സർക്കാർ സർവീസിൽ കയറിയ ആദ്യ കാലത്ത് ശ്രദ്ധയിൽ പെട്ട വിവാഹ മോചന കേസായിരുന്നു അത്.
അന്ന് കുടുംബ കോടതികൾ നിലവിൽ വന്നിട്ടില്ല. ഹിന്ദു മാരിയേജ് ആക്റ്റ് പ്രകാരമുള്ള കേസുകൾ ജില്ലാ കോടതികളിലും അതില്ലാത്ത സ്ഥലങ്ങളിൽ സബ് കോടതികളിലും ആയിരുന്നു ഫയൽ ചെയ്തിരുന്നത്. ഞാൻ ജോലി ചെയ്തിരുന്ന സബ് കോടതിയിൽ ഫയൽ ചെയ്യപ്പെട്ട ആ കേസിൽ ഭാര്യക്കെതിരെ ഭർത്താവ് ആരോപിച്ച കുറ്റങ്ങളിലൊന്ന് ഒരു ദിവസം രാത്രിയിൽ അന്നത്തെ പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് ഫലം ശ്രവിക്കാൻ റേഡിയോ കേൾക്കാൻ പോയിരുന്ന താൻ എന്തോ ആവശ്യത്തിന് തിരികെ വന്നപ്പോൾ തന്റെ ഭാര്യയെ ശരിയല്ലാത്ത രീതിയിൽ അവളുടെ പിതാവുമായി കിടപ്പു മുറിയിൽ കണ്ടു എന്നതായിരുന്നു. കേസ് ഫയൽ ചെയ്യാൻ തക്കതായ കാരണങ്ങൾ ഇല്ലാത്ത അവസ്ഥയിൽ ഭർത്താവിന് വേണ്ടി ഹാജരായ അഭിഭാഷകൻ തയാറക്കി കൊടുത്ത ഹർജിയിലെ പരാമർശമായിരുന്നു അത്.
കേസ് തെളിവെടുപ്പ് പൂർത്തിയാക്കി വാദം കേട്ടു ഭർത്താവിന്റെ ആരോപണങ്ങൾ തള്ളി ഭാര്യക്ക് അനുകൂലമായി വിധിച്ചു. ആ വിധി ന്യായത്തിലെ ഒരു പരാമർശം മനസ്സിൽ തട്ടുന്ന വാചകമായിരുന്നു. സ്വന്തം ഇണയ്ക്കെതിരെ ഇത്രയും ഹീനമായ ഒരു ആരോപണം ഉന്നയിച്ച ഭർത്താവിനോടൊപ്പം ദാമ്പത്യ ബന്ധം പുലർത്തി കൂടെ പോയി താമസിക്കാൻ ആ സ്ത്രീയോട് നിർദ്ദേശിക്കുന്നത് ഒട്ടും ശരിയല്ല എന്നതായിരുന്നു ആ വാചകം.
കേസ് നടന്നിരുന്ന കാലഘട്ടത്തിൽ ആ പിതാവും മകളും കോടതി വരാന്തയിൽ പല തവണ വന്ന് നിന്നപ്പോൾ ആ പിതാവുമായി ഞാൻ പരിചയപ്പെട്ടിരുന്നു. കേസിന്റെ വിധിക്ക് ശേഷം ഒരു ദിവസം വഴിയിൽ വെച്ച് കണ്ട എന്നോട് അയാൾ ഏറെ സങ്കടത്തൊടെ പറഞ്ഞ ചില വസ്തുതകൾ ഇപ്രകാരമായിരുന്നു. ഈ കേസ് നടന്ന് കൊണ്ടിരുന്നപ്പോൾ ഒട്ടും സത്യമില്ലാത്ത ഈ കേസ് തള്ളി പോകും എന്ന് ദൈവ വിശ്വാസിയായ എനിക്ക് പൂർണ ബോദ്ധ്യമുണ്ടായിരുന്നു സാറേ! സത്യത്തിന്റെ അംശം പോലുമില്ലാത്ത ഈ കേസിൽ അവൻ വേറെ വിവാഹം കഴിക്കാനായി എന്റെ മകൾക്കെതിരെ ആരോപിച്ച ഈ കുറ്റം കോടതി തെളിവില്ലാതെ തള്ളി കളഞ്ഞെങ്കിലും സമൂഹം ഇപ്പോഴും ആ കാഴ്ചപ്പാടിലാണ് എന്നെയും മകളെയും കാണുന്നത്. കഴിഞ്ഞ ഒരു ദിവസം അയല്പക്കത്തുള്ള ഒരു സ്ത്രീ എന്തോ പ്രശ്നം ഉണ്ടായപ്പോൾ എന്റെ മകളുടെ നേരെ വിളിച്ച് പറഞ്ഞത് അച്ചന്റെ കൂടെ കഴിയുന്നവളല്ലേ നീയെന്നായിരുന്നു. ചങ്ക് പൊടിഞ്ഞ് പോയി സാറേ! ഈ അപവാദം ആരോപിക്കുന്നവരെ ദൈവം വെറുതെ വിടില്ല, ജയിക്കാനായി ഇങ്ങിനെയുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നവർ ആരോപിക്കപ്പെടുന്നവരുടെ ഉള്ളിലെ തീ തിരിച്ചറിയാൻ ദൈവം അവസരം ഉണ്ടാക്കും, തീർച്ച.വിമ്മി കരഞ്ഞിരുന്ന ആ മുൻ അദ്ധ്യാപകന്റെ കണ്ണിൽ നിന്നും ചോരയാണ് ഒഴുകി വന്നതെന്ന് എനിക്ക് തോന്നി.
സമൂഹം അങ്ങിനെയാണ്. അവർക്ക് അന്യരുടെ ലൈംഗിക കാര്യങ്ങൾ ആവർത്തിച്ച് പറയുന്നത് ഒരു സുഖമാണ്. ആരോപണം കള്ളമാണെങ്കിലും അത് ലൈംഗികം ആണെങ്കിൽ ഒരു ഹരമാണ്. ചരിത്രാതീത കാലം മുതൽ സമൂഹം ഇങ്ങിനെ ഒക്കെ തന്നെയായിരുന്നു. ഇന്നത്തെ കാലവും ഒട്ടും വിഭിന്നമല്ല, രാവിലെ പത്രം വായിക്കുമ്പോൾ അഛൻ മകളെ പീഡിപ്പിച്ചു, സഹോദരൻ സഹോദരിയെ പീഡിപ്പിച്ചു, വൃദ്ധൻ കൊച്ച് കുഞ്ഞിനെ പീഡിപ്പിച്ചു, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, യുവാവ് വൃദ്ധയെ പീഡിപ്പിച്ചു, ഈ തരത്തിലുള്ള വാർത്തകളാൽ സമ്പന്നമാണ് നമ്മുടെ പത്രങ്ങളും ചാനലുകളും. പോലീസ് ഭാഷ്യം അതേ പടി പകർത്തുകയാണ് മാധ്യമങ്ങൾ. ഒരിക്കലും കുറ്റാരോപിതന്റെ ശബ്ദം പുറത്ത് വരില്ല. അവന് എന്ത് പറയാനുണ്ട് എന്ന് ഒരു പത്രക്കാരനും അന്വേഷിക്കില്ല.
ഈ വക എല്ലാ കേസുകളും കള്ളമാണെന്ന് എനിക്കഭിപ്രായമില്ല. പലതും തീർത്തും സത്യം തന്നെയായിരിക്കും.
പക്ഷേ ഈ വക വാർത്തകൾ ഒരാളോട് പക വീട്ടാനായും സ്വന്തം ഭാഗം ജയിക്കാനായും യാതൊരു ഉളുപ്പുമില്ലാതെ സ്വന്തം ആവശ്യത്തിന് പ്രയോഗിക്കാൻ മറ്റുള്ളവർക്ക് പ്രചോദനമാവില്ലേ എന്ന് ചിന്തിക്കേണ്ടി വരുന്നു. ഒന്ന് കൊണ്ടും കീഴടങ്ങാത്ത എതിരാളി ഒരൊറ്റ ലൈംഗികാരോപണത്താൽ താഴെ വരും എന്ന് ഈ പത്ര വാർത്തകൾ സമൂഹത്തൊട് പറഞ്ഞ് കൊടുക്കുന്നു.
റിപ്പോർട്ട് ചെയ്യപ്പെട്ട കേസ് സത്യം തന്നെ ആയിരിക്കും പക്ഷേ അന്വേഷണം നടത്തി തെളിവെടുത്ത് കുറ്റം സ്ഥാപിക്കപ്പെട്ട് കഴിഞ്ഞ് വിധി വരുമ്പോൾ മാത്രം വാർത്തയാക്കുന്നതല്ലേ ന്യായം. അപ്പോഴല്ലേ അത് വാർത്തയാകൂ. അതിന് മുമ്പ് പ്രതി കുറ്റാരോപിതൻ മാത്രമാണ്. പക്ഷേ സമൂഹം അയാൾ കുറ്റം ചെയ്തു എന്ന് സ്ഥാപിക്കപ്പെടുന്നതിന് മുമ്പ് തന്നെ അയാൾ കുറ്റക്കാരൻ തന്നെയെന്ന് തീർച്ചയാക്കി ആ കാഴ്ചപ്പാടിൽ തന്നെ അയാളെ കാണാൻ തുടങ്ങി കഴിഞ്ഞു. ഇനി അയാളെ വെറുതെ വിട്ടാലും ആരോപണം ഒരിക്കലും മാഞ്ഞ് പോവില്ല എന്ന് തീർച്ച. ലൈംഗിക വിഷയങ്ങളെ അങ്ങിനെയാണ്` സമൂഹം കാണുന്നത്. സ്ത്രീയെ പറ്റിയാണെങ്കിൽ ലൈംഗിക ആരോപണങ്ങൾ പറയാൻ സ്ത്രീ പുരുഷ ഭേദമന്യേ സമൂഹം മുന്നോട്ട് വരും. അവൾക്ക് അൽപ്പം സൗന്ദര്യം കൂടി ഉണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട. കാര്യം വെറുതെ ആണെങ്കിൽ പോലും നാല് സ്ത്രീകൾ കൂടുന്നിടത്ത് പ്രധാന വിഷയം ഇത് തന്നെയായിരിക്കും. ആ ചർച്ച നടന്ന് കൊണ്ടിരിക്കുമ്പോൾ ആ പെൺകുട്ടി അതിലെ നടന്ന് പോകുകയാണെങ്കിൽ വളരെ സ്നേഹത്തോടെ അവർ ഏക സ്വരത്തിൽ ചോദിക്കും “മോളേ! നിന്റെ കേസ് എന്തായീ....“ എന്ന്.
ഒന്ന് ആവർത്തിച്ച് ചോദിച്ച് സുഖിക്കുന്നത് പല സ്ത്രീകൾക്കും ഒരു രസമാണല്ലോ.
പക്ഷേ അപമാനിക്കപ്പെടുന്ന സ്ത്രീയും പുരുഷനും അവർക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റത്തിൽ നിരപരാധികളെങ്കിൽ അവരുടെ ഉള്ളിൽ നിന്നും ബഹിർഗമിക്കുന്ന കണ്ണീർ തീയായി തന്നെ അത് പ്രയോഗിച്ചവർക്കെതിരെ തിരിച്ചടിക്കും, കാരണം “മർദ്ദിതന്റെ കണ്ണീരിനും ദൈവത്തിനുമിടയിൽ മതിലുകളില്ലാ“ എന്ന മഹദ് വചനം ഇത് വരെ പാഴായിട്ടില്ലല്ലോ.
No comments:
Post a Comment