Monday, August 3, 2009

ഇതാ അസ്തമിച്ചു കൊണ്ടിരിക്കുന്നു.ഈ കടല്‍പ്പാലം കിഴക്കന്‍ വെനീസ് എന്ന് അറിയപ്പെട്ടിരുന്ന ഒരു നഗരത്തില്‍ തകര്‍ച്ചയെ അഭീമുഖീകരിച്ചു കൊണ്ടിരിക്കുന്നു.കേരളത്തിലെ കൂടുതല്‍ ജനസാന്ദ്രത ഉള്ള നഗരത്തില്‍; കമ്മ്യൂണിസത്തിന്റെ ഈറ്റില്ലം എന്ന് അറിയപ്പെട്ടിരുന്ന സ്ഥലത്തു; തൊഴിലാളികളുടെ അവകാശങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും വേണ്ടി ലഹള പൊട്ടി പുറപ്പെട്ടിരുന്ന പുന്നപ്ര--വയലാറിന്റെ നാട്ടിലാണ് ഈ പാലം. അതെ. ആലപ്പുഴ നഗരം! ഇവിടെ ഒരു തുറമുഖം ഉണ്ടായിരുന്നു.ചരക്കുകള്‍ കയറ്റി ഇറക്കിയിരുന്നു ഈ പാലത്തില്‍. ബ്രിട്ടീഷുകാരെന്റെ കാലത്തു നിര്‍മിച്ച പാലം. പാലത്തില്‍ നിന്നും ബാര്‍ജിലെക്കും തിരിച്ചും,ചരക്കുകള്‍ കയറ്റി ഇറക്കാനുള്ള ക്രെയിനുകള്‍ പാലത്തിന്റെ അങ്ങേ അറ്റത്ത്‌ സ്ഥാപിച്ചിരുന്നു.ഇന്നു അവ ഇല്ല.പാലത്തില്‍ സ്ലീപ്പരുകളില്‍ റെയില്‍ പാളങ്ങളും ഈ പാളങ്ങളില്‍ കൂടി ഉന്തി കൊണ്ടു പോകുന്ന ട്രോളികളും ഉണ്ടായിരുന്നു .പുറം കടലില്‍ നങ്കൂരം ഇട്ടു നില്ക്കുന്ന കപ്പലുകള്‍; എല്ലാം പോയി.ക്രെയിനും ബാര്‍ജും തുറമുഖവും എല്ലാമെല്ലാം പോയി. അവശേഷിക്കുന്ന സാധനമാണ്‌ ഫോട്ടോയില്‍ കാണുന്ന പൊട്ടി പൊളിഞ്ഞ ഈ പാലം.ഇതില്‍ ഇപ്പോള്‍ കയറാന്‍ പാടില്ല. അപായ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട് . പഴയ ചലച്ചിത്രങ്ങളിലെല്ലാം തലയെടുപ്പോടെ നിന്ന ഈ പാലവും അതിന് സമീപത്തു സ്ഥിതി ചെയ്യുന്ന കോടിക്കണക്കിനു വിലമതിക്കുന്ന ഗുദാമുകളും നശിച്ചു മണ്ണടിഞ്ഞു കൊണ്ടിരിക്കുന്നു. പാലത്തിന്റെ തെക്കുഭാഗം വാടക്കല്‍ പൊഴിയും കടന്നു വീണ്ടും തെക്കോട്ട്‌ പോയാല്‍ പരീക്കുട്ടിയും കരുത്തമ്മയും കഥ നടന്ന സ്ഥലത്തെത്താം .അവിടെ നിന്നു കിഴക്കോട്ടു റോഡു മുറിച്ചു നടന്നാല്‍ വേലിക്കകത്ത് വീട്ടില്‍ ചെല്ലാം സാക്ഷാല്‍ അച്ചുമ്മാവന്റെ വീട് നില്ക്കുന്ന സ്ഥലത്തു. വീ.എം.സുധീരനും ,ഡോക്ടര്‍ മനോജും ഇപ്പോള്‍ വേണുഗോപാലും പ്രതിനിധീകരിക്കപ്പെട്ട മണ്ഡലം.ഈ പാലത്തിന്റെ തകര്‍ച്ച കേന്ദ്ര സര്ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നെന്കില്‍!
ചെറായി യാത്രയുടെ തലേ ദിവസം ആലപ്പുഴയില്‍ തങ്ങി യപ്പോള്‍ കടപ്പുറത്ത് പോയി.ഓര്‍മ്മകള്‍ ഓളം തള്ളുന്ന കടപ്പുറം. എന്റെ ആദ്യ കാല രചനകള്‍ ഈ മണല്‍ തിട്ടയുടെ ഏകാന്തതയില്‍ ഇരുന്നു എഴുതിയതാണ്. ഈ കടല്‍പ്പാലം എന്റെ രണ്ടു ആത്മ സുഹൃത്തുക്കളെ പരസ്പരം ബദ്ധ വൈരികളാക്കി. അല്‍പ്പം അശ്ലീലം കലര്ന്ന കഥ ആണത്.തടി കൊണ്ടു നിര്‍മിച്ച പാലത്തിന്റെ കുറുകയുള്ള ബീമുകളില്‍ ഉറപ്പിച്ചിരിക്കുന്ന തടികള്‍ മൂന്നു ഇഞ്ച് അകലത്തിലാണ്. ഒരാള്‍ പാലത്തിനു മുകളില്‍ കൂടി നടന്നു പോയാല്‍ പാലത്തിനു താഴെ മണല്‍ തിട്ടയില്‍നിന്നു മുകളിലേക്ക് നോക്കുന്ന മറ്റൊരാള്‍ക്ക് തടിയുടെ വിടവിലൂടെ മുകളില്‍ കൂടെ നടന്നു പോകുന്ന ആളുടെ കണങ്കാല്‍ മുതല്‍ അരക്കെട്ട് വരെ കാണാം.ഒരു നിമിഷ നേരത്തേക്ക് മാത്രം. ഏണിയുടെ മുകളില്‍ നില്ക്കുന്ന ഒരാളുടെ താഴെ നിന്നു മുകളിലേക്ക് നോക്കിയാല്‍ കാണാന്‍ കിട്ടുന്ന ദൃശ്യം പോലെ പാലത്തിന്റെ മുകളിലൂടെ നടന്നു പോകുന്ന ഒരാളുടെ ദൃശ്യം താഴെ നിന്നു നോക്കിയാല്‍ ഒരു നിമിഷ നേരത്തേക്ക് കിട്ടും. ധാരാളം സ്കൂള്‍ കുട്ടികള്‍ അന്ന് കടല്‍പ്പാലവും കടപ്പുറവും കാണാന്‍ വരുമായിരുന്നു. പെണ്‍കുട്ടികള്‍ ഉള്‍പ്പടെ ഉള്ള ഹൈസ്കൂള്‍ കുട്ടികള്‍ പാലത്തിനു മുകളിലൂടെ അതിന്റെ അവസാനം വരെ നടക്കും.വിശാലമായ കടലിനു മുകളിലൂടെയുള്ള നടപ്പ് ഒരു അനുഭൂതി തന്നെയാണ്. അന്ന് ചൂരിദാര്‍ പ്രചാരത്തിലില്ല.വെറും
പാവാടയും ഉടുപ്പുമാണ് വേഷം. ഹൈ സ്കൂളില്‍ പഠിക്കുന്ന ആണ്‍കുട്ടികളില്‍ വിളഞ്ഞ ചില സാധനങ്ങള്‍ പാലത്തിനു താഴെ നിരക്കും . ഓരോ ആള്‍ക്കാര്‍ പാലത്തിനു മുകളിലൂടെ പോകുമ്പൊള്‍ മുകളിലേക്ക് നോക്കി കൂട്ട ആര്‍പ്പും വിളിയും ബഹളവും. ഇതൊന്നും അറിയാതെ പെണ്‍കുട്ടികള്‍ മുകളില്‍ കൂടി നടന്നു പോയിരുന്നു.(പിന്നീട് പാലത്തില്‍ ഇരുന്നു ചൂണ്ട ഇട്ടിരുന്ന മുതിര്‍ന്നവര്‍ വടിയുമായി വന്നു ലാത്തി ചാര്‍ജ് നടത്തിയപ്പോള്‍ ഈ പരിപാടി അവസാനിച്ചു) അന്നൊരു ദിവസം പാലത്തിനു മുകളിലൂടെ മൂന്ന് പെണ്‍കുട്ടികള്‍ നടന്നു വരുന്നതു തിരകളില്‍ കളിച്ചു കൊണ്ടിരുന്ന ഞങ്ങളില്‍ ഒരുവന്‍ കണ്ടു പാലത്തിന്റെ അടിയിലേക്ക് പായാന്‍ ഒരുങ്ങി. എന്നാല്‍ മറ്റൊരുവന്‍ അത് തടഞ്ഞു. അവര്‍ കൂട്ടുകാരായിരുന്നു. ഒന്നാമനെ മുന്നോട്ടു പോകാനാവാത്ത വിധം രണ്ടാമന്‍ കെട്ടി പിടിച്ചു. രണ്ടാമനെ ഒന്നാമന്‍ തല്ലി. ഇതിനിടയില്‍ താഴെ നടക്കുന്ന ബഹളം അറിയാതെ പെണ്‍കുട്ടികള്‍ മുകളിലൂടെ കടന്നു പോയി. ഒന്നാമന്‍ വീണ്ടും തല്ലാന്‍ ഒരുങ്ങിയപ്പോള്‍ രണ്ടാമന്‍ അലറി. "എടാ അതെന്റെ മൂത്ത പെങ്ങളാണ്." ഒന്നാമനും ഞങ്ങളും ഷോക്ക് അടിച്ചത് പോലെ നിന്നു. പിന്നീട് ഹൈ സ്കൂള്‍ ജീവിത കാലത്തു അവര്‍ തമ്മില്‍ മിണ്ടുന്നത് ഞാന്‍ കണ്ടിട്ടില്ല.
എല്ലാ കഥകള്‍ക്കും സംഭവങ്ങള്‍ക്കും ചരിത്രത്തിനും സാക്ഷി നിന്ന പാലം തകര്‍ന്നു കൊണ്ടിരിക്കുകയാണ്. കുറച്ചു നാളുകള്‍ കൂടി കഴിയുമ്പോള്‍ ഓര്‍മ്മകള്‍ അവശേഷിപ്പിച്ചു പാലം കടലില്‍ പതിക്കും. സന്ധ്യാ രാഗം പോലെ സെന്റ്‌.സേവിയേഴ്സ് പള്ളിയില്‍ നിന്നു മണി നാദം ഒഴുകി വരുന്നു. പടിഞ്ഞാറ് കടല്‍ ചുവന്നതിനോടൊപ്പം എന്റെ മനസ്സില്‍ എവിടെയോ നൊമ്പരം പടരുന്നുവോ!!!

6 comments:

 1. കുറച്ചു നാളുകള്‍ കൂടി കഴിയുമ്പോള്‍ ഓര്‍മ്മകള്‍ അവശേഷിപ്പിച്ചു പാലം കടലില്‍ പതിക്കും
  അങ്ങനെ സംഭവിക്കാതിരിക്കട്ടെ !

  ReplyDelete
 2. കുറിപ്പ് കൊള്ളാട്ടാ :)

  അപ്പം ഷെറീഫ് ഒന്നാമനോ രണ്ടാമനോ :)

  ReplyDelete
 3. ഇവയെല്ലാം സംരക്ഷിച്ചിരുന്നുവെങ്കില്‍.. പക്ഷെ സംരക്ഷണം അര്‍ഹിക്കുന്ന മനുഷ്യരുടെ കാര്യത്തിന് പോലും ഇന്ന് പണം തികയുന്നില്ല...

  ReplyDelete
 4. അസ്തമയം നോക്കി നില്‍ക്കുന്ന കടല്‍പ്പാലം ,നല്ല ഓര്‍മ്മകള്‍ സുഹൃത്തേ

  ReplyDelete
 5. കൊള്ളാം..

  അസ്തമയം കണ്ട് അസ്തമയത്തിലേക്ക്...

  ReplyDelete
 6. രമണിഗ, ബിനോയ്‌, ദീപക്‌ രാജ്‌, കുഞ്ഞായി, നരികുന്നൻ:- കമന്റുകൾക്ക്‌ നന്ദി.
  ബിനോയ്‌, സത്യമായിട്ടും ഞാൻ മൂന്നാമനയിരുന്നേ!

  ReplyDelete