Thursday, August 6, 2009

ദോശ

 കാപ്പിക്ക് ദോശ ആണെങ്കിൽ  ഇപ്പോഴും എനിക്ക്  വിരക്തി ആണ്. ആ വിരക്തിയുടെ പുറകിൽ ഒരു കഥ ഉണ്ട്. നടു റോഡിൽ ഏങ്ങി ഏങ്ങി കരഞ്ഞ  ഒരു നാണക്കേടിന്റ് കഥ. വർഷങ്ങൾക്ക് മുമ്പ് ഞാൻ അത് എന്റെ ബ്ളോഗിൽ പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് മാധ്യമം പത്രത്തിന്റെ വാരാദ്യ പതിപ്പിലും പ്രസിദ്ധപ്പെടുത്തി. ഇന്ന് കാപ്പിക്ക് ദോശ ആയിരുന്നു. അതിന്റെ മുമ്പിൽ ഇരുന്നപ്പോൾ ആ കഥ വീണ്ടുമൊരിക്കൽ കൂടി പോസ്റ്റ് ചെയ്യണമെന്ന് തോന്നി.

                             ദോശ  
 ഈ അനുഭവ കഥ പറയുന്നതിനു മുമ്പു ആലപ്പുഴ നഗരത്തിലെ വട്ടപ്പള്ളിയെപ്പറ്റി ഒരു ആമുഖം അവശ്യമാണു. നഗരത്തിലെ വട്ടപ്പള്ളിയും സക്കര്യാ ബസ്സാരും ഇതര ഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായ സംസ്കാരം ഉൾക്കൊള്ളുന്ന പ്രദേശങ്ങളാണു.

അന്നു ഇന്നും സ്ഥലവാസികളിൽ അധികം പേരും മുസ്ലിം സമുദായത്തിൽ പെട്ടവർ.

അനേക വർഷങ്ങൾക്കു മുമ്പു ആഹാരത്തിലും വസ്ത്രത്തിലും വിശ്വാസങ്ങളിലും അവർ ഭിന്നത പുലർത്തി. വട്ടപ്പള്ളിക്കാർക്കു പരിചിതമായ ആഹാരസാധനങ്ങൾ പത്തിരി ഇടിയപ്പം, വെള്ളയപ്പം, ഇറച്ചി, ബിരിയാണി, നെയ്ച്ചോരു തുടങ്ങിയവയാണു.

ദോശ, ഇഡ്ഡലി, സാമ്പാര്‍, പുളിശ്ശേരി, അവിയൽ, തുടങ്ങിയവയെപ്പറ്റി കേട്ടറിവ്‌ മാത്രമേ ഉള്ളൂ. വട്ടപ്പള്ളിയില്‍ ഈവക ആഹാരസാധനങ്ങൾ പാകം ചെയ്യാറുമില്ലായിരുന്നു. ഞാൻ പറഞ്ഞല്ലോ ഒരു പ്രത്യേക സംസ്കാരം ആയിരുന്നു ആ പ്രദേശത്തു. വട്ടപ്പള്ളിക്കാർ പുത്തനങ്ങാടിയിലോ ചുങ്കത്തോ പോയാൽ വിശക്കുമ്പോൾ മുസ്ലിം ഹോട്ടൽ തിരക്കി നടക്കും. വട്ടപ്പള്ളിക്കാരായ ചാക്കു, പാട്ട കുപ്പി കച്ചവടക്കാർ ഹിന്ദു സ്നേഹിതന്മാരുടെ വീട്ടിൽ വിശേഷ ദിവസങ്ങളിൽ പോയി സാമ്പാറും പുളിശ്ശേരിയും കൂട്ടി ചോറ് തിന്നതും ഇലയിൽ പായസം വിളമ്പിയതും മറ്റും വട്ടപ്പള്ളിയിൽ വന്നു വിവരിക്കാറുണ്ടു. ഇലയിൽ ആഹാരം കഴിക്കുന്ന വിശേഷം വട്ടപ്പള്ളീക്കാർ അതിശയത്തോടെ കേട്ടിരിക്കും. എന്റെ പ്രൈമറി കാലഘട്ടത്തിൽ വട്ടപ്പള്ളീയിലെ അവസ്ഥ ഇതായിരുന്നു.

ആ കാലത്തു ഒരു വല്യമ്മ ഏതോ വാർഡിൽ നിന്നും വട്ടപ്പള്ളിയിൽ വന്നു ദോശ കച്ചവടം തുടങ്ങി.ഒരു ദോശയുടെ വില അരയണ.(ഒരു അണ=ആറു പൈസാ) ചമ്മന്തി ഫ്രീ. പലരും രഹസ്യമായി വാങ്ങി തിന്നു. ചിലർ എന്തു കൊണ്ടോ വാങ്ങിയില്ല.വാങ്ങി തിന്നവർ ദോശയുടെയും ചമ്മന്തിയുടെയും രുചി പറഞ്ഞു കേൾപ്പിച്ചപ്പോൾ ദോശ തിന്നാൻ കുട്ടികളായ ഞങ്ങൾക്കും അതിയായ അഗ്രഹം.

വീട്ടിലെ ഭക്ഷണ സാധനങ്ങൾ പത്തിരി, അപ്പം പുട്ടു തുടങ്ങിയവയാണു.ദോശ ഉണ്ടാക്കാൻ ആർക്കും അറിയില്ല.വട്ടപ്പള്ളിയിലെങ്ങും ദോശയുമില്ല. വല്യമ്മയുടെ ദോശ വാങ്ങി തിന്നാൻ പൈസയുമില്ല. അഥവാ പൈസ ഉണ്ടായാൽ തന്നെ വഴിയിൽ നിന്നും ആഹാരം വാങ്ങി തിന്നാൽ വീട്ടിൽ നിന്നും വീക്ക്‌ കിട്ടും. വല്യമ്മയുടെ ദോശ പലപ്പോഴും ഞാൻ കൊതിയോടെ നോക്കി നിന്നു.

ഇപ്രകാരം സഫലമാകാത്ത ആഗ്രഹവും പേറി ദിവസങ്ങൾ കഴിച്ചു കൂട്ടുമ്പോൾ ആശ നിറവേറ്റാൻ തക്കവിധം സന്ദർഭം എന്നെ തിരക്കി വന്നു. കൂട്ടുകാരൻ ബഷീർ പറഞ്ഞു ശ്രീകൃഷ്ണാ ടാക്കീസ്സിൽ അണ്ണന്റെ പടം ഓടുന്നു. ഭയങ്കര വാൾ പയറ്റു ഉണ്ടു. കരഞ്ഞു പറഞ്ഞു അവന്റെ വീട്ടിൽ നിന്നും സിനിമ കാണാൻ അനുവാദം വാങ്ങിയിട്ടുണ്ടു. ബഷീറിനു അനുവാദം കൊടുത്തതു ചൂണ്ടി കാണിച്ചു എന്റെ വീട്ടിൽ നിന്നും ഞാനും അനുവാദം വാങ്ങി. ബെഞ്ചു ടിക്കറ്റിനു മൂന്നര അണ(ഇരുപത്തിരണ്ടു പൈസ്സ)കപ്പലണ്ടി ഒരണ. അങ്ങിനെ നാലര അണയുടെ ബഡ്ജെറ്റു സാങ്ങ്ഷൻ കിട്ടി.

എനിക്കു അനുവദിച്ച തുക ചൂണ്ടിക്കാട്ടി ബഷീറും അവന്റെ വീട്ടിൽ നിന്നും തുക കൈപ്പറ്റി.

എട്ടു വയസ്സുകാരായ ഞങ്ങൾ ശ്രീകൃഷ്ണാ ടാക്കീസ്സു തേടി പാഞ്ഞു. സിനിമ ഹറാമായതു കൊണ്ടുവട്ടപ്പള്ളിയിൽ പ്രായമായവർ പകൽ സിനിമ തീയേറ്ററിൽ പോകില്ലായിരുന്നു. രാത്രി ഒളിച്ചു പോകും. അതുകൊണ്ടു തന്നെ പ്രായമായവരുടെ കുട്ടികള്‍ പകൽ തീയേറ്ററുകളിൽ പൊയ്ക്കൊണ്ടിരുന്നതു. ഏഴു അണക്കു രണ്ടു ടിക്കറ്റു വാങ്ങി അണ്ണന്റെ സ്റ്റണ്ടും വാൾപ്പയറ്റും വില്ലനെ കുത്തി മലർത്തിയതും കണ്ടു ഞങ്ങൾ കയ്യടിച്ചു.

കപ്പലണ്ടിക്കാരൻ ചെക്കൻ കപ്പലണ്ടിയുമായി വന്നു.ബഷീർ പറഞ്ഞു

"എടാ മോനേ ഇതു തട്ടിപ്പാണു, കുമ്പിളിൽ കഷ്ടിച്ചു പത്തു കപ്പലണ്ടി കാണും;ബാക്കി കടലസ്സാണു,നമുക്കു പുറത്തിറങ്ങുമ്പോൾ വേറെന്തെങ്കിലും വാങ്ങി തിന്നാം.

ഞാൻ സമ്മതിച്ചു.

വൈകുന്നേരം അഞ്ചര മണി. സിനിമ തീര്‍ന്നു .ഞങ്ങൾ റോഡു കുറുകേ കടന്നു ഈശ്വർ കഫേ എന്ന പേരിലുള്ള നായർ വിലാസം ഹോട്ടലിനു സമീപമെത്തി.

ഹോട്ടലിലെ കണ്ണാടി അലമാരിയിൽ ദോശ! പെട്ടെന്നു എന്റെ ഉള്ളിൽ ഒരു ആശയം.

"ബഷീറേ, നമുകു ദോശ' വാങ്ങി തിന്നാം" ഞാൻ പറഞ്ഞു.

ടിക്കറ്റിന്റെ വില കഴികെ രണ്ടണ കയ്യിലുണ്ടു. ഒരു ദോശക്കു അരയണ. അപ്പോൾ രണ്ടു ദോശ വീതം രണ്ടാൾക്കും തിന്നാം. മേശക്കരികെ കുടവയറൻ മുതലാളി.അയളുടെ നെറ്റിയിൽ നിറയെ ചന്ദനം. അകത്തെ ബെഞ്ചിൽ ഞങ്ങൾ രണ്ടു പേരും സ്ഥലം പിടിച്ചു.ഇലയും വെള്ളവും വന്നു.

" ഇല കഴുകണം" ബഷീർ പറഞ്ഞു.അവനു ലോക പരിചയം കൂടും

. ആദ്യമായി ഇലയിൽ ആഹാരം കഴിക്കുകയാണു.

"ഓരോ ദോശ വീതം വാങ്ങിയാല്‍ മതി; ചമ്മന്തി ഫ്രീയാണു, രണ്ടു തവണയായി വാങ്ങിയാൽ ചമ്മന്തി രണ്ടു തവണ ഫ്രീ കിട്ടും." ബഷീറിന്റെ മറ്റൊരു ആശയം. ഞാൻ അവനെ ബഹുമാന പൂർവ്വം നോക്കി.ബുദ്ധിമാൻ! ആദ്യത്തെ ദോശ കഴിഞ്ഞു രണ്ടാമത്തെ ദോശ വന്നു.

"വലിയ ദോശ" ഞാൻ പറഞ്ഞു. വല്യമ്മയുടെ ദോശയെക്കാളും വലുതു. രണ്ടു ദോശയും തിന്നു വിരലിലെ ചമ്മന്തി വീണ്ടും വീണ്ടും നക്കി. ഇല എടുക്കാതെ രണ്ടു പേരും കൈ കഴുകിന്നിടത്തേക്കു പോയി.

"ഇല എടുത്തോണ്ടു പോ പിള്ളാരേ "

വിളമ്പുകാരൻ പറഞ്ഞു. ജാള്യതയോടെ ഞങ്ങൾ തിരികെ വന്നു ഇലയെടുത്തു.

കൈ തുടച്ചു സംതൃപ്തിയോടെ ഏമ്പക്കവും വിട്ടുരണ്ടു പേരും കുടവയറന്റെ മേശക്കരുകിൽ എത്തി. പുറകിൽ നിന്നും വിളമ്പുകാരൻ വിളിച്ചു പറഞ്ഞു

"രണ്ടു പിള്ളാർ നാലണാ​‍ാ...."

ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി മറ്റാരുടെയെങ്കിലും കാര്യമായിരിക്കും വിളിച്ചു പറഞ്ഞതു.

ഇല്ലാ ആരും പുറകിലില്ല.

ബഷീർ തന്റേടത്തോടെ വിളമ്പുകാരനോടു പറഞ്ഞു."ഞങ്ങൾ ആകെ നാലു ദോശയേ തിന്നുള്ളൂ"

"അതു കൊണ്ടു തന്നെയാ നാലണാ വേണമെന്നു പറഞ്ഞതു" ഇതു പറഞ്ഞതു കുടവയറനാണു.

അപ്പോൾ ഒരു ദോശക്കു വിലയെത്ര?" ഞാൻ ചോദ്യം ചെയ്തു.

"നാലു ദോശക്കു നാലണയെങ്കിൽ ഒരു ദോശയുടെ വിലയെത്ര?നിങ്ങൾ കണക്കു പടിക്കാൻ നേരം കണക്കു ടീച്ചർ പ്രസവിക്കാൻ പോയോടാ?" കുടവയറൻ തിരിച്ചു ചോദ്യം ചെയ്തു.

കുഴഞ്ഞല്ലോ പടച്ചോനേ! ഉള്ളു ആളി.കാലുകൾ വിറക്കാൻ തുടങ്ങി. കുടവയറന്റെ കണ്ണുകൾ രൂക്ഷമാകാൻ തുടങ്ങി.നെറ്റി ചുളിഞ്ഞു. ചന്ദനം നെറ്റിയിൽ നിന്നും അടർന്നു വീഴാൻ തുടങ്ങി. "വല്യമ്മയുടെ ദോശക്കു അരയണയാ വില" ഞാൻ കച്ചി തുരുമ്പിൽ പിടികൂടി.

" വല്യപ്പന്റെ ദോശക്കു ഒരണയാ വില. എടുക്കെടാ പൈസാ കള്ളന്മാരേ എന്നോടു കളിക്കുന്നോ" കുടവയറൻ കസേരയിൽ നിന്നും എഴുന്നേറ്റു.

അയാളുടെ ആകാരവും ഭാവവും കണ്ടു ബഷീർ വിരണ്ടു പറഞ്ഞു

"ഞങ്ങളുടെ കയ്യിൽ രണ്ടണയേ ഉള്ളൂ;ഞങ്ങൾ വിചാരിച്ചു ദോശക്കു അരയണയേ വിലയുള്ളെന്നു"അവൻ ആ രണ്ടണ മേശപ്പുറത്തു വെച്ചു.

"എടാ..." കുടവയറൻ വിളമ്പുകാരെനെ നോക്കി വിളിച്ചു." എവരെ രണ്ടിനേം പരിശോധിച്ചു പൈസ്സ ഉണ്ടെങ്കിൽ എടുക്കു"

വിളമ്പുകാരനെന്ന ജിന്നു ഞങ്ങളെ റാഞ്ചി അടുക്കളയിൽ അരി ആട്ടുന്ന ഭീകരമായ ഒരു കല്ലിനടുത്തു കൊണ്ടു പോയി, ശരീര പരിശോധന നടത്തി. ഒരു മുറി പെൻസിൽ എന്റെ പോക്കറ്റിൽ നിന്നും രണ്ടു ഗോലി ബഷീറിൽ നിന്നും കണ്ടെടുത്തു കുടവയറന്റെ മുമ്പിൽ ഹാജരാക്കി.

ഇതിനിടയിൽ കടയിൽ കാപ്പി കുടിക്കാൻ വന്ന പലരും ഞങ്ങളെ ശ്രദ്ധിക്കുകയും അഭിപ്രായങ്ങൾ പാസ്സാക്കുകയും ചെയ്തു. ദോശ ദഹിച്ചു കഴിഞ്ഞിരുന്നു. വയറ്റിൽ ആകെ ഒരു കത്തൽ.

" രണ്ടെണ്ണത്തിനേം അകത്തു കൊണ്ടു പോ ഒരുത്തൻ അരി ആട്ടട്ടെ , മറ്റവൻ ചാക്കിൽ വെള്ളം കോരട്ടെ" കുടവയറൻ ശിക്ഷ വിധിച്ചു.

"ചാക്കിൽ വെള്ളം കോരുകയോ" ഞാൻ ആലോചിച്ചു. കോരുന്തോറും വെള്ളം ചാക്കിൽ നിന്നും ചോർന്നു പോകും പിന്നെയും പിന്നെയും കോരണം.ജീവിത അവസാനം വരെ കോരിയാലും വെള്ളം കൊണ്ടു വരാൻ പറ്റില്ല. അരി ആട്ടാനണെങ്കിൽ ....ആ കല്ലും കുഴവിയും ... അതു ചിന്തിക്കാൻ കൂടി വയ്യാ.

"ഞങ്ങൾ വീട്ടിൽ പോയി പൈസ്സ കൊണ്ടുവരാം" ബഷീർ ദയനീയമായി പറഞ്ഞു.

" കണ്ടാൽ തോന്നണത്‌ ഏതോ മാന്യമ്മാരുടെ വീട്ടിലെ പിള്ളാരാണെന്ന...." ഒരു വല്യപ്പൻ അഭിപ്രായപ്പെട്ടു.

"എന്നാ..ഒരുത്തൻ പോയി പൈസ്സാ കൊണ്ടു വാ മറ്റവനെ ഇവിടെ പണയം വെയ്ക്കു" കുടവയറൻ പറഞ്ഞു.

ആരു പോകണം ആരു പണയം ഇരിക്കണം. ഞങ്ങൾ പരസ്പരം നോക്കി. വാപ്പായെ അഭിമുഖീകരിക്കാൻ എനിക്കു വിഷമം. അടികിട്ടും എന്ന ചിന്തയാൽ നാടു വിടാനുള്ള ആഗ്രഹവും മനസ്സിൽ എത്തി.

കടയിൽ എന്നെ പണയം വെച്ചു ബഷീർ പൈസ്സ വാങ്ങാൻ വീട്ടിൽ പോയി. അവൻ തിരികെ വരുന്നതും നോക്കി ഞാൻ കാത്തിരുന്നു.

ആറു മണി ആയി. റോഡിലൂടെ ആൾക്കാർ പൊയ്ക്കൊണ്ടിരുന്നു. വാഹനങ്ങൾ തുരുതുരാ പായുകയാണു. ശ്രീകൃഷ്ണ ടാക്കീസ്സിൽ നിന്നും അടുത്ത ഷോയുടെ പാട്ടു ഉയരുന്നു.കൊട്ടാരം ആശുപത്രി ജംക്ഷനിൽ നിന്നുപോലീസ്സുകാരൻ വാഹനങ്ങൾ നിയന്ത്രിക്കുന്നു. ഈ കാഴ്ചകളൊന്നും എന്റെ മനസ്സിൽ പതിഞ്ഞില്ല. ആദ്യ അനുഭവം നാണക്കേടു...വാപ്പായുടെ അടി. കൂട്ടുകാരുടെ കളിയാക്കൽ....മനസ്സു വിങ്ങുകയണു.കരച്ചിൽ തൊണ്ടയിൽ തട്ടി നിൽക്കുന്നു.മയങ്ങി വീഴുമോ എന്നു സംശയം.

അപ്പോൾ റോഡിൽ കൂടി എന്റെ അമ്മവൻ കരീം പോകുനു കൂടെ കൗൺസിലർ ബചു സേട്ടുമുണ്ട്.. മനസ്സു തുടി കൊട്ടി. ഞാൻ റോഡിലേക്കു ഓടി.

"എവിടെ പോകുന്നെടാ" കുടവയറൻ അലറി. ഞാൻ വകവെച്ചില്ല.

"മാമാ​‍ാ..." ഞാൻ വിളിച്ചു. അമ്മാവൻ തിരിഞ്ഞു നോക്കി. അവിചാരിതമായി എന്നെ അവിടെ കണ്ടതിനാൽ അൽഭുതത്തോടെ അദ്ദേഹം എന്റെ അരികിൽ വന്നു.

"എന്താ മോനേ!" അദ്ദേഹം തിരക്കി.

" മാമാ ...." എനിക്കു ബാക്കി പറയാൻ സാധിച്ചില്ല. അതുവരെയുള്ള എല്ലാ ദു:ഖങ്ങളും ഒരുമിച്ചു പൊട്ടി ഒലിച്ചു. ഞാൻ വിങ്ങിവിങ്ങി കരഞ്ഞു. അമ്മാവൻ പരിഭ്രമിച്ചു.

"എന്താ മോനേ എന്തു പറ്റി".. എന്നിട്ടും എനിക്കു പറയാൻ സാധിച്ചില്ല. കരച്ചിൽ തുടർന്നു കൊണ്ടേ ഇരുന്നു. കടയിൽ ഇരുന്നവരും വഴിയാത്രക്കാരും അവിടെ കൂടി.ഞാൻ കരയുകയാണു. നിർത്താതെയുള്ള കരച്ചിൽ.

കുടവയറൻ വിളിച്ചു പറഞ്ഞു " പിള്ളാരു പൈസ തന്നില്ലാ, ഞാനൊന്നു വിരട്ടി. പിന്നെ...നിങ്ങളുടെ പിള്ളാരാണെന്നു അറിഞ്ഞില്ലാ...“

അപ്പോഴേക്കും നാലഞ്ചു സൈക്കിൾ യാതക്കാർ അവിടെയെത്തി.വാപ്പായാണു മുമ്പിൽ.ബഷീർ ഒരു സൈക്കിളിന്റെ പുറകിൽ ഇരിക്കുന്നു. വാപ്പ എന്നെ ഒന്നു നോക്കി. ഞാൻ കരച്ചിലിന്റെ വോളിയം കൂട്ടി. അടി ഇപ്പോൾ വീഴും.

" എത്ര അണ തരാനുണ്ടു.?" വാപ്പാ കടക്കാരനോടു ചോദിച്ചു.

" രണ്ടണ.... അതു വേണമെന്നില്ല...." കുടവയറൻ പരുങ്ങി. എന്റെ കരച്ചിൽ കണ്ടപ്പോൾ വിരട്ടിയതു അധികമായെന്നു അയാൾക്കു തോന്നിക്കാണണം.

രണ്ടണ അമ്മാവൻ മേശപ്പുറത്തു വെച്ചു.

"കേറടാ സൈക്കിളിൽ " വാപ്പാ ആവശ്യപ്പെട്ടു. ഞാൻ സൈക്കിളിന്റെ പുറകിൽ കയറി വീട്ടിലെത്തി.

വാപ്പാ എന്നെ അടിച്ചില്ല. പിന്നീടു അതിനെപ്പറ്റി ഒരിക്കലും ചോദിച്ചുമില്ല!

പക്ഷേ വീട്ടിൽ മറ്റുള്ളവർ അമർത്തി ചിരിച്ചു.

"രണ്ടു അണക്കു ഇവനെ പണയം വെച്ചതാ..." പിന്നീടു അമ്മാവൻ പലരോടും പറഞ്ഞു.

അതിനു ശേഷം വർഷങ്ങൾ എത്രയോ കടന്നു പോയി. ഇന്നു എന്റെ വാപ്പാ ഇല്ല. ഈശ്വർ കഫേയുമില്ല. ശ്രീകൃഷ്ണാ ടാക്കീസ്‌ സീതാസ്‌ തീയേറ്റർ ആയി .ബഷീർ എവിടെ ആണോ ആവോ? അതിനു ശേഷം വട്ടപ്പള്ളിയിൽ പല ഹോട്ടലുകളും വന്നു.ദോശയും ചമ്മന്തിയും വന്നു. ആളുകൾ ദോശ കഴിക്കാന്‍ തുടങ്ങി. വീടുകളിലും ദോശ ഉണ്ടാക്കി തുടങ്ങി. പക്ഷേ പിന്നീടു ഞാൻ ദോശ തിന്നിട്ടില്ല. വർഷങ്ങൾക്കു ശേഷം ഇപ്പോഴും ദോശ കാണുമ്പോൾ എനിക്കു വിരക്തിയാണു. ഭാര്യയും കുട്ടികളും പലതവണ കാരണം തിരക്കിയിട്ടും ഈ അടുത്ത കാലത്താണു ഞാൻ കാര്യമെന്തെന്നു സൂചിപ്പിച്ചതു.എന്നെ രണ്ടണക്കു പണയം വെച്ച കാര്യം ഞാൻ അങ്ങിനെ പറയേണ്ടി വന്നു; അവരുടെ പൊട്ടിച്ചിരി നേരിടേണ്ടി വരുകയും ചെയ്തു.

21 comments:

  1. രണ്ടണക്ക് പണയത്തിലായ സംഭവം പെരുത്തിഷ്ടായി...മാഷെ..

    ദോശയോട് ഇപ്പോഴും ദേഷ്യമാണോ? പാവം ദോശ എന്ത് പിഴച്ചു?:):)

    ReplyDelete
  2. ഉഗ്രന്‍ ദോശക്കഥ !

    ReplyDelete
  3. അന്നങ്ങനെ ഉണ്ടായെന്നു കരുതി ദോശയോട് ദേഷ്യം വേണ്ടാ, പാവം ദോശയെന്തു പിഴച്ചു. ഇനിയൊന്നു കഴിച്ചുനോക്കൂ.

    ReplyDelete
  4. ini orikkalum madangi varatha oru kaalaghattathinte parichhetham! thankalude postukal thalpariyathode vaayikkarundu. pidichiruthunna oru shaili.

    PS: nammal athra doorathilalla. thaankal kottarakkara, njan punaloorinu aduthu!

    ReplyDelete
  5. ചാണക്യൻ,തഹ്സീൻ, എഴുത്തുകാരി,ബൈജു എലിക്കാട്ടൂർ കമന്റ്സിനു നന്ദി.
    ചാണക്യൻ, ചെറുപ്പത്തിൽ ഇങ്ങിനെ ഒരു അക്കിടി പറ്റിയതു കാരണം ഉപരി വിദ്യാഭ്യാസ കാലത്തു ഹോട്ടലിൽ കയറിയാൽ വില വിവര ബോർഡ്‌ നല്ലവണ്ണം പഠിക്കുമായിരുന്നു. ഇപ്പോഴും ആ വിലവിവരം ഞാൻ മറന്നിട്ടില്ല എന്നതു സ്വയം ചിരിക്കു കാരണമാണു.
    എഴുത്തുകാരീ,ദോശയോടു എനിക്കു ദേഷ്യം ഇല്ല, പക്ഷേ വിരക്തി ഉണ്ടു. ചെറുപ്പത്തിൽ വിരണ്ടു പോയതാണു കാരണമെനു തോന്നുന്നു.
    തഹ്സീൻ ഇപ്പോൾ പാട്ടുകളൊന്നുമില്ലേ?
    ബൈജു, എലിക്കാട്ടൂർ എന്നു കണ്ടപ്പോൽ പുനലൂർ ആണെന്നു മനസ്സിലായി.ഞാൻ കൊട്ടാരക്കര മുസ്ലിം സ്റ്റ്രീറ്റിൽ താമസിക്കുനു പോസ്റ്റുകൾ ശ്രദ്ധിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം.

    ReplyDelete
  6. ശരീഫ്ക്ക,

    ലോകത്ത് ഏറ്റവും ചെറിയതുകക്ക് പണയപ്പെട്ടയാൾ എന്ന ബഹുമതി ഇക്കാക്ക് സ്വന്തം.

    ഒരു ഈ ദോശക്കഥ നന്നായി രസിപ്പിച്ചു.

    ReplyDelete
  7. ദോശകഥ നന്നായി രസിച്ചു.എന്തായാലും ദോശപിണക്കം ഇനിയെങ്കിലും അവസാ‍നിപ്പിക്ക് മാഷെ

    ReplyDelete
  8. അനുഭവകഥ കൊള്ളാം. അല്ല അന്നു പണയം വച്ചിട്ടു പോയ കൂട്ടുകാരന്‍ എന്താ തിരിച്ചു വരാഞ്ഞതെന്ന് അന്വെഷിച്ചില്ലേ?

    ReplyDelete
  9. ശരീഫ്ക്ക,ദോശക്കഥ നന്നായി

    ReplyDelete
  10. സങ്കുചിതൻ, സൂത്രൻ,ചെറിയപാലം,അനൂപ്‌ കോതനെല്ലൂർ,വേണു, പാവത്താൻ , അരീക്കോടൻ കമന്റ്സിനു നന്ദി
    ചെറിയപാലം, ഇപ്പോഴാണു ആ ബഹുമതി ഞാൻ തിരിച്ചറിഞ്ഞതു.
    അനൂപ്‌, ദോശയോട്‌ ദേഷ്യം ഒന്നുമില്ല. പക്ഷ്‌ തെറ്റു ചെയ്തതിനു പിതാവിൽ നിന്നും ശിക്ഷ പ്രതീക്ഷിച്ചിരുന്നിട്ടും അദ്ദേഹം എന്നെ ശിക്ഷിക്കാതിരുന്നപ്പോൾ ഉള്ളിൽ ഒരു വീർപ്പു മുട്ടു അനുഭവപ്പെട്ടു.അതു പിന്നീടു ദോശ വിരക്തിയായി മാറി.
    പാവത്താനേ, കൂട്ടുകാരൻ അപ്പോൾ തന്നെ സൈക്കിൾ കാരുടെ കൂടെ ഒരു സൈക്കിളിനു പിറകിൽ ഇരുന്നു വന്ന കാര്യം ഞാൻ കഥയിൽ പറഞ്ഞിട്ടുണ്ടല്ലോ.
    അരീക്കോടൻ മാഷിനു ദോശ ഇഷ്ടായീന്നറിഞ്ഞതിൽ പെരുത്തു സന്തോഷം.

    ReplyDelete
  11. ഷെരീഫേട്ടാ....
    നമിച്ചു ചേട്ടാ, ഞാനിത്രയ്ക്കും അനുഭവിച്ചില്ല.
    ഇതു വായിക്കുമ്പോൾ ഞാൻ ആ രംഗം ഒന്ന് മനസിൽ ചിത്രീകരിക്കുകയായിരുന്നു. ഹോട്ടലിൽ പണയത്തിനിരിക്കുന്ന അവസ്ഥ, ഹൊ, ഞാനായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു എന്ന് ഒരു പിടിയുമില്ല. എപ്പോഴേ കരച്ചിൽ തുടങ്ങിയേനെ.
    ഏതായാലും ചേട്ടൻ എന്നെപ്പോലെ ചതിയനായില്ലല്ലൊ.....
    ഇപ്പോൾ കുറച്ചധികം എക്സ്ട്രാ പൈസ കയ്യിൽ കരുതിയേ പുറത്തിറങ്ങാറുള്ളു. പണയമാകാനോ ദയനീയനാവാനോ ചതിയനാവാനോ തയ്യാറല്ലതന്നെ.
    ഒന്നുകൂടി പാരഗ്രാഫ്‌ തിരിച്ച്‌ എഴുതിയാൽ വായനാസുഖം കൂടും, ശ്രദ്ധിക്കുമല്ലൊ. അത്യാവശ്യം ബോൾഡ്‌-കളറുകൾ ഒക്കെ ആവാം വാക്കുകൾക്ക്‌. ആളുകൾ ശ്രദ്ധിക്കേണ്ട ഭാഗങ്ങൾ വിട്ടുപോകരുതല്ലൊ.

    ReplyDelete
  12. ethayalum sir oru panaya vasthu annu alle........... annu 2 annakku panayam vachu. ennu panayam vechal enthu kittum

    ReplyDelete
  13. മനു,
    അന്നത്തെ രണ്ടണയുടെ വില ഇന്നു രണ്ടു കോടിയാണു.
    അപ്പൂട്ടാ,
    ബാല്യകാല സ്മരണകൾ നമ്മളിൽ എന്നും ബാല്യം നിലനിർത്തും.

    ReplyDelete
  14. ഇസ്മെയിൽ, ദോശ രുചിച്ചൂ അല്ലേ.... കമന്റിനു നന്ദി.

    ReplyDelete
  15. ഇക്കാ,

    ഹഹ..
    ദോശക്കഥ ഇഷ്ടായിട്ടോ..

    ReplyDelete
  16. കുഞ്ഞായീ
    താമസിച്ചണെങ്കിലും ദോശ കണ്ടുവല്ലേ ! കമന്റിനു നന്ദി.

    ReplyDelete
  17. അപ്പോള്‍ സാറിന് ഇപ്പോള്‍ രണ്ടു കോടി വില വരും എന്നാണോ പറയുന്നതു.

    ReplyDelete