Tuesday, July 17, 2012

അപകടങ്ങള്‍!.അപകടങ്ങള്‍.

എനിക്ക്   പ്രത്യേക  സ്വഭാവ  ഗുണമുള്ള   ചില യുവ  സുഹൃത്തുക്കളുണ്ട്. അതില്‍  ഒരാളാണ്  ഫാസില്‍ ഇസ്മെയില്‍. അദ്ദേഹം ഫെയ്സ് ബുക്കില്‍   സുപരിചിതനാണ്.

കമ്പ്യൂട്ടര്‍  വിദഗ്ദനായ  ഫാസില്‍  നല്ലൊരു  ഫോട്ടോഗ്രാഫര്‍  കൂടിയാണ്. വാഹന അപകടങ്ങളുടെ  ഫോട്ടോ  എടുക്കുന്നതിലാണ്   കൂടുതല്‍  താല്പര്യം  എന്നിടത്താണ്  അയാളുടെ  പ്രത്യേകത.  സമീപസ്ഥലങ്ങളിലും  യാത്രാ വേളകളിലും   കാണപ്പെടുന്ന   വാഹന അപകടങ്ങളുടെ  ബാക്കി  ഫലം  അയാള്‍   ക്യാമറയുടെ  ഉള്ളിലേക്ക്  ആവാഹിക്കും. അങ്ങിനെ  എടുത്തതും  മറ്റ്  പലതരത്തില്‍  സംഘടിച്ചതുമായ അപകട  രംഗങ്ങളുടെ    ഒരു    ചിത്ര ശേഖരം   ഈ യുവാവിന്റെ  കൈവശം  കണ്ട  ഞാന്‍   അതില്‍  കുറച്ച്  ആവശ്യപ്പെട്ടപ്പോള്‍   അയാള്‍  മടികൂടാതെ  തന്നതാണ്   ഈ  ലേഖനത്തില്‍  ചേര്‍ത്തിരിക്കുന്നത്.

ഈ ചിത്രങ്ങളിലൂടെ  കണ്ണോടിക്കുക.

വളരെ  വര്‍ഷങ്ങള്‍ക്ക്  മുമ്പ്  പത്ത്   കാള  വണ്ടികളും   രണ്ട്  സൈക്കിളുകളും  വല്ലപ്പോഴും  ഒരു  കാറും  പോകാനായി  വെട്ടി  ഉണ്ടാക്കിയ   പാതകള്‍  പരിഷ്കരിച്ച്  റോഡുകളാക്കിയതാണ്  ഇപ്പോള്‍  ഈ  നാട്ടിലെ  പ്രധാന  സഞ്ചാര  മാര്‍ഗങ്ങളില്‍    പലതും.  അതിലൂടെയാണ്   ഓരോ  നിമിഷത്തിലും  നൂറു  കണക്കിനു  വാഹനങ്ങള്‍  ചീറി  പായുന്നത്.

 ഈ  നാട്ടിലെ   മൊത്തം  വാഹങ്ങള്‍  ഒരു  ദിവസം  ഒരു  പ്രത്യേക    സമയത്ത്    നിരത്തില്‍  ഇറക്കി  നിര്‍ത്തി  എന്ന്  സങ്കല്‍പ്പിക്കുക.  കേരളത്തിലെ  മൊത്തം   റോഡുകളുടെ   നീളം  അളന്ന്   കണ്ടെത്തുക.  തുടര്‍ന്ന്   ഇവിടെ  രജിസ്റ്റര്‍  ചെയ്ത  വാഹനങ്ങളുടെ  നീളവും  കണക്ക്   കൂട്ടി  എടുക്കുക.  റോഡുകളുടെ  നീളത്തേക്കാളും  അധികമായിരിക്കും  ആകെ  വാഹനങ്ങളുടെ  നീളം  എന്ന്  കണ്ടെത്താനാകും.  അതായത്  നമ്മുടെ  ഈ കൊച്ച്  കേരളത്തിലെ  റോഡുകള്‍ക്ക്  നമ്മുടെ  നാട്ടിലെ   മൊത്തം  വാഹനങ്ങളെ   ഉള്‍ക്കൊള്ളാന്‍  തക്ക വിധം  സൌകര്യം  ഇല്ലാ എന്ന് വ്യക്തം.

 പണ്ട്   ഒരു  പ്രദേശത്തെ  വീടുകളില്‍  ചിലതില്‍,   സഞ്ചരിക്കാനായി  ഒരു  സൈക്കില്‍  ഉണ്ടാകുമായിരുന്നു.  വലിയ  പണക്കാരുടെ  വീടുകളില്‍  കാറും.  കാറ്  ആഡംബരത്തിന്റെയും  സമ്പത്തിന്റെയും  പ്രതീകമായിരുന്നു. ഇന്ന്  നാലക്ക സംഖ്യ   കയ്യിലുണ്ടെങ്കില്‍  കാറു  വാങ്ങാന്‍  ബാങ്ക്കാര്‍    ബാക്കി  തുകയുടെ   ലോണുമായി   നമ്മുടെ  വീടിനു  മുന്‍‌വശത്ത്  തയാറായി   നില്‍ക്കുന്നതിനാല്‍    ഓരോ  വീടിലും    ഒന്നിലധികം  വാഹനങ്ങള്‍   കാണപ്പെടുന്നു  എന്നതില്‍  അതിശയിക്കേണ്ടതില്ല.ഇവയെല്ലാം  ഒരുമിച്ച്  വിദ്യാലയവും  ആഫീസുകളും   പ്രവര്‍ത്തിക്കുന്ന   സമയത്തു    നിരത്തിലേക്കിറങ്ങുമ്പോഴുള്ള  അവസ്ഥ ചിന്തിച്ച്  നോക്കുക.  നിയമം  ധിക്കരിക്കാനുള്ള  മലയാളിയുടെ  സവിശേഷതയും  മറ്റുള്ളവരോടുള്ള  അസഹിഷ്ണതയുടെ   ആഴവും  ഒരുമിക്കുമ്പോള്‍  അപകടങ്ങളുടെ  തോത്  വര്‍ദ്ധിക്കുന്നതിനു  കാരണമാകുന്നു.


അപകടങ്ങള്‍! അപകടങ്ങള്‍! ദിവസവും  പത്ര  താളുകളില്‍  അപകടങ്ങളുടെ  വാര്‍ത്തകള്‍  മാത്രം.  ദിനേനെ  എത്രയെത്ര വിലയുറ്റ  ജീവിതങ്ങള്‍  പൊലിയുന്നു. ജീവിച്ചിരുന്നിട്ടും  മരിച്ചതിനൊപ്പം  എത്രയോ  യുവത്വങ്ങള്‍! മൂക്കിനു  താഴെ  നാലു രോമം  വന്നു കഴിഞ്ഞാല്‍  ആണ്‍കുട്ടികള്‍ക്ക്  ഇരുചക്ര വാഹനം  ഒഴിച്ചുകൂടാനാവാത്ത വസ്തു  ആയി  മാറുന്നു.അരുമ പുത്രന്റെ  നിര്‍ബന്ധത്തിന്  വഴങ്ങി  മോട്ടോര്‍  സൈക്കില്‍  വാങ്ങിക്കൊടുക്കുന്ന  മാതാപിതാക്കള്‍  മകന്‍   വീട്ടില്‍  തിരിച്ചെത്തുന്നത്  വരെ  നെഞ്ചിടിപ്പോടെ  കഴിയുന്ന  വിവരം   ഒരു  കുട്ടികളും  തിരിച്ചറിയുന്നില്ലാ  എന്നുള്ളതാണ് സത്യം. നമ്മുടെ  റോഡിന്റെ  ദുരവസ്ഥയും  വാഹനങ്ങളുടെ  നിയന്ത്രണാതീതമായ  മരണ പാച്ചിലും  ദിനേനെ  കാണുന്ന   മാതാപിതാക്കള്‍ക്ക്  എങ്ങിനെ  നെഞ്ചിടിപ്പില്ലാതെ  ജീവിക്കാന്‍  കഴിയും! എന്തെങ്കിലും  ദുരന്തം സംഭവിച്ച്  കഴിഞ്ഞാല്‍  ഇര അപ്പോള്‍ തന്നെ  ഈ  ലോകത്തോട് യാത്ര  പറയുന്ന  സംഭവങ്ങളില്‍  ജീവിച്ചിരിക്കുന്നവര്‍  അവരുടെ  ജീവിത   അവസാനം  വരെ,  തങ്ങളെ  വിട്ട്  പോയവരുടെ   ദു:ഖസ്മരണകളുമായി  നിമിഷങ്ങള്‍  കഴിച്ചു  കൂട്ടേണ്ടി  വരുന്ന  അവസ്ഥ ദയനീയമാണ്. മോട്ടോര്‍  സൈക്കിളിലും  കാറിലും   ചീറി പായുന്ന  പുതിയ  തലമുറ  അല്‍പ്പമെങ്കിലും  ഇതിനെ  പറ്റി  ചിന്തിച്ചിരുന്നെങ്കില്‍.

എന്റെ ഒരു  സഹപ്രവര്‍ത്തകയുടെ  കാര്യം  ഓര്‍മയില്‍  വരുന്നു.  അവരുടെ  രണ്ട് കുട്ടികളില്‍  മൂത്തത്    പെണ്‍കുട്ടിയും  രണ്ടാമത്തേത്  ആണ്‍കുട്ടിയും  ആയിരുന്നു. ആഫീസില്‍  വരുമ്പോള്‍  മകന്റെ  കുസൃതികളും മറ്റും  പറയുമ്പോള്‍  ആ  മാതാവിന്റെ  മുഖത്ത്  വിരിഞ്ഞിരുന്ന  പാല്‍  നിലാവ്  ഇപ്പോഴും  എന്റെ  ഓര്‍മ്മകളില്‍  നിറഞ്ഞ്  നില്‍ക്കുകയാണ്.അവരുടെ  എല്ലാ ദു:ഖങ്ങളും  മകനുമായി  സമയം  പങ്കിടുമ്പോള്‍  മറന്നിരുന്നു.  വര്‍ഷങ്ങള്‍  കടന്ന്  പോയി. സഹപ്രവര്‍ത്തക  ശിരസ്തദാരായി  ഉദ്യോഗക്കയറ്റം കിട്ടി വിദൂരമായ  നഗരത്തില്‍  ജോലിക്ക്  പോയി   തുടങ്ങി. ജോലി സ്ഥലത്ത്  നിന്നും  തിരികെ  വരുമ്പോള്‍ സന്ധ്യ   കഴിഞ്ഞിരിക്കും.  എങ്കിലും    മകന്‍  ബസ് സ്റ്റോപ്പില്‍  കാത്ത്  നിന്ന്  അമ്മയെയും  മോട്ടോര്‍സൈക്കിളില്‍  ഇരുത്തി   തമാശകളും  പറഞ്ഞ്  വീട്ടിലേക്ക്  തിരിക്കും.  വീടിന്റെ  പടിക്കല്‍  എത്തി  ചേരുമ്പോള്‍   അമ്മയെ  മുമ്പേ  നടക്കാന്‍  പറഞ്ഞിട്ട്  ഇരുള്‍ നിറഞ്ഞ്  നില്‍ക്കുന്ന  മുറ്റത്തേക്ക്   മകന്‍   പുറകില്‍  നിന്നും  മോട്ടോര്‍ സൈക്കിളിന്റെ  ലൈറ്റ്   തെളിച്ച്  കൊടുക്കുമായിരുന്നു.ആ  കാലഘട്ടത്തില്‍ യാദൃശ്ചികമായി  തമ്മില്‍  കണ്ടപ്പോള്‍  മകന്റെ  സ്നേഹാധിക്യത്തെ പറ്റി    എന്നോട്  പറയുന്നതില്‍   ആ  അമ്മക്ക്  നൂറ്   നാവായിരുന്നു . അമ്മക്ക് ഉച്ചക്കുള്ള  ചോറ് പൊതി കെട്ടാന്‍   രാവിലെ  തന്നെ   അടുത്തുള്ള   അങ്ങാടിയില്‍   പോയി  മകനാണ്  മത്സ്യം  വാങ്ങി  വരുന്നത്.

അന്നൊരു  ദിവസം  മകന്‍  വാഹനത്തില്‍   രാവിലെ അങ്ങാടിയിലേക്ക്   വേഗത്തില്‍  പോയി.  വഴിയില്‍  കണ്ട  അയല്‍‌വാസിയെയും  പുറകില്‍  കയറ്റി  ഇരുത്തി.  അല്‍പ്പം ദൂരെയുള്ള  കലുങ്കിനു സമീപം  എത്തിയപ്പോള്‍  എതിരെ  നിയന്ത്രണം വിട്ട് പാഞ്ഞ്  വന്ന  ജീപ്പിനെ  ഒഴിവാക്കാനായി  അവനു  കഴിഞ്ഞില്ല.  രണ്ട്  പേരും  സംഭവ സ്ഥലത്ത്  വെച്ച്  തന്നെ  യാത്ര  ആയി. വിവരമറിഞ്ഞ്  മരണ വീട്ടിലേക്ക്  പോകുമ്പോള്‍  മകന്റെ  വേര്‍പാട്   അവര്‍   എങ്ങിനെ  സഹിക്കും  എന്ന ചിന്ത  ആയിരുന്നു  മനസ്സ്  നിറയെ. മകന്റെ  ശരീരത്തിനരികില്‍  ഇരുന്ന  അവര്‍ എന്നെ  കണ്ടപ്പോള്‍  കരയുകയായിരുന്നു  എന്ന്  പറഞ്ഞാല്‍  അതിനു  പൂര്‍ണ  അര്‍ത്ഥം  ആവില്ല.  അതിലുമുപരി അര്‍ത്ഥം  വരുന്ന വാക്ക് എനിക്ക്  അറിയാമായിരുന്നെങ്കില്‍  അത്  ഇവിടെ  ഞാന്‍  ഉപയോഗിച്ചേനെ. അവന്റെ  പഴയ  കാര്യങ്ങള്‍  ഓരോന്നായി  അവര്‍  വിളിച്ച് പറഞ്ഞ്  കൊണ്ടിരുന്നു. ഒന്നും  പറയാനാവാതെ  അല്‍പ്പം  പോലും  സ്വാന്തനം  നല്‍കാനാവാതെ  നിസ്സഹായതയോടെ  നോക്കി  നില്‍ക്കാനേ  അന്ന്  കഴിഞ്ഞുള്ളൂ. അതൊരു  വല്ലാത്ത  രംഗം  ആയിരുന്നു. വര്‍ഷങ്ങള്‍  കഴിഞ്ഞ്   ഭര്‍ത്താവും  മരിച്ചപ്പോള്‍  തനിച്ചായ  അവരെ  വിവാഹിതയായ  മകള്‍  തിരുവനന്തപുരത്തുള്ള   തന്റെ  വീട്ടിലേക്ക്  കൂട്ടി  കൊണ്ട്  പോയി. കുറച്ച്  കാലത്തിനു  മുമ്പ്   ഫോണിലൂടെ  ഞാന്‍  ബന്ധപ്പെട്ടപ്പോള്‍   “എന്നെ  മാത്രം   ദൈവം  കൊണ്ട്  പോകാത്തതെന്തേ!” എന്ന്  എന്നോട്  ദയനീയമായി   ചോദിച്ച  അവര്‍ക്ക്  മറുപടി  നല്‍കാന്‍  എനിക്കായില്ല  തന്റെ  ഓമന  മകന്റെ  ഓര്‍മ്മകളുമായി  ആ  മാതാവ്  തിരുവനന്തപുരം  നഗരത്തിന്റെ  ഏതോ  ഭാഗത്ത്   ഇപ്പോഴും  ജീവിക്കുന്നുണ്ട്.

ഇങ്ങിനെ  എത്രയെത്ര  മാതാപിതാക്കള്‍,  ഭാര്യമാര്‍,  സഹോദരീ  സഹോദരന്മാര്‍  പിരിഞ്ഞ്  പോയവരുടെ  ഓര്‍മ്മകളുമായി   ഇപ്പോഴും  ജീവശ്ചവമായി  കഴിയുന്നു.
ഇനിയുമിനിയും  ചിത്രങ്ങള്‍  ധാരാളമുണ്ട്, ദുരന്തത്തിന്റെ,  എന്നുമെന്നും  കണ്ണീരിന്റെ,  തലമുറകള്‍  കണ്ണിയറ്റ്  പോകുന്നതിന്റെ  ചിത്രങ്ങള്‍ ! എന്നാണിതിനൊരവസാനം?  ഈ  ദുരന്തങ്ങള്‍ക്ക്   ഇനിയുമൊരു  പരിഹാരംആര്‍ക്കും  കണ്ടെത്താനാവില്ലേ?!!!

(ചിത്രങ്ങള്‍ക്ക്  ഫാസില്‍  ഇസ്മെയിലിനോട്  കടപ്പാട്)
20 comments:

 1. പടങ്ങള്‍ കണ്ടിട്ട് തന്നെ പേടിയാകുന്നു ..അശ്രദ്ധയാണ് റോഡപകടങ്ങളിലെ പ്രധാന വില്ലന്‍ ..മദ്യം ഉണ്ടെങ്കില്‍ വണ്ടി ഓടിക്കാനും സ്പീഡ്‌ കൂട്ടാനും ആവേശം തോന്നും ..സാഹസങ്ങള്‍ കാട്ടുന്നതിന് മുന്‍പ് ഒരു നിമിഷം ചിന്തിച്ചെന്കില്‍ ...കൂടുതല്‍ ചിത്രങ്ങള്‍ ഇടാതിരുന്നത് നന്നായി

  ReplyDelete
 2. "Speed Kills" എന്ന മുന്നറിയിപ്പ്
  പലപ്പോഴും മറന്നു പോകുന്നത്
  ഇത്തരം അപകടങ്ങള്‍ക്ക് ഒരു കാരണം
  എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തി ഇല്ല!!!
  അല്‍പ്പം ശ്രദ്ധ കാട്ടിയാല്‍ ഇത്തരം പല അപകടങ്ങളും
  ഒഴിവാക്കാം പക്ഷെ, നാം എത്ര ശ്രദ്ധിച്ചാലും നമ്മെ
  വന്ന് അപകടപ്പെടുത്തുന്ന സംഭവങ്ങളും വിരളമല്ല!!
  ഏതായാലും ഈ കുറിപ്പിലെ സഹപ്രവര്‍ത്തകയുടെ
  മകന്റെ മരണം തന്റെ സ്പീടു കാരണം അല്ല എന്നാണ്
  കുറിപ്പിലൂടുള്ള ധ്വനി, ശ്രീ രമേശ്‌ പറഞ്ഞതുപോലെ
  ഭയമുണര്‍ത്തുന്ന ചിത്രങ്ങള്‍. കൂടുതല്‍ ചേര്‍ക്കാഞ്ഞത് നന്നായി
  ആശംസകള്‍

  ReplyDelete
 3. നിയമപരമായ അറിവില്ലായ്മ ഒരു പ്രശ്നം തന്നെയാണ്. കൂടാതെ നിയമത്തെ നോക്കുകുത്തിയാക്കി നമ്മള്‍ വണ്ടിയോടിക്കുന്നു. അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയട്ടെ,
  ചില നാടുകളിലെ പോലെ നിയമവും വകുപ്പും ഒരളവു വരെ അപകടങ്ങളെ കുറക്കുന്നു. വലിയ നിലവാരമുള്ള പള്ളിക്കൂടങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ പോലും നമ്മുടെ നാട്ടിലെ നഗരത്തിലെ ഗതാഗത തിരക്കില്‍ പാടില്ലാത്ത സ്ഥലങ്ങളില്‍ കൂടി ക്രോസ് ചെയ്യുന്നത് ഒരു കാഴ്ചയാണ്. പിന്നെ ഒരപകടം നടന്നാല്‍ നിയമപരമായ ഒത്തുതീര്‍പ്പുകള്‍ക്ക് വേണ്ടി തിരക്ക് കൂട്ടുന്ന ചില മാഫിയകളെയും അതിനെ പ്രോത്സാഹിപ്പിക്കുന്ന നിയമ പാലകരെയും ഭരണകൂടങ്ങളെയും കൂടി പറയണം.

  ReplyDelete
 4. പല കാരണങ്ങളും അപകടങ്ങള്‍ക്ക്‌ കാരണമാകുന്നുണ്ട്. വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന വാഹനങ്ങളുടെ എണ്ണത്തിനനുസരിച്ച് നമ്മുടെ വഴികള്‍ നന്നാവുന്നില്ല എന്നത് മുഖ്യം തന്നെ. അങ്ങിനെ ഒട്ടനവധി കാരണങ്ങള്‍.....
  ചിത്രങ്ങള്‍ കൂടി കണ്ടപ്പോള്‍ ആകെ ഒരുതരം അവസ്ഥ.

  ReplyDelete
 5. വാഹനങ്ങളുടെ പെരുപ്പത്തോടൊപ്പം അശ്രദ്ധയും അഹന്തയും പരിഗണനയില്ലായ്മയും സാമൂഹികാവബോധത്തിന്റെ കുറവും ഉണ്ട് അപകടപരമ്പരകളുടെ കാരണങ്ങള്‍ ചികഞ്ഞാല്‍

  ReplyDelete
 6. ചിത്രങ്ങള്‍ ഭീതിയുണര്‍ത്തുന്നു ...

  ReplyDelete
 7. അശ്രദ്ധമായ ഡ്രൈവിംഗ് അപകടങ്ങൾക്ക് ഒരു പ്രധാന കാരണമാണ്.. എത്ര ജീവിതങ്ങളാണ് ഇത്തരം അപകടങ്ങളിൽ പൊലിഞ്ഞ് പോകുന്നത്.. ചിത്രങ്ങൾ ഭീതി ഉണ്ടാക്കുന്നു..

  ReplyDelete
 8. അശ്രദ്ധ അത് നമ്മുടേതും എതിരെയും സൈഡിലൂടെയും വരുന്നവരുടേയും തന്നെയാണ് നമ്മുടെ നാട്ടിലെ അപകടങ്ങളുടെ ഏറ്റവും വലിയ കാരണം. മറ്റൊന്ന് പോസ്റ്റില്‍ പറഞ്ഞ പോലെ നിലവാരം കുറഞ്ഞതും വീതി കുറഞ്ഞതുമായ റോഡുകളും പാലങ്ങളും. പിന്നെ മറ്റൊന്നുള്ളത് റോഡ് എന്റെ തറവാട് വകയാണെന്നുള്ള മലയാളിയുടെ ദാര്‍ഷ്ട്യവും..

  ReplyDelete
 9. സ്പീഡും അശ്രദ്ധയും മദ്യവും തന്നെ പ്രധാന്‍ വില്ലന്മാര്‍ പരമാവധി റോഡ്‌ നിയമങ്ങള്‍ ശ്രദ്ധിച്ചു നീങ്ങുക അതുമാത്രമല്ലേ നമുക്ക് ചെയ്യാനുള്ളൂ.

  ReplyDelete
 10. രക്ത കറകളോടു കൂടിയ ഇതിലും ഭീകരമായ ചിത്രങ്ങള്‍ സുഹൃത്തിന്റെ ശേഖരത്തില്‍ ഞന്‍ കണ്ടു എങ്കിലും അവയെല്ലാം ഞാന്‍ ഒഴിവാക്കുകയായിരുന്നു.
  ഇവിടം സന്ദര്‍ശിച്ചവര്‍ക്കെല്ലാം നന്ദി.

  ReplyDelete
 11. ഫോട്ടോസ് കാണുമ്പോള്‍ പേടിയാകുന്നു !

  "Speed thrills but kills " എന്ന ആപ്ത വാക്യം എല്ലാരും ഓര്‍ത്തെങ്കില്‍ എന്നാശിച്ചു പോകുന്നു.

  ReplyDelete
 12. ethilum valiya apakadangal varaanirikkunnu jaagrathai!

  ReplyDelete
 13. ഒന്നും പറയാനില്ല. കഴിഞ്ഞ ദിവസം തൊടുപുഴയില്‍ ഒരു കുടുംബം സഞ്ചരിച്ച വാഹനം വെള്ളത്തില്‍ പോയ വാര്‍ത്ത വായിച്ചതിന്റെ ഷോക്ക്‌ ഇപ്പോഴും മാറിയിട്ടില്ല

  ReplyDelete
 14. അശ്രദ്ദയും, ആല്‍ക്കഹോളും, ഡ്രൈവിംഗ് മാനേര്‍സ് ഇല്ലാത്തതുമാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണങ്ങള്‍. കേരലത്തിലെ ഡ്രൈവിംഗ് ഒരു സാഹസമാണ്. ഒരാളുടെ അശ്രദ്ദമൂലം വലിയ നഷ്ടങ്ങള്‍ സംഭവിക്കുന്നത് മറ്റുപലര്‍ക്കും ആയിരിക്കും.

  ReplyDelete
 15. വാഹനാപകടങ്ങള്‍ വളരെ കൂടുതലുള്ള സംസ്ഥാനമായി മാറുകയാണ് കേരളം. പത്രം തുറന്നാല്‍ എന്നും നാലും അഞ്ചും അപകട വാര്‍ത്തകളാണ് കാണുന്നത്. പൊലിഞ്ഞുപോകുന്നത്‌ എത്ര വീടുകളിലെ വെളിച്ചമാണ്. കുട്ടികള്‍ക്ക് ചെറിയ പ്രായത്തില്‍ തന്നെ ട്രാഫിക്‌ നിയമങ്ങളെക്കുറിച്ചും അത് പാലിക്കാതിരുന്നാല്‍ ഉണ്ടാകുന്ന ദുരന്തങ്ങളെക്കുറിച്ചും അവബോധം ഉണ്ടാക്കണം. നിര്‍ഭാഗ്യവശാല്‍ നമ്മുടെ സ്കൂള്‍സിലബസുകളില്‍ ഒന്നിലും ഇങ്ങനെയുള്ള നല്ല കാര്യങ്ങള്‍ ഒന്നും ഉള്‍പ്പെടുത്താറില്ല. പാശ്ചാത്യ രാജ്യങ്ങള്‍ ഒരു നല്ല തലമുറയെ വാര്‍ത്തെടുക്കാനുള്ള മാധ്യമമായി വിദ്യാലയങ്ങളെ കാണുമ്പോള്‍ നാം ഇപ്പോഴും അരനൂറ്റാണ്ടുപിന്നിലാണ്. ഇതുമാത്രമല്ല ഇന്ന് സമൂഹത്തില്‍ കാണുന്ന എല്ലാ കുറ്റകൃത്യങ്ങള്‍ക്കും ഒരു ശാശ്വത പരിഹാരം ഉണ്ടാകണമെങ്കില്‍ അതിനു വളര്‍ന്നു വരുന്ന കുരുന്നു തലമുറയെ പാകപ്പെടുത്തണം. കതിരില്‍ കൊണ്ട് വളം വെച്ചിട്ട് കാര്യമില്ലല്ലോ.

  വളരെ നന്നായി ഈ ലേഖനം.

  ReplyDelete
 16. അശ്രദ്ധ ആണ് മുഖ്യ കാരണം. പിന്നെ നിയമങ്ങള്‍ പാലിക്കാതെ ഓടിക്കുന്നതും. ഓരോ റോഡിലും പാലിക്കേണ്ട വേഗതയില്‍ വണ്ടി ഓടിക്കുക. ഒരേ ലെയ്നില്‍ത്തന്നെ മുന്‍പില്‍ പോകുന്ന വാഹനവുമായി കൃത്യ ദൂരം പാലിക്കുക. സീറ്റ് ബെല്‍റ്റ്‌ ധരിക്കുക എന്നിവയും അപകടങ്ങള്‍ കുറയ്ക്കും. അതി വേഗം ഒരു മികവായി കാണരുത് . സ്മൂത്ത്‌ ആയി വണ്ടി ഓടിക്കലാണ് ഒരു നല്ല ഡ്രൈവര്‍ ചെയ്യണ്ടത് . ഇപ്പോഴത്തെ കാറുകളും മറ്റും ഓടിക്കാന്‍ എളുപ്പം ആണ് . സ്പീഡ് എടുക്കുന്നത് അറിയില്ല. അത് പോലെ ചവിട്ടിയാല്‍ അവിടെ നില്കും . ഇതും തോന്നിയ പോലെ വണ്ടി ഓടിക്കുന്നത് ഒരു ഹരം ആക്കുന്നു.

  ReplyDelete
 17. ഇവിടെ സന്ദര്‍ശിച്ചവരോട് നന്ദി പറഞ്ഞ് കൊള്ളട്ടെ. നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലയുറ്റതാണ്. പ്രത്യേകിച്ച് ശ്രീനന്ദയുടെ അഭിപ്രായം.

  ReplyDelete
 18. ചിത്രങ്ങള്‍ കണ്ടിട്ട് തന്നെ പേടി തോന്നുന്നു ...!
  ഈ ചിത്രങ്ങള്‍ എടുത്ത മുത്തിനെ സമ്മതിക്കണം ..!

  ReplyDelete
 19. അഞ്ചു മിനിറ്റ് നേരത്തെ എത്താം എന്നു കരുതുമ്പോള്‍
  അന്‍പതു കൊല്ലം നേരത്തെ എത്തുന്നു
  നല്ലൊരു സന്ദേശമാണ് ഈ ഫോടോകള്‍ നമുക്ക് പകരുന്നത്
  ആശംസകള്‍

  ReplyDelete
 20. അഞ്ചു മിനിറ്റ് നേരത്തെ എത്താം എന്നു കരുതുമ്പോള്‍
  അന്‍പതു കൊല്ലം നേരത്തെ എത്തുന്നു
  നല്ലൊരു സന്ദേശമാണ് ഈ ഫോടോകള്‍ നമുക്ക് പകരുന്നത്
  ആശംസകള്‍

  ReplyDelete