അടിയന്തിരാവസ്ഥ കാലം.
ഗോവിന്ദനും മാധവനും (രണ്ട് പേരുകളും മറ്റൊന്നാണ്) കോടതിയിലെ പ്രോസെസ് സെർവറന്മാരാണ്. അവർ സംഭവ ദിവസം നൈറ്റ് ഡ്യൂട്ടിയിലുമാണ് . രാത്രി കോടതിയിൽ കാവൽ കിടക്കുക, അതാണ് ജോലി. ഈ ഡ്യൂട്ടിയിലാകുന്നവർ പലരും രാത്രിയിൽ വീടുകളിലായിരിക്കും ജോലി നോക്കുന്നത് . സന്ധ്യ കഴിഞ്ഞ് സ്ഥലം വിടും കൊച്ച് വെളുപ്പാൻ കാലത്ത് കോടതിയിൽ തിരിച്ചെത്തും. പക്ഷേ ടെലഫോൺ എല്ലാ കോടതിയിലും സ്ഥാപിക്കപ്പെട്ടതിന് ശേഷം ഭൂരിഭാഗം പേരും ഇപ്പോൾ രാത്രിയിൽ നൈറ്റ് ഡ്യൂട്ടിക്ക് കോടതിയിൽ ഹാജരാകുന്നുണ്ട്.
മാധവന്റെ പ്രൊവിഡന്റ് ഫണ്ട് ലോൺ ബിൽ മാറിയ ദിവസമായിരുന്നു അന്ന്. അവർ അൽപ്പമല്ല ഇത്തിരി കൂടുതൽ ഒന്ന് മിനുങ്ങി. കാൽ നിലത്ത് ഉറക്കുന്നില്ല എങ്കിലും എങ്ങിനെയോ കോടതി കാമ്പൗണ്ട് ഗെയ്റ്റിനരികിലെത്തി. ഗോവിന്ദ്ന്റെ കയ്യിൽ പരിപ്പ് വട പൊതിയുണ്ട്.അത് നെഞ്ചോടെ ചേർത്ത് പിടിച്ചിട്ടുമുണ്ട്. ഗെയിറ്റിന് സമീപം വെള്ളം ഒഴുകി പോകുന്ന ഒരു ചാൽ ഉണ്ടായിരുന്നത് അൽപ്പം ആഴത്തിലുമായിരുന്നു. ഗോവിന്ദൻ ചാലിൽ വീണു. വീണ പാടെ ഉറക്കത്തിലുമായി.
ആ സമയത്തായിരുന്നു ഹേഡ് നാരായണ പിള്ള, സ്റ്റേഷനിലേക്ക് പോകാൻ ആ വഴി വന്നത്. പോലീസ് സ്റ്റേഷൻ കോടതി കാമ്പൗണ്ടിൽ തന്നെയാണ്. അരണ്ട നിലാവ് വെളിച്ചത്തിൽ അദ്ദേഹം നോക്കിയപ്പോൾ ഒരുത്തൻ കുഴിയിൽ കിടക്കുന്നു, മറ്റൊരുത്തൻ കിടക്കുന്നവന്റെ കയ്യിൽ പിടിച്ച് “എഴുന്നേൽക്കടാ, മോനേ“ എന്ന് തെളിഞ്ഞ മലയാളത്തിലും പിന്നെ ശ്രേഷ്ഠ മലയാളത്തിലും വിളീക്കുന്നുണ്ട്. ഇവൻ അവനെ അടിച്ച് കുഴിയിലിട്ടെന്ന് ഹേഡങ്ങത്ത കരുതി. കരക്ക് നിൽക്കുന്നവനെ തള്ളി മാറ്റിയിട്ട് അദ്ദേഹവും കുഴിയിൽ കിടക്കുന്നവനോട് എഴുന്നേൽക്കാനായി ഗർജ്ജിച്ചു. കുഴിയിൽ കിടക്കുന്നവൻ പകുതി കണ്ണ് തുറന്ന് മുകളിലേക്ക് നോക്കി. അന്ന് പോലീസ്കാർക്ക് യൂണി ഫോം തേച്ച് വടി പോലെ നിൽക്കുന്ന നിക്കറാണ് . കുഴിയിൽ കിടക്കുന്നവൻ കരക്ക് നിൽക്കുന്നവന്റെ കാൽ പകുതിയേ കാണുന്നുള്ളൂ. അവൻ അവിടെ കിടന്ന് ഗർജ്ജിച്ചു.
“പോയി തുണി ഉടുക്കെടാ......മോനേ....“
ശബ്ദം കേട്ട് വന്ന മറ്റ് പോലീസ്സുകാരുടെ സഹായത്തൊടെ നാരായണ പിള്ള കോടതിയിലെ രണ്ട് നൈറ്റ് ഡ്യൂട്ടിക്കാരെയും സ്റ്റേഷനിലെത്തിച്ചു. കാൺസ്റ്റബിൾ മൂത്ത് എസ്.ഐ. ആയ ക്രിഷ്ണൻ നായരദ്ദേഹമാണ് അന്ന് സ്റ്റേഷനിൽ ഡ്യൂട്ടി. കോടതിക്കാർ രണ്ടെണ്ണവും സ്റ്റേഷനിലെത്തിയ ഉടൻ എസ്.ഐ.അദ്ദേഹം രണ്ടിന്റെയും തല കൂട്ടി പിടിച്ച് ഒരു അടി അടിച്ചു. പിന്നീട് മാധവൻ എന്നോട് പറഞ്ഞത് “കണ്ണീന്ന് പൊന്നീച്ച പറന്നു സാറേ...“ എന്നാണ്.
ഗോവിന്ദൻ പറഞ്ഞത് “കുടിച്ചതിന്റെ ലഹരി എവിടെ പോയെന്ന് അറിയില്ല സാറേ...എന്നായിരുന്നു “
വിവരമറിഞ്ഞ് ഞങ്ങളുടെ ആമീനായ പരമേശ്വരൻ നായർ സാർ സ്റ്റേഷനിൽ പോയി മഹാന്മാരെ രണ്ടെണ്ണത്തിനെയും അവിടെ നിന്ന് മോചിപ്പിച്ചു. സാർ ചെന്നപ്പോഴാണ് കഥാ നായകന്മാർ രണ്ടെണ്ണവും കോടതി സ്റ്റാഫാണെന്ന് സ്റ്റേഷനിൽ അറിയുന്നത്. രണ്ടെണ്ണവും കെട്ടി പിടിച്ചിരുന്ന് കരയുകയായിരുന്നു പക്ഷേ അപ്പോഴും ഗോവിന്ദൻ പരിപ്പ് വട പൊതി നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നുവത്രേ!
കാര്യങ്ങൾ അന്വേഷിക്കാൻ പിറ്റേന്ന് സ്റ്റേഷനിൽ ഞാൻ പോയിരുന്നു. രണ്ടെണ്ണത്തിനുമെതിരെ കേസുകൾ ചാർജ് ചെയ്തിരുന്നോ എന്നറിയണമല്ലോ. അടിയന്തിരാവസ്ഥയാണ് ജോലി പോകാൻ മറ്റൊരു കാരണവും വേണ്ട. ഭാഗ്യവശാൽ കേസുകൾ ഒന്നും ഫയൽ ചെയ്തിരുന്നില്ല.
പരിചയക്കാരനായ ഹേഡങ്ങത്ത നാരായണ പിള്ള അദ്യം എന്നെ കണ്ട് സമീപം വന്ന് പറഞ്ഞു ,
“എന്റെ പൊന്ന് സാറേ, എന്റെ സർവീസിൽ ഇത് വരെ എന്നെ ആരും തുണി ഉടുപ്പിക്കാൻ മുതിർന്നിട്ടില്ലാ....ഇതാദ്യമാ ഒരുത്തൻ..... പിന്നെ കോടതി സ്റ്റാഫല്ലേ എന്ന് കരുതി ഞങ്ങളങ്ങ് പറഞ്ഞ് വിട്ടതാണ്...“
പിൽക്കാലത്ത് ഗോവിന്ദൻ സർവീസിൽ ഇരിക്കെ മരിച്ചു. മാധവൻ ഇപ്പോഴും കൊട്ടാരക്കരക്ക് സമീപം ആനക്കോട്ടൂർ എന്ന ഗ്രാമത്തിൽ വാർദ്ധക്യത്തിന്റെ അവശതയിൽ കഴിയുന്നു എന്നാണ് അറിഞ്ഞത്.
No comments:
Post a Comment