Saturday, July 7, 2018

സമുദായ ധ്രുവീകരണം സംഭവിക്കുമോ?

കൊട്ടാരക്കരയിലും പരിസരത്തും പോലീസ് ആക്റ്റ് 144  പ്രഖ്യാപിച്ചിരുന്നതിനാൽ  കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ്  കേന്ദ്രമായ പാലം ജംഗ്ഷനിലും മറ്റും  പോലീസ് വാഹനങ്ങളുടെ സാന്നിദ്ധ്യം  കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നു. ഹർത്താലുകളോ മറ്റോ  ഉണ്ടാകുന്ന ദിവസങ്ങളിലല്ലാതെ  ഇപ്രകാരം പോലീസ് കാവൽ നിൽക്കുന്നത് ഇവിടെയുള്ളവർക്ക് അപൂർവ കാഴ്ചയായിരുന്നു.  എന്തെന്നാൽ  സമാധാനപ്രിയരായ ആൾക്കാർ താമസിക്കുന്ന ഈ സ്ഥലത്ത് സംഘർഷ സാദ്ധ്യത  തുലോം വിരളമായിരുന്നല്ലോ. പ്രദേശ വാസികൾ സാധാരണ ദിവസങ്ങളെ  പോലെ കഴിഞ്ഞ ദിവസങ്ങളിലും അവരുടെ ഉപജീവന മാർഗം അന്വേഷിച്ചും കുട്ടികൾ വിദ്യാലയങ്ങളിലേക്കും  പതിവ് യാത്രകൾ നടത്തി കൊണ്ടിരുന്നു.  പോലീസ്   ആക്റ്റോ 144 വകുപ്പോ  അവരുടെ ദൈനം ദിനം  പ്രവർത്തികളെ ബാധിച്ചതേ ഇല്ല.
 ഇറച്ചി വ്യാപാരിയായ ജലാലിനെയും മറ്റ് രണ്ട് പേരെയും പുത്തൂർ തെക്കുംഭാഗം  നിവാസികളായ  ഒരു സൈനികനും  കൂട്ടുകാരനും  ചേർന്ന്  കാലികളെ വാഹനത്തിൽ  കൊണ്ട് വരുന്ന രീതിയെ സംബന്ധിച്ച് ചോദ്യം ചെയ്തതിനെ തുടർന്ന്   തർക്കം ഉണ്ടാവുകയും കാലികളുടെ ഉടമയെയും സഹായികളെയും മർദ്ദനം  ഏൽപ്പിക്കുകയും ചെയ്തു എന്നൊരു  കേസും  ആർ.എസ്.എസ്. പ്രവർത്തകരായ  പ്രതികളുടെ വീടിന്റെ ജനാലുകളും കതകുകളും  പട്ടാപ്പകൽ കാറിൽ വന്ന  അജ്ഞാതരായ  ചിലർ ചേർന്ന്  അടിച്ച് തകർക്കുകയും പൂജാ മുറിക്ക് നാശനഷ്ടം വരുത്തുകയും ചെയ്തതിനെ തുടർന്ന്  മറ്റൊരു കേസും ഉൽഭവിച്ചിരുന്നു. രണ്ടാമത്തെ സംഭവത്തെ തുടർന്ന് ബി.ജെ.പി. ഹർത്താൽ പ്രഖ്യാപിക്കുകയും  അതുമായി ബന്ധപ്പെട്ടാണ് 144 പ്രഖ്യാപനവും  പോലീസ് സാന്നിദ്ധ്യവും ഉണ്ടായത്.

സമാധാന പരിപാലനം  പോലീസിന്റെ കടമ ആയതിനാൽ  അവരുടെ ചെയ്തികളെ  ആർക്കും ചോദ്യം ചെയ്യാനുമാവില്ല.  രണ്ടാമത്തെ സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തതായി അറിവുകൾ ഇല്ലാ എങ്കിലും ഒന്നാമത്തെ  സംഭവത്തിൽ സൈനികനേയും കൂട്ടുകാരനെയും അറസ്റ്റ് ചെയ്ത് റിമാന്റിൽ  വെയ്ക്കുകയും പിന്നീട് ജാമ്യം അനുവദിക്കുകയും ചെയ്തെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. ജലാൽ രണ്ട്മൂന്നു ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം  വീട്ടിൽ വിശ്രമിക്കുകയും ചെയ്യുന്നു.

പുത്തൂർ നിവാസിയായ   ഒരു സ്നേഹിതനിൽ നിന്നും അറിയാൻ കഴിഞ്ഞത്  തെക്കും ഭാഗം ബിജെ.പി. കേന്ദ്രമാണെന്നും  പ്രതികൾക്കു പോലീസ് സംരക്ഷണം ഉണ്ടെന്നും  “ കണ്ടാൽ  ഭീകരരും എന്തും ചെയ്യാൻ മടിക്കാത്തവരും എപ്പോഴും ആയുധധാരികളുമായ“  മുസ്ലിംസ്ട്രീറ്റ് നിവാസികൾ പത്തറുപത് പേർ ചേർന്ന് കാലികളുടെ ദയനീയാവസ്ഥ  ചോദ്യം ചെയ്ത   സൈനികനെയും കൂട്ടുകാരനെയും ആക്രമിച്ചെന്നും  അവർ ജീവനും കൊണ്ട് പാഞ്ഞ് പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചെന്നും  പിന്നീട് അവരുടെ വസതി പട്ടാപ്പകൽ ആക്രമിച്ചുവെന്നും ഇനിയും ഈ ഭീകരന്മാർ സംഘടിച്ചെത്തുമെന്നും അങ്ങിനെ  ഒരു ആക്രമണത്തെ നേരിടാൻ സൈനികന്റെ വസതിക്കു ചുറ്റും  പ്രവർത്തകർ ഉണ്ടെന്നും  മറ്റും പുത്തൂർ ചന്തയിലും ഇതര സ്ഥലങ്ങളിലും  അഭ്യൂഹങ്ങൾ പരക്കുന്നുവെന്നാണ്.

കാലികളുടെ ശോചനീയാവസ്ത  കണ്ട സൈനികൻ നിയമം കയ്യിലെടൂക്കാതെ  തന്റെ കയ്യിലുള്ള  ഫോണിലൂടെ  സമീപസ്ഥമായ  പോലീസ് സ്റ്റേഷനിൽ  വിവരമറിയിക്കുകയോ  നേരിൽ ചെന്ന് പരാതി കൊടുക്കുകയോ ചെയ്ത്  ഇറച്ചി വ്യാപാരിയായ ജലാലിനെയും കൂട്ടരേയും കർശനമായി  ശിക്ഷിക്കാമായിരുന്നല്ലോ എന്നൊന്നും ഇവിടെ അഭിപ്രായം  പറയുന്നില്ല; കാരണം സത്യം പറഞ്ഞാലും അത് തിരിഞ്ഞ് കുത്തുന്ന  കാലമാണിപ്പോൾ.
പഴയ ഒരു ഇംഗ്ളീഷ് സിനിമാ കഥ ഓർത്ത് പോകുന്നു. സിനിമായുടെ പേര് “ദി റഷ്യൻസ്  ആർ കമിംഗ് “ എന്നായിരുന്നു.  അന്ന്  ക്യൂബൻ പ്രശ്നത്തെ തുടർന്ന് അമേരിക്കയുംറഷ്യയും   ശീതസമരത്തിന്റെമൂർദ്ധന്യാവസ്തയിലായിരുന്നപ്പോൾ  അമേരിക്കൻ തീരത്ത്  റഷ്യയുടെ കപ്പൽ കണ്ടുവെന്നും ഉടൻ ആക്രമണം ഉണ്ടായേക്കാം എന്നൊരു അഭ്യൂഹം പരന്നതിനെ തുടർന്നു   ജനങ്ങൾ  എല്ലാം വാരിക്കെട്ടി  ജീവൻ രക്ഷിക്കാനുള്ള പാഞ്ഞ് നടക്കുന്നതിനെ സംബന്ധിച്ചും   നാടിനെ രക്ഷിക്കാനുള്ള കരുതൽ നടപടികളെ കുറിച്ചുമുള്ള  ചിത്രീകരണമായിരുന്നു സിനിമയിൽ മുഴുവൻ.  പുത്തൂർ  തെക്കും ഭാഗം നിവാസികളുടെ ശങ്ക ഇപ്പോൾ  അപ്രകാരമാണ്. എന്റെ പ്രിയപ്പെട്ട തെക്കും ഭാഗം സഹോദരന്മാരേ! കൊട്ടാരക്കരയിൽ നിന്നും മുസ്ലിങ്ങളോ ഹിന്ദുക്കളോ  ക്രിസ്ത്യാനികളോ  ആരും നിങ്ങളെ ആക്രമിക്കാനായി  നിങ്ങളെ തേടി വരില്ല.  കാരണം ഞങ്ങൾക്ക്  അങ്ങിനെയൊരു പ്രതികാര വാഞ്ജ  ഒട്ടുമില്ലെന്ന് മാത്രമല്ല, ഞങ്ങൾക്ക് വേറെ ജോലിയുണ്ട്.  ഇതിനായി സമയം കളയാൻ ഞങ്ങൾ  തയാറല്ല. ഏകോദര സഹോദരന്മാരെ പോലെ ഞങ്ങൾ  ഇവിടെ സമാധാനത്തിൽ കഴിയുന്നു. മുസ്ലിങ്ങൾ ഹിന്ദു സമൂഹത്തിന്റെ ഭാഗമാണ്, ഹിന്ദുക്കൾ മുസ്ലിം സമൂഹത്തിന്റെ ഭാഗവും .  അങ്ങിനെയാണ്  ഞങ്ങൾ ഇവിടെ കഴിയുന്നത്. ഞങ്ങളുടെ കുട്ടികൾ തോളോട് തോൾ ചേർന്ന് സ്കൂളുകളിൽ പോകുന്നു. ഒരേ ബെഞ്ചിലിരുന്ന് പഠിക്കുന്നു,  ഞങ്ങൾ വിശേഷ ദിവസങ്ങളിൽ പരസ്പരം വീടുകൾ സന്ദർശിക്കുന്നു. കൊടുക്കൽ വാങ്ങലുകൾ നടത്തുന്നു. മുസ്ലിങ്ങളിൽ പെട്ട മീൻ വ്യാപാരികൾ ഹിന്ദുക്കൾ  തിങ്ങി നിറഞ്ഞ് താമസിക്കുന്നിടങ്ങളിൽ എം.80 വണ്ടിയുമായി പോകുന്നു.മീൻ വാങ്ങാൻ  “മീൻ മൊയ്ലാളിയെയും“ കാത്ത് ഹിന്ദു സഹോദരിമാർ കാത്ത് നിൽക്കുന്നു. തിരിച്ചും മുസ്ലിങ്ങൾ തിങ്ങി നിൽക്കുന്ന ഭാഗത്ത് ഹിന്ദു സഹോദരന്മാർ  വ്യാപാരത്തിനും തൊഴിലിനുമായി വരുന്നു,  ആർക്കും ഇവിടെ   ഒരു വേർ തിരിവുമില്ല. ഇത് ഇവിടെയുള്ള ആർ.എസ്.എസ്. ബി.ജെ.പി. സുഹൃത്തുക്കളോട് അന്വേഷിച്ചാൽ മനസിലാകും.
നടന്ന് കഴിഞ്ഞ രണ്ട് സംഭവങ്ങളും അപലപിക്കേണ്ടതും  ഒരിക്കലും നടക്കാൻ പാടില്ലാത്തതുമാണ്. പുത്തൂർ തെക്കും ഭാഗത്ത് നടന്ന വീട് ആക്രമണം  ഒരിക്കലും ന്യായീകരിക്കാൻ പാടില്ലാത്തതാണ്. കുറ്റക്കാരെ  കണ്ട് പിടിച്ച്  കർശനമായി ശിക്ഷിക്കണം. ആദ്യ സംഭവത്തിൽ ഉണ്ടായത് പോലെ നിയമം കയ്യിലെടുക്കുന്നത് സംഘർഷം വളർത്തുമെന്നും മേലിൽ ഒരിടത്തും അത് ആവർത്തിക്കാൻ പാടില്ലാത്തതുമാണ് എന്ന് ബന്ധപ്പെട്ട കക്ഷികളും  തിരിച്ചറിയണം. ഇത് ഈ നാട്ടിലെ പൊതു ജനാഭിപ്രായമാണ്. നിക്ഷ്പക്ഷരായ പൊതു ജനങ്ങളുടെ അഭിപ്രായം.

  ബന്ധപ്പെട്ട   രാഷ്ട്രീയ കക്ഷികൾ  തെറ്റിനെ തെറ്റെന്ന് തന്നെ പറയുകയും  അത് മേലിൽ ആവർത്തിക്കാതിരിക്കാൻ  വേണ്ട പ്രചരണങ്ങൾ നടത്തുകയും വേണം. ഒരിക്കലും പക്ഷം ചേരുകയും ചെയ്യരുത്. മനുഷ്യ മനസിൽ നിന്നും ഭീതി ഒഴിവാക്കാനുള്ള നിങ്ങളുടെ പരിശ്രമങ്ങൾക്ക്  ജനങ്ങൾ നിങ്ങളോടൊപ്പം ഉണ്ടാകുമെന്നുറപ്പ്.

No comments:

Post a Comment