65 വയസ്സുകാരനായ മുഹമ്മദ് കുട്ടി വീടിന് സമീപമുള്ള കടയിൽ പഞ്ചസാര വാങ്ങാനിറങ്ങിയതാണ്. നിർദ്ധനനായ ആ മനുഷ്യൻ വാങ്ങാൻ കിട്ടുന്ന മാസ്ക് ഉപയോഗിച്ചിരുന്നില്ല. പകരം മൂക്കും വായും ഒരു കർചീഫ് കൊണ്ട് ഭദ്രമായി മറച്ചിരുന്നു. അയാൾ പോയ കട പ്രധാന നിരത്തിൽ നിന്നും അകന്ന് വലിയ തോതിൽ ജന സഞ്ചാരമില്ലാത്തതും വാഹന ഗതാഗതം കുറവുമുള്ള ഒരു ഗ്രാമീണ നിരത്തിന്റെ വശത്തായിരുന്നു. പഞ്ചസാരയും വാങ്ങി കടയിൽ നിന്നും പുറത്തിറങ്ങിയ അയാളുടെ സമീപം പോലീസ് ജീപ്പ് നിർത്തി ഓഫീസർ അയാളെ കൈ കാട്ടി വിളിച്ചു മാസ്ക് ഉപയോഗിക്കാതിരുന്നതെന്ത് എന്ന ചോദ്യം ഉന്നയിച്ചു. മുഹമ്മദ് കുട്ടി കർചീഫ് ചൂണ്ടി കാണിച്ച് “സർ ഇതുണ്ടല്ലോ“ എന്ന് മറുപടി പറഞ്ഞപ്പോൾ അത് പോരെന്നും നിങ്ങളുടെ മൂക്ക് പുറത്താണെന്നും മാസ്ക് തന്നെ ഉപയോഗിച്ചാലേ ശരിയാവൂ അതിനാൽ മാസ്ക് ധരിക്കാത്തതിനാൽ 200 രൂപാ പിഴ ഒടുക്കണമെന്നും ആവശ്യപ്പെട്ടു.
തന്റെ കയ്യിൽ ഒരു പൈസാ പോലുമില്ലാ എന്ന് കേണ് പറഞ്ഞ അയാളോട് പിഴ പതിനായിരമാണെന്നും തന്റെ പാവത്തരം കണ്ടത് കൊണ്ട് ഇത്രയും കുറച്ചതാണെന്നും അടുത്ത തവണ ഇങ്ങിനെ കണ്ടാൽ പിഴ പതിനായിരം തന്നെ ഈടാക്കുമെന്നും പോലീസ് കർശനമായി പറഞ്ഞപ്പോൾ ആ പാവം കടക്കാരനോട് 200 രൂപാ കടം വാങ്ങി പിഴ അടച്ചു. പോലീസ് വണ്ടി വിട്ട് പോയി.
പിറ്റേ ദിവസം കണ്ടപ്പോൾ മുഹമ്മദ് കുട്ടി ഈ കഥ എന്നോട് പറഞ്ഞു. ഈ നാട്ടിൻ പുറം റോഡിൽ പോലീസ് കോവിഡ് പരിശോധനയോ എന്ന് ഞാൻ അൽഭുതം കൂറിയപ്പോൾ “സാറേ പ്രധാന റോഡിൽ ഇപ്പോൾ ആൾ സഞ്ചാരമോ വാഹനമോ ഇല്ല. അവിടെ ആരെയെങ്കിലും പിടിക്കാൻ കിട്ടിയില്ലെങ്കിൽ പോലീസ് പെട്രോൾ വണ്ടി ഇവിടെക്കും തിരിയും. കണ്ണിൽ പെടുന്നവർക്ക് ഒരു ചെറിയ കുറ്റം കണ്ടാലും ഫൈൻ അടിച്ച് കൊടുക്കും“ മുഹമ്മദ് കുട്ടി പറഞ്ഞു.
സാമൂഹ്യ സുരക്ഷ കണക്കിലെടുത്തായിരിക്കും പോലീസ് ഇപ്രകാരം ചെയ്യുന്നത എന്ന്. സമ്മതിക്കുന്നു. പക്ഷേ ഏതിനും ഒരു ഔചിത്യമുണ്ട്. മനപൂർവം ചെയ്യുന്നതും യാദൃശ്ചികമായി സംഭവിക്കുന്നതും രണ്ടു രണ്ടാണ്. അത് പോലീസെങ്ങിനെ തിരിച്ചറിയുമെന്നാണ് ചോദ്യമെങ്കിൽ പോലീസിന് അത് കഴിയും എന്നാണ് എന്റെ അഭിപ്രായം. അതിന് എതിർ കക്ഷി പറയുന്നത് ശ്രദ്ധിക്കണം, മറുപടി തൃപ്തികരമാണോ എന്ന് തിരിച്ചറിയണം, ആദ്യ കുറ്റക്കാരനാണോ എന്ന് മനസിലാക്കണം എങ്കിൽ പിഴ ശിക്ഷ വിധിക്കുന്ന കേസുകളിലെ ആദ്യ തവണ കുറ്റക്കാരന് താക്കീത് നൽകി വിട്ടയക്കാൻ പ്രബേഷണറി ഒഫൻടേഴ്സ് ആക്റ്റ് വകുപ്പ് 3 പ്രകാരം സാധിക്കും എന്ന സത്യം മനസിലാക്കണം.
നാട്ടുകാർ കുറ്റം ചെയ്യണം എങ്കിലേ പിഴ ഈടാക്കാൻ കഴിയൂ എന്ന പോലീസ് പ്രവണത മാറ്റണ്ട സമയമായി. എല്ലാറ്റിലുമുപരി ചെയ്ത കുറ്റത്തെ പറ്റിയും അതിന്റെ ഭവിഷ്യത്തെ പറ്റിയും ജനത്തെ ഉദ്ബുദ്ധരാക്കണം .
മദ്യ നിരോധനത്തേക്കാൾ നല്ലത് മദ്യത്തിന്റെ ദൂഷ്യ വശത്തെ പറ്റി ജനത്തെ ഉദ്ബോധിപ്പിക്കുന്നതാണ് നല്ലതെന്ന് നിരന്തരം പറഞ്ഞ് കൊണ്ടിരിക്കുന്ന നമുക്ക് ആദ്യമേ തന്നെ പിഴ അടിക്കാതെ ഒരു താക്കീതോ ഉപദേശമോ ആദ്യ കുറ്റക്കാർക്ക് നൽകി അവരെ മോചിപ്പിക്കുന്നതിലെന്ത് കുഴപ്പം സാറേ ....!!!!
No comments:
Post a Comment