Friday, October 30, 2020

വിവാഹ പ്രായം ...

 പള്ളികളിലും മറ്റ് സാമുദായിക സ്ഥാപനങ്ങളിലും വിവാഹാനുവാദ അപേക്ഷകൾ അടുത്ത ദിവസങ്ങളിൽ കൂടുതലായി ഫയൽ ചെയ്യപ്പെടുന്നതായി അറിയാൻ കഴിഞ്ഞു. വിവാഹ പ്രായം 21 ആയി ഉയർത്തുന്നുവെന്നും അത് നവംബർ ആദ്യ ആഴ്ചയിൽ തന്നെ പ്രാബല്യത്തിൽ വരുമെന്നും സാമൂഹ്യ മാധ്യമങ്ങളിൽ ആരോ കൊളുത്തി വിട്ട ഒരു പോസ്റ്റിലൂടെ അറിഞ്ഞതിനെ തുടർന്നാണ് ഈ തിരക്ക്.

കൂടാതെ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി മതാചാര ചടങ്ങുകളിലൂടെ വിവാഹം നടത്തിക്കൊടുത്ത ബന്ധപ്പെട്ട ദേവാലയങ്ങളിൽ അതിനെ സംബന്ധിച്ച് നൽകുന്ന സർട്ടിഫികേറ്റുകൾക്കുമായി അപേക്ഷകൾ കുന്നു കൂടുകയാണ്.
ഒരുകാര്യം വെളിവാകുന്നത് 18നും 21നും മദ്ധ്യേ വിവാഹം നടത്തുവാൻ പെൺകുട്ടികളുടെ രക്ഷകർത്താക്കളിൽ ഭൂരിഭാഗവും ഉൽസുകരാണ് എന്ന വസ്തുതയാണ്.
ഈ കുറിപ്പുകൾ വിവാഹ പ്രായം ഉയർത്തുകയോ താഴ്ത്തുകയോ ചെയ്യുന്നത് സംബന്ധിച്ചല്ല എന്ന് മുന്നാലെ പറഞ്ഞ് വെക്കുന്നു. അത് കൊണ്ട് തന്നെ ആയതിന്റെ ഗുണ ദോഷ ചർച്ച കൾക്കായി ആരും ഇവിടെ തുനിഞ്ഞിറങ്ങേണ്ടതില്ല.
ഒരു നിയമം സൃഷ്ടിക്കുന്നത് അത് സമൂഹത്തിനെ ഏത് വിധം ബാധിക്കുന്നു എന്ന് എല്ലാ കോണുകളിൽ നിന്നും വിശാലമായി പഠിച്ച് കഴിഞ്ഞ് മാത്രമേ പാടുള്ളൂ എന്നും അത് നിയമ നിർമ്മാതാക്കൾ അവരുടെ താല്പര്യത്തേക്കാളും സമൂഹത്തിന്റെ നന്മ മാത്രം കണക്കിലെടുത്ത് ചെയ്യേണ്ടതാണ് എന്നും ആ നിയമം സമൂഹത്തിന് ഗുണകരമായി ഭവിക്കുമെന്ന് വെളിപ്പെട്ടാൽ ഒരു മടിയും കൂടാതെ ആ നിയമം പ്രാബല്യത്തിൽ വരുത്തണമെന്നും ദോഷമെങ്കിൽ ഒരു കാരണവശാലും നടപ്പിൽ വരുത്തരുതെന്നുമാണ് നിയമ നിർമ്മാതാക്കൾ തിരിച്ചറിയേണ്ടത്.

1 comment:

  1. ശരിയാണ്. വിവാഹ പ്രായം 21 ആയി ഏകീകരിക്കുന്നു എന്നുള്ള റിപ്പോർട്ടുകൾ / ചർച്ചകൾ ധാരാളം ആളുകളെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. അതിൽ പ്രധാനം വരുന്ന ഏതാനും മാസങ്ങൾക്കുള്ളിൽ വിവാഹിതരാകാൻ പോകുന്ന പെൺക്കുട്ടികളുടെ മാതാപിതാക്കൾ ആണ്. എനിക്കറിയാവുന്ന ഒരു കുടുംബം ഉണ്ട്. അവരുടെ മകളുടെ വിവാഹം 2021 ജനുവരി മാസത്തിൽ ആണ് നിശ്ചയിച്ചിരിക്കുന്നത്. അപ്പോളും അവരുടെ മകൾക്ക് 21 വയസ്സാവില്ല. ആ സമയത്തിനുള്ളിൽ നിയമം നടപ്പിൽ വന്നാൽ വിവാഹം നടത്താൻ സാധിക്കുമോ എന്ന ആശങ്കയാണ് അവർക്കുള്ളത്.

    ReplyDelete