ചിരിക്കുന്നു എന്നത്  പരമ സത്യം. അതായത് കഴിഞ്ഞ ജൂലൈ മുതലുള്ള ഈ കലാ പരിപാടിയിൽ   എതിർ കക്ഷിയായ അഭിഭാഷകർക്ക്  എന്താണ് പറയാനുള്ളത് എന്ന് എപ്പോഴെങ്കിലും  ഈ പത്രക്കാർ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ?പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും കടക്കണം.  തിരുവനന്തപുരം കോടതിയിൽ നടന്ന ആദ്യത്തെ തെരുവ് യുദ്ധത്തിൽ അഭിഭാഷകർ പത്രക്കാരെയും പത്രക്കാർ അഭിഭാഷകരെയും കൈകാര്യം ചെയ്യുന്നത്  ചാനലിലൂടെ മാലോകരെല്ലാം കണ്ടതാണ് (ഈയുള്ളവൻ അത്  അന്ന്  നേരിൽ കണ്ടിരുന്നു) പത്രക്കാരെ അഭിഭാഷകർ കള്ള് കുപ്പി വെച്ചെറിഞ്ഞ് എന്ന് വരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആ സംഭവത്തിൽ   മലയാളത്തിലെ ഏതെങ്കിലും പത്രത്തിൽ  പത്രക്കാർ തിരിച്ചും ആക്രമിച്ചു എന്ന് റിപ്പോർട്ട് ചെയ്തിരുന്നോ? എറുണാകുളത്തെ അഭിഭാഷകൻ  സ്ത്രീയെ കയ്യേറ്റം ചെയ്ത കേസിൽ പോലീസ് ഭാഷ്യം അല്ലാതെ പ്രസ്തുത അഭിഭാഷകന് പറയാനുള്ളത് ഏതെങ്കിലും പത്രത്തിൽ  അച്ചടിച്ചിരുന്നോ? കേസ് കോടതി തെളിവെടുത്ത് അപരാധിയോ നിരപരാധിയോ എന്ന്  പിന്നീട് തീരുമാനിച്ചോട്ടെ. അതിനു മുമ്പ് തന്നെ കേസിൽ കുറ്റം ചുമത്തപ്പെട്ട ആളെ മാധ്യമങ്ങൾ ശീക്ഷിക്കുന്നത്   ഏത് നീതിയും ന്യായവും വെച്ചിട്ടാണ്.
ഇപ്പോഴത്തെ ഈ പ്രശ്നങ്ങൾ തീരാൻ ഒന്നേയുള്ളൂ മാർഗം.  അഭിഭാഷകർക്ക് ഈ പ്രതിസന്ധിയെ പറ്റി  എന്താണ്` പറയാനുള്ളത് എന്ന് പത്രങ്ങൾ സത്യ സന്ധമായി റിപ്പോർട്ട് ചെയ്യുക. അതിനായി കൂടിക്കാഴ്ചക്ക് ചെല്ലുമ്പോൾ അഭിഭാഷകർ ഉപദ്രവിക്കും എന്ന് ഭയമുണ്ടെങ്കിൽ ഏതെങ്കിലും മദ്ധ്യസ്ത സാന്നിദ്ധ്യത്തിൽ ആ അഭിമുഖം ഏർ പ്പെടുത്താവുന്നതേ ഉള്ളൂ. അവരുടെ പ്രസ്താവനക്ക്  പത്രക്കാർക്കുള്ള മറുപടി അവരും പ്രസിദ്ധപ്പെടുത്തട്ടെ. ജനങ്ങൾ  ഈ രണ്ട് വാർത്തകളും വായിക്കട്ടെ. ന്യായം ആരുടെ ഭാഗത്ത് എന്ന് അപ്പോൾ വെളിവാകും. പത്രക്കാരുടെ ഭാഗത്താണ് ന്യായമെങ്കിൽ ജനങ്ങൾ  തീർച്ചയായും അവരോടൊപ്പം കാണും എന്നുറപ്പ്.  അല്ലാതെ ഏകപക്ഷീയമായ വാർത്തകൾ പത്രധർമ്മത്തിന് ഒട്ടും ചേരുന്നതല്ല.

Monday, October 10, 2016

പട്ടിണിക്കാരുണ്ടോ?


പണ്ട് കാലത്ത്  പറമ്പിൽ എന്തെങ്കിലും ഭക്ഷണ അവശിഷ്ടങ്ങൾ വീണാൽ  ആ നിമിഷം കാക്കയും പൂച്ചയും കൂടി  അത്  ആഹരിച്ച് സ്ഥലം മാലിന്യ മുക്തമാക്കും. അന്ന്  ഉച്ചിഷ്ടം അപൂർവമായിരുന്നു കാരണം മനുഷ്യന്  വേണ്ട ആഹാരം പോലും  നിറയെ കിട്ടാത്ത പട്ടിണിക്കാലമായിരുന്നല്ലോ  അത്. അന്ന് സോപ്പ് പുറത്ത് മറന്ന് വെച്ചാൽ  കാക്ക അപ്പോൾ തന്നെ അത് അടിച്ച് മാറ്റും. നീല നിറത്തിലുള്ള  സ്പാരോ എന്ന വാഷിംഗ് സോപ്പ് കാക്കക്ക്  വലിയ പ്രിയമായിരുന്നു. ലെക്സ് കണ്ണ് തപ്പിയാൽ കടത്തിക്കൊണ്ട് പോയി  കൊത്തി നോക്കി  ഉപേക്ഷിക്കും. കാലം കടന്ന് പോയപ്പോൾ പട്ടിണിയും  മാറി പോയി. പറമ്പിൽ മാലിന്യം കൂമ്പാരമായി തുടങ്ങിയാലും  കാക്കക്കും പൂച്ചക്കും ഒന്നും വേണ്ടാ.  കറി പുരളാത്ത ചോറ് അവർ തിരിഞ്ഞ് നോക്കില്ല. പറോട്ടാ
മുറ്റത്തേക്കിട്ടാൽ  കാക്ക മരക്കൊമ്പിലിരുന്ന്  "അതിൽ ഇറച്ചി  ചാറ് പുരട്ടിയിട്ടുണ്ടോ ഇല്ലാ എങ്കിൽ എനിക്ക് വേണ്ടാ" എന്ന് പറയുന്നിടം വരെ  എത്തിചേർന്നിരിക്കുന്നു സ്ഥിതിഗതികൾ. നാട്ടിലെ പട്ടിണീ മാറിയതോടെ നാലുചുറ്റുമുള്ള ജീവികൾക്കും സുഭിക്ഷമാണ്.

എന്റെ  നല്ല പാതി  പാവപ്പെട്ടവർക്ക്  ആഹാരം കൊടുക്കുക എന്ന ഒരു നേർച്ച പരിപാടി സാധാരണ ചെയ്യാറുണ്ടായിരുന്നു.വീട്ടിൽ കുട്ടികൾക്ക് രോഗം വരുമ്പോഴോ വിഷമങ്ങൾ  ഉണ്ടാകുമ്പോഴോ അവൾ ഈ  പരിഹാരക്രിയ  അനുവർത്തിക്കാറുണ്ട്. പാവപ്പെട്ടവരെ കണ്ടെത്തേണ്ട ജോലി  എനിക്കാണ്. സമയ കുറവ് കാരണം ഞാൻ പാവപ്പെട്ട ഈ അന്വേഷണം പള്ളി മുറ്റത്തേക്ക്  ചുരുക്കും. " അമ്മാ തായേ ! വിശപ്പിന് വല്ലതും തരണേ" എന്ന് വിളിച്ച്കൊണ്ടിരിക്കുന്ന ധാരാളം പട്ടിണീക്കാർ എല്ലാ വെള്ളിയാഴ്ച ഉച്ച നേരത്തും അവിടെ സുലഭമായി  കാണാറുണ്ട്. അങ്ങിനെ കഴിഞ്ഞ ദിവസം അടുക്കളയിൽ നിന്നും കിട്ടിയ ഉത്തരവ് നടപ്പിലാക്കാനായി  പള്ളി മുറ്റത്തെ ഒരു വിശപ്പ വിളിക്കാരനെ സമീപിച്ച്  ഞാൻ വിഷയം അവതരിപ്പിച്ചു. "എന്റെ കൂടെ വീട്ടിൽ വന്നാൽ ഇന്നത്തെ ആഹാരം അവിടന്ന് ആകാം " എന്ന് ഉണർത്തിച്ചു. അദ്ദേഹം എന്നെ ഗൗരവത്തോടെ നോക്കിയിട്ട് അരുളി. " വല്ല പത്ത് രൂപാ കിട്ടുന്ന സമയമാണ് സാറേ! ഇപ്പോൾ , കുറച്ച് കഴിഞ്ഞ് വാ നമുക്ക് ആലോചിക്കാം...അമ്മാ...തായേ! വിശപ്പിന് വല്ലതും തരണേ എന്ന  അനുപല്ലവി ആ അരുളലിനോടൊപ്പം കൂട്ടി ചേർക്കുകയും ചെയ്തു.അദ്ദേഹത്തിന്റെ ജോലി സമയം തീരാനായി കാത്ത് നിന്നപ്പോൾ എനിക്ക് വിശപ്പ് കയറി വീണ്ടും അദ്ദേഹത്തെ സമീപിച്ച് ഞാൻ ആവശ്യം ഉണർത്തിച്ചു . സാറിന്റെ വീട് അടുത്താണോ, വണ്ടി ഉണ്ടോ സാറേ..." അയാളുടെ  ചോദ്യം കേട്ട് എന്റെ കാലിൽ നിന്നും ഇരച്ച് കയറി വന്ന അരിശം അപ്പാടെ വിഴുങ്ങിയിട്ട് മാറി നിന്ന് ഞാൻ എന്റെ ഇണയെ ഫോണിൽ വിളിച്ചു" എടോ, ഇവന്മാർക്ക് ആഹാരം കൊടുത്താൽ   മുകളിൽ ഇരിക്കുന്നവൻ  ആകാശത്ത് നിന്നും വടിയുമായി ഇറങ്ങി വന്ന് എന്നെയും നിന്നെയും നല്ല  പെരുക്ക്  തരും, നീ ചോറ് പൊതികളായി കെട്ടി വെക്കുക, സർക്കാർ ആശുപത്രിയിൽ രോഗികൾക്ക് കൂട്ടിരിക്കുന്ന മാനക്കേടിനാൽ ആവശ്യം ഉന്നയിക്കാൻ മടിക്കുന്ന    പാവപ്പെട്ട ആരെങ്കിലും കാണും വാർഡ് നഴ്സിനോട് തിരക്കി  നമുക്ക് അവർക്ക് കൊടുക്കാം...അതാണ് നല്ലത്.." എന്ന് പറഞ്ഞു വിശപ്പുള്ളവരുടെ അന്നത്തെ അന്വേഷണം അവസാനിപ്പിച്ചു.

Saturday, October 1, 2016

പത്രക്കാരും ജഡ്ജും

പത്രക്കാർക്ക്  ജഡ്ജിന്റെ ചേംബറിലും സ്റ്റെനോയുടെ  റൂമിലും കയറി വാർത്ത ശേഖരിക്കാനുള്ള അനുവാദത്തിനായി നടത്തുന്ന സമരം കാണുമ്പോൾ  മനസിൽ പഴയ ഓർമ്മകൾ കടന്ന് വരുന്നു.
പിൽക്കാലത്ത് ഇതര സംസ്ഥാനങ്ങളിലെ ഹൈക്കോടതിയിൽ  വരെ ജസ്റ്റിസ് ആയി ജോലി നോക്കി ഇരുന്ന ഒരു ന്യായാധിപൻ കൊട്ടാരക്കരയിൽ  സബ് ജഡ്ജായി വന്നപ്പോൾ താമസിച്ചിരുന്നത്  ശിവ ക്ഷേത്രത്തിലേക്ക്  പോകുന്ന റോഡിന് സമീപം  ഇപ്പോൾ എം.എൽ.എ. ആയ ഐഷ പോറ്റി  താമസിക്കുന്ന വീടിലായിരുന്നു . അതിന് സമീപം താമസിച്ചിരുന്ന ഒരു  അദ്ധ്യാപകൻ  രാഷ്ട്രീയ സംബന്ധമായ കേസിലെ പ്രതിയായി.  സബ് ജഡ്ജിന് അസിസ്റ്റന്റ് സെഷൻസ് ജഡ്ജിന്റെ അധികാരം കൂടിയുണ്ട് .  കേസിൽ ചുമത്തപ്പെട്ട കുറ്റം നേരത്തെ പറഞ്ഞ  സബ് ജഡ്ജിന്റെ കോടതിയുടെ പരിധിയിൽ വരുന്നതായിരുന്നു. തന്റെ അയൽ വാസി    തന്റെ മുമ്പിൽ വിസ്തരിക്കുന്ന  ഒരു കേസിലെ പ്രതിയായി വന്നതിനാൽ ജഡ്ജ് ആ കേസ്  തന്റെ കോടതിയിൽ നിന്നും മാറ്റാൻ ഉയർന്ന കോടതിക്ക് കത്തയക്കുകയും  കേസ്  മറ്റൊരു കോടതിയിലേക്ക് മാറ്റ്പ്പെടുകയും ചെയ്തു.  അദ്ധ്യാപകൻ പിന്നീട് ആ കേസിൽ  വിചാരണ ദിവസങ്ങളിലെല്ലാം  വിദൂര സ്ഥലത്തുള്ള കോടതിയിൽ പോകേണ്ടി വന്നു.ചങ്ങനാശേരിക്കാരനായ  മറ്റൊരു ജഡ്ജ്  കോടതിയിൽ ചാർജെടുത്ത് കുറേ ദിവസങ്ങൾക്ക് ശേഷം  തന്റെ ഒരു ബാല്യകാല സുഹൃത്ത്  കൊട്ടാരക്കരയിൽ താമസമുണ്ടെന്നും അദ്ദേഹത്തെ കണ്ടെത്താൻ മാർഗമുണ്ടോ എന്നും എന്നോട് ആരാഞ്ഞു. പേരും വിലാസവും പറഞ്ഞപ്പോൾ  ആളെ എനിക്ക് മനസിലായി. ഒരു ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിരുന്നു കക്ഷി. അദ്ദേഹവുമായുള്ള കൂടിക്കാഴ്ച തരപ്പെടുത്തുന്നതിന്  മുമ്പ്  ജഡ്ജ് പതുക്കെ എന്നോട് ചോദിച്ചു" അയാൾക്ക് ഈ കോടതിയിൽ കേസൊന്നുമില്ലല്ലോ?!"
പൊതുജനങ്ങൾ വെളിയിൽ നിന്ന് കാണുന്നത് പോലല്ല ഒരു ന്യായ്ധാപന്റെ ജീവിതം. അവർക്ക് എത്ര കനത്ത ശമ്പളം ലഭിക്കുന്നെങ്കിൽ  പോലും ജീവിതം ഒരു തുറന്ന ജെയിലിൽ എന്ന പോലെയാണ്. ഒരു അഭിഭാഷകന്റെ കാറിൽ അവർ കയറാൻ പാടില്ല. വക്കീലിന്റെ വീട് വാടകക്ക് എടുത്ത് താമസിക്കാൻ പാടില്ല . തന്റെ അധികാര പരിധിയിലുള്ള സ്ഥലത്തെ ആരുമായും ഉറ്റ സൗഹൃദം പുലർത്താൻ കഴിയില്ല.  എന്തിന് ഉള്ളിൽ അൽപ്പം കലാസ്വാദനം ഉള്ള ആളാണെങ്കിൽ പോലും  ഒരു ഗാനമേളയിൽ പോയി കേൾക്കാനോ  അമ്പലത്തിലെ ഉൽസവത്തിന് പോയി സാധാരണക്കാരനെ പോലെ മുണ്ട് മാടിക്കെട്ടി  കറങ്ങി നടക്കാനോ പാടില്ല. ഒരു ചായ കുടിക്കണമെങ്കിൽ  പ്യൂണിനെ  കൊണ്ട് വരുത്തി കുടിക്കാനേ കഴിയൂ, ചായക്കടയിൽ പോയി ഇരുന്ന് കഴിക്കാൻ സാധിക്കില്ല. ഉച്ചക്ക് ഊണ് വീട്ടിൽ നിന്നും കൊണ്ട് വന്നില്ലെങ്കിൽ നല്ല ഹോട്ടൽ തിരക്കി പോയി  ആഹാരം കഴിക്കാനും കഴിയില്ല. കോടതി ജീവനക്കാർക്ക്  ഉത്തരവുകൾ ഒപ്പിടുന്നതിന് പോലും റിപ്പോർട്ടിംഗ് ടൈം എന്നൊരു സമയത്ത് മാത്രമേ കഴിയൂ.. ചുരുക്കത്തിൽ ജീവനക്കാർക്ക് പോലും അദ്ദേഹവുമായി അടുത്ത് ഇടപഴകാൻ  കഴിയില്ല.  ഇതെല്ലാം  ഒരു ന്യായാധിപൻ ഇതര ശുപാർശകൾക്ക് വശം വദനാകാതിരിക്കാൻ ജൂഡീഷ്യറിയിൽ  പാലിക്കുന്ന മാർഗരേഖകളാണ് .ഇനിയും പലതുമുണ്ടെങ്കിലും  വിസ്താര ഭയത്താൽ ഇവിടെ കുറിക്കുന്നില്ല. ജഡ്ജ്   വിധി ന്യായം കേട്ടെഴുത്ത് നൽകുന്നത്  പകർത്തി എഴുതുന്ന സ്റ്റനോഗ്രാഫറും(കോൺഫിടൻഷിയൽ അസ്സിസ്റ്റന്റ്) വിധി ന്യായം പുറത്ത് വരുന്നത് വരെ  അതിന്റെ രഹസ്യ സ്വഭാവം കാത്ത് സൂക്ഷിക്കാൻ  ബാദ്ധ്യസ്തയായതിനാൽ പബ്ബ്ലിക്കുമായുള്ള   അടുപ്പം  കുറച്ചാണ് ജീവിക്കുന്നത്.
ഇത്രത്തോളം കർശനത പാലിക്കുന്ന ഒരു സംവിധാനത്തിലേക്ക്  വടിയും നീട്ടി പിടിച്ച് ചാനൽകാരും  പത്രക്കാരും കയറി ചെന്ന്  ജഡ്ജിന്റെ ചേമ്പറിൽ കയറണം സ്റ്റനോഗ്രാഫറെ കാണാൻ അനുവാദം വേണമെന്നൊക്കെ പറയുന്നത് ശുദ്ധ അസംബന്ധമാണ്. കളക്ടറേയും തഹസിൽദാറെയും  പോലീസ് ഓഫീസറെയും  ഇന്റർവ്യൂ നടത്തുന്നത് പോലെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാൻ ഒരു ന്യായാധിപനെ സമീപിക്കാൻ  ശ്രമിക്കുന്നത് മൗഡ്യമാണ്. അപ്പോൾ കോടതി വാർത്തകൾ ജനങ്ങൾ അറിയേണ്ടെ എന്ന സ്വാഭാവിക ചോദ്യം ഉയരും. മാധ്യമക്കാരും അഭിഭാഷകരുമായുള്ള സംഘർഷം തുടങ്ങുന്നതിന് മുമ്പ്  വാർത്തകൾ സുലഭമായി  ജനങ്ങൾക്ക് ലഭിച്ചിരുന്നല്ലോ. ആ സംവിധാനം  ഇപ്പോഴും ഉണ്ട്.   വാർത്തകൾ ലഭിക്കും ജനങ്ങൾ അറിയും, അപ്രകാരമുള്ളോരു രീതിക്ക്  ഒരു അഭിഭാഷകരും വഴക്കുമായി വരില്ല.  ഇപ്പോൾ അതൊന്നുമല്ല ആവശ്യം. മാധ്യമക്കാർ എന്ന് പറഞ്ഞാൽ എന്തും സാധിച്ച് കൊടുക്കണം എന്ന നിലയിലാണെന്നും നീതിന്യായ വ്യവസ്തയും അതിന് കീഴ്പ്പെടണമെന്ന നിർബന്ധ ബുദ്ധി മാത്രമാണിപ്പോഴത്തെ ബഹളത്തിന്  പിന്നിൽ.