Tuesday, July 24, 2018

അവളോടൊപ്പം...

      തീർച്ചയായും    “അവളോടൊ“പ്പമാണ്  ഞാൻ.

അത് പോലെ തന്നെ “അവനോ“ടൊപ്പവുമാണ്  ഞാൻ.

ശാരീരികമായി ക്ഷതമേൽക്കൽ പോലെ തന്നെയാണ് ജീവിതകാലം മുഴുവൻ മാനസികമായി  ക്ഷതമേൽക്കുന്നതും  അതും അത്യധികം സ്നേഹിക്കുകയും  വിശ്വസിക്കുകയും  ചെയ്തിരുന്ന  ജീവിത പങ്കാളിയിൽ നിന്നാകുമ്പോൾ  ആ ക്ഷതത്തിന് ആഴം കൂടുതലുണ്ടാകും.

നമുക്ക് പീഡിതരോടൊപ്പം നിൽക്കാം,  അത് അവനായാലും ശരി  അവളായാലും ശരി. 

Thursday, July 19, 2018

മാരക രോഗ കാരണങ്ങൾ

2020 വർഷത്തോടെ ഓരോ വീട്ടിലും  ഒരു  ക്യാൻസർ രോഗി എന്ന നിലയിലേക്ക്  നാട് പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്ന്  പഠനങ്ങൾ  വെളിപ്പെടുത്തുന്നു. കിഡ്നീ രോഗത്തിന്റെ വ്യാപ്തി അതിലും കൂടുതലാണത്രേ!
ഈ കൊച്ച് സംസ്ഥാനത്തിൽ ഇത്രയും കുറഞ്ഞ  കാലയളവിൽ ഈ മാരക രോഗങ്ങളുടെ വളർച്ച  ഇത്രയും വർദ്ധിക്കാൻ എന്താണ് കാരണമെന്ന്  വിശദമായി തന്നെ പഠിക്കേണ്ടിയിരിക്കുന്നു. കാരണങ്ങൾ കണ്ടെത്തിയാൽ മാത്രമേ  പരിഹാരവും കണ്ടെത്താൻ കഴിയൂ.
പണ്ട് ഈ നാട്ടിൽ ഈ  മാരക രോഗങ്ങൾ  അപൂർവമായിരുന്നു. ജനങ്ങളുടെ ജീവിത ശൈലിയിൽ വന്ന മാറ്റമാണ്  പ്രധാന  കാരണമെന്ന് പറഞ്ഞ് കൈ കഴുകിയാൽ മാത്രം പോരല്ലോ. പരിഹാരവും കാണണം.
പ്രധാനമായും ആഹാരത്തിൽ കൂടിയുള്ള  വിഷാംശങ്ങളാണ് യത്ഥാർത്ഥ വില്ലൻ.  ഇടിച്ചും പൊടിച്ചും അരച്ചും നാം  കഴിച്ച് കൂട്ടിയിരുന്ന  ചേരുവകൾക്ക് പകരം  പാക്കറ്റിന്റെ അതിപ്രസരം  സമയ ലാഭവും  ശ്രമ ലാഘവത്വവും നൽകിയെങ്കിലും  പാക്കറ്റുകളിലെ സാധനം കേട് വരാതിരിക്കാൻ അതിൽ ചേർക്കുന്ന  രാസ വസ്തു നിരുപദ്രവമെന്ന് എത്ര തവണ ആണയിട്ടാലും  അത് നിരുപദ്രവമാകുന്നത് ഒന്നോ രണ്ടോ  തവണകളിലേക്ക് മാത്രമാണെന്നും ദിനേനെ ആ വക രാസ വസ്തുവിന്റെ ഉള്ളിലേക്കുള്ള ഗമനം  തീർച്ചയായും നമ്മുടെ കോശ വ്യവസ്തയെ ബാധിക്കുമെന്നും  അത് രോഗ ഹേതുവായി തീരുമെന്നും ഈ രംഗത്തെ വിദഗ്ദർ പറയുന്നു. എന്ത് കൊണ്ട് ഈ വക പാക്കറ്റുകളെ ഒഴിവാക്കി നമ്മൾ പഴയ ഇടിപ്പിലും പൊടിപ്പിലും  അരപ്പിലും തിരികെ എത്തിക്കൂടാ..
സർക്കാർ കർശന നടപടിയെടുത്തതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷാ  ഉദ്യോഗസ്തർ  സജീവമായി നിൽക്കുമ്പോൾ തന്നെ എല്ലാവരെയും കണ്ണ് വെട്ടിച്ച്  മെലാലിൻ കലർന്ന മൽസ്യം നമ്മെ തീറ്റിക്കുന്നില്ലേ?  മൽസ്യത്തിൽ കലർത്തുന്ന ഈ രാസ വസ്തു മനുഷ്യ ശരീരത്തിന് ഗുരുതരമായ ഹാനി വരുത്തുന്നു എന്നറിഞ്ഞ് കൊണ്ട് തന്നെ ലാഭേഛ മാത്രം കണക്കിലെടുത്ത് ഈ പ്രവർത്തി ചെയ്യുന്നവന്റെ കൈ വെട്ടുക തന്നെയല്ലേ  ചെയ്യേണ്ടത്?
സമൂഹവും അതിനെതിരെ  ഉയർന്ന് വരുന്ന ഭീഷണിയെ കുറിച്ച് ജാഗരൂകരായി ഇരിക്കേണ്ടത്  അവശ്യം ആവശ്യം തന്നെയാണ്.
പണ്ട് കാലത്ത് 50  പൈസായുടെ വെളിച്ചെണ്ണ ഒന്നിരാടം  വാങ്ങി കറിയിൽ ചേർക്കലും മീനും പപ്പടവും  പൊരിപ്പ് നടത്തിയിടത്ത് നാം 3 കിലോ വെളീച്ചെണ്ണ അല്ലെങ്കിൽ മറ്റ് ഭക്ഷ്യ എണ്ണ പ്രതിമാസം  ശരാശരി  ഉപയോഗിക്കുന്നു. ഭൂരിഭാഗം എണ്ണയിലും മായം ചേർക്കുന്ന ഈ കാലഘട്ടത്തിൽ ഇത്രയും എണ്ണ നമ്മളീലേക്ക് കൊണ്ട് വരുന്നത് അത്രയും രോഗഹേതുവായ രാസവസ്തുവാണെന്ന് തിരിച്ചറിഞ്ഞ്  അത് ഒഴിവാക്കുന്നതല്ലേ ബുദ്ധി.  ഈ വക മായ എണ്ണ ഉൽപ്പാദകരെ കർശനമായി നേരിടാൻ സർക്കാർ തയാറാവുകയും വേണം.
പുതിയതിൽ നിന്നും ഒഴിച്ച് കൂട്ടാനാവാത്തതു  സ്വീകരിക്കുകയും പഴയതിൽ നിന്നുള്ളവ പലതും നില നിർത്തുകയും  തന്നെ വേണമെന്നുള്ള     യുക്തിഭദ്രമായ തീരുമാനം എടുക്കുന്നതാണ്  ഈ വിപത്തിനെ നേരിടാൻ  നമ്മൾ കൈക്കൊള്ളേണ്ട നടപടി.

Wednesday, July 11, 2018

നാരദന്റെ സൃഷ്ടികൾ.

സൃഷ്ടി കർമ്മത്തിൽ  അതീവ ജാഗ്രതയിലിരിക്കുന്ന  ബ്രഹ്മാവിനോട് പുത്രനായ  നാരദൻ പറഞ്ഞു എളുപ്പമുള്ള ഈ പണിക്ക് ഇത്ര ജാഗ്രയെന്തിനെന്ന്. ആ ചുമതല എന്നെ ഏൾപ്പിച്ചാൽ  സുഗമമായി ഞാനത് ചെയ്ത് തരാമെന്ന് പുത്രൻ പറഞ്ഞപ്പോൾ മകനെ ഒന്ന് പഠിപ്പിക്കണമെന്ന്  കരുതി കുറേ നേരത്തേക്ക് ജോലി നാരദനെ ഏൽപ്പിച്ചു.  നാരദൻ ആദ്യം ഒരു ജീവിയെ സൃഷ്ടിച്ച് അതിന് രണ്ട് ചിറകും ഫിറ്റ് ചെയ്തു കൊടുത്തു. അപ്പോൾ അഛൻ ചോദിച്ചു ഇതിന്റെ  പ്രജനനം എങ്ങിനെയെന്ന്.  നാരദൻ  അതിനെ പ്രസവിക്കുന്ന പക്ഷി ആക്കി. അങ്ങിനെ വവ്വാൽ ജന്മമെടുത്തു. രണ്ടാമത്  ഒരു ഫലം സൃഷ്ടിച്ചപ്പോൾ  ബ്രഹ്മാവ്  ചോദിച്ചു, ഇതിൽ വിത്ത് എവിടെയെന്ന്.  പൊട്ടിക്കിളീർത്ത്  വംശ വർദ്ധനവ് നടക്കേണമല്ലോ. അപ്പോഴാണ് നാരദന് അബദ്ധം മനസിലായത്, പക്ഷേ ഫലം പൂർത്തിയാകുകയും ചെയ്തു,  അതിനാൽ വിത്ത് ഫലത്തിന്റെ പുറത്ത് ഫിറ്റ് ചെയ്തു, അതാണ് പറങ്കി മാങ്ങായും കശുവണ്ടിയും.
ഈ കഥ ഇവിടെ പറയാൻ കാര്യം വിചിത്ര  പക്ഷിയായ വവ്വാൽ ഇപ്പോൾ താരമായി മാറിയതിനാലാണ്.
 ഞങ്ങളുടെ മുറ്റത്ത് നിൽക്കുന്ന പേര മരത്തിൽ  മധുരമുള്ള വലിയ  പേരക്കാ പിടിക്കും. കിളീ കൊത്തിയോ  വവ്വാൽ ചപ്പിയോ പേരക്കാ മണ്ണിൽ വീഴുന്നത് എടുക്കാൻ കുട്ടികൾ കാത്തിരിക്കാറുണ്ട്. പഴുക്കുന്നതിന്  മുമ്പ് തന്നെ പേര മരത്തിൽ വലിഞ്ഞ് കയറുന്ന വന്മാരുമുണ്ട്.  പക്ഷേ ഇപ്പോൾ
നിപ്പാ പകർച്ച പനി രംഗത്ത് വന്നതിന് ശേഷം വവ്വാൽ തൊട്ട       എത്ര മധുരമുള്ള പേരക്ക നിലത്ത് വീണ് കിടന്നാലും ആരും കൈ കൊണ്ട് എടുക്കാറില്ല.  അതേ പോലെ  മാങ്ങാ, സപ്പോർട്ടാ, ഞാവൽ പഴം തുടങ്ങിയ മറ്റ് ഫലങ്ങളും നിലത്ത് വീണാൽ നാട്ടിൽ   ആർക്കും വേണ്ടാതായി. ചെറുപ്പത്തിൽ  നേരം വെളുക്കുന്നതിന് മുമ്പ് തന്നെ ഫലവൃക്ഷങ്ങളുടെ ചുവട്ടിൽ എത്തി വവ്വാൽ ചപ്പി ഇടുന്ന  ഫലങ്ങളും പറങ്കി അണ്ടിയും ശേഖരിക്കുന്നത്  കുട്ടികൾക്ക് ഹരമായിരുന്നു.. അന്നും  വവ്വാൽ ഉണ്ടായിരുന്നു  പക്ഷേ നിപ്പാ ഇല്ലായിരുന്നു. എവിടെന്നോ  നിപ്പാ പിശാച് കടൽ കടന്ന് വന്ന്  പാവം വവ്വാലിനെ സ്വാധീനിച്ച് താണ്ഡവമാടി. ബ്രാംസ്റ്റോക്കർ ഡ്രാക്കുള എഴുതിയതിന് ശേഷം വവ്വാലിനെ രക്ത രക്ഷസിന്റെ ഏജന്റ് ആയാണ്  ജനം കാണുന്നത്. അതിനൊപ്പം ഇപ്പോൾ  നിപ്പാ കൂടി ആയപ്പോൾ...പാവം വവ്വാൽ...നാരദൻ  ഇപ്രകാരമൊന്നിനെ സൃഷ്ടിക്കരുതായിരുന്നു.

Saturday, July 7, 2018

സമുദായ ധ്രുവീകരണം സംഭവിക്കുമോ?

കൊട്ടാരക്കരയിലും പരിസരത്തും പോലീസ് ആക്റ്റ് 144  പ്രഖ്യാപിച്ചിരുന്നതിനാൽ  കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ്  കേന്ദ്രമായ പാലം ജംഗ്ഷനിലും മറ്റും  പോലീസ് വാഹനങ്ങളുടെ സാന്നിദ്ധ്യം  കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നു. ഹർത്താലുകളോ മറ്റോ  ഉണ്ടാകുന്ന ദിവസങ്ങളിലല്ലാതെ  ഇപ്രകാരം പോലീസ് കാവൽ നിൽക്കുന്നത് ഇവിടെയുള്ളവർക്ക് അപൂർവ കാഴ്ചയായിരുന്നു.  എന്തെന്നാൽ  സമാധാനപ്രിയരായ ആൾക്കാർ താമസിക്കുന്ന ഈ സ്ഥലത്ത് സംഘർഷ സാദ്ധ്യത  തുലോം വിരളമായിരുന്നല്ലോ. പ്രദേശ വാസികൾ സാധാരണ ദിവസങ്ങളെ  പോലെ കഴിഞ്ഞ ദിവസങ്ങളിലും അവരുടെ ഉപജീവന മാർഗം അന്വേഷിച്ചും കുട്ടികൾ വിദ്യാലയങ്ങളിലേക്കും  പതിവ് യാത്രകൾ നടത്തി കൊണ്ടിരുന്നു.  പോലീസ്   ആക്റ്റോ 144 വകുപ്പോ  അവരുടെ ദൈനം ദിനം  പ്രവർത്തികളെ ബാധിച്ചതേ ഇല്ല.
 ഇറച്ചി വ്യാപാരിയായ ജലാലിനെയും മറ്റ് രണ്ട് പേരെയും പുത്തൂർ തെക്കുംഭാഗം  നിവാസികളായ  ഒരു സൈനികനും  കൂട്ടുകാരനും  ചേർന്ന്  കാലികളെ വാഹനത്തിൽ  കൊണ്ട് വരുന്ന രീതിയെ സംബന്ധിച്ച് ചോദ്യം ചെയ്തതിനെ തുടർന്ന്   തർക്കം ഉണ്ടാവുകയും കാലികളുടെ ഉടമയെയും സഹായികളെയും മർദ്ദനം  ഏൽപ്പിക്കുകയും ചെയ്തു എന്നൊരു  കേസും  ആർ.എസ്.എസ്. പ്രവർത്തകരായ  പ്രതികളുടെ വീടിന്റെ ജനാലുകളും കതകുകളും  പട്ടാപ്പകൽ കാറിൽ വന്ന  അജ്ഞാതരായ  ചിലർ ചേർന്ന്  അടിച്ച് തകർക്കുകയും പൂജാ മുറിക്ക് നാശനഷ്ടം വരുത്തുകയും ചെയ്തതിനെ തുടർന്ന്  മറ്റൊരു കേസും ഉൽഭവിച്ചിരുന്നു. രണ്ടാമത്തെ സംഭവത്തെ തുടർന്ന് ബി.ജെ.പി. ഹർത്താൽ പ്രഖ്യാപിക്കുകയും  അതുമായി ബന്ധപ്പെട്ടാണ് 144 പ്രഖ്യാപനവും  പോലീസ് സാന്നിദ്ധ്യവും ഉണ്ടായത്.

സമാധാന പരിപാലനം  പോലീസിന്റെ കടമ ആയതിനാൽ  അവരുടെ ചെയ്തികളെ  ആർക്കും ചോദ്യം ചെയ്യാനുമാവില്ല.  രണ്ടാമത്തെ സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തതായി അറിവുകൾ ഇല്ലാ എങ്കിലും ഒന്നാമത്തെ  സംഭവത്തിൽ സൈനികനേയും കൂട്ടുകാരനെയും അറസ്റ്റ് ചെയ്ത് റിമാന്റിൽ  വെയ്ക്കുകയും പിന്നീട് ജാമ്യം അനുവദിക്കുകയും ചെയ്തെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. ജലാൽ രണ്ട്മൂന്നു ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം  വീട്ടിൽ വിശ്രമിക്കുകയും ചെയ്യുന്നു.

പുത്തൂർ നിവാസിയായ   ഒരു സ്നേഹിതനിൽ നിന്നും അറിയാൻ കഴിഞ്ഞത്  തെക്കും ഭാഗം ബിജെ.പി. കേന്ദ്രമാണെന്നും  പ്രതികൾക്കു പോലീസ് സംരക്ഷണം ഉണ്ടെന്നും  “ കണ്ടാൽ  ഭീകരരും എന്തും ചെയ്യാൻ മടിക്കാത്തവരും എപ്പോഴും ആയുധധാരികളുമായ“  മുസ്ലിംസ്ട്രീറ്റ് നിവാസികൾ പത്തറുപത് പേർ ചേർന്ന് കാലികളുടെ ദയനീയാവസ്ഥ  ചോദ്യം ചെയ്ത   സൈനികനെയും കൂട്ടുകാരനെയും ആക്രമിച്ചെന്നും  അവർ ജീവനും കൊണ്ട് പാഞ്ഞ് പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചെന്നും  പിന്നീട് അവരുടെ വസതി പട്ടാപ്പകൽ ആക്രമിച്ചുവെന്നും ഇനിയും ഈ ഭീകരന്മാർ സംഘടിച്ചെത്തുമെന്നും അങ്ങിനെ  ഒരു ആക്രമണത്തെ നേരിടാൻ സൈനികന്റെ വസതിക്കു ചുറ്റും  പ്രവർത്തകർ ഉണ്ടെന്നും  മറ്റും പുത്തൂർ ചന്തയിലും ഇതര സ്ഥലങ്ങളിലും  അഭ്യൂഹങ്ങൾ പരക്കുന്നുവെന്നാണ്.

കാലികളുടെ ശോചനീയാവസ്ത  കണ്ട സൈനികൻ നിയമം കയ്യിലെടൂക്കാതെ  തന്റെ കയ്യിലുള്ള  ഫോണിലൂടെ  സമീപസ്ഥമായ  പോലീസ് സ്റ്റേഷനിൽ  വിവരമറിയിക്കുകയോ  നേരിൽ ചെന്ന് പരാതി കൊടുക്കുകയോ ചെയ്ത്  ഇറച്ചി വ്യാപാരിയായ ജലാലിനെയും കൂട്ടരേയും കർശനമായി  ശിക്ഷിക്കാമായിരുന്നല്ലോ എന്നൊന്നും ഇവിടെ അഭിപ്രായം  പറയുന്നില്ല; കാരണം സത്യം പറഞ്ഞാലും അത് തിരിഞ്ഞ് കുത്തുന്ന  കാലമാണിപ്പോൾ.
പഴയ ഒരു ഇംഗ്ളീഷ് സിനിമാ കഥ ഓർത്ത് പോകുന്നു. സിനിമായുടെ പേര് “ദി റഷ്യൻസ്  ആർ കമിംഗ് “ എന്നായിരുന്നു.  അന്ന്  ക്യൂബൻ പ്രശ്നത്തെ തുടർന്ന് അമേരിക്കയുംറഷ്യയും   ശീതസമരത്തിന്റെമൂർദ്ധന്യാവസ്തയിലായിരുന്നപ്പോൾ  അമേരിക്കൻ തീരത്ത്  റഷ്യയുടെ കപ്പൽ കണ്ടുവെന്നും ഉടൻ ആക്രമണം ഉണ്ടായേക്കാം എന്നൊരു അഭ്യൂഹം പരന്നതിനെ തുടർന്നു   ജനങ്ങൾ  എല്ലാം വാരിക്കെട്ടി  ജീവൻ രക്ഷിക്കാനുള്ള പാഞ്ഞ് നടക്കുന്നതിനെ സംബന്ധിച്ചും   നാടിനെ രക്ഷിക്കാനുള്ള കരുതൽ നടപടികളെ കുറിച്ചുമുള്ള  ചിത്രീകരണമായിരുന്നു സിനിമയിൽ മുഴുവൻ.  പുത്തൂർ  തെക്കും ഭാഗം നിവാസികളുടെ ശങ്ക ഇപ്പോൾ  അപ്രകാരമാണ്. എന്റെ പ്രിയപ്പെട്ട തെക്കും ഭാഗം സഹോദരന്മാരേ! കൊട്ടാരക്കരയിൽ നിന്നും മുസ്ലിങ്ങളോ ഹിന്ദുക്കളോ  ക്രിസ്ത്യാനികളോ  ആരും നിങ്ങളെ ആക്രമിക്കാനായി  നിങ്ങളെ തേടി വരില്ല.  കാരണം ഞങ്ങൾക്ക്  അങ്ങിനെയൊരു പ്രതികാര വാഞ്ജ  ഒട്ടുമില്ലെന്ന് മാത്രമല്ല, ഞങ്ങൾക്ക് വേറെ ജോലിയുണ്ട്.  ഇതിനായി സമയം കളയാൻ ഞങ്ങൾ  തയാറല്ല. ഏകോദര സഹോദരന്മാരെ പോലെ ഞങ്ങൾ  ഇവിടെ സമാധാനത്തിൽ കഴിയുന്നു. മുസ്ലിങ്ങൾ ഹിന്ദു സമൂഹത്തിന്റെ ഭാഗമാണ്, ഹിന്ദുക്കൾ മുസ്ലിം സമൂഹത്തിന്റെ ഭാഗവും .  അങ്ങിനെയാണ്  ഞങ്ങൾ ഇവിടെ കഴിയുന്നത്. ഞങ്ങളുടെ കുട്ടികൾ തോളോട് തോൾ ചേർന്ന് സ്കൂളുകളിൽ പോകുന്നു. ഒരേ ബെഞ്ചിലിരുന്ന് പഠിക്കുന്നു,  ഞങ്ങൾ വിശേഷ ദിവസങ്ങളിൽ പരസ്പരം വീടുകൾ സന്ദർശിക്കുന്നു. കൊടുക്കൽ വാങ്ങലുകൾ നടത്തുന്നു. മുസ്ലിങ്ങളിൽ പെട്ട മീൻ വ്യാപാരികൾ ഹിന്ദുക്കൾ  തിങ്ങി നിറഞ്ഞ് താമസിക്കുന്നിടങ്ങളിൽ എം.80 വണ്ടിയുമായി പോകുന്നു.മീൻ വാങ്ങാൻ  “മീൻ മൊയ്ലാളിയെയും“ കാത്ത് ഹിന്ദു സഹോദരിമാർ കാത്ത് നിൽക്കുന്നു. തിരിച്ചും മുസ്ലിങ്ങൾ തിങ്ങി നിൽക്കുന്ന ഭാഗത്ത് ഹിന്ദു സഹോദരന്മാർ  വ്യാപാരത്തിനും തൊഴിലിനുമായി വരുന്നു,  ആർക്കും ഇവിടെ   ഒരു വേർ തിരിവുമില്ല. ഇത് ഇവിടെയുള്ള ആർ.എസ്.എസ്. ബി.ജെ.പി. സുഹൃത്തുക്കളോട് അന്വേഷിച്ചാൽ മനസിലാകും.
നടന്ന് കഴിഞ്ഞ രണ്ട് സംഭവങ്ങളും അപലപിക്കേണ്ടതും  ഒരിക്കലും നടക്കാൻ പാടില്ലാത്തതുമാണ്. പുത്തൂർ തെക്കും ഭാഗത്ത് നടന്ന വീട് ആക്രമണം  ഒരിക്കലും ന്യായീകരിക്കാൻ പാടില്ലാത്തതാണ്. കുറ്റക്കാരെ  കണ്ട് പിടിച്ച്  കർശനമായി ശിക്ഷിക്കണം. ആദ്യ സംഭവത്തിൽ ഉണ്ടായത് പോലെ നിയമം കയ്യിലെടുക്കുന്നത് സംഘർഷം വളർത്തുമെന്നും മേലിൽ ഒരിടത്തും അത് ആവർത്തിക്കാൻ പാടില്ലാത്തതുമാണ് എന്ന് ബന്ധപ്പെട്ട കക്ഷികളും  തിരിച്ചറിയണം. ഇത് ഈ നാട്ടിലെ പൊതു ജനാഭിപ്രായമാണ്. നിക്ഷ്പക്ഷരായ പൊതു ജനങ്ങളുടെ അഭിപ്രായം.

  ബന്ധപ്പെട്ട   രാഷ്ട്രീയ കക്ഷികൾ  തെറ്റിനെ തെറ്റെന്ന് തന്നെ പറയുകയും  അത് മേലിൽ ആവർത്തിക്കാതിരിക്കാൻ  വേണ്ട പ്രചരണങ്ങൾ നടത്തുകയും വേണം. ഒരിക്കലും പക്ഷം ചേരുകയും ചെയ്യരുത്. മനുഷ്യ മനസിൽ നിന്നും ഭീതി ഒഴിവാക്കാനുള്ള നിങ്ങളുടെ പരിശ്രമങ്ങൾക്ക്  ജനങ്ങൾ നിങ്ങളോടൊപ്പം ഉണ്ടാകുമെന്നുറപ്പ്.

Tuesday, July 3, 2018

ബി.ജെ.പി.യുടെ ഹർത്താൽ

ഇന്ന് കൊട്ടാരക്കരയിൽ ബി.ജെ.പി.യുടെ ഹർത്താൽ നടന്ന്  കൊണ്ടിരിക്കുന്നു.  കട കംബോളങ്ങൾ അടഞ്ഞും ബസ്സുകൾ നിരത്തിലിറങ്ങാതെയും  പതിവ് ഹർത്താലുകൾ പോലെ തന്നെ ഇന്നത്തെ ഹർത്താലും. സമയം പകൽ 12.15.

മതസൗഹാർദ്ദത്തിന് പേര് കേട്ട സ്ഥലമാണ്  കൊട്ടാരക്കര. കൊട്ടാരക്കരയിലെ പ്രമുഖ ക്ഷേത്രമായ ശ്രീ മഹാ ഗണപതി ക്ഷേത്രത്തിന്റെ  ഉൽസവത്തോടനുബന്ധിച്ച്  ചന്തമുക്കിലെ എല്ലാ മുസ്ലിം വ്യാപാരികളും   സംഭാവനകൾ നൽകുന്നു.  കൃസ്ത്യൻ മത വിശ്വാസികളും അപ്രകാരം തന്നെ.
 ഇതര ക്ഷേത്രങ്ങളും കോവിലുകളും  പരക്കെ സ്ഥിതി ചെയ്യുന്ന ഇവിടെ തന്നെ കുരിശടികളും തക്യാവുകളും ധാരാളം ഉണ്ട്.കൊട്ടാരക്കരയോട് തൊട്ടുരുമ്മി നിൽക്കുന്ന  മൈലം ഗ്രാമ പഞ്ചായത്തിൽ ബി.ജെ.പി. ജയിച്ച വാർഡിലാണ് കൊട്ടാരക്കര മുസ്ലിം ജമാത്തിന്റെ നിയന്ത്രണത്തിലുള്ള തക്യാവ് സ്ഥിതി ചെയ്യുന്നത്, അവിടെ നിന്നും അഞ്ച് നേരം ബാങ്ക് വിളി മുഴങ്ങുമ്പോൾ നാലു ചുറ്റും താമസിക്കുന്ന ഒരു ഹൈന്ദവനും  അതിൽ അതൃപ്തി  കാണിച്ചിട്ടില്ലെന്ന് മാത്രമല്ല,  നോമ്പ് കാലങ്ങളിൽ നോമ്പ് തുറ സമയത്തെ ജീരക കഞ്ഞി മിക്ക  ഹൈന്ദവ സഹോദരന്മാരും വന്ന് വാങ്ങി കൊണ്ട് പോവുകയും  തക്യാവ് പരിപാനക്കാർ  അവർക്ക് കഞ്ഞി സന്തോഷത്തോടെ വിളമ്പി  കൊടുക്കുകയും ചെയ്തു വരുന്നു. വാർഡ് മെംബറായ ക്രിഷ്ണൻ കുട്ടി എല്ലാ മതക്കാർക്കും വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നു. നാടിനെ പിടിച്ച് കുലുക്കിയ ബാബരീ മസ്ജിദ് തകർക്കൽ അലി മുസലിയാർ വധം എന്നിവയുമായി ബന്ധപ്പെട്ട് ഒരു കലാപവും  പോലീസ് രേഖകളിൽ ഇല്ലാത്ത ഒരു റിക്കോർഡും  കൊട്ടാരക്കരക്കുണ്ട്. എന്നാൽ സമാധാനപരമായ പ്രതിഷേധങ്ങൾ  ഈ സംഭവങ്ങളിൽ ഇവിടെ നടത്തിയിട്ടുമുണ്ട്. ആരും ആ പ്രതിഷേധ സമരങ്ങളെ അസഹിഷ്ണതയോടെ കണ്ടിട്ടുമില്ല.  ചുരുക്കത്തിൽ ഏത് മത വിശ്വാസികളായാലും പരസ്പരം സ്നേഹത്തിലും  അടുപ്പത്തിലും കഴിഞ്ഞ് പോകുന്ന ഇടമാണ് ഈ നാട്.
ഈ നാട് സ്വഛന്ദമായ  നീല ജല തടാകം പോലെയാണ്.  ആ ശുദ്ധജലത്തിൽ വിഷ തുള്ളികൾ  വീഴ്ത്താൻ നടന്ന സംഭവമാണ് കഴിഞ്ഞ ആഴ്ച  ഇവിടെ അരങ്ങേറിയത്. രാജസ്ഥാനിൽ ജോലി ചെയ്യുന്ന ഒരു സൈനികനും അയാളുടെ കൂട്ടുകാരനും കൂടി കാലികളെ കയറ്റി കൊണ്ട് വന്നവരെ ആക്രമിച്ചു. ആക്രമണകാരികൾ സമീപ സ്ഥലമായ പുത്തൂർ തെക്കും ഭാഗം സ്വദേശികളാണ്. പുത്തൂർ, പവിത്രേശ്വരം  ഭാഗങ്ങളിൽ മരുന്നിനുരക്കാൻ പോലും മുസ്ലിം വീടുകൾ ഇല്ലാത്തതും കൊട്ടാരക്കരയിലെ മുസ്ലിം ആവാസ കേന്ദ്രങ്ങളെയോ  മറ്റൊന്നിനെയോ പറ്റി  യാതൊരു അറിവുമില്ലാത്തവരുമാണ് അവർ. കാരണം അവർ ആക്രമിച്ചവരുടെ വീടുകൾക്ക് സമീപമാണ് ഈ സംഭവം നടന്നത്. മുസ്ലിം സ്ട്രീറ്റ് എന്നാണ് ആ ഭാഗത്തിന്റെ പേര് .പേരിനെ അന്വർത്ഥമാക്കുന്ന വിധം മുസ്ലിമ്ങ്ങൾ തിങ്ങി പാർക്കുന്ന ഇടമായിരുന്നു അത്.  അൽപ്പ സമയം കൂടി  കഴിഞ്ഞാണ് ഈ സംഭവം നടന്നിരുന്നതെങ്കിൽ  നിർഭാഗ്യകരമായ പല സംഭവങ്ങൾക്കും ഈ ആക്രമണം ഹേതു ആകുമായിരുന്നു. മർദ്ദനമേറ്റ ഇറച്ചി വ്യാപാരി ജലാൽ സ്ഥലത്തെ പ്രമുഖനും എല്ലാ പാർട്ടികൾക്കും സംഘടനകൾക്കും വാരി കോരി സംഭാവന കൊടുക്കുന്ന ആളും എല്ലാ വിഭാഗം ജനങ്ങളുമായി വലിയ സൗഹാർദ്ദത്തിൽ കഴിയുന്ന വ്യക്തിയും എല്ലാ വിഷയങ്ങളിലും തനതായ കാഴ്ചപ്പാടുകൾ നില നിർത്തുന്നവനുമാണ്. ബി.ജെ.പി.ക്കാർ അദ്ദേഹവുമായി യാതൊരു വിധ  സംഘർഷങ്ങളും  ഇത് വരെ    ഇല്ലാതിരുന്നു താനും. അദ്ദേഹത്തെ മർദ്ദിച്ച സംഭവത്തിൽ  ജാതി മത ഭേദമില്ലാതെ  എല്ലാവരും പ്രതിഷേധിക്കുകയും ചെയ്തു. കലഹ പ്രിയനല്ലാത്ത ജലാൽ  നിയമപരമായ  നീക്കങ്ങൾക്കല്ലാതെ  പ്രതികാര മാർഗത്തിൽ ഒരിക്കലും  മുന്നോട്ട് പോവില്ലാ എന്ന് എതിരാളികൾ പോലും സമ്മതിക്കുന്ന വസ്തയുമാണ്. സംഭവത്തെ തുടർന്ന്  പ്രതികളെ കയ്യോടെ അറസ്റ്റ് ചെയ്ത് റിമാന്റിലാക്കുകയും ചെയ്തു.
അങ്ങിനെ സംഭവം ശാന്തമായി വരുമ്പോഴണ് ആരോ കുബുദ്ധികൾ  പുത്തൂർ കിഴക്കും ഭാഗത്ത് അറസ്റ്റ് ചെയ്യപ്പെട്ട സൈനികന്റെ  (ഒന്നാം പ്രതി) വീട് ആളില്ലാതിരുന്ന സമയം ആക്രമിക്കുകയും  വാതിലിനും ജനലിനും പൂജാ മുറിക്കും  കേട് പാടുകൾ ഉണ്ടാക്കുകയും ചെയ്തു എന്ന വിവരം പുറത്ത് വന്നത്. സംഭവം നടന്നത്നട്ടുച്ച നേരത്തായിരുന്നു  . പ്രതിയുടെ മാതാപിതാക്കൾ  കൊട്ടാരക്കരയിൽ മകന്റെ കേസ് സംഭവമായി  പോയിരുന്നത്രേ! സംഭവ സ്ഥലം കിഴക്കും ഭാഗം എന്ന സ്ഥലം  ഹിന്ദു മത വിശ്വാസി കളുടെ ആവാസ കേന്ദ്രം കൂടിയാണെന്ന് പറഞ്ഞ് വെക്കട്ടെ.
 ഏതായാലും ആക്രമണത്തിൽ പ്രതിഷേധിച്ച്  ബി.ജെ.പി. ഹർത്താൽ പ്രഖ്യാപിച്ചു.  ആദ്യ സംഭവത്തിൽ   കൽപ്പിച്ച് കൂട്ടിയ ആക്രമണമല്ല അതെന്നും ബി.ജെ.പി.ക്ക്  ഇതിൽ യാതൊരു പങ്കുമില്ലെന്നും , കാലികളെ വണ്ടിയിൽ  കൊണ്ട് വന്ന രീതിയോട് പശു വളർത്തലും മറ്റുമായി കഴിഞ്ഞ് വന്ന സൈനികന്  ധർമ്മരോഷം  ഉണ്ടായി അപ്പോഴുണ്ടായ ക്ഷോഭത്താൽ ആയാൾ പ്രതികരിച്ച് പോയതാണെന്നും കൽപ്പിച്ച് കൂട്ടി പാർട്ടി. ഇപ്രകാരമൊരു സംഭവത്തിന് പ്രേരകരാകില്ലാ എന്നും മനപൂർവം ചിലർ വർഗീയ വേർതിരിവ് ഉണ്ടാക്കി പാർട്ടി വളർത്താൻ ശ്രമിക്കുന്നെന്നും  ഉള്ള  ബി.ജെ.പി. ഭാഷ്യം  വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. കാരണം ഞങ്ങൾ അപകാരമൊരു  പ്രവർത്തി ഇവിടെ ചെയ്യാൻ ഉദ്ദേശിക്കുന്നില്ല എന്നൊരു അർത്ഥം അതിലുണ്ടല്ലോ! പക്ഷേ രണ്ടാമത്തെ സംഭവം,    ഹർത്താൽ ആഹ്വാനം ചെയ്തവർ പറഞ്ഞത് പോലുള്ള  കഥ,   ഉപ്പ് കൂട്ടി വിഴുങ്ങാൻ  അൽപ്പം പ്രയാസം ഉണ്ട്. കാരണം പുത്തൂർ കിഴക്കും ഭാഗം  സ്ഥലത്ത് പോയി ഒരു ബിജെപി ക്കാരന്റെ വീട്  ആക്രമിച്ച്  സുരക്ഷിതമായി തിരിച്ച് വരാമെന്നുള്ള ബുദ്ധി ഒന്നും ഇവിടെ ആർക്കും ഉണ്ടാവില്ല. അപരിചിതരായ അവരെ  അപരിചിത സ്ഥലത്ത് ചെല്ലുമ്പോൾ  എല്ലാവരും ശ്രദ്ധിക്കും പ്രത്യേകിച്ച് കിഴക്കും ഭാഗം എന്ന സ്ഥലത്ത്., വാഹനത്തെയും   ശ്രദ്ധിക്കും.
പൂജാമുറി തകർത്ത  സംഭവം  ദിശ മാറ്റി വിടാനുള്ള തന്ത്രമല്ലേ?
ചുരുക്കത്തിൽ ഒരു പന്തി ഇല്ലായ്ക കാണുന്നു. പോലീസ് നായെ കൊണ്ട് വന്നുള്ള പരിശോധനയായിരുന്നു അവിടെ വേണ്ടിയിരുന്നത്.  കുറ്റ വാളികളെ  കുറിച്ച്  അൽപ്പമെങ്കിലും സൂചന  ലഭിക്കുമായിരുന്നല്ലോ. അവർ ആരായിരുന്നാലും കർശനമായി ശിക്ഷിക്കപ്പെടണമെന്നുള്ള അഭിപ്രായക്കാരാണ്  ഇവിടുള്ളത്.
കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റിൽ നിന്നും ആരും പുത്തൂർ കിഴക്കും ഭാഗത്ത് പോയി ആരുടെയെങ്കിലും വീട് കയറി ആക്രമിക്കുന്നുവെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല.  കാരണം അത്രയും സമാധാന പ്രിയരാണ് ഇവിടെ ഉള്ളവർ, മത മൈത്രി നില നിൽക്കാൻ ആഗ്രഹിക്കുന്നവർ. ഇതര മതത്തെ ആദരവോടെ കാണുന്നവർ. എല്ലാറ്റിനുപരി, ഇവിടെ ഉള്ളവർ ഈ ഗുണങ്ങൾ ഉള്ളവരാണെന്നും  തങ്ങളോടൊപ്പം സമാധാനത്തിൽ കഴിയാൻ ആഗ്രഹിക്കുന്നവരാണെന്നും  ഇതര മത വിശ്വാസികളുടെ  തിരിച്ചറിവും പെരുമാറ്റവും പിൻ തുണയും ഇവിടുള്ളവർക്ക്   കൂട്ടിനായുണ്ടല്ലോ.
ആയതിനാൽ നിഷ്പക്ഷമായ സമഗ്രമായ ഒരു അന്വേഷണം ഈ കാര്യത്തിൽ ഉണ്ടാവണമെന്ന് നാട്ടുകാർ  ആഗ്രഹിക്കുന്നു.

(