കോടതി വരാന്തയിലും ഹാളിലും നല്ല തിരക്ക്. ഇന്ന് ഒരു ബലാൽസംഗ കേസിന്റെ വിധി പറയുന്ന ദിവസമാണ്. ഇതിനു മുമ്പ് വിധി പറഞ്ഞ എല്ലാ കേസുകളിലും പ്രതികളെ ശിക്ഷിച്ചിട്ടുള്ള ജഡ്ജിൽ നിന്നും ഈ കേസിലും വിധി മറിച്ചാകാൻ വഴിയില്ലാ എന്ന് എല്ലാവരും പറഞ്ഞു. പക്ഷേ പ്രതിഭാഗം അഭിഭാഷകന് തന്റെ പ്രതിയെ വെറുതെ വിടുമെന്ന്.ശുഭാപ്തി വിശ്വാസം അൽപ്പം കൂടുതലുണ്ടായിരുന്നു, അത് കൊണ്ട് തന്നെ അദ്ദേഹം മുൻ നിരയിൽ സുസ്മേര വദനനായി ഇരിപ്പുറപ്പിച്ചു. ഒരു തൊഴിലാളി യൂണിയന്റെ ഉന്നത നേതാവായ അദ്ദേഹവും ജഡ്ജും പുനലൂരിൽ ഒരേ കാലയളവിൽ അഭിഭാഷകരായി പ്രാക്ടീസ് ചെയ്തിരുന്നവരാണ്.
കേസ് വിളിച്ചു. പ്രതി കൂട്ടിൽ കയറി നിന്നു. ജഡ്ജ് അയാളെ ഡയസിനടുത്തേക്ക് വിളിച്ചു. ആ ലക്ഷണം ശിക്ഷയുടേതാണെന്ന് ഞങ്ങൾക്കും വക്കീലന്മാർക്കും അറിയാം. വെറുതെ വിടാനാണെങ്കിൽ കൂട്ടിൽ നിന്ന് കൊണ്ട് തന്നെ വിധി കേട്ട് അയാൾ പുറത്തേക്ക് പോകും.
ശിക്ഷ ഉറപ്പായതോടെ പ്രതിഭാഗം അഭിഭാഷകന്റെ മുഖം ഇരുണ്ടു. ജഡ്ജ് വിധിന്യായത്തിൽ ഒപ്പിട്ടു. പേജുകൾ മറിച്ച് നോക്കി, ചില ഭാഗങ്ങൾ വായിച്ചു. ഒരു കൂട്ടം സെക്ഷനുകളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. പ്രധാന കുറ്റം സെക്ഷൻ 376, ബലാൽസംഗം, പിന്നെ പരുക്കേൽപ്പിക്കൽ, 323, 324, ക്രിമിനൽ ട്രസ്പസ്സ് ( അനധിക്രത കടന്ന് കയറ്റം)447, പിന്നെയും ഏതെല്ലാമോ ചില്ലറ ചില്ലറ വകുപ്പുകൾ കുറ്റപത്രത്തിൽ ഉൾപ്പെട്ടിരുന്നു. കുറ്റപത്രത്തിൽ ഉണ്ടായിരുന്ന എല്ലാ കുറ്റങ്ങൾക്കും ഒന്നൊന്നായി ജഡ്ജ് തടവ് ശിക്ഷ വിധിച്ചു. പക്ഷേ എന്ത് കൊണ്ടാണോ എന്തോ 447 സെക്ഷന്റെ ( അനധികൃത കടന്ന് കയറ്റത്തിനുള്ള )ശിക്ഷ വിട്ട് പോയി. നോട്ട പിശകാകാം, സ്റ്റനോഗ്രാഫർ ടൈപ്പ് ചെയ്തപ്പോൾ വിട്ട് പോയതാകാം, വായിച്ചപ്പോൾ വിട്ടതാകാം, എന്തായാലും 447 ന്റെ ശിക്ഷ എത്രയെന്ന് വായിച്ചില്ല.
ദേഷ്യം കൊണ്ട് വിറക്കുന്ന പ്രതിഭാഗം അഭിഭാഷകൻ ചാടിയെഴുന്നേറ്റ് പുറത്തേക്കിറങ്ങി അപ്പോൾ അവിടെ ഭിത്തിയിൽ ചാരി നിന്നിരുന്ന പ്രതിയോട് ഉച്ചത്തിൽ ചോദിച്ചു “ വീടിനകത്ത് കടന്ന് കയറാതെ തോട്ടിയുടെ അറ്റത്ത് “ദേ! അത്“ കെട്ടിവെച്ച് വെളിയിൽ നിന്നും അകത്തേക്ക് നീട്ടിയാണോടാ നീ ബലാൽസംഗം ചെയ്തത്.....“
കോടതിയിൽ കൂട്ട ചിരി മുഴങ്ങി . ജഡ്ജ് ഒന്നും മിണ്ടിയില്ല. അടുത്ത കേസ് വിളിക്കാൻ ബെഞ്ച് ക്ളാർക്കിനോട് പറഞ്ഞു. പൂർവ കാല സുഹൃത്തായതിനാലാകാം കോടതിയിൽ ബഹളം ഉണ്ടാക്കി സംസാരിച്ചതിന് അഭിഭാഷകന് നേരെ നടപടി എടുത്തില്ല. നടപടി എടുത്താലും ആ അഭിഭാഷകൻ അത് പുല്ല് പോലെ അവഗണിക്കും. അതായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവം.കാരണം അദ്ദേഹം സരസമായി ചൂണ്ടിക്കാണിച്ചത് ഗുരുതരമായ വീഴ്ചയായിരുന്നുവല്ലോ.
തന്റെ സ്റ്റാന്റിൽ ഉറച്ച് നിന്ന് ഗംഭീരമായി വാദം നടത്തി ഉത്തരവ് വാങ്ങുന്ന അഭിഭാഷകരോട് എപ്പോഴും അറിയാതെ ആദരവ് തോന്നി പോകും.
No comments:
Post a Comment