ബോബി ചെമ്മണ്ണൂരിന്റെ സ്വർണാഭരണ ശാലയുടെ ശാഖ കൊട്ടാരക്കരയിൽ തുറക്കുന്നുവെന്ന് ഇന്നത്തെ പത്രങ്ങളിൽ ഫുൾ പേജ് പരസ്യമായി വന്നിരുന്നു. മധുവും ഷീലയും പരീക്കുട്ടിയായും കറുത്തമ്മയായും വർണിച്ച് അവർ പരസ്യത്തിൽ ചേർത്തത് പരസ്യത്തിന്റെ മാറ്റ് കൂട്ടുവാനായിരിക്കാം. അവർ വന്നോട്ടെ പൊയ്ക്കോട്ടേ! കനത്ത ഫീസ് കിട്ടുന്നതിനാൽ അത് അവരുടെ കാര്യം. പണിക്കുറവില്ലാതെയും പണിക്കൂലി ഇല്ലാതെയും ആഭരണങ്ങൾ തരുന്നു എന്നതു ചെമ്മണ്ണൂർ ബോബിച്ചായൻ നമ്മുടെ അമ്മായി അപ്പൻ അല്ലാത്തതിനാൽ മറ്റെന്തെങ്കിലും ലാഭം ഉണ്ടാക്കാനുള്ള വ്യാപാര തന്ത്രമാണെന്നും കണക്ക് കൂട്ടാം. ആഭരണ ശാലയുടെ ഉദ്ഘാടനം നടത്തുന്നത് കൊട്ടാരക്കാരുടെ പട്ടിണി മാറ്റാനായിരിക്കാം എന്ന തെറ്റായ ധാരണയും നമുക്കില്ലായിരിക്കാം. ഇതെല്ലാം സഹിക്കാം, പക്ഷേ പരസ്യത്തിലെ മറ്റൊരു ഭാഗം വായിച്ചപ്പോൾ മലയാളികൾ ഇത്രക്ക് പുങ്കന്മാരാണെന്നാണോ ഈ അച്ചായന്റെ ധാരണ എന്നത് സഹിക്കാൻ കഴിഞ്ഞില്ല. അതായത് ഈ സ്വർണക്കടയിൽ നിന്നും ആഭരണം വാങ്ങുന്ന ഏതൊരുവനും യൂറോപ്പ് യാത്ര നടത്തിയാൽ കാൽ പന്ത് കളിക്കാരൻ മറഡോണായുമായിരുന്ന് ഭക്ഷണം കഴിക്കാനുള്ള അവസരം ലഭിക്കുമത്രേ!. അതായത് മ്മക്ക് ആ വിദ്വാനോടൊപ്പം കഞ്ഞി മോന്താൻ ആദ്യം ബോബി ചെമ്മണ്ണൂർ വക ആഭരണക്കടയിൽ നിന്നും നമ്മൾ നമ്മുടെ പൈസാ കൊടുത്ത് ആഭരണം വാങ്ങി പിന്നെ നമ്മുടെ പൈസാ മുടക്കി യൂറോപ്പ് ടൂർ സംഘടിപ്പിച്ച് അവിടെ ചെന്നാൽ കൂടിരുന്ന് ചട്ടിയിൽ കഞ്ഞി മോന്താമത്രേ! 10 ദിവസം അടുപ്പിച്ച് മല്ലൂസ് യൂറോപ്പ് യാത്ര നടത്തിയാൽ ഈ 10 ദിവസവും മറഡോണാ സായു നുമ്മ മലയാളികളുമായി ഡിന്നർ മേശ പങ്കിടാൻ സമയം കണ്ടെത്തുമെന്ന്. ഒരു ഉളുപ്പുമില്ലാതെ കച്ചവട തന്ത്രങ്ങൾ ഇറക്കുമ്പോൾ അതിൽ വീഴാൻ തക്ക വിധം ഇത്രക്കും വട്ട് പിടിച്ചവരാണ് മലയാളികളെന്നാണോ ഈ കച്ചവടക്കാർ കരുതുന്നത്?
No comments:
Post a Comment