Tuesday, August 25, 2009

സ്വാമിയും റംസാനും

ബാല്യകാലത്തു എത്ര വയസ്സിലായിരുന്നു ആദ്യ നോമ്പ്‌ എന്നത്‌ മറന്നു പോയെങ്കിലും ആദ്യ കാലത്തെ നോമ്പിനോടൊപ്പം ഓർമ്മയിൽ തെളിയുന്നതു സ്വാമിയുടെ മുഖമാണു.സ്വാമിയുടെ ശരിയായ പേരു ശ്രീധരൻ എന്നാണു. അദ്ദേഹം ആലപ്പുഴയിലെ വട്ടപ്പള്ളിയിൽ ഒരു കുടിപ്പള്ളിക്കൂടം നടത്തിയിരുന്നു. നോമ്പു കാലത്തോടൊപ്പം സ്വാമിയും മറക്കാനാവാത്ത ഓർമകളുമായി മനസ്സിൽ കടന്നു വരുന്നു.
സക്കര്യാ ബസ്സാറിലും വട്ടപ്പള്ളിയിലും വൃത കാലത്തു ചായക്കടകളുടെ മുമ്പിൽ ചാക്കു വിരികൾ കെട്ടി മറക്കും.പകൽ ആഹാരം കഴിക്കുന്നതു നാണക്കേടായി കരുതിയിരുന്ന അന്നു പരസ്യമായി പുക വലിക്കുന്നതു പോലും നിഷിദ്ധമായിരുന്നു. ഇതര സമുദായത്തിൽപ്പെട്ടവരും സ്വമനസ്സാലെ ഇതെല്ലാം അംഗീകരിച്ചിരുന്നു. "ഇന്നു നോമ്പു എത്ര ആയി" എന്നു ചോദിച്ചാൽ കൃത്യമായി മറുപടി പറയാൻ സഹോദര സമുദായത്തിൽപ്പെട്ടവർക്കും കഴിഞ്ഞിരുന്ന സുവർണ്ണദിനങ്ങൾ.!
ഞങ്ങൾ ചെറിയ കുട്ടികൾ സെയ്തു പൂക്കോയാ തങ്ങളുടെ മഖാമിൽ നിന്നും നോമ്പു തുറ സൂചിപ്പിക്കുന്ന വെടിയൊച്ചകൾക്കായി കാതോർത്തു നിമിഷങ്ങൾ തള്ളി നീക്കും. ഒരു വേനല്ക്കാലത്തായിരുന്നു അന്ന് നോമ്പു.കഠിനമായ വെയിലിൽ വട്ടപ്പള്ളിയിലെ മണൽ പരപ്പ്‌ കത്തിജ്വലിച്ചു നിന്നപ്പോൾ അതിയായ ദാഹത്താൽ ഞങ്ങൾ കുട്ടികൾ വലഞ്ഞു. റോഡിൽ പലസ്ഥലങ്ങളിലായി സ്ഥാപിച്ചിരുന്ന മുനിസിപ്പാലിറ്റി വക പൈപ്പുകളിൽ നിന്നായിരുന്നു വട്ടപ്പള്ളിയിൽ കുടിവെള്ളം ലഭിച്ചിരുന്നത്‌. നോമ്പു മൂന്നാം ദിവസം പകൽ രണ്ടു മണി കഴിഞ്ഞപ്പോൾ എന്റെ തൊണ്ട വരണ്ടു. ചുണ്ടുകൾ ഉണങ്ങി. വീട്ടിൽ സൂക്ഷിച്ചിരുന്ന വെള്ളം കട്ടു കുടിക്കുന്നതു കണ്ടാൽ അടി ഉറപ്പു. എന്റെ കൂട്ടുകാരൻ ഗഫൂറിനും ഈ അവസ്ഥ തന്നെ ആയിരുന്നു. ഞങ്ങൾ പരസ്പരം നോക്കി.രണ്ടു പേരുടെയും ആഗ്രഹം ഒന്നായിരുന്നെന്നു ഞങ്ങൾ തിരിച്ചറിഞ്ഞു. വട്ടപ്പള്ളിയിലെ പൈപ്പുകളിൽ നിന്നും പകൽ പരസ്യമായി വെള്ളം കുടിക്കുന്നതു കണ്ടാൽ ആൾക്കാർ പരിഹസിക്കും. അവസാനം ഞങ്ങൾ തീരുമാനിച്ചു. ആലിശ്ശേരിയിൽ പോകാം. സഖാവു സുഗതന്റെ കുടുംബ വീടു സ്ഥിതി ചെയ്യുന്ന ആലിശ്ശേരിയിൽ അധികവും ഹിന്ദുക്കളായിരുന്നു താമസിച്ചിരുന്നതു. ഞങ്ങളെ തിരിച്ചറിയാത്ത ആലിശ്ശേരി വാർഡിലെ ഏതെങ്കിലും പൈപ്പിൽ നിന്നും വെള്ളം കുടിക്കാൻ ചുട്ടു പഴുത്ത മണൽ പരപ്പ്‌ താണ്ടി ഞങ്ങൾ പാഞ്ഞു. ആലിശ്ശേരി അമ്പലത്തിലേക്കു തിരിയുന്ന റോഡിൽ സ്ഥാപിച്ചിരുന്ന പൈപ്പിനു സമീപമെത്തി ഗഫൂർ വെള്ളം കുടിക്കാനായി കുനിഞ്ഞു. പെട്ടെന്നു പുറകിൽ നിന്നും "എടാ" എന്നൊരു വിളി. ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ സ്വാമി! ഞങ്ങളുടെ കുടിപ്പള്ളിക്കൂടം വാദ്ധ്യാർ!
അരികിൽ നിന്ന വേലിയിൽ നിന്നും സ്വാമി വടി ഒടിച്ചെടുത്തു ഞങ്ങളുടെ ചന്തിയിൽ രണ്ടു അടി വീതം തന്നു.
"ദൈവ ദോഷം കാണിക്കുന്നോ" സ്വാമി കയർത്തു.
"ഞങ്ങൾ മുഖം കഴുകാൻ പോകുവായിരുന്നു". ഗഫൂർ തടി തപ്പാൻ നോക്കി.
"നോമ്പും പിടിച്ചു കള്ളവും പറയുന്നോ" എന്നായി സ്വാമി.
അടിയുടെ വേദനയേക്കാൾ കുറ്റബോധം എന്നെ കരയിച്ചു.
എന്റെ കണ്ണീർ കണ്ടതു കൊണ്ടാവാം അദ്ദേഹം ശാന്തനായി. എന്റെ തലയിൽ തലോടി.
"കുഞ്ഞുങ്ങളേ! ....നോമ്പു നോമ്പായി തന്നെ പിടിക്കണം; നോമ്പു പിടിക്കുമ്പോൾ തെറ്റു ചെയ്യരുതു കള്ളം പറയരുതു" സ്വാമി പറഞ്ഞു.
പിൽക്കാലത്തു വായിച്ചും പ്രഭാഷണങ്ങൾ ശ്രവിച്ചും ഞാൻ അറിവു നേടി. പക്ഷേ ആ അറിവിനേക്കാളും സ്വാമി തന്ന ഉപദേശം വൃതം അനുഷ്ഠിക്കുമ്പോൾ എന്റെ മനസ്സിൽ മായാതെ നില നിൽക്കുന്നു.

Monday, August 24, 2009

നേരുകാരന് പറ്റിയ ഗതികേട്.

22.08.1971 ലെ ജനയുഗംവാരികയില്‍ "മറക്കാനാവാത്ത സംഭവം ​" പംക്തിയില്‍ അനുഭവ കഥ പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കഥയ്ക്കു സമാനമായ ഒരു സംഭവം ബ്ലോഗ്ഗില്‍ വായിച്ചപ്പോള്‍ ഇതു ഓര്‍മ്മ വന്നു. പഴയ ഫയലുകളില്‍ നിന്നു ജനയുഗംവാരിക തപ്പിയെടുത്തു പോസ്റ്റു ചെയ്യുന്നു.

1966 ആണ്ടിലെ ഒരു ബോണസ്സ് ദിനം. ആലപ്പുഴയിലെ കയര്‍ കമ്പനിതൊഴിലാളികളുടെ മുഖത്തെല്ലാം ഉത്സാഹംതന്നെ. ഭാവനയില്‍ കണ്ടു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ സഫലീകരിക്കുന്നത് ബോണസ്സ് ദിനത്തിനു ശേഷമാണു. പതിവു പോലെ ഞാനും ആഫീസിലേക്ക് പുറപ്പെട്ടു. വിദേശങ്ങളിലയക്കാന്‍ വേണ്ടി കയര്‍ കെട്ടുകള്‍ പ്രസ്‌ ചെയ്ത് ബെയില്സാക്കുന്ന ഒരു കമ്പനിയിലാണ് എനിക്ക് ജോലി. അവിടെ നടക്കുന്ന ജോലികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഒരു കോണ്ട്രാക്റ്റ്റുടെ പതിനേഴു വയസ്സുള്ള സെക്രട്ടറി ആണ് ഞാന്‍ . കോണ്ട്രാക്ടര്‍ മിക്കവാറും സ്ഥലത്തില്ലാത്തത് കൊണ്ട് പരീപൂര്‍ണ്ണ ഉത്തരവാദിത്വം എനിക്ക് തന്നെ ആയിരുന്നു. സ്ഥിരം ജോലിക്കാര്‍ ഹാജരാകാത്തപ്പോല്‍ താല്‍ക്കാലികമായി ആളെ നിയമിക്കുക, കൂലി കണക്കുകൂട്ടി എടുക്കുക, ആഴ്ചയില്‍ ബില്‍ എഴുതി ഫാക്ടറി ഉടമസ്ഥന് സമര്‍പ്പിച്ചു (അദ്ദേഹം ഒരു ഗുജറാത്തി ആണ്) രൂപ വാങ്ങി തൊഴിലാളികള്‍ക്ക്‌ കൊടുക്കുക. വര്‍ഷാവസാനം ബോണസ്സ് കണക്കാക്കുമ്പോള്‍ അതും വാങ്ങി വിതരണം ചെയുക തുടങ്ങിയ ഒരു കൂട്ടം പണികള്‍ ചെയ്യുവാനുണ്ട്. ഒരു മാസത്തില്‍ തൊഴിലാളികള്‍ക്ക്‌ കൊടുക്കുന്ന കൂലി കണക്ക് കൂട്ടി അതിന്റെ ഏഴര ശതമാനം കോണ്ട്രാക്ടര്‍ മുതലാളിയില്‍ നിന്നു വാങ്ങുന്നു. അതില്‍ നിന്നു അമ്പത് രൂപയാണ് എനിക്ക് ശമ്പളമായി തരുന്നത്. മാസം അഞ്ചു രൂപ തന്നുപോലും ആരും സഹായിക്കുവാന്‍ ഇല്ലാത്ത പരിതസ്ഥിതിയില്‍ അമ്പത് രൂപ എനിക്ക് വലിയ തുക ആയിരുന്നു. ജോലി മുപ്പത് രൂപയ്ക്ക് പോലും ചെയുവന്‍ ആള്‍ക്കാര്‍ ഉണ്ടായിരുന്ന അവസ്ഥായിരുന്നു അന്ന്. സാധാരണ കമ്പനികളില്‍ അല്‍പ്പം നിയമവിരുദ്ധതയെല്ലാം കാണും. അതുഒന്നും പുറത്തു വിടാത്ത വിശ്വസ്തരായ ആള്‍ക്കാരെ ആയിരുന്നു വേണ്ടിയിരുന്നത് എന്നത് കൊണ്ടു എന്റെ നില തല്‍കാലം അവിടെ ഭദ്രമായിരുന്നു. അന്ന് അമ്പത് രൂപ കൊണ്ടു ഒരു കുടുംബം കഴിച്ചു കൂട്ടിയത് ഇന്നു ആലോചിക്കുമ്പോള്‍ അത്ഭുതകരമായി തോന്നുന്നു. മൂന്നു ചെറിയ അനുജന്മാര്‍, രണ്ടു സഹോദരികള്‍, അച്ഛന്‍ , അമ്മ ഇത്രയും അംഗങ്ങള്‍ എന്റെ അമ്പത് രൂപയിലും ഒന്ന് രണ്ടു കോഴികളിലും, ആടുകളിലും നിന്നുള്ള വരുമാനത്തില്‍ ഒതുങ്ങി നിന്നു. രാവിലെ ഏഴര മണിക്ക് ഓഫീസിലേക്ക് ഇറങ്ങുന്നത് വെറും വയറുമായിട്ടാണ്. ഉച്ചവെയിലിന്റെ ചൂട് ഉള്ളില്‍ വഹിച്ചു കൊണ്ട് പന്ത്രണ്ടു മണിക്ക് പാഞ്ഞെത്തി, ഒന്നുകില്‍ കപ്പ അല്ലെങ്കില്‍ ഗോതമ്പു പലഹാരം ഇവയില്‍ ഏതെങ്കിലും അകത്താക്കി വീണ്ടും തിരിച്ചു പോകുന്നു. രാത്രിയില്‍ മിക്കദിവസങ്ങളിലും കഞ്ഞി. പക്ഷേ ഇതെല്ലാം അന്തപുര രഹസ്യങ്ങള്‍ മാത്രം. അച്ഛന് രണ്ടു വര്‍ഷം മുമ്പ് വരെ ജോലി ഉണ്ടായിരുന്നു. കാലഘട്ടം ആണ് ഇപ്പോഴുമെന്നു ആള്‍ക്കാര്‍ വിശ്വസിക്കുന്നു. ഉയര്‍ന്ന ഒരു തറവാട്ടിലെ അംഗമായിരുന്നു അച്ഛന്‍ . അമ്മ അതിലും ഉന്നതമായ കുടുംബത്തിലേത്. ബന്ധുക്കളും സ്വന്തക്കാരുമെല്ലാം പണക്കാര്‍. ഇത്രയും ഉള്ളപ്പോള്‍ ഞങ്ങള്‍ മുക്കാല്‍ പട്ടിണിയിലാണ് എന്ന് ആരെങ്കിലും വിശ്വസിക്കുമോ. മാത്രമല്ല മൂത്ത മകന് കയര്‍ പ്രസ്സില്‍ ആള്‍ക്കാരെ നിയമിക്കുന്ന അധികാരം വരെയുള്ള ഉദ്യോഗം . ശമ്പളം മുന്നൂറു രൂപയെങ്കിലും കാണും. പക്ഷേ മൂത്ത മകന്‍ മാസംതോറും ഒന്നാം തീയതി മുപതു രൂപയും പതിനഞ്ചാം തീയതി ബാക്കി ഇരുപതു രൂപയും ആണ് വാങ്ങുന്നത് എന്ന് ആരെങ്കിലും മനസിലാക്കിയിരുന്നുവോ. പത്തു പൈസയുടെ സോപ്പ്‌, അഞ്ചു പൈസയുടെ നീലം, അഞ്ചു പൈസയുടെ ചിരട്ട കരിയുടെ ഇസ്തരി ഇത്രയും ഒരുമിക്കുമ്പോഴുണ്ടാകുന്ന അന്തസ്സ് കൊണ്ടു കപ്പ കഷണം നിറച്ച വയറു മറച്ചു നടക്കുകയാണെന്ന് പുറത്തുപറയുവാന്‍ പറ്റുമോ. എങ്കില്‍ അച്ഛന്റെ അന്തസ്സും അമ്മയുടെ കുടുംബ മഹിമയുമെല്ലാം പൊളിഞ്ഞത് തന്നെ. പതിനൊന്നു കൊല്ലം പഠിച്ചതിന്റെ പ്രതിഫലമായി കിട്ടിയ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ ഉള്ളത് കൊണ്ട് മറ്റു ജോലിക്കായി ശ്രമിക്കുക; കിട്ടുമ്പോള്‍ മഹത്തായ അമ്പത് രൂപയുടെ ജോലി ഉപേക്ഷിക്കുക. .............. ഇതായിരുന്നു ലക്‌ഷ്യം. ജോലിക്ക് ശമ്പള വര്‍ദ്ധനവില്ല. ബോണസ് , മറ്റാനൂകൂല്യങ്ങള്‍ ഒന്നും തന്നെ ഇല്ല. എന്തെങ്കിലും കൂടുതല്‍ ആവശ്യ പെട്ടാല്‍ പൂര്‍ണത്യപതിയുണ്ടെങ്കില്‍ ജോലി ചെയ്‌താല്‍ മതി, ഇല്ലങ്കില്‍ 30 രുപയുക്കു നില്‍ക്കുവന്‍ വേറെ ആളുണ്ട് എന്നുള്ള മറുപടി ആയിരിക്കും കിട്ടുക. ഇതായിരുന്നു ആഫീസില്‍ എന്റെ സ്ഥിതി.
ഇനി സംഭവത്തിലേക്ക് കടക്കാം. ഒരു സഹോദരിയുടെ വിവാഹം അടുത്തു വരുന്നു. അച്ഛനു ജോലിയുണ്ടായിരുന്നപ്പോള്‍ ഒരു ചിട്ടിയില്‍ ചേര്‍ന്നിരുന്നു.ഇട്യ്ക്കു വെച്ചു കിട്ടിയ ചിട്ടി വട്ടമെത്തിയപ്പോള്‍ കിട്ടാനുണ്ടായിരുന്നതു കിട്ടി സ്ത്രീധനത്തിനായെടുത്തു. അമ്മ പറഞ്ഞ വിധത്തില്‍ മോടിയായി നടത്തണമെങ്കില്‍ 500 രുപ അനാമത്തു ചിലവുകള്‍ക്കും മറ്റുമായി വേണമായിരുന്നു. ഒരു നിവ്യത്തിയുമില്ല. അച്ഛന്റെ അന്തസ്സ് കണക്കിലെടുത്തു ബന്ധുക്കളോട് ചോദിക്കുവാനും മടി. ഒരു മാര്‍ഗ്ഗവും കാണുന്നില്ല. അങ്ങനെ പുകയുന്ന ചിന്തകളുമായി അന്നും ഓഫിസീലേക്കു നടന്നു. ബോണസ്സ് ദിനമാണു. ധാരാളം പണി കാണും . കണക്കുകള്‍ കൂട്ടി ബില്‍ തലേ ദിവസം തന്നേ എഴുതികൊടുത്തു. ചില്ലറ മാറുന്നതിനായി മുതലാളി പത്തു 100 രുപ നോട്ടുകള്‍ എനിക്കു തന്നു കഴിഞ്ഞു. ഒരോ തൊഴിലാളിയുടെയും പേര്‍ക്ക് കൊടുക്കേണ്ട തുക എഴുതി ലിസ്റ്റ് ഉണ്ടാക്കിയതിനു ശേഷം 10 മണിക്കു മുഴുവന്‍ തുകയും വാങ്ങുന്നതിനായി ഞാന്‍ മുതലാളിയുടെ സമീപം ചെന്നു.അപ്പോള്‍ അവിടെ അദ്ദേഹത്തെ കൂടാതെ ബോംബയില്‍ നിന്നോ മറ്റോ വന്ന ചില ബന്ധുക്കളും ഉണ്ടായിരുന്നു.

'എന്തു വേണം' ഹിന്ദി ചുവയുള്ള മലയാളത്തില്‍ ചോദ്യം.
"തൊഴിലാളികള്‍ക്കു ബോണസ് കൊടുക്കണം" .
"2 മണി, 2 മണി" -
2 മണിക്കു വരാനാണു പറഞ്ഞതു. ഇപ്പോള്‍ തന്നിരുന്നെങ്കില്‍ നേരത്തെ ജോലി തീര്‍ത്തു വയ്ക്കാമായിരുന്നു. കോണ്ട്രാക്ടര്‍ നേരിട്ടു ചെന്നു ചോദിച്ചാല്‍ അപ്പോഴേ കൊടുക്കും . ഞാന്‍ അദ്ദേഹത്തിന്റെ സെക്രട്ടറി മാത്രമല്ലേ. എന്നോടു 2 മണി എന്നു പറഞ്ഞാല്‍ കുഴപ്പമില്ല. ഒരു ശമ്പളക്കാരനായ ഞാന്‍ ചെന്നു ചോദിച്ചാല്‍ ഉടനെ അനുസരണയോടെ രൂപ എടുത്തു തരുവാന്‍ ഉത്തരന്ത്യക്കാരനായ ഒരു മുതലാളി അത്രക്കും വില ഇല്ലാത്തവന്‍ അല്ലല്ലോ. പിന്നെ പണം കുറച്ചുനേരം കൂടി തന്റെ കയ്യിലിരിക്കട്ടെ എന്നുള്ള ചിന്തയും . ഞാന്‍ തിരികെ പോന്നു. ഉച്ചയ്ക്കു വീട്ടില്‍ പോയി അല്പം പരുക്കന്‍ എന്തെങ്കിലും കഴിച്ചു തിരിച്ചു വരുമ്പോള്‍ 2 മണി കഴിഞ്ഞു പോയാലോ എന്നുള്ള ഭയം കാരണം വീട്ടില്‍ കൂടി പോകാതെ 2 മണിക്കു വീണ്ടും ഹാജരായി.എന്നെ കണ്ടയുടന്‍ മനസ്സില്ലാമനസ്സോടെ സെയ്ഫ് തുറന്നു ബില്ലില്‍ നോക്കി കുറെ നോട്ടുകള്‍ എണ്ണി എടുത്തു തന്നു. രാവിലെ കണ്ട വിരുന്നുകാര്‍ അവിടെ ഇരുന്നു വിഭവ സമ്യദ്ധമായ സദ്യ കഴിക്കുകയാണു. എന്റെ വയറ്റില്‍ പത്താമുത്സവത്തിന്റെ തിരക്ക്.
" എണ്ണണ്ട എല്ലാം ശരിതന്നെ പൊയ്ക്കോ " .
തുക ശരിയാണു. അവിടെ കൂടുതല്‍ നേരം നില്‍ക്കേണ്ട എന്നാണു കല്പ്പന. നോട്ടുകെട്ടുകള്‍ കടലാസ്സില്‍ പൊതിഞ്ഞെടുത്തു ഞാന്‍ എന്റെ റൂമില്‍ എത്തി. തൊഴിലാളികള്‍ കാത്തിരുന്നു ക്ഷമകെട്ടിരുന്നു. എന്നെ കണ്ടു എല്ലാവരും ചുറ്റിലും വളഞ്ഞതു മൂലം അപ്പോഴും നോട്ടുകെട്ടുകള്‍ എണ്ണുവാന്‍ പറ്റിയില്ല. ലിസ്റ്റ് നോക്കി ഒപ്പിടുവിച്ചു എല്ലാവര്‍ക്കും രൂപ കൊടുക്കുവാന്‍ തുടങ്ങി. ബോണ്ണസ്സ് ഇല്ലാത്ത അമ്പതു രൂപ ശമ്പളക്കാരനായ ഞാന്‍ ചെറുതല്ലാത്ത ഓരോ തുകകള്‍ തൊഴിലാളികളുടെ കയ്യില്‍ കൊടുക്കുമ്പോള്‍ അവരില്‍ ഒരാളായിരുന്നെങ്കില്‍ എനിക്കും ഒരു തുക കിട്ടുമായിരുന്നല്ലോ എന്നാശിച്ചു.

മണി 4. എല്ലവര്‍ക്കും കൊടുത്തു കഴിഞ്ഞു. ലിസ്റ്റും ഒപ്പിട്ട ബുക്കും നോക്കി. എല്ലാവരും ഒപ്പിട്ടിരിക്കുന്നു. ഇനി പെട്ടന്നു വീട്ടില്‍ പോകണം എന്തെങ്കിലും കഴിക്കണം ; നല്ല വിശപ്പ്. ബുക്കിനുള്ളില്‍ ലിസ്റ്റു വെച്ചു രണ്ടും കൂടി മേശയ്ക്കകത്താക്കി. കൈ എന്തിലോ തടഞ്ഞപ്പോല്‍ അതു പുറത്തേയ്ക്കെടുത്തു. 5 രു‌പയുടെ ഒരു കെട്ടു നോട്ടു. ങ് ഇതെങ്ങനെ വന്നു. മേശ ഒന്നും കൂടി വലിച്ചു തുറന്നു.തീര്‍ന്നില്ല. 2 രൂപയുടെ ഒരു കെട്ടു, ഒരു രൂപയുടെ മൂന്നു കെട്ടു. മൊത്തം ആയിരം രൂപ. ഇതെന്തൊരു മറിമായം . 5 ന്റെയും 2 ന്റെയും 1 ന്റെയും കെട്ടുകള്‍ ഉണ്ടായിരുന്നതെല്ലാം കൊടുത്തു തീര്‍ന്നിരുന്നു. അറബി കഥകളിലെന്നതു പോലെ എന്റെ ദയനീയാവസ്ഥ കണ്ട് ഏതെങ്കിലും ദേവത കൊണ്ടുവച്ചതാണോ. ഒരു പിടിയും കിട്ടുന്നില്ല.ബുക്കും ലിസ്റ്റും നോക്കി. എല്ലാ സെക്ഷനിലേയും ആള്‍ക്കാര്‍ ഒപ്പിട്ടിരിക്കുന്നു. തിരക്കിനിടയില്‍ ഇനി ആരെങ്കിലും ഒപ്പിട്ടു രൂപ പിന്നെ വാങ്ങാം എന്ന ഉദേശത്തില്‍ പോയോ?

തൊഴിലാളികളുടെ മീറ്റിംഗ് അടുത്ത റൂമില്‍ നടക്കുന്നുണ്ടു. ലിസ്റ്റും മെടുത്തു അങ്ങോട്ടു നടന്നു. എല്ലാവരും ഉണ്ടു." പൈസാ ആര്‍ക്കെങ്കിലും തരുവാനുണ്ടോ" എന്നു ചോദിച്ചാല്‍ സ്വാഭാവികമായി കിട്ടാത്തവര്‍ ധാരാളംകാണും . അതിനാല്‍ "എന്റെ 10 രൂപ കാണാതെ പോയി,. ആരുടെങ്കിലും കയ്യില്‍ കൂടുതല്‍ വന്നിണ്ടോ" എന്നു ചോദിച്ചു.
എല്ലാവരും പെട്ടെന്നു എണ്ണി നോക്കി. ആരുടെയും കയ്യില്‍ എന്റെ 10 രൂപ ഇല്ല. എല്ലാവരുടെയും കയ്യിലും ക്യത്യമായ തുകയേയുള്ളൂ. 10 രൂപ പോയ ദുഃഖം മുഖത്തു കാണിച്ചുകൊണ്ട് വീണ്ടും റൂമില്‍ വന്നു ആലോചിക്കുവാന്‍ തുടങ്ങി. എങ്ങനെ 1000 രൂപ കൂടുതല്‍ വന്നു. കണക്കുകള്‍ തിരിച്ചുംമറിച്ചും കൂട്ടി നോക്കി. ഇല്ല........... എല്ലാം ക്യത്യം തന്നെ. പിന്നെ 1000 രൂപ. ..........

ഒടുവില്‍ ഞാന്‍ കണ്ടു പിടിച്ചിരിക്കുന്നു. ഇന്നലെ 1000 രൂപ ചില്ലറ നോട്ടുകള്‍ മാറാന്‍ തന്നിരുന്നു. അതു മാറി മേശയില്‍ തന്നെ വച്ചു. അതു കണക്കാക്കാതെ ഇന്നു‌ ബില്‍ തുക മുഴുവന്‍ തന്നിരിക്കും. വിരുന്നുകാര്‍ വന്ന തിരക്കില്‍ മുതലാളി അതു മറന്നിരിക്കുന്നു. ഇന്നു‌ ബാക്കി തുക നൂറുരൂപനോട്ടായിട്ടാണ് തന്നിരുന്നതെന്കില്‍ ഇന്നലെ പത്തു നൂറു രൂപ നോട്ടുകള്‍ തന്ന കാര്യം അയ്യാള്‍ ഓര്‍ക്കുമായിരുന്നു. ഇന്നു‌ എങ്ങനെയോ ചില്ലറ നോട്ടുകള്‍ വന്നു‌ പെട്ടതു കൊണ്ട്‌ ബില്‍ തുക മുഴുവന്‍ അവ തന്നെയായിരുന്നു തന്നതും. ഇന്നലെ തന്നതു തിരക്കിനിടയില്‍ ഓര്‍മിച്ചതുമില്ല. ഒരു‌ ഗുജറാത്തിക്കു പണമിടപാടില്‍ ആദ്യമായി തെറ്റു പറ്റിയിരിക്കുകയാണു. എന്നെ നോട്ടുകെട്ടു എണ്ണാന്‍ സമ്മതിച്ചതുമില്ല. അപ്പോള്‍ സംഭവം അതാണ്‌.

പെട്ടന്നു‌ തലച്ചോറില്‍ കൂടി പലതും കടന്നു പോയി. സഹോദരിയുടെ കല്യാണം........... എഴുനൂറ്റി അമ്പതു രൂപ. എനിക്കു കുറച്ചു ഉടുപ്പു...... നല്ല ഒരു‌ ഹോട്ടലില്‍ കുറച്ചു ദിവസം ശരിക്കുള്ള ശാപ്പാട്‌. ഇതിനെല്ലാം പരിഹാരം ഇതാ ഇരിക്കുന്നു. ആയിരം രൂപ. പക്ഷേ അതു ശരിയാണോ?. അദ്ദേഹം അറിയതെ തന്ന തുക തിരിച്ചു കൊടുക്കേണ്ടതല്ലേ?. ഇതേവരെ ആരെയും ഒരു പൈസ വഞ്ചിച്ചിട്ടില്ല. പിന്നെ എന്തിനി ആയിരം രൂപ അറിഞ്ഞു കൊണ്ടു പറ്റിക്കുന്നു. 1000 രൂപയേക്കാള്‍ വലുത് മനസ്സാക്ഷിയാണു.

മനസ്സാക്ഷി. ............... തേങ്ങാക്കുല! വിശന്നു പൊരിഞ്ഞു ഞാന്‍ അദ്ദേഹം ഇരുന്ന മുറിയില്‍ ചെന്നപ്പോള്‍ ഉണ്ണുന്നിടത്തു ഒന്നു നോക്കി പൊയതിനു നോട്ടുകെട്ടുകള്‍ എണ്ണാന്‍ പോലും സമ്മതിക്കാതെ ഓടിച്ചില്ലെ?. അറുത്ത സ്ഥലത്തു ഉപ്പുതേയ്ക്കാത്ത വര്‍ഗ്ഗമാണ്. പിന്നെന്തുകോണ്ടു എടുത്തുകൂടാ?. ഒരു പാപവുമില്ല. പലര്‍ക്കും രൂപ കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നതു കൊണ്ടും യഥാര്‍ത്ഥ കണക്കു സൂക്ഷിക്കാത്തുകൊണ്ടും രൂപ പോയവിധം കണ്ടുപിടിക്കാനും സാധിക്കുകയില്ല.

ഒരുപക്ഷേ എന്നെ പരിശോധിക്കാനാണോ രൂപ കൂടുതല്‍ തന്നതു. അതുകൊണ്ടാണോ ഞാന്‍ എണ്ണാന്‍ സമയത്തു വേണ്ട എണ്ണേണ്ട എന്നു പറഞ്ഞതു. അങ്ങിനെയും ആയിക്കൂടെന്നില്ലല്ലോ?.
ഛേയ് അതായിരിക്കുകയില്ല. അതു വെറുതെ തോന്നുന്നതാണു.

എല്ലാം കൂടി ആകെ ഒരു സംഭ്രമം, ഒരു പുകച്ചില്. കൊടുക്കണോ വെണ്ടയോ.................മനസ്സ് രണ്ടുവശത്തേയ്ക്കും ആടുകയാണ്.

ഒരു വശത്തു പരാധീനതയും പ്രതികാര ബുദ്ധിയും , മറുവശത്തു മനഃസാക്ഷിയും ഭയവും .
2 മണിക്കൂര്‍ ഇഴഞ്ഞു നീങ്ങി. വിയര്‍പ്പുചാലുകള്‍ ശരീരമാകെ ഒഴുകുകയാണു. എല്ലാം ഒരു അവ്യക്തതയില്‍...............
അവസാനം രൂപ തിരിച്ചു കൊടുക്കാന്‍ തന്നെ തീരുമാനിച്ചു. ഞാന്‍ ഇത്രയും രൂപ തിരിച്ചു കൊടുക്കുമ്പോള്‍ തീര്‍ച്ചയായും മുതലാളി എന്നെ കെട്ടിപിടിച്ചു ഉമ്മവെയുക്കും. ഒരു പക്ഷെ കൊണ്‍ട്രാക്റ്ററുടെ സെക്രട്ടറി പദത്തില്‍ നിന്നുയര്‍ത്തി മുതലാളിയുടെ സ്റ്റാഫില്‍ പെടുത്തിയേക്കാം . അങ്ങനെയാണെങ്കില്‍ പല ആനുകൂല്യങ്ങലും ലഭിക്കും . കൂടുതല്‍ ശമ്പളവും ലഭിക്കും . 1000 രൂപ ഇപ്പോള്‍ മാത്രം കിട്ടുന്ന മെച്ചമാണു. ശമ്പള കൂടുതലാണെങ്കില്‍ എന്നും കിട്ടുന്നതും . ഏതായാലും തിരിച്ചു കൊടുക്കുകതന്നെ. ഞാന്‍ രൂപയുമെടുത്തു മുതലാളിയുടെ റൂമിയിലേയ്ക്കു നടന്നു.

വിരുന്നുകാര്‍ പോയിട്ടില്ല. കനത്ത തലയണയില്‍ ചാരിയിരുന്നു ഏതോ തമാശകള്‍ പറഞ്ഞു പൊട്ടിച്ചിരിക്കുകയാണു. ചിരിച്ചു കൊണ്ടിരുന്നമുതലാളിയുടെ മുഖം എന്നെ കണ്ടപ്പോള്‍ ഗൌരവപൂര്‍ണ്ണമായി.

"എന്താ"

കനത്ത ചോദ്യം . എങ്ങിനെയാണു ഞാന്‍ എന്റെ സത്യസന്ധതപൊടിപ്പും തൊങ്ങലും ചേര്‍ത്തു പറയേണ്ടതു.
" മുതലാളി തന്ന തുകയില്‍ ആയിരം രൂപ കൂടുതലുണ്ടു. ഇന്നലെ ചില്ലറ മാറുവാന്‍ തന്ന കാര്യം മുതലാളി മറന്നു പോയി. "
സത്യവാനാണു ഞാന്‍ എന്ന അഹന്തയോടെ ഞെളിഞ്ഞുനിന്നു പറഞ്ഞുകൊണ്ടു,. നോട്ടുകെട്ടുകള്‍ മുമ്പോട്ട് നീക്കിവെച്ചു കൊടുത്തു. അദ്ദേഹത്തിന്റെ മുഖത്തെ മാംസപേശികള്‍ വികസിച്ചു. കണ്ണുകള്‍ ചുരുങ്ങി. വിരുന്നുകാരുടെ വായ്, പൊളിച്ചപടിതന്നെ നിന്നു.
അടുത്തനിമിഷം മുതലാളി എന്റെ നേരെ വിരല്‍ചൂണ്ടിക്കൊണ്ട് വിരുന്നുകാരുടെ മുഖത്തുനോക്കി പൊട്ടിചിരിക്കാന്‍ തുടങ്ങി.
" "നീ ലോകത്തുള്ളവനാണോ."
അവരില്‍ ഒരുവന്‍ ഹിന്ദിയില്‍ ചോദിച്ചതും, ബാക്കി ഉള്ളവര്‍ മുതലാളിയുടെ ചിരി ഏറ്റുപിടിച്ചതും ഒന്നിച്ചായിരുന്നു. -
നോട്ടുകെട്ടുകള്‍ മുമ്പിലേയ്ക്കു നീക്കിവെയ്ക്കുമ്പോള്‍ ഉണ്ടാകുമെന്ന് ഞാന്‍ കണക്കു കൂട്ടിയ പ്രതികരണമല്ല മുതലാളിയില്‍ നിന്നു ഉണ്ടായിരിക്കുന്നതു. ഇവനെ പോലെ ഒരു കഴുത ഇനി ലോകത്തു ജനിക്കില്ല എന്ന മട്ടിലാണു അവരെല്ലാവരും ചിരിക്കുന്നതു. ചിരികള്‍ക്കിടയില്‍ മുതലാളിയുടെ കണ്ണിലെ പക ഞാന്‍ തിരിച്ചറിഞ്ഞു. അയാളുടെ തെറ്റ് ഞാന്‍ കണ്ടു പിടിച്ച പക. അത് ഞാന്‍ മറ്റുള്ളവരുടെ മുന്‍പില്‍ വിളിച്ചു പറയുകയും ചെയ്ത പക. ഞാന്‍ ആകെ വിഷമിച്ചു. മുതലാളി പെട്ടന്നു ചിരി നിര്‍ത്തി. എന്തോ അലോചിച്ചതിനു ശേഷം ചോദിച്ചു."
" എപ്പോഴും സത്യസന്ധമായി പെരുമാറും ."
"തല പോകുന്ന കാര്യമാണെങ്കിലും ഞാന്‍ കള്ളം പറയില്ല."
ഗാന്ധിയേക്കാള്‍ സത്യസന്ധനാണു എന്ന മട്ടിലായിരുന്നു എന്റെ ഉത്തരം . ഉദ്യോഗ കയറ്റമാണ്
മനസ്സില്‍ നിറഞ്ഞു നിന്നതു.
നോട്ടുകെട്ടുകല്‍ വാരി അലമാരയില്‍ ഇടുമ്പോള്‍ തിരിഞ്ഞു നോക്കാതെ മുതലാളി പറഞ്ഞു,
" നിങ്ങള്‍ക്കു പോകാം ."
മുറിയില്‍ നിന്നു പുറത്തേക്കിറങ്ങുമ്പോള്‍ ചിരി പുറകില്‍ മുഴങ്ങുണ്ടായിരുന്നു. എങ്കിലും മനസ്സില്‍ സന്തോഷം നിറഞ്ഞു നിന്നു. എന്റെ സത്യസന്ധത മുതലാളിക്ക് ബോദ്ധ്യപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും ഉദ്യോഗ കയറ്റം പ്രതീക്ഷിക്കാം.
. സ്വപനങ്ങളില്‍ മുഴുകി നടന്നതു കൊണ്ട് വിശപ്പറിഞ്ഞതേയില്ല. സഹോദരിയുടെ കല്യാണത്തിനുള്ള രൂപ ഒരു സ്നേഹത്തിന്റെയടുത്തുനിന്നു കടംവാങ്ങാന്‍ പോകേണ്ടിയിരുന്നതു കൊണ്ട് മൂന്നു ദിവസത്തെ അവധിയെടുത്തു. കാര്യം ഭാഗ്യവശാല്‍ സാധിച്ചു. സാവധാനത്തില്‍ അവനു തിരിച്ചുകൊടുത്താല്‍ മതി. മനസമാധാനത്തോടെ ഞാന്‍ ഓഫീസ്സില്‍ ചെന്നപ്പോള്‍ എന്റെ കസേരയില്‍ മറ്റൊരാല്‍ ഇരിക്കുന്നതാണു കണ്ടതു. എല്ലവരും എന്റെ മുഖത്തു സഹതാപത്തോടെ നോക്കുന്നു. എനിക്കൊന്നും മനസ്സിലായില്ല.
"നിങ്ങളും കോണ്ട്രാക്ടറും തമ്മില്‍ വഴക്കെന്തായിരുന്നു."
എന്റെ കസേരയില്‍ ഇരുന്ന ആള്‍ ചോദിച്ചു.
"വഴക്കോ ........... ഞങ്ങള്‍ തമ്മില്‍ ഒരു വഴക്കുമില്ലായിരുന്നു."
"പിന്നെന്തുകൊണ്ടു നിങ്ങളെ മാറ്റി എന്നെ ജോലിക്കെടുത്തു."
എന്നെമാറ്റിയെന്നോ? എന്റെ ജോലി നഷ്ട്പ്പെട്ടുവോ?
ആകാശം തലകീഴായി മറിയുന്നു. സൂര്യന്‍ എന്റെ കണ്ണിനു നേരെ വരുന്നതായും പോകുന്നതായും തോന്നി.
അടുത്ത നിമിഷം കോണ്ട്രാക്ട്റുടെ വീട്ടിലേയ്ക്കു പാഞ്ഞു. എന്നെ കണ്ടപ്പോള്‍ അദ്ദേഹം തല കുനിച്ചിരുന്നു.
നീണ്ട നിശ്ശബ്ദതയുക്കു ശേഷം കോണ്‍ട്രാക്ടര്‍ പറഞ്ഞു
" നിങ്ങളെ വെച്ചുകൊണ്ടിരിക്കുന്നതു മുതലാളിക്കു ഇഷ്ടമല്ല. ഈമാതിരി ജോലി ചെയ്യുന്നവര്‍ കുറച്ചു കപടങ്ങളെല്ലാം അറിഞ്ഞിരിക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പെട്ടന്നു വന്നു പരിശോധിക്കുമ്പോള്‍ കമ്പനിയുടെ രഹസ്യങ്ങള്‍ തുറന്നു പറഞ്ഞാല് പിന്നെ രക്ഷയെന്തു . തല പോകുന്ന കര്യമാണെങ്കിലും സത്യമേ പറയുകയുള്ളൂ എന്നല്ലേ നിങ്ങള്‍ മുതലാളിയോടു പറഞ്ഞത്."
ഓഹോ, അതാണു കാര്യം , അല്ലേ? ഞാന്‍ ഒന്നും ശബ്ദിക്കാതെ തലയും കുമ്പിട്ടു ചവിട്ടു പടികളിറങ്ങി. , മുമ്പോട്ടു നടന്നു. അപ്പോള്‍ കോണ്ട്രാക്ടര്‍ പുറകില്‍ നിന്നു പറഞ്ഞു
" അന്ന് അവിടെ ഉണ്ടായിരുന്നത് മുതലാളിയുടെ ബിസ്സിനസ്സ്‌ പങ്കാളികള്‍ ആയിരുന്നു ; നിങ്ങള്‍ അവരുടെ മുമ്പില്‍ അയാളെ പണമിടപാടില്‍ ശ്രദ്ധ ഇല്ലാത്തവനാക്കി "
എന്നോടുള്ള മുതലാളിയുടെ പക ഞാന്‍ തിരിച്ചറിഞ്ഞു
ഞാന്‍ കമ്പനിസ്റ്റാഫല്ല. കോണ്ട്രാക്ടറുടെ സ്റ്റാഫാണു. അതിനാല്‍ ഒരു യൂണിയനിലും അംഗത്വമില്ല. എപ്പോള്‍ വെണമെങ്കിലും പിരിച്ചു വിടാം .
ഞാന്‍ തിരികെ കമ്പനി പടി വാതില്‍ക്കലെത്തി. തൊഴിലാളികള്‍ കൂട്ടം കൂടി നില്‍ക്കുന്നു. അവര്‍ വിവരം അറിഞ്ഞിരിക്കുന്നു. എല്ലാവരുടെയും മുഖത്തു സഹതാപം . ചിലര്‍ അടുത്തു വന്നു എന്റെ പുറത്തു തലോടി.
എല്ലാവരോടും യാത്ര പറഞ്ഞു
." മോനെ സത്യം പറയുന്നവനു, ഇന്നല്ലെങ്കില്‍ നാളെ ഗുണമേ വരൂ.!" ഒരു തൊഴിലാളി പറഞ്ഞു.
നിറകണ്ണുകളോടെ തിരിഞ്ഞു നടക്കുമ്പോള്‍ മനസ്സു പറഞ്ഞു...................... സത്യസന്ധത........ മണ്ണാം കട്ട ഉള്ള ജോലിയും നഷ്ടപെടുത്തി.

എന്റെ സ്വപ്നങ്ങളുടെ നെറുകയില്‍ തന്നെ ആണിയടിച്ച സം ഭവമായിരുന്നു അതു. എന്റെ ഭാവി ജീവിതം മറ്റൊരു വഴിത്തിരിവിലേക്കു നയിച്ച സമുലമായ ഒരു മാറ്റം ഉണ്ടക്കിയ സംഭവത്തെ എനിക്കെങ്ങനെ മറക്കാന്‍ സാധിക്കും ?.

ഇത്രയുമാണു വാരികയില്‍ 1971 ല്‍ പ്രസിദ്ധീകരിച്ചതു.&**************************************
കാലമെത്ര കടന്നുപോയി. അനുഭവ സമ്പത്തു ധാരാളം ഉണ്ടായി. കഠിന പ്രയത്നത്താള്‍ ഉപരി പഠനം തുടര്‍ന്ന്.ജീവിതത്തില്‍ ആശിച്ചതില്‍ ഉപരി ഉയരത്തിലെത്താന്‍ ദൈവ കാരുണ്യം സഹായകരമായി.

കുറച്ചു മാസങ്ങള്‍ക്കു മുമ്പ് ഞാന്‍ കമ്പനി പരിസരത്തു എത്തി. ആലപ്പുഴ കറുത്തകാളിപാലത്തിനു സമീപമുള്ള മലയാബെല്‍സു എന്ന കമ്പനി. അതിന്റെ ഗേറ്റുകള്‍ പൂട്ടികിടക്കുന്നു. കമ്പനിയുടെ ചുറ്റുമതില്‍ മാത്രം അവശേഷിക്കുന്നുണ്ടു. കെട്ടിടങ്ങള്‍ പൊളിച്ചു കൊണ്ട് പോയി. ഭീമാകാരമായ മെഷീനറികള്‍ അതിനു മുമ്പു തന്നെ കടത്തിക്കൊണ്ട് പോയിരിക്കാം . ആലപ്പുഴയുടെ വ്യവസായ തകര്‍ച്ചയോടൊപ്പം കമ്പനിയും പോയി.

കെട്ടുവള്ളങ്ങള്‍ ലോഡ് ഇറക്കിയിരുന്ന മുന്‍വശത്തെ കനാലില്‍ പായല്‍ പോളകള്‍ കട്ടിപിടിച്ചു കിടക്കുന്നു.
തൊഴിലാളികള്‍ എവിടെയാണാവോ?.
"താമസമെന്തേ വരുവാന്‍ " ഭംഗിയായി പാടിയിരുന്ന മൂസാക്കുട്ടി,
മിമക്രി കാണിക്കുന്ന റഷീദ്ദ്,
പുന്നപ്ര വയലാര്‍ ചരിത്രം പറയുന്ന വാസു - ദിവാകരന്മാര്‍,
എല്ലാവരും എവിടെ പോയി.
മുതലാളി ജീവിച്ചിരിക്കുന്നോ അതോ മരിച്ചോ?

എന്റെ ജീവിതത്തെ മറ്റൊരു കോണിലേക്കു തിരിച്ചു വിട്ട സ്ഥാപനം നിന്നിരുന്ന കാടു പിടിച്ച പറമ്പിലേക്കു സായാഹനത്തില്‍ നിര്‍ന്നി മേഷനായി നോക്കിനിന്നപ്പോള്‍ ജോലി നഷ്ട്ടപ്പെട്ടു തലയും കുനിച്ചു ഇറങ്ങിവന്ന ദിവസ്സം എന്റെ മനസ്സില്‍ തെളിഞ്ഞുവന്നു.

Thursday, August 6, 2009

ദോശ

ഈ അനുഭവ കഥ പറയുന്നതിനു മുമ്പു ആലപ്പുഴ നഗരത്തിലെ വട്ടപ്പള്ളിയെപ്പറ്റി ഒരു ആമുഖം അവശ്യമാണു. നഗരത്തിലെ വട്ടപ്പള്ളിയും സക്കര്യാ ബസ്സാരും ഇതര ഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായ സംസ്കാരം ഉൾക്കൊള്ളുന്ന പ്രദേശങ്ങളാണു.

അന്നു ഇന്നും സ്ഥലവാസികളിൽ അധികം പേരും മുസ്ലിം സമുദായത്തിൽ പെട്ടവർ.

അനേക വർഷങ്ങൾക്കു മുമ്പു ആഹാരത്തിലും വസ്ത്രത്തിലും വിശ്വാസങ്ങളിലും അവർ ഭിന്നത പുലർത്തി. വട്ടപ്പള്ളിക്കാർക്കു പരിചിതമായ ആഹാരസാധനങ്ങൾ പത്തിരി ഇടിയപ്പം, വെള്ളയപ്പം, ഇറച്ചി, ബിരിയാണി, നെയ്ച്ചോരു തുടങ്ങിയവയാണു.

ദോശ, ഇഡ്ഡലി, സാമ്പാര്‍, പുളിശ്ശേരി, അവിയൽ, തുടങ്ങിയവയെപ്പറ്റി കേട്ടറിവ്‌ മാത്രമേ ഉള്ളൂ. വട്ടപ്പള്ളിയില്‍ ഈവക ആഹാരസാധനങ്ങൾ പാകം ചെയ്യാറുമില്ലായിരുന്നു. ഞാൻ പറഞ്ഞല്ലോ ഒരു പ്രത്യേക സംസ്കാരം ആയിരുന്നു ആ പ്രദേശത്തു. വട്ടപ്പള്ളിക്കാർ പുത്തനങ്ങാടിയിലോ ചുങ്കത്തോ പോയാൽ വിശക്കുമ്പോൾ മുസ്ലിം ഹോട്ടൽ തിരക്കി നടക്കും. വട്ടപ്പള്ളിക്കാരായ ചാക്കു, പാട്ട കുപ്പി കച്ചവടക്കാർ ഹിന്ദു സ്നേഹിതന്മാരുടെ വീട്ടിൽ വിശേഷ ദിവസങ്ങളിൽ പോയി സാമ്പാറും പുളിശ്ശേരിയും കൂട്ടി ചോറ് തിന്നതും ഇലയിൽ പായസം വിളമ്പിയതും മറ്റും വട്ടപ്പള്ളിയിൽ വന്നു വിവരിക്കാറുണ്ടു. ഇലയിൽ ആഹാരം കഴിക്കുന്ന വിശേഷം വട്ടപ്പള്ളീക്കാർ അതിശയത്തോടെ കേട്ടിരിക്കും. എന്റെ പ്രൈമറി കാലഘട്ടത്തിൽ വട്ടപ്പള്ളീയിലെ അവസ്ഥ ഇതായിരുന്നു.

ആ കാലത്തു ഒരു വല്യമ്മ ഏതോ വാർഡിൽ നിന്നും വട്ടപ്പള്ളിയിൽ വന്നു ദോശ കച്ചവടം തുടങ്ങി.ഒരു ദോശയുടെ വില അരയണ.(ഒരു അണ=ആറു പൈസാ) ചമ്മന്തി ഫ്രീ. പലരും രഹസ്യമായി വാങ്ങി തിന്നു. ചിലർ എന്തു കൊണ്ടോ വാങ്ങിയില്ല.വാങ്ങി തിന്നവർ ദോശയുടെയും ചമ്മന്തിയുടെയും രുചി പറഞ്ഞു കേൾപ്പിച്ചപ്പോൾ ദോശ തിന്നാൻ കുട്ടികളായ ഞങ്ങൾക്കും അതിയായ അഗ്രഹം.

വീട്ടിലെ ഭക്ഷണ സാധനങ്ങൾ പത്തിരി, അപ്പം പുട്ടു തുടങ്ങിയവയാണു.ദോശ ഉണ്ടാക്കാൻ ആർക്കും അറിയില്ല.വട്ടപ്പള്ളിയിലെങ്ങും ദോശയുമില്ല. വല്യമ്മയുടെ ദോശ വാങ്ങി തിന്നാൻ പൈസയുമില്ല. അഥവാ പൈസ ഉണ്ടായാൽ തന്നെ വഴിയിൽ നിന്നും ആഹാരം വാങ്ങി തിന്നാൽ വീട്ടിൽ നിന്നും വീക്ക്‌ കിട്ടും. വല്യമ്മയുടെ ദോശ പലപ്പോഴും ഞാൻ കൊതിയോടെ നോക്കി നിന്നു.

ഇപ്രകാരം സഫലമാകാത്ത ആഗ്രഹവും പേറി ദിവസങ്ങൾ കഴിച്ചു കൂട്ടുമ്പോൾ ആശ നിറവേറ്റാൻ തക്കവിധം സന്ദർഭം എന്നെ തിരക്കി വന്നു. കൂട്ടുകാരൻ ബഷീർ പറഞ്ഞു ശ്രീകൃഷ്ണാ ടാക്കീസ്സിൽ അണ്ണന്റെ പടം ഓടുന്നു. ഭയങ്കര വാൾ പയറ്റു ഉണ്ടു. കരഞ്ഞു പറഞ്ഞു അവന്റെ വീട്ടിൽ നിന്നും സിനിമ കാണാൻ അനുവാദം വാങ്ങിയിട്ടുണ്ടു. ബഷീറിനു അനുവാദം കൊടുത്തതു ചൂണ്ടി കാണിച്ചു എന്റെ വീട്ടിൽ നിന്നും ഞാനും അനുവാദം വാങ്ങി. ബെഞ്ചു ടിക്കറ്റിനു മൂന്നര അണ(ഇരുപത്തിരണ്ടു പൈസ്സ)കപ്പലണ്ടി ഒരണ. അങ്ങിനെ നാലര അണയുടെ ബഡ്ജെറ്റു സാങ്ങ്ഷൻ കിട്ടി.

എനിക്കു അനുവദിച്ച തുക ചൂണ്ടിക്കാട്ടി ബഷീറും അവന്റെ വീട്ടിൽ നിന്നും തുക കൈപ്പറ്റി.

എട്ടു വയസ്സുകാരായ ഞങ്ങൾ ശ്രീകൃഷ്ണാ ടാക്കീസ്സു തേടി പാഞ്ഞു. സിനിമ ഹറാമായതു കൊണ്ടുവട്ടപ്പള്ളിയിൽ പ്രായമായവർ പകൽ സിനിമ തീയേറ്ററിൽ പോകില്ലായിരുന്നു. രാത്രി ഒളിച്ചു പോകും. അതുകൊണ്ടു തന്നെ പ്രായമായവരുടെ കുട്ടികള്‍ പകൽ തീയേറ്ററുകളിൽ പൊയ്ക്കൊണ്ടിരുന്നതു. ഏഴു അണക്കു രണ്ടു ടിക്കറ്റു വാങ്ങി അണ്ണന്റെ സ്റ്റണ്ടും വാൾപ്പയറ്റും വില്ലനെ കുത്തി മലർത്തിയതും കണ്ടു ഞങ്ങൾ കയ്യടിച്ചു.

കപ്പലണ്ടിക്കാരൻ ചെക്കൻ കപ്പലണ്ടിയുമായി വന്നു.ബഷീർ പറഞ്ഞു

"എടാ മോനേ ഇതു തട്ടിപ്പാണു, കുമ്പിളിൽ കഷ്ടിച്ചു പത്തു കപ്പലണ്ടി കാണും;ബാക്കി കടലസ്സാണു,നമുക്കു പുറത്തിറങ്ങുമ്പോൾ വേറെന്തെങ്കിലും വാങ്ങി തിന്നാം.

ഞാൻ സമ്മതിച്ചു.

വൈകുന്നേരം അഞ്ചര മണി. സിനിമ തീര്‍ന്നു .ഞങ്ങൾ റോഡു കുറുകേ കടന്നു ഈശ്വർ കഫേ എന്ന പേരിലുള്ള നായർ വിലാസം ഹോട്ടലിനു സമീപമെത്തി.

ഹോട്ടലിലെ കണ്ണാടി അലമാരിയിൽ ദോശ! പെട്ടെന്നു എന്റെ ഉള്ളിൽ ഒരു ആശയം.

"ബഷീറേ, നമുകു ദോശ' വാങ്ങി തിന്നാം" ഞാൻ പറഞ്ഞു.

ടിക്കറ്റിന്റെ വില കഴികെ രണ്ടണ കയ്യിലുണ്ടു. ഒരു ദോശക്കു അരയണ. അപ്പോൾ രണ്ടു ദോശ വീതം രണ്ടാൾക്കും തിന്നാം. മേശക്കരികെ കുടവയറൻ മുതലാളി.അയളുടെ നെറ്റിയിൽ നിറയെ ചന്ദനം. അകത്തെ ബെഞ്ചിൽ ഞങ്ങൾ രണ്ടു പേരും സ്ഥലം പിടിച്ചു.ഇലയും വെള്ളവും വന്നു.

" ഇല കഴുകണം" ബഷീർ പറഞ്ഞു.അവനു ലോക പരിചയം കൂടും

. ആദ്യമായി ഇലയിൽ ആഹാരം കഴിക്കുകയാണു.

"ഓരോ ദോശ വീതം വാങ്ങിയാല്‍ മതി; ചമ്മന്തി ഫ്രീയാണു, രണ്ടു തവണയായി വാങ്ങിയാൽ ചമ്മന്തി രണ്ടു തവണ ഫ്രീ കിട്ടും." ബഷീറിന്റെ മറ്റൊരു ആശയം. ഞാൻ അവനെ ബഹുമാന പൂർവ്വം നോക്കി.ബുദ്ധിമാൻ! ആദ്യത്തെ ദോശ കഴിഞ്ഞു രണ്ടാമത്തെ ദോശ വന്നു.

"വലിയ ദോശ" ഞാൻ പറഞ്ഞു. വല്യമ്മയുടെ ദോശയെക്കാളും വലുതു. രണ്ടു ദോശയും തിന്നു വിരലിലെ ചമ്മന്തി വീണ്ടും വീണ്ടും നക്കി. ഇല എടുക്കാതെ രണ്ടു പേരും കൈ കഴുകിന്നിടത്തേക്കു പോയി.

"ഇല എടുത്തോണ്ടു പോ പിള്ളാരേ "

വിളമ്പുകാരൻ പറഞ്ഞു. ജാള്യതയോടെ ഞങ്ങൾ തിരികെ വന്നു ഇലയെടുത്തു.

കൈ തുടച്ചു സംതൃപ്തിയോടെ ഏമ്പക്കവും വിട്ടുരണ്ടു പേരും കുടവയറന്റെ മേശക്കരുകിൽ എത്തി. പുറകിൽ നിന്നും വിളമ്പുകാരൻ വിളിച്ചു പറഞ്ഞു

"രണ്ടു പിള്ളാർ നാലണാ​‍ാ...."

ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി മറ്റാരുടെയെങ്കിലും കാര്യമായിരിക്കും വിളിച്ചു പറഞ്ഞതു.

ഇല്ലാ ആരും പുറകിലില്ല.

ബഷീർ തന്റേടത്തോടെ വിളമ്പുകാരനോടു പറഞ്ഞു."ഞങ്ങൾ ആകെ നാലു ദോശയേ തിന്നുള്ളൂ"

"അതു കൊണ്ടു തന്നെയാ നാലണാ വേണമെന്നു പറഞ്ഞതു" ഇതു പറഞ്ഞതു കുടവയറനാണു.

അപ്പോൾ ഒരു ദോശക്കു വിലയെത്ര?" ഞാൻ ചോദ്യം ചെയ്തു.

"നാലു ദോശക്കു നാലണയെങ്കിൽ ഒരു ദോശയുടെ വിലയെത്ര?നിങ്ങൾ കണക്കു പടിക്കാൻ നേരം കണക്കു ടീച്ചർ പ്രസവിക്കാൻ പോയോടാ?" കുടവയറൻ തിരിച്ചു ചോദ്യം ചെയ്തു.

കുഴഞ്ഞല്ലോ പടച്ചോനേ! ഉള്ളു ആളി.കാലുകൾ വിറക്കാൻ തുടങ്ങി. കുടവയറന്റെ കണ്ണുകൾ രൂക്ഷമാകാൻ തുടങ്ങി.നെറ്റി ചുളിഞ്ഞു. ചന്ദനം നെറ്റിയിൽ നിന്നും അടർന്നു വീഴാൻ തുടങ്ങി. "വല്യമ്മയുടെ ദോശക്കു അരയണയാ വില" ഞാൻ കച്ചി തുരുമ്പിൽ പിടികൂടി.

" വല്യപ്പന്റെ ദോശക്കു ഒരണയാ വില. എടുക്കെടാ പൈസാ കള്ളന്മാരേ എന്നോടു കളിക്കുന്നോ" കുടവയറൻ കസേരയിൽ നിന്നും എഴുന്നേറ്റു.

അയാളുടെ ആകാരവും ഭാവവും കണ്ടു ബഷീർ വിരണ്ടു പറഞ്ഞു

"ഞങ്ങളുടെ കയ്യിൽ രണ്ടണയേ ഉള്ളൂ;ഞങ്ങൾ വിചാരിച്ചു ദോശക്കു അരയണയേ വിലയുള്ളെന്നു"അവൻ ആ രണ്ടണ മേശപ്പുറത്തു വെച്ചു.

"എടാ..." കുടവയറൻ വിളമ്പുകാരെനെ നോക്കി വിളിച്ചു." എവരെ രണ്ടിനേം പരിശോധിച്ചു പൈസ്സ ഉണ്ടെങ്കിൽ എടുക്കു"

വിളമ്പുകാരനെന്ന ജിന്നു ഞങ്ങളെ റാഞ്ചി അടുക്കളയിൽ അരി ആട്ടുന്ന ഭീകരമായ ഒരു കല്ലിനടുത്തു കൊണ്ടു പോയി, ശരീര പരിശോധന നടത്തി. ഒരു മുറി പെൻസിൽ എന്റെ പോക്കറ്റിൽ നിന്നും രണ്ടു ഗോലി ബഷീറിൽ നിന്നും കണ്ടെടുത്തു കുടവയറന്റെ മുമ്പിൽ ഹാജരാക്കി.

ഇതിനിടയിൽ കടയിൽ കാപ്പി കുടിക്കാൻ വന്ന പലരും ഞങ്ങളെ ശ്രദ്ധിക്കുകയും അഭിപ്രായങ്ങൾ പാസ്സാക്കുകയും ചെയ്തു. ദോശ ദഹിച്ചു കഴിഞ്ഞിരുന്നു. വയറ്റിൽ ആകെ ഒരു കത്തൽ.

" രണ്ടെണ്ണത്തിനേം അകത്തു കൊണ്ടു പോ ഒരുത്തൻ അരി ആട്ടട്ടെ , മറ്റവൻ ചാക്കിൽ വെള്ളം കോരട്ടെ" കുടവയറൻ ശിക്ഷ വിധിച്ചു.

"ചാക്കിൽ വെള്ളം കോരുകയോ" ഞാൻ ആലോചിച്ചു. കോരുന്തോറും വെള്ളം ചാക്കിൽ നിന്നും ചോർന്നു പോകും പിന്നെയും പിന്നെയും കോരണം.ജീവിത അവസാനം വരെ കോരിയാലും വെള്ളം കൊണ്ടു വരാൻ പറ്റില്ല. അരി ആട്ടാനണെങ്കിൽ ....ആ കല്ലും കുഴവിയും ... അതു ചിന്തിക്കാൻ കൂടി വയ്യാ.

"ഞങ്ങൾ വീട്ടിൽ പോയി പൈസ്സ കൊണ്ടുവരാം" ബഷീർ ദയനീയമായി പറഞ്ഞു.

" കണ്ടാൽ തോന്നണത്‌ ഏതോ മാന്യമ്മാരുടെ വീട്ടിലെ പിള്ളാരാണെന്ന...." ഒരു വല്യപ്പൻ അഭിപ്രായപ്പെട്ടു.

"എന്നാ..ഒരുത്തൻ പോയി പൈസ്സാ കൊണ്ടു വാ മറ്റവനെ ഇവിടെ പണയം വെയ്ക്കു" കുടവയറൻ പറഞ്ഞു.

ആരു പോകണം ആരു പണയം ഇരിക്കണം. ഞങ്ങൾ പരസ്പരം നോക്കി. വാപ്പായെ അഭിമുഖീകരിക്കാൻ എനിക്കു വിഷമം. അടികിട്ടും എന്ന ചിന്തയാൽ നാടു വിടാനുള്ള ആഗ്രഹവും മനസ്സിൽ എത്തി.

കടയിൽ എന്നെ പണയം വെച്ചു ബഷീർ പൈസ്സ വാങ്ങാൻ വീട്ടിൽ പോയി. അവൻ തിരികെ വരുന്നതും നോക്കി ഞാൻ കാത്തിരുന്നു.

ആറു മണി ആയി. റോഡിലൂടെ ആൾക്കാർ പൊയ്ക്കൊണ്ടിരുന്നു. വാഹനങ്ങൾ തുരുതുരാ പായുകയാണു. ശ്രീകൃഷ്ണ ടാക്കീസ്സിൽ നിന്നും അടുത്ത ഷോയുടെ പാട്ടു ഉയരുന്നു.കൊട്ടാരം ആശുപത്രി ജംക്ഷനിൽ നിന്നുപോലീസ്സുകാരൻ വാഹനങ്ങൾ നിയന്ത്രിക്കുന്നു. ഈ കാഴ്ചകളൊന്നും എന്റെ മനസ്സിൽ പതിഞ്ഞില്ല. ആദ്യ അനുഭവം നാണക്കേടു...വാപ്പായുടെ അടി. കൂട്ടുകാരുടെ കളിയാക്കൽ....മനസ്സു വിങ്ങുകയണു.കരച്ചിൽ തൊണ്ടയിൽ തട്ടി നിൽക്കുന്നു.മയങ്ങി വീഴുമോ എന്നു സംശയം.

അപ്പോൾ റോഡിൽ കൂടി എന്റെ അമ്മവൻ കരീം പോകുനു. മനസ്സു തുടി കൊട്ടി. ഞാൻ റോഡിലേക്കു ഓടി.

"എവിടെ പോകുന്നെടാ" കുടവയറൻ അലറി. ഞാൻ വകവെച്ചില്ല.

"മാമാ​‍ാ..." ഞാൻ വിളിച്ചു. അമ്മാവൻ തിരിഞ്ഞു നോക്കി. അവിചാരിതമായി എന്നെ അവിടെ കണ്ടതിനാൽ അൽഭുതത്തോടെ അദ്ദേഹം എന്റെ അരികിൽ വന്നു.

"എന്താ മോനേ!" അദ്ദേഹം തിരക്കി.

" മാമാ ...." എനിക്കു ബാക്കി പറയാൻ സാധിച്ചില്ല. അതുവരെയുള്ള എല്ലാ ദു:ഖങ്ങളും ഒരുമിച്ചു പൊട്ടി ഒലിച്ചു. ഞാൻ വിങ്ങിവിങ്ങി കരഞ്ഞു. അമ്മാവൻ പരിഭ്രമിച്ചു.

"എന്താ മോനേ എന്തു പറ്റി".. എന്നിട്ടും എനിക്കു പറയാൻ സാധിച്ചില്ല. കരച്ചിൽ തുടർന്നു കൊണ്ടേ ഇരുന്നു. കടയിൽ ഇരുന്നവരും വഴിയാത്രക്കാരും അവിടെ കൂടി.ഞാൻ കരയുകയാണു. നിർത്താതെയുള്ള കരച്ചിൽ.

കുടവയറൻ വിളിച്ചു പറഞ്ഞു " പിള്ളാരു പൈസ തന്നില്ലാ, ഞാനൊന്നു വിരട്ടി. പിന്നെ...നിങ്ങളുടെ പിള്ളാരാണെന്നു അറിഞ്ഞില്ലാ...“

അപ്പോഴേക്കും നാലഞ്ചു സൈക്കിൾ യാതക്കാർ അവിടെയെത്തി.വാപ്പായാണു മുമ്പിൽ.ബഷീർ ഒരു സൈക്കിളിന്റെ പുറകിൽ ഇരിക്കുന്നു. വാപ്പ എന്നെ ഒന്നു നോക്കി. ഞാൻ കരച്ചിലിന്റെ വോളിയം കൂട്ടി. അടി ഇപ്പോൾ വീഴും.

" എത്ര അണ തരാനുണ്ടു.?" വാപ്പാ കടക്കാരനോടു ചോദിച്ചു.

" രണ്ടണ.... അതു വേണമെന്നില്ല...." കുടവയറൻ പരുങ്ങി. എന്റെ കരച്ചിൽ കണ്ടപ്പോൾ വിരട്ടിയതു അധികമായെന്നു അയാൾക്കു തോന്നിക്കാണണം.

രണ്ടണ അമ്മാവൻ മേശപ്പുറത്തു വെച്ചു.

"കേറടാ സൈക്കിളിൽ " വാപ്പാ ആവശ്യപ്പെട്ടു. ഞാൻ സൈക്കിളിന്റെ പുറകിൽ കയറി വീട്ടിലെത്തി.

വാപ്പാ എന്നെ അടിച്ചില്ല. പിന്നീടു അതിനെപ്പറ്റി ഒരിക്കലും ചോദിച്ചുമില്ല!

പക്ഷേ വീട്ടിൽ മറ്റുള്ളവർ അമർത്തി ചിരിച്ചു.

"രണ്ടു അണക്കു ഇവനെ പണയം വെച്ചതാ..." പിന്നീടു അമ്മാവൻ പലരോടും പറഞ്ഞു.

അതിനു ശേഷം വർഷങ്ങൾ എത്രയോ കടന്നു പോയി. ഇന്നു എന്റെ വാപ്പാ ഇല്ല. ഈശ്വർ കഫേയുമില്ല. ശ്രീകൃഷ്ണാ ടാക്കീസ്‌ സീതാസ്‌ തീയേറ്റർ ആയി മാറി.ബഷീർ എവിടെ ആണോ ആവോ? അതിനു ശേഷം വട്ടപ്പള്ളിയിൽ പല ഹോട്ടലുകളും വന്നു.ദോശയും ചമ്മന്തിയും വന്നു. ആളുകൾ ദോശ കഴിക്കാന്‍ തുടങ്ങി. വീടുകളിലും ദോശ ഉണ്ടാക്കി തുടങ്ങി. പക്ഷേ പിന്നീടു ഞാൻ ദോശ തിന്നിട്ടില്ല. വർഷങ്ങൾക്കു ശേഷം ഇപ്പോഴും ദോശ കാണുമ്പോൾ എനിക്കു വിരക്തിയാണു. ഭാര്യയും കുട്ടികളും പലതവണ കാരണം തിരക്കിയിട്ടും ഈ അടുത്ത കാലത്താണു ഞാൻ കാര്യമെന്തെന്നു സൂചിപ്പിച്ചതു.എന്നെ രണ്ടണക്കു പണയം വെച്ച കാര്യം ഞാൻ അങ്ങിനെ പറയേണ്ടി വന്നു; അവരുടെ പൊട്ടിച്ചിരി നേരിടേണ്ടി വരുകയും ചെയ്തു.

Monday, August 3, 2009

ഇതാ അസ്തമിച്ചു കൊണ്ടിരിക്കുന്നു.ഈ കടല്‍പ്പാലം കിഴക്കന്‍ വെനീസ് എന്ന് അറിയപ്പെട്ടിരുന്ന ഒരു നഗരത്തില്‍ തകര്‍ച്ചയെ അഭീമുഖീകരിച്ചു കൊണ്ടിരിക്കുന്നു.കേരളത്തിലെ കൂടുതല്‍ ജനസാന്ദ്രത ഉള്ള നഗരത്തില്‍; കമ്മ്യൂണിസത്തിന്റെ ഈറ്റില്ലം എന്ന് അറിയപ്പെട്ടിരുന്ന സ്ഥലത്തു; തൊഴിലാളികളുടെ അവകാശങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും വേണ്ടി ലഹള പൊട്ടി പുറപ്പെട്ടിരുന്ന പുന്നപ്ര--വയലാറിന്റെ നാട്ടിലാണ് ഈ പാലം. അതെ. ആലപ്പുഴ നഗരം! ഇവിടെ ഒരു തുറമുഖം ഉണ്ടായിരുന്നു.ചരക്കുകള്‍ കയറ്റി ഇറക്കിയിരുന്നു ഈ പാലത്തില്‍. ബ്രിട്ടീഷുകാരെന്റെ കാലത്തു നിര്‍മിച്ച പാലം. പാലത്തില്‍ നിന്നും ബാര്‍ജിലെക്കും തിരിച്ചും,ചരക്കുകള്‍ കയറ്റി ഇറക്കാനുള്ള ക്രെയിനുകള്‍ പാലത്തിന്റെ അങ്ങേ അറ്റത്ത്‌ സ്ഥാപിച്ചിരുന്നു.ഇന്നു അവ ഇല്ല.പാലത്തില്‍ സ്ലീപ്പരുകളില്‍ റെയില്‍ പാളങ്ങളും ഈ പാളങ്ങളില്‍ കൂടി ഉന്തി കൊണ്ടു പോകുന്ന ട്രോളികളും ഉണ്ടായിരുന്നു .പുറം കടലില്‍ നങ്കൂരം ഇട്ടു നില്ക്കുന്ന കപ്പലുകള്‍; എല്ലാം പോയി.ക്രെയിനും ബാര്‍ജും തുറമുഖവും എല്ലാമെല്ലാം പോയി. അവശേഷിക്കുന്ന സാധനമാണ്‌ ഫോട്ടോയില്‍ കാണുന്ന പൊട്ടി പൊളിഞ്ഞ ഈ പാലം.ഇതില്‍ ഇപ്പോള്‍ കയറാന്‍ പാടില്ല. അപായ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട് . പഴയ ചലച്ചിത്രങ്ങളിലെല്ലാം തലയെടുപ്പോടെ നിന്ന ഈ പാലവും അതിന് സമീപത്തു സ്ഥിതി ചെയ്യുന്ന കോടിക്കണക്കിനു വിലമതിക്കുന്ന ഗുദാമുകളും നശിച്ചു മണ്ണടിഞ്ഞു കൊണ്ടിരിക്കുന്നു. പാലത്തിന്റെ തെക്കുഭാഗം വാടക്കല്‍ പൊഴിയും കടന്നു വീണ്ടും തെക്കോട്ട്‌ പോയാല്‍ പരീക്കുട്ടിയും കരുത്തമ്മയും കഥ നടന്ന സ്ഥലത്തെത്താം .അവിടെ നിന്നു കിഴക്കോട്ടു റോഡു മുറിച്ചു നടന്നാല്‍ വേലിക്കകത്ത് വീട്ടില്‍ ചെല്ലാം സാക്ഷാല്‍ അച്ചുമ്മാവന്റെ വീട് നില്ക്കുന്ന സ്ഥലത്തു. വീ.എം.സുധീരനും ,ഡോക്ടര്‍ മനോജും ഇപ്പോള്‍ വേണുഗോപാലും പ്രതിനിധീകരിക്കപ്പെട്ട മണ്ഡലം.ഈ പാലത്തിന്റെ തകര്‍ച്ച കേന്ദ്ര സര്ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നെന്കില്‍!
ചെറായി യാത്രയുടെ തലേ ദിവസം ആലപ്പുഴയില്‍ തങ്ങി യപ്പോള്‍ കടപ്പുറത്ത് പോയി.ഓര്‍മ്മകള്‍ ഓളം തള്ളുന്ന കടപ്പുറം. എന്റെ ആദ്യ കാല രചനകള്‍ ഈ മണല്‍ തിട്ടയുടെ ഏകാന്തതയില്‍ ഇരുന്നു എഴുതിയതാണ്. ഈ കടല്‍പ്പാലം എന്റെ രണ്ടു ആത്മ സുഹൃത്തുക്കളെ പരസ്പരം ബദ്ധ വൈരികളാക്കി. അല്‍പ്പം അശ്ലീലം കലര്ന്ന കഥ ആണത്.തടി കൊണ്ടു നിര്‍മിച്ച പാലത്തിന്റെ കുറുകയുള്ള ബീമുകളില്‍ ഉറപ്പിച്ചിരിക്കുന്ന തടികള്‍ മൂന്നു ഇഞ്ച് അകലത്തിലാണ്. ഒരാള്‍ പാലത്തിനു മുകളില്‍ കൂടി നടന്നു പോയാല്‍ പാലത്തിനു താഴെ മണല്‍ തിട്ടയില്‍നിന്നു മുകളിലേക്ക് നോക്കുന്ന മറ്റൊരാള്‍ക്ക് തടിയുടെ വിടവിലൂടെ മുകളില്‍ കൂടെ നടന്നു പോകുന്ന ആളുടെ കണങ്കാല്‍ മുതല്‍ അരക്കെട്ട് വരെ കാണാം.ഒരു നിമിഷ നേരത്തേക്ക് മാത്രം. ഏണിയുടെ മുകളില്‍ നില്ക്കുന്ന ഒരാളുടെ താഴെ നിന്നു മുകളിലേക്ക് നോക്കിയാല്‍ കാണാന്‍ കിട്ടുന്ന ദൃശ്യം പോലെ പാലത്തിന്റെ മുകളിലൂടെ നടന്നു പോകുന്ന ഒരാളുടെ ദൃശ്യം താഴെ നിന്നു നോക്കിയാല്‍ ഒരു നിമിഷ നേരത്തേക്ക് കിട്ടും. ധാരാളം സ്കൂള്‍ കുട്ടികള്‍ അന്ന് കടല്‍പ്പാലവും കടപ്പുറവും കാണാന്‍ വരുമായിരുന്നു. പെണ്‍കുട്ടികള്‍ ഉള്‍പ്പടെ ഉള്ള ഹൈസ്കൂള്‍ കുട്ടികള്‍ പാലത്തിനു മുകളിലൂടെ അതിന്റെ അവസാനം വരെ നടക്കും.വിശാലമായ കടലിനു മുകളിലൂടെയുള്ള നടപ്പ് ഒരു അനുഭൂതി തന്നെയാണ്. അന്ന് ചൂരിദാര്‍ പ്രചാരത്തിലില്ല.വെറും
പാവാടയും ഉടുപ്പുമാണ് വേഷം. ഹൈ സ്കൂളില്‍ പഠിക്കുന്ന ആണ്‍കുട്ടികളില്‍ വിളഞ്ഞ ചില സാധനങ്ങള്‍ പാലത്തിനു താഴെ നിരക്കും . ഓരോ ആള്‍ക്കാര്‍ പാലത്തിനു മുകളിലൂടെ പോകുമ്പൊള്‍ മുകളിലേക്ക് നോക്കി കൂട്ട ആര്‍പ്പും വിളിയും ബഹളവും. ഇതൊന്നും അറിയാതെ പെണ്‍കുട്ടികള്‍ മുകളില്‍ കൂടി നടന്നു പോയിരുന്നു.(പിന്നീട് പാലത്തില്‍ ഇരുന്നു ചൂണ്ട ഇട്ടിരുന്ന മുതിര്‍ന്നവര്‍ വടിയുമായി വന്നു ലാത്തി ചാര്‍ജ് നടത്തിയപ്പോള്‍ ഈ പരിപാടി അവസാനിച്ചു) അന്നൊരു ദിവസം പാലത്തിനു മുകളിലൂടെ മൂന്ന് പെണ്‍കുട്ടികള്‍ നടന്നു വരുന്നതു തിരകളില്‍ കളിച്ചു കൊണ്ടിരുന്ന ഞങ്ങളില്‍ ഒരുവന്‍ കണ്ടു പാലത്തിന്റെ അടിയിലേക്ക് പായാന്‍ ഒരുങ്ങി. എന്നാല്‍ മറ്റൊരുവന്‍ അത് തടഞ്ഞു. അവര്‍ കൂട്ടുകാരായിരുന്നു. ഒന്നാമനെ മുന്നോട്ടു പോകാനാവാത്ത വിധം രണ്ടാമന്‍ കെട്ടി പിടിച്ചു. രണ്ടാമനെ ഒന്നാമന്‍ തല്ലി. ഇതിനിടയില്‍ താഴെ നടക്കുന്ന ബഹളം അറിയാതെ പെണ്‍കുട്ടികള്‍ മുകളിലൂടെ കടന്നു പോയി. ഒന്നാമന്‍ വീണ്ടും തല്ലാന്‍ ഒരുങ്ങിയപ്പോള്‍ രണ്ടാമന്‍ അലറി. "എടാ അതെന്റെ മൂത്ത പെങ്ങളാണ്." ഒന്നാമനും ഞങ്ങളും ഷോക്ക് അടിച്ചത് പോലെ നിന്നു. പിന്നീട് ഹൈ സ്കൂള്‍ ജീവിത കാലത്തു അവര്‍ തമ്മില്‍ മിണ്ടുന്നത് ഞാന്‍ കണ്ടിട്ടില്ല.
എല്ലാ കഥകള്‍ക്കും സംഭവങ്ങള്‍ക്കും ചരിത്രത്തിനും സാക്ഷി നിന്ന പാലം തകര്‍ന്നു കൊണ്ടിരിക്കുകയാണ്. കുറച്ചു നാളുകള്‍ കൂടി കഴിയുമ്പോള്‍ ഓര്‍മ്മകള്‍ അവശേഷിപ്പിച്ചു പാലം കടലില്‍ പതിക്കും. സന്ധ്യാ രാഗം പോലെ സെന്റ്‌.സേവിയേഴ്സ് പള്ളിയില്‍ നിന്നു മണി നാദം ഒഴുകി വരുന്നു. പടിഞ്ഞാറ് കടല്‍ ചുവന്നതിനോടൊപ്പം എന്റെ മനസ്സില്‍ എവിടെയോ നൊമ്പരം പടരുന്നുവോ!!!