പണ്ട് കാലത്ത് പറമ്പിൽ എന്തെങ്കിലും ഭക്ഷണ അവശിഷ്ടങ്ങൾ വീണാൽ ആ നിമിഷം കാക്കയും പൂച്ചയും കൂടി അത് ആഹരിച്ച് സ്ഥലം മാലിന്യ മുക്തമാക്കും. അന്ന് ഉച്ചിഷ്ടം അപൂർവമായിരുന്നു കാരണം മനുഷ്യന് വേണ്ട ആഹാരം പോലും നിറയെ കിട്ടാത്ത പട്ടിണിക്കാലമായിരുന്നല്ലോ അത്. അന്ന് സോപ്പ് പുറത്ത് മറന്ന് വെച്ചാൽ കാക്ക അപ്പോൾ തന്നെ അത് അടിച്ച് മാറ്റും. നീല നിറത്തിലുള്ള സ്പാരോ എന്ന വാഷിംഗ് സോപ്പ് കാക്കക്ക് വലിയ പ്രിയമായിരുന്നു. ലെക്സ് കണ്ണ് തപ്പിയാൽ കടത്തിക്കൊണ്ട് പോയി കൊത്തി നോക്കി ഉപേക്ഷിക്കും. കാലം കടന്ന് പോയപ്പോൾ പട്ടിണിയും മാറി പോയി. പറമ്പിൽ മാലിന്യം കൂമ്പാരമായി തുടങ്ങിയാലും കാക്കക്കും പൂച്ചക്കും ഒന്നും വേണ്ടാ. കറി പുരളാത്ത ചോറ് അവർ തിരിഞ്ഞ് നോക്കില്ല. പറോട്ടാ
മുറ്റത്തേക്കിട്ടാൽ കാക്ക മരക്കൊമ്പിലിരുന്ന് "അതിൽ ഇറച്ചി ചാറ് പുരട്ടിയിട്ടുണ്ടോ ഇല്ലാ എങ്കിൽ എനിക്ക് വേണ്ടാ" എന്ന് പറയുന്നിടം വരെ എത്തിചേർന്നിരിക്കുന്നു സ്ഥിതിഗതികൾ. നാട്ടിലെ പട്ടിണീ മാറിയതോടെ നാലുചുറ്റുമുള്ള ജീവികൾക്കും സുഭിക്ഷമാണ്.
എന്റെ നല്ല പാതി പാവപ്പെട്ടവർക്ക് ആഹാരം കൊടുക്കുക എന്ന ഒരു നേർച്ച പരിപാടി സാധാരണ ചെയ്യാറുണ്ടായിരുന്നു.വീട്ടിൽ കുട്ടികൾക്ക് രോഗം വരുമ്പോഴോ വിഷമങ്ങൾ ഉണ്ടാകുമ്പോഴോ അവൾ ഈ പരിഹാരക്രിയ അനുവർത്തിക്കാറുണ്ട്. പാവപ്പെട്ടവരെ കണ്ടെത്തേണ്ട ജോലി എനിക്കാണ്. സമയ കുറവ് കാരണം ഞാൻ പാവപ്പെട്ട ഈ അന്വേഷണം പള്ളി മുറ്റത്തേക്ക് ചുരുക്കും. " അമ്മാ തായേ ! വിശപ്പിന് വല്ലതും തരണേ" എന്ന് വിളിച്ച്കൊണ്ടിരിക്കുന്ന ധാരാളം പട്ടിണീക്കാർ എല്ലാ വെള്ളിയാഴ്ച ഉച്ച നേരത്തും അവിടെ സുലഭമായി കാണാറുണ്ട്. അങ്ങിനെ കഴിഞ്ഞ ദിവസം അടുക്കളയിൽ നിന്നും കിട്ടിയ ഉത്തരവ് നടപ്പിലാക്കാനായി പള്ളി മുറ്റത്തെ ഒരു വിശപ്പ വിളിക്കാരനെ സമീപിച്ച് ഞാൻ വിഷയം അവതരിപ്പിച്ചു. "എന്റെ കൂടെ വീട്ടിൽ വന്നാൽ ഇന്നത്തെ ആഹാരം അവിടന്ന് ആകാം " എന്ന് ഉണർത്തിച്ചു. അദ്ദേഹം എന്നെ ഗൗരവത്തോടെ നോക്കിയിട്ട് അരുളി. " വല്ല പത്ത് രൂപാ കിട്ടുന്ന സമയമാണ് സാറേ! ഇപ്പോൾ , കുറച്ച് കഴിഞ്ഞ് വാ നമുക്ക് ആലോചിക്കാം...അമ്മാ...തായേ! വിശപ്പിന് വല്ലതും തരണേ എന്ന അനുപല്ലവി ആ അരുളലിനോടൊപ്പം കൂട്ടി ചേർക്കുകയും ചെയ്തു.അദ്ദേഹത്തിന്റെ ജോലി സമയം തീരാനായി കാത്ത് നിന്നപ്പോൾ എനിക്ക് വിശപ്പ് കയറി വീണ്ടും അദ്ദേഹത്തെ സമീപിച്ച് ഞാൻ ആവശ്യം ഉണർത്തിച്ചു . സാറിന്റെ വീട് അടുത്താണോ, വണ്ടി ഉണ്ടോ സാറേ..." അയാളുടെ ചോദ്യം കേട്ട് എന്റെ കാലിൽ നിന്നും ഇരച്ച് കയറി വന്ന അരിശം അപ്പാടെ വിഴുങ്ങിയിട്ട് മാറി നിന്ന് ഞാൻ എന്റെ ഇണയെ ഫോണിൽ വിളിച്ചു" എടോ, ഇവന്മാർക്ക് ആഹാരം കൊടുത്താൽ മുകളിൽ ഇരിക്കുന്നവൻ ആകാശത്ത് നിന്നും വടിയുമായി ഇറങ്ങി വന്ന് എന്നെയും നിന്നെയും നല്ല പെരുക്ക് തരും, നീ ചോറ് പൊതികളായി കെട്ടി വെക്കുക, സർക്കാർ ആശുപത്രിയിൽ രോഗികൾക്ക് കൂട്ടിരിക്കുന്ന മാനക്കേടിനാൽ ആവശ്യം ഉന്നയിക്കാൻ മടിക്കുന്ന പാവപ്പെട്ട ആരെങ്കിലും കാണും വാർഡ് നഴ്സിനോട് തിരക്കി നമുക്ക് അവർക്ക് കൊടുക്കാം...അതാണ് നല്ലത്.." എന്ന് പറഞ്ഞു വിശപ്പുള്ളവരുടെ അന്നത്തെ അന്വേഷണം അവസാനിപ്പിച്ചു.
കൊള്ളാം. അയാള്‍ക്ക് പത്ത് രൂപ കിട്ടുന്ന നേരം പാരയുമായി ചെന്നാല്‍ ഇങ്ങനിരിക്കും.
ReplyDeleteഇത് ഞാൻ പറയാൻ ഉദ്ദേശിച്ചതായിരുന്നു.....
ReplyDelete