Wednesday, November 2, 2011

ഇന്നലെ പെയ്ത മഴ

(ഈ കഥ നാലു ദിവസം മുമ്പ് മാധ്യമം വാരാദ്യപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്നു. ( ഒക്റ്റോബര്‍ മുപ്പത്) ഈ കഥ ആദ്യം കണ്ണൂര്‍ ബ്ലോഗ് മീറ്റില്‍ “അവള്‍ ഇന്നലെ വന്നിരുന്നു” എന്ന പേരില്‍ കഥാ മത്സരത്തിനായി അയച്ചെങ്കിലും ആ മത്സരം സാങ്കേതിക തകരാറിനാല്‍ നടന്നില്ലാ എന്ന് ഭാരവാഹികള്‍ അറിയിച്ചതിനാല്‍ അവിടെ നിന്നും തിരികെ വാങ്ങി മാധ്യമം പത്രം ഞായറാഴ്ച പതിപ്പില്‍ പ്രസിദ്ധീകരിക്കുന്നതിനായി അയക്കുകയായിരുന്നു. അവര്‍ ’‘ഇന്നലെ പെയ്ത മഴ’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. )
ഇന്നലെ പെയ്ത മഴ

വീട്ടില്‍ നിന്നും
ഇറങ്ങുമ്പോള്‍ കുട എടുക്കാന്‍ മറന്നത് കാരണം പെട്ടെന്നുണ്ടായ മഴയില്‍ നനഞ്ഞു കുളിച്ചാണ് ഞാന്‍ ബാര്‍ബര്‍ഷാപ്പില്‍ ഓടിയെത്തിയത്.

അപ്പോഴേക്കും എനിക്കും മുമ്പേ ഒരാള്‍, പരമു എന്ന് ഞങ്ങള്‍ ഓമന പേരിട്ട് വിളിക്കുന്ന ബാര്‍ബര്‍ പരമേശ്വരന്റെ മുമ്പില്‍ സ്ഥലം പിടിച്ച് കഴിഞ്ഞിരുന്നു.

തലയില്‍ ഇനിയും അവശേഷിക്കുന്ന മുടിയിഴകള്‍ ക്രമം തെറ്റി കഴുത്തിലേക്ക് നീളുന്നത് മുറിച്ച് ഒതുക്കണം, ഷേവ് ചെയ്യണം, കുളിക്കണം, അത്യാവശ്യമായി ഒരു മീറ്റിംഗില്‍ പങ്കെടുക്കണം, ഇങ്ങിനെ ഇന്ന് ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങള്‍ സമയബന്ധിതമായി ക്ലിപ്തപ്പെടുത്തിയതിനാലാണ് ആദ്യത്തെ ഇനങ്ങള്‍ക്കായി രാവിലെ തന്നെ ബാര്‍ബര്‍ഷാപ്പില്‍ എത്തിയത്. ഇനി ഇപ്പോള്‍ പരമു ചെയ്തു കൊണ്ടിരിക്കുന്ന തലയിലെ പണി പൂര്‍ത്തിയാകാന്‍ കാത്തിരിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് കണ്ടപ്പോള്‍ മഴയോടും എനിക്ക് മുമ്പേ ബാര്‍ബര്‍ഷാപ്പില്‍ എത്തിയ മനുഷ്യനോടും, ആമ വേഗതയില്‍ നീങ്ങുന്ന പരമുവിനോടും അതിയായ ഈര്‍ഷ്യ തോന്നി.

ഒരു മീറ്റിംഗില്‍ സമയത്ത് തന്നെ എത്തണമല്ലോ പരമുവേയ്...” ഞാന്‍ പരമുവിനോട് ആവലാതി പറഞ്ഞു.

കസേരയില്‍ ഇരിക്കുന്ന ആളെ തുണി പുതപ്പിക്കുന്നതിനിടയില്‍ അയാളുടെ തലയിലേക്ക് തന്റെ തലതിരിച്ചു പരമു പ്രതിവചിച്ചു:- “ഇനി ഇത് തീരാതെങ്ങിനെ സാറേ...”

മുന്‍ വശത്തെ കണ്ണാടിയിലൂടെ അയാള്‍ എന്നെ നോക്കുന്നത് ഞാന്‍ കണ്ടു.
രാവിലെ തന്നെ, കൊടുംകാട് വെട്ടിത്തെളിക്കണോ? ഓരോന്ന് വന്ന് കയറിക്കൊള്ളും മനുഷ്യരെ ബുദ്ധിമുട്ടിപ്പിക്കാന്‍ ...”

എന്നിങ്ങനെ ഞാന്‍ മനസില്‍ വിചാരിച്ചതേയുള്ളൂ ; പക്ഷേ എന്നെ അതിശയിപ്പിച്ച് കൊണ്ട് എന്റെ മനസ് വായിച്ചത് പോലെ അയാള്‍ പ്രതിവചിച്ചു:-“മന:പൂര്‍വം ബുദ്ധിമുട്ടിപ്പിക്കണമെന്ന് കരുതി വന്നതല്ല, സമയം വൈകിയാല്‍ വിടെ വരണമെന്നുള്ള തോന്നല്‍ ഇല്ലാതാകും......”

ചമ്മല്‍ മറക്കാനായി ഞാന്‍ അവിടെ കിടന്ന പത്രം വായിക്കാനായി കയ്യിലെടുത്തു.

അടുത്തകാലത്തെങ്ങും അയാള്‍ പരമുവിനെ സന്ദര്‍ശിച്ചിട്ടില്ലെന്ന് തെളിയിക്കും വിധം സമൃദ്ധമായി അയാളുടെ കറുപ്പും വെളുപ്പും കലര്‍ന്ന തലമുടിയും താടിയും വളര്‍ന്നിരുന്നല്ലോ!

പരമേശ്വരാ...” എന്ന അയാളുടെ വിളിയെങൂം?” എന്ന മൂളല്‍ കൊണ്ട് പരമു എതിരേല്‍ക്കുകയും ഒരു കയ്യില്‍ കത്രികയും മറുകയ്യില്‍ ചീര്‍പ്പുമായി തിരക്കിട്ട് ജോലി തുടരുകയും ചെയ്തു.

എന്നാലും അവള്‍ എന്നോടിത് ചെയ്യേണ്ടായിരുന്നെടോ...”

അയാളുടെ വാക്കുകള്‍ പത്രത്തിലൂടെ കണ്ണോടിച്ചിരുന്ന എന്റെ ശ്രദ്ധയെ തിരിച്ചുവിട്ടു.

പരമു കത്രിക നിശ്ചലമാക്കിയതിനു ശേഷം അയാളോടായി പറഞ്ഞുഎല്ലാം സഹിച്ചല്ലേ ഒക്കൂ ചേട്ടാ...”

എങ്ങിനെ സഹിക്കണമെന്നാടോ താന്‍ പറയുന്നത്...” അയാളുടെ ക്ഷോഭം പരമുവിനെ നിശ്ശബ്ദനാക്കി.

അത്രക്ക് എന്റെ ജീവനായിരുന്നു അവള്‍, എന്നേക്കാളും എത്രയോ ഇളപ്പമായിരുന്നെങ്കിലും എന്റെകൂടെ കഴിഞ്ഞ കാലം അവളെ ഞാന്‍ പൊന്ന് പോലെ നോക്കീല്ലേടോ....എന്നിട്ടും എന്നെ ഉപേക്ഷിച്ച്പോകാന്‍ അവള്‍ക്ക് എങ്ങിനെ കഴിഞ്ഞെടോ...?!”

! അതാണ് കാര്യം; ഞാന്‍ മനസില്‍ പറഞ്ഞു; അയാളുടെ പെമ്പ്രന്നോത്തി ചതിച്ച് കടന്ന് കളഞ്ഞു. താടിയും മുടിയും വളര്‍ത്തിയത് നിരാശ കൊണ്ടായിരിക്കാം. വീണ്ടും ഞാന്‍ പത്രത്തിലേക്ക് തിരിഞ്ഞു.

ഇപ്പോള്‍ പരമുവും അയാളും നിശ്ശബ്ദരാണ്.

പരമു കാട് വെട്ടി ഇറക്കി തീര്‍ന്നു. പുതച്ചിരുന്ന തുണി അഴിച്ചെടുത്ത് കുടഞ്ഞതിനു ശേഷം അത് കൊണ്ട്
അയാളുടെ പുറത്ത് വീണിരുന്ന മുടികളെല്ലാം തട്ടിക്കളഞ്ഞു.എന്നിട്ട് മറ്റൊരു ചെറിയ തുണി എടുത്ത് അയാളുടെ കഴുത്തില്‍ ചുറ്റിക്കെട്ടി ഷേവ് ചെയ്യാനുള്ള ഒരുക്കത്തിലായി.

പാതി ഉറക്കത്തില്‍ ഞാന്‍ അവള്‍ അടുത്ത് കിടപ്പുണ്ടെന്ന് കരുതി പതിവ് പോലെ ശരീരത്തില്‍ എവിടെയെങ്കിലും പിടിക്കാന്‍ കൈ നീട്ടും , ശ്ശേ ഇതെന്തൊരു കൂത്തെന്നും പറഞ്ഞുള്ള അവളുടെ ചിണുങ്ങല്‍ കേല്‍ക്കാതെ വരുമ്പോള്‍ ഞെട്ടി ഉണരും; ചിണുങ്ങാനായി അവള്‍ അടുത്തില്ലെന്നും എന്നെ ഉപേക്ഷിച്ച് പോയി എന്നുള്ള ബോധം തലയിലേക്കരിച്ച് കയറുമ്പോള്‍ എനിക്കുണ്ടാകുന്ന വേദനയുംഅവള്‍ എന്നെ തനിച്ചാക്കിയതിലുള്ള അരിശവും....അത് പറഞ്ഞാല്‍ തനിക്ക് മനസിലാകില്ലെടോ....”

അയാള്‍ തന്റെ പരിദേവനം തുടരട്ടെ എന്ന് കരുതി മുഖത്തെ സോപ്പ് പുരട്ടല്‍ നിര്‍ത്തി വെച്ച് , സോപ്പ്പത നിറഞ്ഞ ബ്രഷ് അയാളുടെ മുഖത്തിന് അല്‍പ്പ ദൂരത്തില്‍ ഉയര്‍ത്തി പിടിച്ച് പരമു നിശ്ചലനായിനിന്നു.എന്നിട്ട് അന്തരീക്ഷത്തിലെ മൂകത മാറ്റാന്‍ എന്നവണ്ണം ഇങ്ങിനെ ചോദിച്ചു :

"ചേച്ചിയോട് ചേട്ടന്‍
പിണങ്ങുമായിരുന്നോ"?

"എടോ ഭാര്യാ ഭര്‍ത്താക്കന്മാരുടെ പിണക്കത്തിന് ശേഷമുള്ള ഇണക്കത്തിന് ചൂട് കൂടുതലാണ്. ആ ചൂട് കിട്ടാന്‍ ഞാന്‍ അവളോട് പലപ്പോഴും പിണങ്ങും, അത് അവള്‍ക്കുമറിയാമായിരുന്നു”

കട്ടിംഗും ഷേവിംഗും നടത്തി പെട്ടെന്ന് അവിടം വിട്ട് പോകണമെന്നുള്ള എന്റെ തിടുക്കംഇല്ലാതാകത്തക്കവിധം അയാളിലുള്ള താല്പര്യം എന്നില്‍ വളര്‍ന്നിരുന്നല്ലോ. പത്രത്തിലായിരുന്നു എന്റെകണ്ണെങ്കിലും ശ്രദ്ധ മുഴുവന്‍ അയാളുടെ വാക്കുകളിലായിരുന്നു.

ആരെല്ലാം കൂടെ ഉണ്ടെങ്കിലും ഇണ അടുത്തില്ലെങ്കില്‍ ജീവിതം നരകം തന്നേടോ.. ഒരു മുറിയില്‍ ഉറക്കത്തിനായി ദാഹിച്ച് ഒറ്റക്ക് ഇരുട്ടിലേക്ക് നോക്കി കിടക്കുക.....എങ്ങിനെയെങ്കിലും നേരം വെളുപ്പിക്കുക, പിന്നെയും ഇരുട്ടാവുക....ഇത് വല്ലതും എന്നെ ഉപേക്ഷിച്ച് പോകുമ്പോള്‍ അവള്‍ ചിന്തിച്ചിരുന്നോ....“ ശബ്ദത്തിന് നേരിയ ചിലമ്പല്‍ വന്നുവെന്ന് എനിക്ക് തോന്നിയതിനാല്‍ ഞാന്‍ തല ഉയര്‍ത്തി കണ്ണാടിയിലേക്ക് നോക്കി. അയാളുടെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞ് മുഖത്തെ സോപ്പ് പതയിലൂടെ ഒഴുകിയ ഭാഗത്ത് പത അലിഞ്ഞ് പോയതിനാല്‍ അവിടം ഒരു വര പോലെ കാണപ്പെട്ടു.

അവസാ‍ന സമയം എന്റെ കൈ പിടിച്ച് നെഞ്ചത്ത് വെച്ച് ഞാന്‍ പോയാല്‍ കരയതരുതുട്ടാ....എന്ന് പറഞ്ഞിട്ടാടോ അവള്‍ കണ്ണടച്ചത്....”

അപ്പോള്‍ അയാള്‍ മാത്രമല്ല അവിടെ വിങ്ങിയത്.യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞപ്പോഴുള്ള ഞെട്ടലോടെ എന്റെയും ഉള്ളില്‍ ശക്തിയായി ഒരു വിങ്ങല്‍ അനുഭവപ്പെട്ടുവെന്ന് എനിക്ക് ഉറപ്പുണ്ട്.
കയ്യുടെ
പുറംഭാഗം കൊണ്ട് കണ്ണീര്‍ തുടച്ച് നേരിയ പുഞ്ചിരിയോടെ അയാള്‍ പറഞ്ഞു.
ഇന്നലെ രാത്രി അവള്‍ എന്റടുത്ത് വന്നു; നെഞ്ചിലും തലയിലും മുഖത്തും തടകിയിട്ട് ചോദിക്ക്വാ , എന്ത് ഭാവിച്ചിട്ടാ, മുടിയും താടിയും വളര്‍ത്തുന്നേ...നാളെ രാവിലെ ബാര്‍ബര്‍ ഷാപ്പില്‍ പോയി മുടിയും കളഞ്ഞു ഷേവും ചെയ്ത് സുന്ദരക്കുട്ടപ്പനായി കഴിയണം; ഇനി ഞാന്‍ വരുമ്പം മുഖം എനിക്ക് നന്നായി കാണണം......ഞാന്‍ ഉണര്‍ന്നപ്പോള്‍ സത്യമായിട്ടും അവളുടെ ചൂട് എന്റെ ശരീരത്തിലുണ്ടായിരുന്നു...അതാടോ നേരം വെളുക്കുന്നതിനു മുമ്പ് തന്നെ തേടി ഞാന്‍ വന്നത്......”

കണ്ണാടിയില്‍ അയാളുടെ നിറഞ്ഞ കണ്ണുകള്‍ അവ്യക്തമായേ എനിക്ക് കാണാന്‍ കഴിഞ്ഞുള്ളൂ, കാരണം എന്റെ കണ്ണുകളും നിറഞ്ഞിരുന്നല്ലോ!!!

എല്ലാ കഥകളും അറിയാമെന്നതിനാലായിരിക്കാം പരമു തല കുനിച്ച് നിന്നത്.

പുറത്ത് മഴ ശക്തിയായി കോരി ചൊരിഞ്ഞ് കൊണ്ടിരുന്നു. മാനത്ത് ഇരുന്നും ആരോ കരയുന്നത് പോലെ...

32 comments:

  1. മാധ്യമതില്‍ വായിച്ചിരുന്നു.
    നല്ല കഥ.

    ReplyDelete
  2. നല്ല കഥ ഷെരീഫിക്ക!
    ഇഷ്ടപ്പെട്ടു.

    ReplyDelete
  3. നല്ല കഥ ... കണ്ണ് നിറഞ്ഞു വായിച്ചപ്പോള്‍

    ReplyDelete
  4. “ആരെല്ലാം കൂടെ ഉണ്ടെങ്കിലും ഇണ അടുത്തില്ലെങ്കില്‍ ജീവിതം നരകം തന്നേടോ.. ഒരു മുറിയില്‍ ഉറക്കത്തിനായി ദാഹിച്ച് ഒറ്റക്ക് ഇരുട്ടിലേക്ക് നോക്കി കിടക്കുക.....എങ്ങിനെയെങ്കിലും നേരം വെളുപ്പിക്കുക, പിന്നെയും ഇരുട്ടാവുക..

    ആ അവസ്ഥ ആലോചിക്കാനാവുന്നില ... വല്ലാതെ വിഷമിപ്പിച്ചല്ലോ മാഷേ .... കഥ നന്നായി പറഞ്ഞു . ആശംസകളോടെ ... (തുഞ്ചാണി)

    ReplyDelete
  5. മാഷേ... നല്ല കഥ....
    നന്നായിട്ടുണ്ട്...

    ReplyDelete
  6. കഥ വളരെ ഇഷ്ടായി
    ഒരു പെരുമഴ

    ReplyDelete
  7. വായിച്ചു തീര്‍ന്നപ്പോള്‍ നെഞ്ചിലൊരു പിടച്ചില്‍ .. നേരിടേണ്ടി വരുന്ന അവസ്ഥകള്‍ തുറിപ്പിച്ചു നോക്കുന്നു വരികളില്‍..
    മനോഹരമായി അവതരിപ്പിച്ചു..

    ReplyDelete
  8. കഴിഞ്ഞ ദിവസം പത്രത്തിലും വായിച്ചു ...നല്ല കഥ ..

    ReplyDelete
  9. നല്ല കഥ ഷരീഫ്ക്കാ... ഇണയെ പിരിയുന്ന കാര്യം ആലോചിക്കുംമ്പോഴേ ഒരു പിടച്ചില്‍. ആശംസകള്‍

    ReplyDelete
  10. നല്ല കഥ ഷെരീഫിക്ക!

    ReplyDelete
  11. നല്ല കഥ. അഭിനന്ദനങ്ങള്‍....

    ReplyDelete
  12. മാധ്യമത്തില്‍ വായിച്ചപ്പോള്‍ തന്നെ താങ്കളെ വിളിച്ചു അഭിനന്ദനങ്ങള്‍ അറിയിക്കാന്‍ ആഗ്രഹിച്ചിരുന്നു. നമ്പര്‍ തെരഞ്ഞു കിട്ടിയില്ല. പിന്നെ അത് മറന്നു. കഥ വളരെ ഇഷ്ടായി. മനസ്സില്‍ ഒരു ചെറിയ കുത്ത് കിട്ടി, ആ പഞ്ചിംഗ് സമയത്ത്. ബക്രീദ് ആശംസകളോടെ.
    http://surumah.blogspot.com

    ReplyDelete
  13. ഹോ ഷരീഫിക്കാടെ കഥയാണൊ അത്..?ഞാന്‍ കരുതീത് മാത്രുഭൂമീലൊക്കെ വരക്കണ ഷരീഫാണെന്നാണു.
    നന്നായിട്ടുണ്ട്ട്ടൊ ശരിക്കും.ഞാന്‍ കരുതും ചെയ്തു എനിക്കൊന്നും ഇങ്ങനെ എഴുതാനാകണില്ലല്ലോ എന്ന്..

    ReplyDelete
  14. നല്ല കഥ. ഇഷ്ടപ്പെട്ടു.

    ReplyDelete
  15. പ്രിയ മുഖ്താര്‍,
    പ്രിയപ്പെട്ട ജയന്‍ ഏവൂര്‍,
    പിയം നിറഞ്ഞ യൂനുസ്,
    പ്രിയ പോളി ട്രിക്സ്,
    നിങ്ങളുടെ എല്ലാം അഭിപ്രായങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി ചങ്ങാതിമാരേ!!
    പ്രിയ വേണുഗോപാല്‍,ആ വിഷമം എന്റെ മനസിലുമുണ്ടായതിന്റെ ബഹിര്‍സ്ഫുരണമാണ് ഈ കഥ. നന്ദി.
    പ്രിയ നൌഷാദ്,
    പ്രിയ ഷാജു അത്താണിക്കല്‍,
    അഭിപ്രായങ്ങള്‍ക്ക് നന്ദി ചങ്ങാതിമാരേ!

    പ്രിയ ജെഫു ജൈലാഫ്, പലരുടെയും അനുഭവങ്ങള്‍ നമ്മെ ചിന്തിപ്പിക്കുന്നു സുഹൃത്തേ! സന്ദര്‍ശനത്തിനു നന്ദി.

    പ്രിയപ്പെട്ട കൊച്ചുമോള്‍,
    പ്രിയ ഷബീര്‍,
    പ്രിയ രാജീവ്,
    പ്രിയ മനോജ്-ഭാസ്കര്‍,
    അഭിപ്രായങ്ങള്‍ക്കും സന്ദര്‍ശനത്തിനും നന്ദി സുഹൃത്തുക്കളേ!
    പ്രിയപ്പെട്ട വി.പി.അഹമദ്, താങ്കളുടെ നല്ല മനസിനു നന്ദി പറയുന്നു സുഹൃത്തേ!

    പ്രിയപ്പെട്ട മുല്ലാ, ചില അഭിപ്രായങ്ങള്‍ അവാര്‍ഡാകാറുണ്ട്. ഈ അഭിപ്രായം ഞാന്‍ ഒരു അവാര്‍ഡായി കണക്കാക്കുന്നു.

    പ്രിയപ്പെട്ട പ്രദീപ് കുമാര്‍, നന്ദി സുഹൃത്തേ!

    ReplyDelete
  16. പ്രിയം നിറഞ്ഞ ജയന്‍ (പൊന്മളക്കാരന്‍ ) നന്ദി സുഹൃത്തേ!

    ReplyDelete
  17. വളരെ നന്നായിട്ടുണ്ട്. ഞാനും ഈസമയം ആ ബാർബർഷോപ്പിൽ ഒരു ഭാഗത്തിരിക്കുകയായിരുന്നെന്ന് തോന്നിപ്പിച്ചു ഇതിലെ കഥാകഥനരീതി.

    ReplyDelete
  18. വളരെ സന്തോഷം തോന്നുന്നു ബൂലോകത്ത് നല്ല ഒരു കഥ പറഞ്ഞുതന്നതില്‍. നിയമവീഥിയിലൂടെയുള്ള സഞ്ചാരത്തിനിടയില്‍ ഇത്തരത്തില്‍ കാമ്പുള്ളകഥകള്‍ എഴുതുന്നത് താങ്കള്‍ക്കും വായനക്കാരായ ഞങ്ങള്‍ക്കും സന്തോഷദായകംതന്നെയെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
    ആശംസകള്‍...

    ReplyDelete
  19. വേദനിപ്പിക്കുന്ന ഒരു കഥ .
    ഇടയ്ക്ക് ഞാന്‍ ബ്ലോഗില്‍ വന്നു നോക്കാറുണ്ട്.
    "സാധന"ത്തിന്റെ കഥ വല്ലതും വീണ്ടും വന്നോ എന്നറിയാന്‍. ആശംസകള്‍

    ReplyDelete
  20. വളരെ നന്നായിരുന്നു , തൊട്ടടുത്ത്‌ ഇരിക്കുന്ന സഹപ്രവര്‍ത്തകനായ പാകിസ്ഥാനി കാണാതെ കണ്ണ് തുടച്ചിട്ടും മുന്നില്‍ അക്ഷരങ്ങള്‍ ശരിക്കും തെളിയുന്നുണ്ടായിരുന്നില്ല.

    ReplyDelete
  21. പ്രിയപ്പെട്ട അബ്ദുല്‍ നിസാര്‍, നന്ദി സുഹൃത്തേ, ഇവിടെ വന്നതില്‍.കൂടുതല്‍ കൂടുതല്‍ അനുഭവങ്ങള്‍ ജീവിതത്തില്‍ വരുമ്പോള്‍ “സാധനങ്ങളും” ഇങ്ങിനെ നമ്മെ തേടി വരും. ഏതിനും എന്റെ ബ്ലോഗ് സന്ദര്‍ശിക്കുന്നു എന്നറിഞ്ഞതില്‍ കൃതാര്‍ത്ഥനായി.

    പ്രിയപ്പെട്ട നൌഷാദ് തെക്കിനിയത്ത്, കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.ബാര്‍ബര്‍ ഷോപ്പും കഥാ നായകനും യഥാര്‍ത്ഥമാണ്.അതിനാല്‍ ആത്മാര്‍ത്ഥമായി എഴുതാന്‍ കഴിഞ്ഞു.

    ReplyDelete
  22. പ്രിയപ്പെട്ട സജീം
    പ്രിയപ്പെട്ട കൊട്ടോട്ടീ
    അഭിപ്രായങ്ങള്‍ക്ക് ഹൃദയംഗമായ നന്ദി രേഖപ്പെടുത്തുന്നു.

    ReplyDelete
  23. നല്ല ഒരു കഥ...
    ഒഴുക്കുള്ള എഴുത്ത്...
    ആശംസകള്‍

    ReplyDelete
  24. മരണം മൗനത്തേക്കാള്‍ വാചാലമാകുന്ന നിമിഷങ്ങള്‍ക്ക് ചടുലമായ ഭാവം പകര്‍ന്ന എഴുത്തുകാരന് നന്ദി

    ReplyDelete
  25. കഥ മാധ്യമത്തില്‍ നിന്നു വായിച്ചിരുന്നു.ജീവനുള്ള കഥയാണ്.വ്യത്യ്സ്ഥമായ കഥകള്‍ ഇനിയും എഴുതൂ ഷരീഫിക്കാ..

    ReplyDelete
  26. തൂതപ്പുഴ എന്ന് കേല്‍ക്കുമ്പോള്‍ മുനീറിനെ ഓര്‍മ വരും....ഇവിടെ വന്ന് അഭിപ്രായം രേഖപ്പെടുത്തിയതില്‍ നന്ദി ചങ്ങാതീ.

    ReplyDelete