ലോക ക്ളാസിക് കഥകൾ 1 മുതൽ 4 വരെ ഭാഗങ്ങൾ.
പ്രസാധകർ ഡി.സി. ബുക്ക്സ്.
വില നാലായിരം രൂപ.
വായനക്കാരൻ ലോകത്തിൽ രചിക്കപ്പെട്ടിട്ടുള്ള പഴയതും പുതിയതുമായ കഥകൾ വായിക്കാനുള്ള വെമ്പലോടെയാണ് ഈ നാല് ഭാഗങ്ങളും വില കൊടുത്ത് വാങ്ങുന്നത്. വായനക്കാരനെ നിരാശപ്പെടുത്തുന്ന വിധം ശോഷണം ഒന്നുമില്ലാത്ത ഈ പുസ്തകം, കഥകൾ ഒരു കാലത്ത് ഇങ്ങിനെയും ആയിരുന്നു എന്നും വായനാ രുചി ലോകത്തിൽ വ്യത്യസ്തമായിരുന്നു എന്നും അവനെ പഠിപ്പിക്കുന്നു.
കഥകളുടെ നിരൂപണമല്ല ഞാൻ ഈ കുറിപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്. അതിന് ഞാൻ ആളുമല്ല. അല്ലെങ്കിലും മഹാ സാഹിത്യകാരന്മാരായ എം.ടി.വാസുദേവൻ നായർ, ഡോ.എം.എം.ബഷീർ, ഡോ.വി.രാജക്രിഷ്ണൻ എന്നിവർ ഏഡിറ്ററായുള്ള ഈ പുസ്തകം നിരൂപണം ചെയ്യാൻ എനിക്കെന്ത് യോഗ്യത!.
മറ്റൊന്നാണ്` എന്റെ ലക്ഷ്യം. അത് പറയാം.
മലയാള സാഹിത്യരംഗത്ത് പ്രസാധകരിൽ മുന്നിൽ നിൽക്കുന്ന പ്രസിദ്ധീകരണ ശാലയാണ് ഡി.സി.ബുക്സ്. ധാരാളം പുസ്തകങ്ങൾ അവർ പ്രസിദ്ധീകരിക്കുന്നു. പണ്ട് മുതലേ അഛൻ ഡി.സി. തുടങ്ങി വെച്ച സ്ഥാപനം മകൻ രവി.ഡി.സി. ഇപ്പോൾ തുടർന്ന് വരുന്നു. ഈ സ്ഥാപനത്തെ കുറിച്ച് വായനക്കാരന് ഒരു സങ്കൽപ്പമുണ്ട്. പുസ്തക പ്രസിദ്ധീകരണത്തിൽ അതിന്റെ ശുഷ്കാന്തിയും ചടുലതയും വായനക്കാരനെ വല്ലാതെ ആകർഷിക്കുന്നതിനോടൊപ്പം ഡിസി.എന്ന സ്ഥാപനത്തിൽ നിന്നും പുറത്ത് വരുന്ന പുസ്തകങ്ങളെ പറ്റി അവർ തരുന്ന വിവരണങ്ങൾ ശരിയാണെന്നുള്ള ബോധവും വായനക്കാരനിൽ സൃഷ്ടിക്കപ്പെടുന്നു.
പക്ഷേ ഡിസി. പുസ്തക വ്യാപാരം നടത്തുകയാണ് എന്നും വായനക്കാരന്റെ ക്ഷേമമല്ല, അവർക്കുള്ളതെന്നും വ്യാപാരക്ഷേമമാണ്` അവർക്ക് മുന്ന വിചാരമെന്നും പറയേണ്ടി വന്നിരിക്കുന്നു. അതങ്ങിനെ തന്നെയാണ് ഒരു വ്യാപാരിയെ സംബ്നധിച്ച് വേണ്ടത് എന്നതിന് തർക്കവുമില്ല. പക്ഷേ ഡിസി. എന്ന് കേൾക്കുമ്പോഴുള്ള ആ വിശ്വാസം പത്തരമാറ്റല്ല എന്നും അവർ വ്യാപാരം നടത്തുകയാണ് വായനയും അതിന്റെ പരിപാവനതയുമല്ല അവരുടെ ആത്യന്തിക ലക്ഷ്യമെന്നും ഖേദപൂർവം ഒരാവർത്തി കൂടി പറയേണ്ടി വന്നിരിക്കുന്നു.
പണ്ട് വളരെ പണ്ട് ഡി.സി. വിശ്വ സാഹിത്യമാല എന്നും പറഞ്ഞ് പരസ്യം ചെയ്തതും അവസാനം, ബൃഹൃത്തായ ഗ്രന്ഥങ്ങൾ സംഗ്രഹം എന്ന പേരിൽ എണ്ണി തീർക്കാവുന്ന പേജുകളിൽ ഒതുക്കിയതുമായ കഥയല്ല ഇവിടെ ഉദ്ദേശിച്ചത്. അത്യാർത്തി പൂണ്ട വായനക്കാരൻ ഈ തുഛ വിലക്ക് അത്രയും വലിയ പുസ്തകങ്ങൾ തനത് രൂപത്തിൽ കിട്ടുമെന്ന് വ്യാമോഹിച്ചതിൽ പ്രസാധകരെ കുറ്റപ്പെടുത്തുന്നില്ല. ബുക്ക് ക്ളബ് അവസാനിപ്പിച്ച രീതിയെയും പുസ്തകം കൊണ്ട് പോകാനുള്ള കവറിൽ അവരുടെ പേര് തന്നെ പ്രിന്റ് ചെയ്ത് വാങ്ങുന്നവന്റെ പക്കൽ നിന്നും അഞ്ച് രൂപാ ഈടാക്കിയതുമല്ല ഉദ്ദേശിക്കുന്നത്. അതെല്ലാം വ്യാപാര മുറകൾ മാത്രം. പക്ഷേ ഡിസി. എന്ന പേര് കേൾക്കുമ്പോൾ എല്ലാം പരമാർത്ഥമായിരിക്കും എന്ന വിശ്വാസത്തിന് ഓട്ട വീഴുന്ന പിശക് സംഭവിക്കുമ്പോൾ അത് ചൂണ്ടിക്കാണിക്കാതെ വയ്യ, അതും മേൽ പറഞ്ഞ ഘഡാ ഘഡിയൻ എഡിറ്ററന്മാർ സംവിധാനം ചെയ്ത ലോക ക്ളാസിക് കഥകൾ എന്ന പേരിലുള്ള പരസ്യത്തിന്മേൽ വിറ്റഴിക്കുന്ന പുസ്തത്തെ സംബന്ധിച്ച് ഉണ്ടായ കാഴ്ചയിൽ ചെറുതെന്നും എന്നാൽ പൊറുക്കാനാവാത്തതുമായ ഒരു വസ്തുത.
ഈ പുസ്തകത്തിൽ 253 നമ്പർ പേജിൽ “പീരങ്കിയുമായൊരു യുദ്ധം“ എന്നൊരു കഥയുണ്ട്. ആ കഥയുടെ ആമുഖത്തിൽ രചയിതാവും ലോക പ്രസിദ്ധനുമായ വിക്ടർ യൂഗോയെ പറ്റി വിവരിക്കുന്ന അവസാന ഭാഗത്ത്,ഇങ്ങിനെയൊരു വാചകം ഉദ്ധരിക്കട്ടെ..“നോവലുകളും കവിതകളും ഉപന്യാസങ്ങളും കൂടാതെ “പീരങ്ക്യുമായൊരു യുദ്ധം“ എന്നിവ പോലുള്ള അനേകം ചെറുകഥകളുടെയും കർത്താവാണിദ്ദേഹം“
“കാട്...കാട്..“ ഭാഷാ പിതാവിന്റെ പ്രയോഗം തന്നെ തെറ്റ്...തെറ്റ്...എന്ന് പറയാൻ ഞാൻ ഉപയോഗിച്ച് കൊള്ളട്ടെ. അത് ചെറു കഥയല്ല, അത് ചെറു കഥയെന്ന് പറയുന്നത് തന്നെ ആ രചനയോട് കാണിക്കുന്ന അവഹേളനമാണ്. അത് യൂഗോയുടെ തന്നെ പാവങ്ങൾക്കും നോതൃദാമിലെ കൂനനും മദ്ധ്യെ വിലമതിക്കാവുന്ന “99“ എന്ന ബൃഹൃത്തായ ഒരു സുപ്രസിദ്ധ നോവലിലെ ഒരു അദ്ധ്യായം മാത്രമാണ്. ചെറുകഥ എന്ന പേരിൽ പ്രസിദ്ധീകരിച്ച ആ അദ്ധ്യായം മാത്രം വായിക്കുന്ന വായനക്കാരന് ഇതെന്താ തലയും വാലുമില്ലാത്ത ഒരു കഥയോ എന്ന തോന്നലുണ്ടായാൽ അൽഭുതപ്പെടാനില്ല. ഒരു ചെറിയ തെറ്റല്ലേ അതിലിത്ര രോഷപ്പെടാൻ എന്തിരിക്കുന്നു എന്ന ചോദ്യത്തിന് “99“ എന്ന നോവൽ നിങ്ങൾ വായിച്ചിട്ടുണ്ടെങ്കിൽ ഈ രോഷത്തിന് കാരണം പിടി കെട്ടും. അത്രക്കും ഹൃദയത്തിൽ തട്ടുന്ന വിക്ടർ യൂഗോയുടെ തന്നെ പാവങ്ങൾ പോലുള്ള ഒരു നോവൽ ആണത്. അതിലെ ഒരു അദ്ധ്യായം മാത്രം എടുത്ത് ചെറുകഥ എന്ന പേരിൽ ലോക ക്ളാസിക്കിൽ ചേർക്കേണ്ട ആവശ്യമെന്ത്? ഈ കഥ പ്രസ്തുത നോവലിലെ ഒരു അദ്ധ്യായം എന്ന് പറഞ്ഞാലെന്താണ്. അതല്ല പ്രസാധകരുടെ ലക്ഷ്യം. വിക്ടർ യൂഗോ എന്ന ലോക പ്രസിദ്ധ സാഹിത്യകാരന്റെ ചെറുകഥയും ഈ ഗ്രന്ഥത്തിൽ ചേർത്തിട്ടുണ്ട് എന്നുള്ള വീമ്പ് പറച്ചിലിന് അഥവാ പരസ്യത്തിനായാണ്` ഈ പണി ചെയ്തതെന്ന് പറഞ്ഞാൽ നിഷേധിക്കാമോ? അപ്പോൾ ഈ പിശക് പോലെ ഈ കഥാ സമാഹാരത്തിലെ പല കഥകളും ഇതേ പോലെ എവിടെന്നെങ്കിലും കഷണിച്ച് കയറ്റി വെച്ചതാണോ എന്ന ചോദ്യം ഉണ്ടാകുന്നുവെങ്കിൽ ക്ഷമിക്കണേ ഡി.സീ.....
പിൻ കുറി:; “യൂഗോയുടെ “99“ പണ്ട് മാത്രുഭൂമിയോ നാഷണൽ ബുക്ക്സോ ആണ് പ്രസിദ്ധീകരിച്ചത്. ഇപ്പോൾ ചിന്ത പ്രസാധകർ ആ പുസ്തകം വിതരണം ചെയ്യുന്നു എന്നാണറിവ്.
No comments:
Post a Comment