Tuesday, July 3, 2018

ബി.ജെ.പി.യുടെ ഹർത്താൽ

ഇന്ന് കൊട്ടാരക്കരയിൽ ബി.ജെ.പി.യുടെ ഹർത്താൽ നടന്ന്  കൊണ്ടിരിക്കുന്നു.  കട കംബോളങ്ങൾ അടഞ്ഞും ബസ്സുകൾ നിരത്തിലിറങ്ങാതെയും  പതിവ് ഹർത്താലുകൾ പോലെ തന്നെ ഇന്നത്തെ ഹർത്താലും. സമയം പകൽ 12.15.

മതസൗഹാർദ്ദത്തിന് പേര് കേട്ട സ്ഥലമാണ്  കൊട്ടാരക്കര. കൊട്ടാരക്കരയിലെ പ്രമുഖ ക്ഷേത്രമായ ശ്രീ മഹാ ഗണപതി ക്ഷേത്രത്തിന്റെ  ഉൽസവത്തോടനുബന്ധിച്ച്  ചന്തമുക്കിലെ എല്ലാ മുസ്ലിം വ്യാപാരികളും   സംഭാവനകൾ നൽകുന്നു.  കൃസ്ത്യൻ മത വിശ്വാസികളും അപ്രകാരം തന്നെ.
 ഇതര ക്ഷേത്രങ്ങളും കോവിലുകളും  പരക്കെ സ്ഥിതി ചെയ്യുന്ന ഇവിടെ തന്നെ കുരിശടികളും തക്യാവുകളും ധാരാളം ഉണ്ട്.കൊട്ടാരക്കരയോട് തൊട്ടുരുമ്മി നിൽക്കുന്ന  മൈലം ഗ്രാമ പഞ്ചായത്തിൽ ബി.ജെ.പി. ജയിച്ച വാർഡിലാണ് കൊട്ടാരക്കര മുസ്ലിം ജമാത്തിന്റെ നിയന്ത്രണത്തിലുള്ള തക്യാവ് സ്ഥിതി ചെയ്യുന്നത്, അവിടെ നിന്നും അഞ്ച് നേരം ബാങ്ക് വിളി മുഴങ്ങുമ്പോൾ നാലു ചുറ്റും താമസിക്കുന്ന ഒരു ഹൈന്ദവനും  അതിൽ അതൃപ്തി  കാണിച്ചിട്ടില്ലെന്ന് മാത്രമല്ല,  നോമ്പ് കാലങ്ങളിൽ നോമ്പ് തുറ സമയത്തെ ജീരക കഞ്ഞി മിക്ക  ഹൈന്ദവ സഹോദരന്മാരും വന്ന് വാങ്ങി കൊണ്ട് പോവുകയും  തക്യാവ് പരിപാനക്കാർ  അവർക്ക് കഞ്ഞി സന്തോഷത്തോടെ വിളമ്പി  കൊടുക്കുകയും ചെയ്തു വരുന്നു. വാർഡ് മെംബറായ ക്രിഷ്ണൻ കുട്ടി എല്ലാ മതക്കാർക്കും വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നു. നാടിനെ പിടിച്ച് കുലുക്കിയ ബാബരീ മസ്ജിദ് തകർക്കൽ അലി മുസലിയാർ വധം എന്നിവയുമായി ബന്ധപ്പെട്ട് ഒരു കലാപവും  പോലീസ് രേഖകളിൽ ഇല്ലാത്ത ഒരു റിക്കോർഡും  കൊട്ടാരക്കരക്കുണ്ട്. എന്നാൽ സമാധാനപരമായ പ്രതിഷേധങ്ങൾ  ഈ സംഭവങ്ങളിൽ ഇവിടെ നടത്തിയിട്ടുമുണ്ട്. ആരും ആ പ്രതിഷേധ സമരങ്ങളെ അസഹിഷ്ണതയോടെ കണ്ടിട്ടുമില്ല.  ചുരുക്കത്തിൽ ഏത് മത വിശ്വാസികളായാലും പരസ്പരം സ്നേഹത്തിലും  അടുപ്പത്തിലും കഴിഞ്ഞ് പോകുന്ന ഇടമാണ് ഈ നാട്.
ഈ നാട് സ്വഛന്ദമായ  നീല ജല തടാകം പോലെയാണ്.  ആ ശുദ്ധജലത്തിൽ വിഷ തുള്ളികൾ  വീഴ്ത്താൻ നടന്ന സംഭവമാണ് കഴിഞ്ഞ ആഴ്ച  ഇവിടെ അരങ്ങേറിയത്. രാജസ്ഥാനിൽ ജോലി ചെയ്യുന്ന ഒരു സൈനികനും അയാളുടെ കൂട്ടുകാരനും കൂടി കാലികളെ കയറ്റി കൊണ്ട് വന്നവരെ ആക്രമിച്ചു. ആക്രമണകാരികൾ സമീപ സ്ഥലമായ പുത്തൂർ തെക്കും ഭാഗം സ്വദേശികളാണ്. പുത്തൂർ, പവിത്രേശ്വരം  ഭാഗങ്ങളിൽ മരുന്നിനുരക്കാൻ പോലും മുസ്ലിം വീടുകൾ ഇല്ലാത്തതും കൊട്ടാരക്കരയിലെ മുസ്ലിം ആവാസ കേന്ദ്രങ്ങളെയോ  മറ്റൊന്നിനെയോ പറ്റി  യാതൊരു അറിവുമില്ലാത്തവരുമാണ് അവർ. കാരണം അവർ ആക്രമിച്ചവരുടെ വീടുകൾക്ക് സമീപമാണ് ഈ സംഭവം നടന്നത്. മുസ്ലിം സ്ട്രീറ്റ് എന്നാണ് ആ ഭാഗത്തിന്റെ പേര് .പേരിനെ അന്വർത്ഥമാക്കുന്ന വിധം മുസ്ലിമ്ങ്ങൾ തിങ്ങി പാർക്കുന്ന ഇടമായിരുന്നു അത്.  അൽപ്പ സമയം കൂടി  കഴിഞ്ഞാണ് ഈ സംഭവം നടന്നിരുന്നതെങ്കിൽ  നിർഭാഗ്യകരമായ പല സംഭവങ്ങൾക്കും ഈ ആക്രമണം ഹേതു ആകുമായിരുന്നു. മർദ്ദനമേറ്റ ഇറച്ചി വ്യാപാരി ജലാൽ സ്ഥലത്തെ പ്രമുഖനും എല്ലാ പാർട്ടികൾക്കും സംഘടനകൾക്കും വാരി കോരി സംഭാവന കൊടുക്കുന്ന ആളും എല്ലാ വിഭാഗം ജനങ്ങളുമായി വലിയ സൗഹാർദ്ദത്തിൽ കഴിയുന്ന വ്യക്തിയും എല്ലാ വിഷയങ്ങളിലും തനതായ കാഴ്ചപ്പാടുകൾ നില നിർത്തുന്നവനുമാണ്. ബി.ജെ.പി.ക്കാർ അദ്ദേഹവുമായി യാതൊരു വിധ  സംഘർഷങ്ങളും  ഇത് വരെ    ഇല്ലാതിരുന്നു താനും. അദ്ദേഹത്തെ മർദ്ദിച്ച സംഭവത്തിൽ  ജാതി മത ഭേദമില്ലാതെ  എല്ലാവരും പ്രതിഷേധിക്കുകയും ചെയ്തു. കലഹ പ്രിയനല്ലാത്ത ജലാൽ  നിയമപരമായ  നീക്കങ്ങൾക്കല്ലാതെ  പ്രതികാര മാർഗത്തിൽ ഒരിക്കലും  മുന്നോട്ട് പോവില്ലാ എന്ന് എതിരാളികൾ പോലും സമ്മതിക്കുന്ന വസ്തയുമാണ്. സംഭവത്തെ തുടർന്ന്  പ്രതികളെ കയ്യോടെ അറസ്റ്റ് ചെയ്ത് റിമാന്റിലാക്കുകയും ചെയ്തു.
അങ്ങിനെ സംഭവം ശാന്തമായി വരുമ്പോഴണ് ആരോ കുബുദ്ധികൾ  പുത്തൂർ കിഴക്കും ഭാഗത്ത് അറസ്റ്റ് ചെയ്യപ്പെട്ട സൈനികന്റെ  (ഒന്നാം പ്രതി) വീട് ആളില്ലാതിരുന്ന സമയം ആക്രമിക്കുകയും  വാതിലിനും ജനലിനും പൂജാ മുറിക്കും  കേട് പാടുകൾ ഉണ്ടാക്കുകയും ചെയ്തു എന്ന വിവരം പുറത്ത് വന്നത്. സംഭവം നടന്നത്നട്ടുച്ച നേരത്തായിരുന്നു  . പ്രതിയുടെ മാതാപിതാക്കൾ  കൊട്ടാരക്കരയിൽ മകന്റെ കേസ് സംഭവമായി  പോയിരുന്നത്രേ! സംഭവ സ്ഥലം കിഴക്കും ഭാഗം എന്ന സ്ഥലം  ഹിന്ദു മത വിശ്വാസി കളുടെ ആവാസ കേന്ദ്രം കൂടിയാണെന്ന് പറഞ്ഞ് വെക്കട്ടെ.
 ഏതായാലും ആക്രമണത്തിൽ പ്രതിഷേധിച്ച്  ബി.ജെ.പി. ഹർത്താൽ പ്രഖ്യാപിച്ചു.  ആദ്യ സംഭവത്തിൽ   കൽപ്പിച്ച് കൂട്ടിയ ആക്രമണമല്ല അതെന്നും ബി.ജെ.പി.ക്ക്  ഇതിൽ യാതൊരു പങ്കുമില്ലെന്നും , കാലികളെ വണ്ടിയിൽ  കൊണ്ട് വന്ന രീതിയോട് പശു വളർത്തലും മറ്റുമായി കഴിഞ്ഞ് വന്ന സൈനികന്  ധർമ്മരോഷം  ഉണ്ടായി അപ്പോഴുണ്ടായ ക്ഷോഭത്താൽ ആയാൾ പ്രതികരിച്ച് പോയതാണെന്നും കൽപ്പിച്ച് കൂട്ടി പാർട്ടി. ഇപ്രകാരമൊരു സംഭവത്തിന് പ്രേരകരാകില്ലാ എന്നും മനപൂർവം ചിലർ വർഗീയ വേർതിരിവ് ഉണ്ടാക്കി പാർട്ടി വളർത്താൻ ശ്രമിക്കുന്നെന്നും  ഉള്ള  ബി.ജെ.പി. ഭാഷ്യം  വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. കാരണം ഞങ്ങൾ അപകാരമൊരു  പ്രവർത്തി ഇവിടെ ചെയ്യാൻ ഉദ്ദേശിക്കുന്നില്ല എന്നൊരു അർത്ഥം അതിലുണ്ടല്ലോ! പക്ഷേ രണ്ടാമത്തെ സംഭവം,    ഹർത്താൽ ആഹ്വാനം ചെയ്തവർ പറഞ്ഞത് പോലുള്ള  കഥ,   ഉപ്പ് കൂട്ടി വിഴുങ്ങാൻ  അൽപ്പം പ്രയാസം ഉണ്ട്. കാരണം പുത്തൂർ കിഴക്കും ഭാഗം  സ്ഥലത്ത് പോയി ഒരു ബിജെപി ക്കാരന്റെ വീട്  ആക്രമിച്ച്  സുരക്ഷിതമായി തിരിച്ച് വരാമെന്നുള്ള ബുദ്ധി ഒന്നും ഇവിടെ ആർക്കും ഉണ്ടാവില്ല. അപരിചിതരായ അവരെ  അപരിചിത സ്ഥലത്ത് ചെല്ലുമ്പോൾ  എല്ലാവരും ശ്രദ്ധിക്കും പ്രത്യേകിച്ച് കിഴക്കും ഭാഗം എന്ന സ്ഥലത്ത്., വാഹനത്തെയും   ശ്രദ്ധിക്കും.
പൂജാമുറി തകർത്ത  സംഭവം  ദിശ മാറ്റി വിടാനുള്ള തന്ത്രമല്ലേ?
ചുരുക്കത്തിൽ ഒരു പന്തി ഇല്ലായ്ക കാണുന്നു. പോലീസ് നായെ കൊണ്ട് വന്നുള്ള പരിശോധനയായിരുന്നു അവിടെ വേണ്ടിയിരുന്നത്.  കുറ്റ വാളികളെ  കുറിച്ച്  അൽപ്പമെങ്കിലും സൂചന  ലഭിക്കുമായിരുന്നല്ലോ. അവർ ആരായിരുന്നാലും കർശനമായി ശിക്ഷിക്കപ്പെടണമെന്നുള്ള അഭിപ്രായക്കാരാണ്  ഇവിടുള്ളത്.
കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റിൽ നിന്നും ആരും പുത്തൂർ കിഴക്കും ഭാഗത്ത് പോയി ആരുടെയെങ്കിലും വീട് കയറി ആക്രമിക്കുന്നുവെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല.  കാരണം അത്രയും സമാധാന പ്രിയരാണ് ഇവിടെ ഉള്ളവർ, മത മൈത്രി നില നിൽക്കാൻ ആഗ്രഹിക്കുന്നവർ. ഇതര മതത്തെ ആദരവോടെ കാണുന്നവർ. എല്ലാറ്റിനുപരി, ഇവിടെ ഉള്ളവർ ഈ ഗുണങ്ങൾ ഉള്ളവരാണെന്നും  തങ്ങളോടൊപ്പം സമാധാനത്തിൽ കഴിയാൻ ആഗ്രഹിക്കുന്നവരാണെന്നും  ഇതര മത വിശ്വാസികളുടെ  തിരിച്ചറിവും പെരുമാറ്റവും പിൻ തുണയും ഇവിടുള്ളവർക്ക്   കൂട്ടിനായുണ്ടല്ലോ.
ആയതിനാൽ നിഷ്പക്ഷമായ സമഗ്രമായ ഒരു അന്വേഷണം ഈ കാര്യത്തിൽ ഉണ്ടാവണമെന്ന് നാട്ടുകാർ  ആഗ്രഹിക്കുന്നു.

(

No comments:

Post a Comment