Monday, October 5, 2020

സിനിമ കാലങ്ങളിലൂടെ

 ജീവിതത്തിലെ ഒഴിച്ച് കൂടാനാവാത്ത  വിനോദ ഉപാധിയാണ് സിനിമ. കാലഘട്ടത്തിനനുസൃതമായുള്ള വിഷയവുമായി  സിനിമാ നിർമ്മാണവും നടന്ന് വന്നു. ഓരോ ട്രന്റ്  എന്ന് നമ്മൾ പറയാറില്ലേ, അതാത് കാലത്തെ ട്രന്റ്  അനുസരിച്ച് നിർമ്മാതാക്കൾ പടമെടുത്തപ്പോൾ ആയതിൽ ഭൂരിപക്ഷവും നഷ്ടമില്ലാതെ കടന്ന് പോയി.

മലയാളത്തിൽ ആദ്യ കാലഘട്ടങ്ങളിൽ  ദാരിദ്രിയവും കഷ്ടപ്പാടും സാമൂഹ്യ വിമർശനവുമായി ചില ചലചിത്രങ്ങൾ പടക്കപ്പെട്ടു. നീലക്കുയിൽ . . “വിശപ്പിന്റെ വിളി, “കിടപ്പാടം“ തുടങ്ങിയവ ആ കൂട്ടത്തിൽ പെട്ടതാണ്.

മുസ്ലിം സമുദായം  അന്ന് ഇരുമ്പ് മറക്കുള്ളീലായിരുന്നു. അവരുടെ ആചാരങ്ങളും നട്പടികളും അന്ധ വിശ്വാസങ്ങളും ഇതര സമുദായർക്ക് കൗതുകമായി ഭവിച്ചതിനാൽ ആ വക പടങ്ങൾ ബംബർ കളക്ഷൻ നേടി. ആദ്യം ഉദയാ സ്റ്റുഡിയോയിൽ നിന്നിറങ്ങിയ  ഉമ്മായാണ് പണം വാരിക്കൂട്ടിയത്. അതിന് മുമ്പുള്ള “രാരിച്ചനെന്ന പൗരൻ “ ഞാൻ വിസ്മരിക്കുന്നില്ല. പക്ഷേ ഉമ്മാ  50 ദിവസത്തിനു മുകളിൽ മിന്നും പ്രകടനം കാഴ്ചവെച്ചു. ബഹദൂർ എന്ന തമാശ നടനെ നാല് പേരറിയുന്നവനാക്കുകയും ചെയ്തു. അടുത്തത് കുട്ടിക്കുപ്പായമെന്ന സിനിമ. നല്ലൊരു സന്ദേശം സിനിമാ നൽകുകയും ബാബുരാജിന്റെ മാന്ത്രിക വിരലുകൾ ആ സിനിമയിലെ ഗാനങ്ങളെ ജനകീയമാക്കുകയും ചെയ്തുവല്ലോ. പിന്നീട് മലയാളത്തിലെ ആദ്യ വർണ്ണ ചിത്രമായ  കണ്ടം ബെച്ച കോട്ടിന്റെ ഊഴമായി. കുപ്പിവളയും കസവ് തട്ടവും ഖദീജയും സുബൈദയും തുടങ്ങി തുരു തുരാ മുസ്ലിം പ്രമേയമാക്കിയ സിനിമകളുടെ ബഹളമായിരുന്നു ആ കാലത്ത്. അത് കഴിഞ്ഞ് ജീവിതം കുടുംബത്തിനായി ത്യാഗം ചെയ്ത സ്ത്രീകളുടെ സിനിമകളുടെ വരവായി. ഉദ്യോഗസ്ഥ, അദ്ധ്യാപിക, തുടങ്ങിയവ പണം വാരിക്കൂട്ടി. ആ ട്രന്റും പെട്ടെന്ന് മറഞ്ഞു പോയി. തുടർന്ന് സി.ഐ.ഡി പടങ്ങളുടെ തേരോട്ടം ആരംഭിച്ചു. എല്ലാ ഭാഷയിലും ആ പ്രവണത പടർന്ന് പിടിച്ചു. ഗോവയിൽ സി.ഐ.ഡി. 007, ബോംബയിൽ സി.ഐ.ഡി.555, സി.ഐ.ഡി. ശങ്കർ, മലയാളത്തിൽ സി.ഐ.ഡി. നസീർ, തുടങ്ങിയവ ലോ ക്ളാസ്സ് ആഡിയൻസിനെ വല്ലാതെ ആകർഷിച്ചു.ആ ട്രന്റ് കുറേ കാലം നില നിന്നു.

ഇടക്കെപ്പോഴോ ദൈവം സിനിമാ രംഗത്ത് വന്നു. ഗുരുവായൂരപ്പൻ, കൃഷ്ണ കുചേല, ഭക്ത കുചേല, ഭക്ത പ്രഹ്ളാദാ, കർണൻ, മായാ ബജാർ, ദേവി കന്യാകുമാരി, കുമാര സംഭവം ,തുടങ്ങിയവ 50,  100, ദിവസങ്ങൾ സുഖമായി കടന്ന് പോയി. സ്ത്രീകൾ ആർത്തലച്ചെത്തി.അവരുടെ ഉടമസ്തരും കുട്ടികളും കൂടി വരുമ്പോൾ കൊട്ടക നിമിഷ നേരം കൊണ്ട് നിറയുമായിരുന്നു. നാട്ടിൻ പുറത്ത്കാരി സ്ത്രീകളുടെ ദൈവത്തെ കാണുമ്പോഴുള്ള ഭാവങ്ങൾ ഓർത്തോർത്ത് ചിരിക്കാനുള്ള വക നൽകി. ആ കാലത്ത് നിർമ്മാതാക്കൾ ദൈവം സിനിമയുടെ പുറകേ ആയിരുന്നു.

ആന്ധ്രായിൽ രാമറാവു  രാമവേഷം കെട്ടി ഒരു സംസ്ഥാനം കീഴടക്കിയത് നമ്മുടെ മുമ്പിലുണ്ട്. രാമാനന്ദ സാഗറിന്റെ രാമായണം സീരിയൽ ഭാരതത്തിന്റെ ഭാഗധേയം എങ്ങിനെ തിരിച്ചു വിട്ടു എന്നത് വർത്തമാന കാല സംഭവമാണ്.

  കൃസ്തീയ കഥകളെ ആസ്പദമാക്കി സ്നാപക യോഹന്നാൻ, ജ്ഞാന സുന്ദരി, യേശു വിജയം  തുടങ്ങിയവയും ഒരു ട്രന്റായി  വെള്ളി തിരയിൽ അരങ്ങേറിയത് വിസ്മരിക്കുന്നില്ല.

നോവലുകൾ സിനിമയിൽ എത്തി ചേരുന്നത് വലിയ ട്രന്റായി അനുഭവപ്പെട്ടില്ല. ഓടയിൽ നിന്നും, പാടാത്ത പൈങ്കിളിയും അസുരവിത്തും, ബാല്യകാലസഖിയും കാട്ട്കുരങ്ങും നല്ല ചിത്രങ്ങളായിരുന്നെങ്കിലും  വലിയ ചലനങ്ങൾ സൃഷ്ടിക്കാത്തതിനാൽ  ആ ആവേശം സമാനമായ സിനിമാ നിർമ്മാണത്തിൽ പടർന്ന് പിടിച്ചില്ലാ എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു...

ആഴ്ചയിൽ ഒരു ദിവസം സിനിമാ കാണൽ നിർബന്ധ വൃതമാക്കിയവർക്കെല്ലാം വെള്ളിയാഴ്ച  സിനിമാ മാറുന്ന ദിവസമാണെന്നും അന്ന് ആദ്യത്തെ ഷോക്ക് തന്നെ കൊട്ടകയിൽ ഇരിപ്പിടം പിടിച്ചിരിക്കണമെന്നും നിർബന്ധമുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നുവല്ലോ.

പിന്നെ വിഡ്ഡിപ്പെട്ടി വീട്ടിനുള്ളിൽ വന്നു. ദിവസവും 25 സിനിമകൾ  രംഗത്ത് വരുമ്പോൾ  ഏത് കാണണമെന്ന കുഴപ്പത്തിലായി. തീയേറ്ററിലേക്കുള്ള ഒഴുക്ക് നിലച്ചു. പല തീയേറ്ററുകളും അടച്ച് പൂട്ടി. ഗ്രാമത്തിലെ  ഒഴിച്ച് കൂടാത്ത കാഴ്ചയായ  ഓലക്കൊട്ടകകൾ എങ്ങോ മറഞ്ഞു. അങ്ങിനെ സിനിമയിൽ ട്രന്റ് തിരിച്ചറിഞ്ഞുള്ള നിർമ്മാണവും നിലച്ചു.

ഇപ്പോൾ ഈ കോവിഡ് കാലത്ത് എല്ലാ കൊട്ടകകളും അടച്ച് പൂട്ടി. വർഷങ്ങൾക്ക് മുമ്പ് ടെലിവിഷൻ വീട്ടകങ്ങളിൽ എത്തിയിട്ടില്ലാത്ത കാലത്ത് ഇപ്രകാരം സിനിമാ കൊട്ടകകൾ അടച്ച് പൂട്ടി ഇടുന്ന അവസ്തയെ പറ്റി ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു എന്നത് തികച്ചും സത്യമാണ്.


1 comment:

  1. "ഹലാൽ ലൗ സ്റ്റോറി" എന്ന സിനിമ ഈയിടെ ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോൾ എല്ലാവരും പറഞ്ഞ ഒരു കാര്യം ആണ് ഒരു മുസ്ലീം വിഭാഗത്തിന്റെ യഥാതദമായ അവസ്ഥ ആണ് ആ സിനിമയിൽ കാണിക്കുന്നതെന്ന്. മലയാള സിനിമ പൊതുവിൽ എല്ലാക്കാലവും സവർണ്ണാധിപത്യത്തിൽ ആയിരുന്നെന്നും മുസ്ലീം വിഭാഗത്തിന്റെ യഥാർത്ഥ ജീവിതാവസ്ഥകൾ സിനിമയ്ക്ക് പ്രമേയം ആയിട്ടില്ലെന്നും ഒക്കെ. കുട്ടിക്കുപ്പായവും ഖദീജയും പോലെ സാർ മുകളിൽ പരാമർശിച്ച എത്രയോ ചിത്രങ്ങൾ മുസ്ലീം സമുദായത്തിന്റെ ഒരു കാലഘട്ടത്തിലെ ജീവിതസാഹചര്യം പ്രമേയമാക്കിയിരിക്കുന്നു എന്നത് ഈ പോസ്റ്റ് വായിച്ചപ്പോൾ ആണ് ഓർത്തത്.

    ReplyDelete