അന്ന് ഞാൻ തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളത്തിന് സമീപം ഞാറയിൽക്കോണം എന്ന ഗ്രാമത്തിലായിരുന്നു. തകർത്ത് പെയ്തിരുന്ന തുലാ വർഷത്തിന് ശേഷം വൃശ്ചികം വന്നതോടെ പ്രകൃതിക്ക് സമൂല മാറ്റം അനുഭവപ്പെടാൻ തുടങ്ങി. വൃക്ഷങ്ങൾക്കെല്ലാം വല്ലാത്ത ഉണർവും ഉന്മേഷവും ആവേശിച്ചത് പോലെ കാണപ്പെട്ടു. വൃശ്ചിക കാറ്റ് ശക്തമായി അടിച്ചതോടെ ഇലകൾ പൊഴിയുകയും പുതിയ തളിരുകൾ ഉണ്ടാവുകയും ചെയ്തു. ഞാറയിൽക്കോണത്ത് കശുമാവ് ധാരാളം ഉള്ളതിൽ പുതിയ തളിരുകൾ ചെമന്ന നിറത്തിൽ നിറഞ്ഞ് നിൽക്കുന്നത് കണ്ടപ്പോൾ എന്നിലെ ആസ്വാദകൻ അതെങ്ങിനെയെങ്കിലും പേപ്പറിലേക്ക് പകർത്തണമെന്ന് വെമ്പൽ കൊണ്ടു. ഉദയ സൂര്യന്റെ മനോഹാരിതയും രാത്രിയിൽ പൗർണമീ ചന്ദ്രന്റെ നിലാ കുളിർമയും വീശി അടിക്കുന്ന കാറ്റും എങ്ങും കേൾക്കുന്ന പക്ഷികളുടെ കളകൂജനവും എല്ലാം കൂടെ എന്നെ കൊണ്ട് ഒരു കടും കൈ ചെയ്യിച്ചു.
ഞാനൊരു കവിത എഴുതി. കവിതയുടെ പേര് “വസന്താഗമനം“ എന്നും അതിന്റെ പ്രാരംഭ വരികൾ ഇപ്രകാരമായിരുന്നു എന്നും ഞാൻ ഓർമ്മിക്കുന്നു..
വൃശ്ചിക മാസപ്പിറവിയോടെ
വൃക്ഷങ്ങള്‍ പത്രം കൊഴിച്ച് മെല്ലെ.
പൊന്‍ നിറം പൂശി തളിരുകളില്‍
പൂക്കുവാനായിട്ടമ്മാവൊരുങ്ങി.
അന്ന് കൊല്ലത്ത് നിന്നും പ്രസിദ്ധീകരിച്ചിരുന്ന മലയാള രാജ്യം ദിനപ്പത്രത്തിന്റെ വാരാന്ത്യ പതിപ്പിലേക്ക് കവിത അയച്ച് കൊടുത്ത് എല്ലാ ഞായറാഴ്ചയും പത്രവും പ്രതീക്ഷിച്ച് ഞാനിരുന്നു, കവിത അച്ചടിച്ച് വരുന്നത് കാണുന്നതിനായി. പക്ഷേ മാസങ്ങൾ കഴിഞ്ഞിട്ടും ഒന്നും സംഭവിക്കാത്തതിനാൽ ഒരു ദിവസം ഞാൻ നാവായിക്കുളത്ത് നിന്നും വണ്ടി കയറി കൊല്ലത്തെത്തി മലയാളരാജ്യം ആഫീസ് കണ്ട് പിടിച്ച് എങ്ങിനെയോ ഉള്ളിൽ കടന്ന് പറ്റി. സബ് എഡിറ്റർ ഒരു കൊമ്പൻ മീശക്കാരന്റെ മുമ്പിൽ ചെന്ന് വസന്താഗനമെന്ന എന്റെ കവിതയുടെ തലയിലെഴുത്തിനെ പറ്റി അന്വേഷിച്ചു.
“വസന്താഗമനം“ മീശക്കാരൻ പിറു പിറുപിറുത്ത്, തല ചൊറിഞ്ഞ് അടുത്തിരുന്ന ഫയൽ കൂനയിൽ തപ്പി എന്റെ വസന്താഗമനത്തെ രണ്ട് വിരൽ കൊണ്ട് ചത്ത എലിയുടെ വാലിൽ പിടിച്ച് പൊക്കി എടുക്കുന്നത് പോലെ എടുത്ത് മൂക്കും ചുളിച്ച് എന്റെ മുഖത്തിന് നേരെ ആട്ടിക്കാണിച്ചു. എന്നിട്ട് എന്നെ പാദാദികേശം ഒന്ന് അവലോകനം ചെയ്തു ഇങ്ങിനെ ഉരുവിട്ടു.
“കണ്ടിട്ട് നല്ല യോഗ്യനെ പോലെ തോന്നുന്നല്ലോ താനാണോ ഈ പോക്രി തരം കാണിച്ച കപി.?“
എന്റെ മുഖം വല്ലാതെ ചുവന്നു, കണ്ണുകൾ നിറഞ്ഞുവെന്ന് തോന്നുന്നു.
കംസൻ കുഞ്ഞിനെ എറിയുന്നത് പോലെ എന്റെ വസന്താഗമനത്തെ അയാൾ എന്റെ മുഖത്തിന് നേരെ എറിഞ്ഞു.“മേലാൽ ഈ വക വേലയും കാണിച്ച് ഇവിടെ വന്നാൽ....ഹും...ഹും... എന്ന് അയാൾ മുരണ്ടു.
ഞാൻ വസന്താഗമനത്തെ പെറുക്കി എടുത്ത് ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങാൻ ഭാവിച്ചപ്പോൾ മീശ പറഞ്ഞു. തന്റെ കവിത പ്രസിദ്ധീകരിക്കണമെന്ന് പറഞ്ഞ് കവിത എഴുതാനുള്ള പശ്ചാത്തലം വിശദീകരിച്ച് താനെഴുതിയ കത്തുണ്ടല്ലോ അത് അസ്സലായി. അതിന് കാവ്യ ഭംഗി ഉണ്ടായിരുന്നു. തനിക്ക് പറ്റുന്നത് ഗദ്യമാണ്. താൻ അത് നല്ലവണ്ണം കൈകാര്യം ചെയ്യുക, എന്തെങ്കിലും എഴുതി ഇവിടെ “ഗോപി കുഴൂർ“ എന്നൊരാളുണ്ട്, അയാൾക്ക് അയച്ച് കൊടുക്കുക, ഞാൻ അയാളോട് പറഞ്ഞേക്കാം, പറ്റുമെന്ന് കണ്ടാൽ പ്രസിദ്ധീകരിക്കുകയും ചെയ്യാം.“
എന്റെ എല്ലാ വിഷമങ്ങളും മാറി. ഞാൻ പിന്നെ കവിത എഴുതിയിട്ടില്ല, മീശയുടെ ഭാഷയിൽ ആ പോക്രി തരം പിന്നെ കാണിച്ചിട്ടില്ല, പക്ഷേ കഥകൾ എഴുതി മലയാള രാജ്യത്തിൽ തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഇപ്പോൾ വൃശ്ചികം എത്തിയപ്പോൾ വീശി അടിക്കുന്ന കാറ്റും പ്രകൃതിയുടെ രൂപ മാറ്റവും കണ്ടപ്പോൾ ഇതെല്ലാം ഓർമ്മയിലേക്ക് കടന്നുവന്നിരിക്കുന്നു.
No comments:
Post a Comment