എന്റെ പിതാവിന്റെ മരണം , അത് ഇന്നലെയായിരുന്നോ അതോ വർഷങ്ങൾക്ക് മുമ്പായിരുന്നോ? എന്തായാലും അദ്ദേഹം എന്നെ വിട്ട് പിരിഞ്ഞ തീയതി എപ്പോഴും എന്നും എനിക്ക് കാണാ പാഠമാണ്. പക്ഷേ അത് ഇന്നലെയായാണ് എനിക്കനുഭവപ്പെടുന്നത്. ആലപ്പുഴ പടിഞ്ഞാറേ പള്ളിയിലെ ഖബർസ്ഥാനിലേക്കുള്ള യാത്ര നവംബർ 23ന് ആയിരുന്നു. ആലപ്പുഴയിൽ കാല് കുത്തിയാൽ ഞാൻ അവിടെ പോയി സാന്നിദ്ധ്യം അറിയിക്കും. ആ നിശ്ചിത ഇടം തിരിച്ചറിയാൻ സ്മാരക ശിലകൾ ഇല്ല. മറ്റ് അടയാളങ്ങളൊന്നുമില്ല. കാരണം എന്റെ വാപ്പാ പാവപ്പെട്ടവരിൽ പാവപ്പെട്ടവനായിരുന്നു.സ്മാരക ശില (മീസാൻ കല്ല്) സ്ഥാപിക്കാനുള്ള സാമ്പത്തിക ശേഷി അന്ന് ഞങ്ങൾക്കില്ലായിരുന്നു. പക്ഷേ പഞ്ചസാര പോലെയുള്ള മണൽ പരപ്പിലെ ആ ഇടം എവിടെ എന്ന് എനിക്ക് നിശ്ചയമുണ്ട്.
ഉമ്മ ഉൾപ്പടെ ഞങ്ങൾ 7 പേരെ പോറ്റാൻ പട്ടിണി കിടന്നായിരുന്നു മരണം. പട്ടിണിക്കാർക്ക് അന്ന് വരുന്ന രോഗം ക്ഷയം, അത് ബാധിച്ചു. എങ്കിലും ഇത്രയും പ്രാരബ്ധം ഉണ്ടായിട്ടും അദ്ദേഹത്തിന്റെ മരണ സമയത്തെ കടം ആകെ 65 പൈസ ആയിരുന്നു. അടുത്ത കടയിൽ നിന്നും ചാർമിനാർ സിഗരറ്റ് വാങ്ങിയ വകയിലുണ്ടായ ബാദ്ധ്യത. അത് കൊടുത്ത് തീർക്കാൻ എന്നെ ചുമതലപ്പെടുത്തി. പിന്നെ വായന ശാലയിൽ നിന്നും വായിക്കാനെടുത്ത ഒരു പുസ്തകം തിരികെ കൊടുക്കാനും എന്നെ ഏൽപ്പിച്ചു. പട്ടിണി കിടന്നിട്ടും കൈ നീട്ടാതെയും കടം വാങ്ങിക്കാതെയുമുള്ള ആ ജീവിതം എനിക്ക് മാതൃക തന്നെയായിരുന്നു. തലമുറകൾ കൈ മാറി ലഭ്യമാകുന്ന ഫാക്ടറികളിലെ മൂപ്പൻ സ്ഥാനം ആ പൈസാ നമുക്ക് വേണ്ടെന്ന് പറഞ്ഞ് ജീവിത യോധനത്തിനിറങ്ങുന്നവന്റെ അവസ്ത ആ പട്ടിണി കാലത്ത് എന്തായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.
പണ്ട് വളരെ പണ്ട് യാഥാസ്തിക മുസ്ലിംകൾ തല മൊട്ടയടിച്ച് നടന്ന കാലത്ത് വാപ്പാ തലയിൽ മുടി വളർത്തി. കുഞ്ഞായ എന്റെ തലയും മൊട്ട അടിച്ചില്ല. അത് കണ്ട എന്റെ പിതൃ സഹോദരീ ഭർത്താവ് പറഞ്ഞു. അവനും കാഫിൽ, അവന്റെ മോനും കാഫിർ!! എന്ന്.
മറ്റൊരു കാഴ്ച ഞാൻ ചെറുപ്പത്തിൽ കണ്ടതോർക്കുന്നു. അന്ന് കല്യാണ സദ്യക്ക് വലിയ താല ത്തിലായിരുന്നു ആഹാരം വിളമ്പിയിരുന്നത്. താലത്തിന്റെ അപ്പുറവും ഇപ്പുറവുമായി ഇരുന്ന് രണ്ട് പേർ വീതം ആഹാരം കഴിക്കും. പക്ഷേ പങ്ക് കൊള്ളുന്ന ആളുകൾ രണ്ട് പേരും ഒരേ ജാതിയിൽ പെട്ടവർ ആയിരിക്കും. എന്റെ വാപ്പയുടെ ഇളയ സഹോദരിയുടെ മകളുടെ വിവാഹത്തിനോടനുബന്ധിച്ചുള്ള സദ്യ, അവർ താമസിച്ചിരുന്ന ആലപ്പുഴ ചിന്ന തോപ്പ് എന്ന സ്ഥലത്തായിരുന്നു. വാപ്പാ താലത്തിന് കൂട്ട് പിടിച്ചത് അവിടെ തന്നെയുള്ള ആന്റണീ എന്ന റോമൻ കത്തോലിക്കനെയായിരുന്നു. ബന്ധുക്കൾ മാറി നിന്ന് പിറു പിറുത്തെങ്കിലും വാപ്പാ ഗൗനിച്ചതേയില്ല. ആഹാരം ഒരേ താലത്തിൽ നിന്നും ആന്റണി ചേട്ടനുമായി കഴിച്ചു. ഓണക്കാലത്ത് വാപ്പാ എന്നെ മാധവൻ പിള്ള എന്ന കൂട്ടുകാരൻ താമസിക്കുന്ന പുന്നപ്രയിലെ വീട്ടിൽ സൈക്കിൾ ഇരുത്തി കൊണ്ട് പോയതും അവിടെന്ന് ആദ്യമായി ഇലയിൽ ആഹാരം കഴിച്ചതും ഇന്നും എനിക്ക് ഓർമ്മ ഉണ്ട്. അന്ന് അതെല്ലാം .സമുദായത്തിലെ ഭിന്ന രീതികളായിരുന്നുവല്ലോ.
വായനാശീലം എന്നിൽ ഉണ്ടാക്കിയത് എന്റെ പിതാവാണ്. “കൗണ്ട് ഓഫ് മോണ്ടീ ക്രിസ്റ്റോ വായിച്ചോടാ“ബഷീറിന്റെ ബാല്യ കാല സഖി വായിക്കെടാ“ അങ്ങിനെ ഓരോ നിർദ്ദേശങ്ങളും തരും. 16 വയസ്സിൽ ഞാൻ എഴുതിയ “സംതൃപ്തി എന്ന ചെറുകഥ ആ കാലത്തെ “മലയാളി“ ദിന പത്രത്തിന്റെ വാരാന്ത്യ പതിപ്പിൽ അച്ചടിച്ച് വന്നത് വായിച്ചിട്ട് എന്റെ നേരെ ഒരു ചെറു ചിരിയോടെ ചോദിച്ചു “ ഇത് നീയെഴുതിയതാണോടാ...“ ആ ചോദ്യത്തിലെ അഭിനന്ദനം ഒരിക്കലും ഞാൻ മറക്കില്ല. കമ്പി വാദ്യമായ ബുൾബുൾ വായനയിൽ നല്ല ജ്ഞാനം ഉണ്ടായിരുന്ന വാപ്പാ പഴയ ഹിന്ദി ഗാനങ്ങൾ ബുൾബുളിൽ വായിക്കുന്നത് കണ്ടാണ് എനിക്ക് ബുൾബുളിൽ ഹരം കയറിയത്.
ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും നവംബർ 23 ആകുമ്പോൾ മനസ്സിൽ ദുഖത്തിന്റെ കടൽ ഇരമ്പും. കാരണം പട്ടിണി മാറി വാപ്പായെ സുഖമായി ജീവിപ്പിക്കാൻ എന്നെ കൊണ്ട് സാധിച്ചില്ലല്ലോ എന്ന ചിന്ത എന്നെ ഇപ്പോഴും വേദനിപ്പിക്കുന്നു. അന്ന് സർക്കാർ സർവീസിൽ കയറി അൽപ്പ കാലമായതേ ഉള്ളൂ.അൽപ്പാൽപ്പമായി ജീവിതം പച്ച പിടിച്ച് വരുന്ന ഘട്ടം. ആ ഘട്ടത്തിൽ വാപ്പാ യാത്ര പറഞ്ഞ് പോയി. ആഗ്രഹിക്കുന്ന ആഹാരം കഴിക്കാനും ഉദ്ദേശിച്ച തരത്തിലുള്ള വസതികളിൽ താമസിക്കാനും പിൽക്കാലത്ത് ഞങ്ങൾക്ക് കഴിഞ്ഞെങ്കിലും അന്ന് വാപ്പാ കൂടെ ഇല്ലല്ലോ എന്ന ചിന്ത മനസ്സിനെ വല്ലാതെ അലട്ടിയിരുന്നു. എന്നും എപ്പോഴും എനിക്ക് കാണാൻ വാപ്പായുടെ ഒരു ഫോട്ടോ പോലും ഇല്ലാതെ , അന്ത്യ വിശ്രമം കൊള്ളുന്ന ശവകുടീരത്തിന്റെ അടയാളം പോലുമില്ലാതെ അദ്ദേഹം ഞങ്ങളെ പിരിഞ്ഞ് പോയി.
ഇന്ന് ഈ ദിവസം രണ്ടിറ്റ് കണ്ണീർ...അത് മാത്രം അർപ്പിക്കുന്നു ., കൂട്ടത്തിൽ പ്രാർത്ഥനയും.
No comments:
Post a Comment