Monday, November 7, 2011

"പൊണ്ടാട്ടി ഊരുക്ക് പോച്ച് "

"പൊണ്ടാട്ടി ഊരുക്ക് പോച്ച് "

ഷരീഫ് കൊട്ടാരക്കര


ഭാര്യ അവളുടെ വീട്ടില്‍ കുട്ടികളുമായി രണ്ട് ദിവസം കഴിയാന്‍ പോകുന്നു ന്നറിഞ്ഞപ്പോള്‍ അയാള്‍ എതിര്‍പ്പ് പറഞ്ഞില്ല. മാത്രമല്ല, അവള്‍ യാത്രക്കായി അനുവാദം ചോദിച്ചപ്പോള്‍ എന്ത് കൊണ്ടോ ഉള്ളില്‍ അഹ്ലാദം നുരഞ്ഞ് പൊന്തുന്നതായി അയാള്‍ക്ക് അനുഭവപ്പെടുകയും ചെയ്തു.

വന്യമായ ഒരു ആഹ്ലാദം.

ഭാര്യയെ അയാള്‍ക്ക് നന്നെ ഇഷ്ടമായിരുന്നു. കുട്ടികള്‍ അയാള്‍ക്ക് പ്രാണനുമായിരുന്നു.

എന്നിട്ടും രണ്ട് ദിവസത്തെ അവരുടെ അഭാവത്തെയും തുടര്‍ന്ന് തനിക്ക് അനുഭവപ്പെടാന്‍ പോകുന്ന ഏകാന്തതയെയും താന്‍ ഇഷ്ടപ്പെടുന്നു എന്ന് അയാള്‍ തിരിച്ചറിഞ്ഞു.

ആവര്‍ത്തന വിരസമായ ജീവിതത്തില്‍ നിന്നും അല്പമായിട്ടായാലും വിടുതല്‍ ലഭിക്കുവാന്‍ മനസ് കൊതിക്കുന്നത് കൊണ്ടാകുമോ സന്തോഷം. അതോ ചുറ്റ്പാടിനാലും കുടുംബജീവിതാ‍ന്തന്തരീക്ഷത്തിനാലും മനസിന്റെ ഏതോ മൂലയിലെ തടവറയില്‍ തളക്കപ്പെട്ട ആസക്തികള്‍ പുറത്ത് വരുന്നതിനു അനുകൂല സാഹചര്യം സൃഷ്ടിക്കപ്പെട്ടു എന്ന ചിന്തയാലോ?!

പഴയ ഒരു തമിഴ് സിനിമയില്‍ ഭാര്യയെയും കുട്ടികളെയും സങ്കടത്തോടെ ഊരിലേക്ക് ബസ് കയറ്റി വിട്ടതിന് ശേഷംഎന്‍ പോണ്ടാട്ടി ഊരുക്ക് പോച്ചെയ്എന്ന് അലറി വിളിച്ച് അര്‍മാദിക്കുന്ന തമിഴന്റെ ചിത്രം അയാളുടെ മനസിലേക്ക് കടന്ന് വന്നപ്പോള്‍ കുടുംബ ജീവിതം നയിക്കുന്ന പുരുഷന്മാര്‍ക്ക് പരക്കെ ബാധിക്കുന്ന അസുഖമായിരിക്കാം ഇതെന്ന് അയാള്‍ സമാധാനിച്ചു.

രാവിലെ മില്‍മാ പാലിനായുള്ള കാത്തിരിപ്പ്, വാഴ ഇലയില്‍ ഭാര്യ പൊതിഞ്ഞ് തരുന്ന പതിവ് ഉച്ച ഭക്ഷണമായ ചോറു , ചമ്മന്തി ഉപ്പിലിട്ടത്, 6മണിക്ക് വീട്ടിലെത്തി ചേരുമ്പോള്‍ അവള്‍ തരുന്ന കടലാസ് തുണ്ടിലെ പലവ്യഞ്ജനങ്ങള്‍ വാങ്ങാന്‍ പീടികയിലേക്കുള്ള യാത്ര, മൂത്ത കുട്ടിക്ക് അടുത്ത ദിവസം സ്കൂളിലേക്കുള്ള ഹോംവര്‍ക്ക് പറഞ്ഞ് കൊടുക്കല്‍,....എല്ലാറ്റിനും രണ്ട് ദിവസത്തേക്ക് അവധി.

രണ്ട് ദിവസം അടിച്ച് പൊളിക്കണംഉള്ളിലെ പിശാച് മന്ത്രിച്ചു.

വിവാഹ ശേഷവും തുടര്‍ന്നതും ഭാര്യയുടെ സ്നേഹപൂര്‍വമായ പിണക്കത്താല്‍ അവസാനിപ്പിച്ചതുമായ കൂട്ടുകാരുമായുള്ള കമ്പനി കൂടല്‍, രണ്ട് ദിവസത്തേക്കെങ്കിലും ഊര്‍ജിതത്തില്‍ വരുത്തണമെന്ന് അയാള്‍ തീരുമാനിച്ചു. “ഭാര്യ കൂട് തുറന്ന് വിട്ടോടാഎന്ന അവരുടെ പരിഹാസത്തെ അവഗണിച്ചാല്‍ മതിയല്ലോ.

തൊട്ടടുത്ത വീട്ടിലെ പെണ്ണ് താന്‍ ഇപ്പുറത്ത് വീട്ടില്‍ നില്‍ക്കുന്നു എന്നറിഞ്ഞ്കൊണ്ടും എന്നാല്‍ ഒന്നും അറിയാത്ത ഭാവത്തിലുമുള്ള ചുറ്റി തിരിയലും ഇടം കണ്ണിട്ട് നോട്ടവും ഭാര്യയെ ഭയന്ന് താന്‍ കണ്ടില്ലെന്ന് നടിക്കുമെങ്കിലും നാളെ ധൈര്യമായി അതെല്ലാം ആസ്വദിക്കാമെന്നും അയാള്‍ കണക്ക് കൂട്ടി.

അങ്ങിനെ രണ്ട് ദിവസത്തെ അര്‍മാദിക്കലിനായി ആഫീസില്‍ നിന്നും അവധിയുമെടുത്ത് വൈകുന്നേരം അയാള്‍ വീട്ടിലേക്ക് പാഞ്ഞു.

രാത്രി ആഹാരത്തിനായി, ഭാര്യക്ക് ഇഷ്ടമില്ലാത്തതും താന്‍ ഇഷ്ടപ്പെടുന്നതുമായ മൈദാ പത്തിരിയും കോഴി പൊരിച്ചതും ഹോട്ടലില്‍ നിന്നും വാങ്ങാന്‍ അയാള്‍ മറന്നുമില്ലല്ലോ.

ഗേറ്റ് കടക്കുമ്പോള്‍അഛാ!“ എന്ന് വിളിച്ച് തന്റെ നേരെ കൈ നീട്ടി പാഞ്ഞ് വരുന്ന ഇളയ കുട്ടിയെ വീടിനു മുന്‍ വശം കാണാതിരുന്നപ്പോള്‍ , അവന്‍ മൈലുകള്‍ക്കപ്പുറത്ത് നേരം എന്ത് ചെയ്യുകയായിരിക്കാം എന്ന ചിന്ത മനസിന്റെ മൂലയിലെവിടെയോ നേരിയ നൊമ്പരം ഉളവാക്കിയോ എന്ന് അയാള്‍ക്ക് നിശ്ചയമില്ലായിരുന്നു. പക്ഷേ താന്‍ കടന്ന് വരുമ്പോള്‍ മുന്‍ വാതിലില്‍ നിന്ന് തന്റെ കയ്യിലെ ബാഗ് വാങ്ങി വെക്കുന്ന ഭാര്യയുടെ അഭാവം അയാളില്‍ ശുണ്ഠി ഉളവാക്കി എന്ന് അയാള്‍ക്ക് തീര്‍ച്ച ഉണ്ട്. കതക് തുറന്ന് അകത്ത് കയറിയപ്പോള്‍ വീടിനുള്ളിലെ ഇരുട്ടും മൂകതയും തന്റെ നേരെ പല്ലിളിച്ച് കാണിക്കുന്നതായി അയാള്‍ക്ക് അനുഭവപ്പെട്ടു.

പതിവ് ചായ, കയ്യില്‍ തരാന്‍ ഭാര്യ ഇല്ലാത്തതിനാല്‍ ചായ തയാറാക്കുന്നതിനു സ്റ്റൌ കത്തിക്കാന്‍ അയാള്‍ ശ്രമിച്ചു. താന്‍ പാകം ചെയ്ത ചായക്കും റോഡിലൂടെ ഒഴുകി വരുന്ന മഴവെള്ളത്തിനും ഒരേ നിറമാണെന്ന് കണ്ടപ്പോള്‍ ഗ്ലാസിലെ ചായയില്‍ പകുതി മാത്രം കുടിച്ച് ബാക്കി വാഷ് ബെയ്സിനിലേക്കൊഴിക്കുകയും ചെയ്തു.

മറ്റാരെയും കാത്തിരിക്കാനില്ലാത്തതിനാല്‍ നേരത്തെ തന്നെ രാത്രി ആഹാരം കഴിക്കാമെന്ന് കരുതി ഹോട്ടലില്‍ നിന്നും വാങ്ങിയ പൊതി അഴിച്ച് ഊണ്‍ മേശയുടെ മുകളില്‍ വെച്ച് തനിക്ക് ഏറെ ഇഷ്ടപ്പെട്ട പത്തിരിയും പൊഴിച്ച കോഴിയും ആസ്വദിച്ച് കഴിക്കാനുള്ള ഒരുക്കത്തിലായി അയാള്‍. രണ്ട് കുട്ടികളുടെ അമ്മ ആയതിനു ശേഷവും ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുമ്പോള്‍ തന്റെ കയ്യില്‍ നിന്നും ഉരുള വാങ്ങി തിന്നാന്‍ താല്പര്യം കാണിക്കുന്ന ഭാര്യ ഇന്ന് ആരുടെ കയ്യില്‍ നിന്നും ഉരുള വാങ്ങി കഴിക്കുമെന്ന ചിന്ത അയാളുടെ മനസില്‍ മ്ലാനത ഉളവാക്കിയതിനാലായിരിക്കണം പത്തിരിയിലും കോഴി പൊരിച്ചതിലും രുചി അനുഭവപ്പെടാതിരുന്നത്.

ശേഷിച്ച ഭക്ഷണം കടലാസില്‍ പൊതിഞ്ഞ് തെങ്ങിന്‍ തടത്തിലേക്ക് എറിയുവാനായി മുറ്റത്തേക്ക് ഇറങ്ങിയ അയാള്‍, ആകാശത്തില്‍ പൂര്‍ണ ചന്ദ്രന്‍ , പ്രഭ ചൊരിഞ്ഞ് നില്‍ക്കുന്നത് കണ്ടു.

പൂര്‍ണ ചന്ദ്രന്‍ അവള്‍ക്ക് ഹരമായിരുന്നല്ലോ. ചന്ദ്രന്‍ ഉദിച്ച് ഉയരുന്നത് നിര്‍ന്നിമേഷയായി നോക്കി നിന്നതിനു ശേഷം തന്നെ വീക്ഷിക്കുന്ന കണ്ണുകളിലെ രാഗത്തിന്റെ ആഴം എത്രമാത്രമാണെന്ന് അളക്കാന്‍ ഒരിക്കലും തനിക്ക് കഴിഞ്ഞിരുന്നില്ലാ എന്ന ചിന്തയായിരുന്നു ഉറങ്ങാന്‍ നേരം അയാളുടെ മനസില്‍.

കുട്ടികളുടെ തലയില്‍ തടകുന്നു എന്നും ഭാര്യയെ മാറത്തേക്ക് വലിച്ചടുപ്പിച്ച് നെറ്റിയില്‍ ഉമ്മ വെക്കുന്നുവെന്നുംഇനി എന്നെ തനിച്ചാക്കി പോകരുതെന്ന്അവളോട് കര്‍ശനമായി പറയുന്നുവെന്നും സ്വപ്നം കണ്ട്കൊണ്ടാണ് അയാള്‍ ഞെട്ടി ഉണര്‍ന്നത്.വീണ്ടും ഉറങ്ങാനാവാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ നേരം പുലരാന്‍ ഇനിയും ഏറെ സമയമുണ്ടെന്ന ചിന്ത മനസില്‍ അസ്വസ്ഥത ഉളവാക്കി.

കൂട്ടുകാരുമായി രണ്ട്ദിവസം കമ്പനി കൂടണമെന്നുള്ള ആഗ്രഹത്തെയും, അയല്പക്കത്തെ പെണ്‍കുട്ടി തന്റെ നേരെ ചാഞ്ഞും ചരിഞ്ഞും നോക്കി പൊങ്ങി ചാടുന്നതിനെയും, രണ്ട് ദിവസം ലഭിക്കുന്ന സര്‍വ സ്വാതന്ത്ര്യത്തെയും, അവഗണിച്ച് അതിരാവിലെ വീടും പൂട്ടി അയാള്‍ പാഞ്ഞ് പോയത് ബസ് സ്റ്റാന്റിലേക്കായിരുന്നുവല്ലോ. ഭാര്യയുടെ നാട്ടിലേക്കുള്ള ആദ്യ ബസ് ആയിരുന്നു അയാളുടെ ലക്‌ഷ്യം എന്ന് തീര്‍ച്ച.

No comments:

Post a Comment