കോട്ടവിള വീട്ടിൽ ബഷീർ ഇന്നലെ മരിച്ചു. കോവിഡ് രോഗത്തെ തുടർന്ന് ബാധിച്ച ന്യൂമോണിയാ ആയിരുന്നു മരണകാരണം. എന്റെ അയൽ വാസിയും സഹൃദയനും സൗമ്യനും മദ്ധ്യ വയസ്സോട് അടുത്ത് വരുന്ന ആരോഗ്യമുള്ള മനുഷ്യനുമായിരുന്നു പരേതൻ. മൂന്നു നാല് ദിവസമായുള്ള പനിയെ അത്ര ഗുരുതരമായി കണ്ടില്ലെന്ന് മാത്രമല്ല, ആ പനിയുമായി അദ്ദേഹം വെയിൽ കൊള്ളുകയും ചെയ്തുവെന്നാണ് അറിയാൻ കഴിഞ്ഞത്. പനിയുടെ ചികിൽസ ഫലിക്കാതെ വന്നപ്പോൾ രക്ത പരിശോധനയിൽ കോവിഡ് പോസറ്റീവ് ആണെന്ന് കണ്ടു. പക്ഷേ അപ്പോഴേക്കും ന്യൂ മോണിയാ പിടി മുറുക്കി കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വിയോഗം കുടുംബത്തിന് വല്ലാത്ത ദു:ഖത്തിനിടയാക്കി.
സംസ്ഥാനത്ത് ആദ്യം കോവിഡ് റിപ്പോർട്ട് ചെയ്തപ്പോൽ ജനങ്ങൾ ഭീതിയോടെ അതിനെ കാണുകയും രോഗത്തിന്റെ പകർച്ച അന്തം വിട്ട് നോക്കി നിൽക്കുകയും ചെയ്തു. തുടർന്ന് സർക്കാർ നിലവിൽ വരുത്തിയ എല്ലാ പ്രതിരോധ പ്രവർത്തനങ്ങളും ജനം സർവാത്മനാ സഹകരിക്കുകയും ദിവസങ്ങൾ നീണ്ട് നിന്ന ലോക് ഡൗണുകൾ യാതൊരു മടിയും കൂടാതെ അനുസരിക്കുകയും ചെയ്തു. അന്നത്തെ ദിവസങ്ങളിലെ വൈകുന്നേരമുള്ള ഭരണ തലവന്റെ വാർത്താ സമ്മേളനം വർദ്ധിച്ച താല്പര്യത്തോടെയാണ് പൊതുജനങ്ങൾ ശ്രദ്ധിച്ചിരുന്നത്. അന്ന് രോഗ പകർച്ചയുടെ എണ്ണം പരമാവധി രണ്ടക്കത്തിൽ ഒതുങ്ങി നിന്നിരുന്നെങ്കിലും അത് പോലും ജനം ഗൗരവമായാണ് കണ്ടത്. മരണം അപൂർവത്തിൽ അപൂർവവുമായിരുന്നു. ദിവസങ്ങളും മാസങ്ങളും കടന്ന് പോയപ്പോൾ ജാഗ്രത പയ്യെ പയ്യെ ഇല്ലാതാവുകയും ഓ! ഇതാണോ കോവിഡ് ഇത് നമ്മളെ ഒന്നും ചെയ്യില്ലാ എന്ന മൂഢ ധാരണയിൽ ആയി തീരുകയും ചെയ്തുവല്ലോ. മാസ്ക് ധാരണം പോലീസിൽ നിന്നും രക്ഷ തേടാനുള്ള ചടങ്ങും സാനിറ്ററൈസർ ഉപയോഗം ആർക്കോ വേണ്ടി എന്ന മട്ടിലുമായി. പ്രവാസികളെയും അന്യ സംസ്ഥാനത്ത് നിന്നും വന്നവരെയും വരിഞ്ഞ് മുറുക്കി അടച്ച് കെട്ടിയിട്ടെങ്കിലും പണി പശുവിൻ പാലിലൂടെ മൽസ്യ മാർക്കറ്റുകൾ എത്തിച്ച് തന്നു. പിന്നെ പിടിച്ച് കെട്ടാത്ത രോഗ വ്യാപനത്തിന്റെ ദിനങ്ങളായിരുന്നു. മൂന്നക്കവും നാലക്കവും അപൂർവമായി അഞ്ചക്കവും കടന്നു രോഗ വ്യാപനത്തിന്റെ എണ്ണം കാണിക്കുന്ന സൂചി ഉയർന്നു നിന്നതാണ് തുടർന്നുള്ള കാഴ്ച. മരണവും വർദ്ധിച്ച് വന്നു. ഇതാണ് ഇപ്പോഴത്തെ അവസ്ഥ.
ഈ അവസ്ഥയിലേക്ക് വന്നതിന്റെ പ്രധാന കാരണം രോഗത്തെ പറ്റിയുള്ള ജനങ്ങളുടെ ഭയം കുറഞ്ഞതാണ്. ഓ! ഒരു പനി, അത് വന്നു പോകും അത്ര തന്നെ. ഈ ധാരണയിലായി ജനം. അതിന്റെ തിക്തക ഫലമാണ് ഞാൻ ഈ കുറിപ്പിൽ ആദ്യം കാണിച്ച രോഗ ബാധ. പനിയെ നിസ്സാരമായി കാണുമ്പോൾ അത് നമ്മളെ ആക്രമിക്കുന്നു. മറ്റൊരു സവിശേഷത പനി വന്നാൽ തന്നെ ജനങ്ങൾ പരിശോധനക്ക് പോകാൻ കാണിക്കുന്ന മടിയാണ്. പോസറ്റീവായി കാണപ്പെട്ടാൽ ഭയപ്പെടുത്തുന്ന സൈറണുമായി ആംബുലൻസെത്തുന്നു, രോഗിയെ എവിടേക്കോ കൊണ്ട് പോകുന്നു, അവിടെ അപരിചിതമായ സ്ഥലത്ത് ഏകാന്ത വാസവുമായി കഴിയുന്നു, ആഹാരം കിട്ടിയാലായി, പരിചരണം ഉണ്ടെങ്കിലായി, ഇങ്ങിനെ ഗോസിപ്പുകൾ പരന്നതോടെ രക്തം പരിശോധിക്കാൻ തന്നെ ആൾക്കാർ മടിച്ച് പനിയെ പാരസറ്റാമോൾ കൊണ്ട് നേരിടാൻ ഒരുങ്ങുന്നതോടെ പ്രാരംഭത്തിൽ തന്നെ രക്ത പരിശോധനയിലും തുടർന്ന് രോഗ ബാധ ഉണ്ടെങ്കിൽ കിട്ടുന്ന സംരക്ഷണത്തിൽ നിന്നും അകന്നു പോകാനിടയാക്കുന്നു.
തിരിച്ചറിയുക, കോവിഡ് മാരക പകർച്ച വ്യാധിയാണ് അതിനെ നിസ്സാരമായി ഗണിക്കാതിരിക്കുക. എപ്പോഴും ജാഗ്രതയിൽ തന്നെ വർത്തിക്കുക..ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ അക്ഷരം പ്രതി അനുസരിക്കുക. പ്രതിരോധത്തിൽ തന്നെ കഴിയുക, പകർച്ച വ്യാധി തീർത്തും പോകുന്നത് വരെ സൂക്ഷ്മത നില നിർത്തുക, അതാണ് നമ്മൾ ചെയ്യേണ്ടത്.
No comments:
Post a Comment