മൂടി പുതച്ച് ഉറങ്ങിയിരുന്ന ഞാൻ വേലിക്കൽ നിന്നും ശൂ ശൂ ശബ്ദം കേട്ടാണ് ഉണർന്നത്. നേരം പുലർന്ന് വരുന്നതേയുള്ളൂ. അപ്പോഴേക്കും ഇവളെന്തിനാണ് വേലിക്കൽ നിന്നും വള കിലുക്കുന്നത്. ഉറക്കച്ചടവോടെ നാല് പാടും നോക്കി ആരുമില്ല, എല്ലാരും ഉറക്കത്തിലാണ്. ഓടി ച്ചെന്നു.
“എന്തൊരു ഉറക്കമാണ്, എത്ര നേരം കൊണ്ട് ഞാൻ വിളിക്കുന്നു...“ വാക്കുകളിൽ പരിഭവം പുരട്ടി അവൾ ഒരു പൊതി എന്റെ നേരെ നീട്ടി. പഴുത്ത ചക്കയുടെ മത്ത് പിടിപ്പിക്കുന്ന മണം പുലർകാലത്തെ വായുവിൽ പരന്ന് എന്റെ മൂക്കിലെത്തി.ഏത് വിശേഷ ഭക്ഷണ സാധനങ്ങളും അവൾക്ക് കിട്ടിയാൽ അത് എന്നെ കൊണ്ട് തീറ്റിപ്പിക്കണമെന്നുള്ളത് പണ്ട് മുതലേ അവളുടെ ശീലമാണല്ലോ.
“അതിരാവിലെ വെറും വയറ്റിൽ ചക്കപ്പഴമോ?“
“ഇരുട്ടത്തിരുന്ന് പറിച്ചെടുത്തതാണ് ചവണിയും പൊല്ലയും കാണും “ അവൾ പറഞ്ഞു, എന്നിട്ട് കൂട്ടിച്ചേർത്തു. “ഇനി കുറച്ച് ദിവസം എന്നെ കാണില്ല“
അതെന്താണ്? എന്ത് പറ്റി? എവിടെയെങ്കിലും പോകുന്നോ? എന്റെ ചോദ്യത്തിൽ പരിഭ്രമം ഉണ്ടായിരുന്നു.
ദൂരെ കിഴക്ക് കമ്പിക്കകം പറമ്പിലെ തെങ്ങോലകൾക്കപ്പുറം ഉദയ സൂര്യൻ തല കാണിച്ച് വരുന്നതേയുള്ളൂ. അവളുടെ മുഖം പുലരിയുടെ ചുവപ്പ് തട്ടി ചുമന്നതാണോ അതോ നാണത്താൽ ചുമന്നതാണോ.?
“അത് എന്താണെന്ന് പിന്നെ അറിഞ്ഞോളും“ എന്ന് പറഞ്ഞിട്ട് അവളോടി പോയി.
എനിക്കൊന്നും മനസ്സിലായില്ല. നേരം നല്ലവണ്ണം പുലർന്ന് കഴിഞ്ഞ് എന്റെ ഉമ്മ ഉൾപ്പടെ അയൽ പക്കത്തെ സ്ത്രീകൾ അവളുടെ വീട്ടിലേക്ക് പോകുന്നത് കണ്ടപ്പോൾ കാര്യമറിയാനുള്ള എന്റെ ഉൽക്കണ്ഠ അതിന്റെ ഉച്ചസ്ഥായിയിലെത്തി. ഉമ്മയോട് കാര്യം ചോദിക്കാൻ മടി . അപ്പോഴാണ് കുഞ്ഞിവീത്ത അതിലെ പോകുന്നത് കണ്ടത്., അവരോടെ ഞാൻ തിരക്കി. “ഇത്ത എന്തിനാണ് ആ വീട്ടിൽ ആൾക്കാർ പോകുന്നത്...“
“അതോ, ആ പെൺ കൊച്ച് വലുതായി“ അവർ പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചിട്ട് കടന്ന് പോയി.
എന്തോ എല്ലാം അവ്യക്തമായി പതിനാറ് വയസ്സ്കാരനായ ഞാൻ തിരിച്ചറിഞ്ഞു. കാര്യങ്ങൾ അങ്ങിനെയൊക്കെയാണ്. അതാണ് അവൾ പറഞ്ഞത്, കുറച്ച് ദിവസം കാണില്ലാ എന്ന്....
ദിവസങ്ങൾ കഴിഞ്ഞ് അയൽ പക്കത്തെ വീട്ടിലെ നേർച്ച ചോറെന്ന് പറഞ്ഞ് ഉമ്മ വീട്ടിൽ കിട്ടിയതിൽ നിന്നും എന്റെ വിഹിതമായി അൽപ്പം നെയ്ച്ചോറും ഇറച്ചി വരട്ടിയതും തന്നു.
രാത്രിയായി. പതിനാലാം രാവായത് കൊണ്ട് പൂർണ ചന്ദ്രൻ മാനത്ത് വെട്ടി തിളങ്ങി നിൽക്കുന്നു. കൂട്ടത്തിൽ താരക കുഞ്ഞുങ്ങളും. അന്തരീക്ഷമാകെ വെണ്ണി ലാവിന്റെ പ്രഭയിൽ കുളിക്കുന്നത് കണ്ട് മനസ്സിലേക്ക് ആ നിലാവിനെ ആവാഹിച്ച് മുറ്റത്തെ മണലിൽ നിലാവിനെ നോക്കി ഞാൻ മലർന്ന് കിടന്നു. മാനത്ത് വല്ലാത്ത കാഴ്ച.!
വീട്ടിൽ എല്ലാവരും ഉറങ്ങി കഴിഞ്ഞു. അപ്പോൾ വേലിക്കൽ നിലാവ് വന്നെന്ന് വളകിലുക്കം കൊണ്ട് ഞാൻ തിരിച്ചറിഞ്ഞു. ഓടി ചെന്നപ്പോൾ വേലിപ്പഴുതിലൂടെ അവൾ ഒരു പൊതി നീട്ടി. “ഇത് എന്റെ വക നേർച്ചയുടെ പങ്ക്.... നെയ്ച്ചൊറും കറിയും....“
ഞാൻ കണ്ണിമക്കാതെ അവളെ നോക്കി നിന്നു. മറ്റൊരു നിലാവ് ഇതാ എന്റരികിൽ ഉണ്ട്.
“പെട്ടെന്ന് കഴിക്ക്, ചോറ് ഉച്ചക്ക് വെച്ചതാ...“ എന്ന് പറഞ്ഞിട്ട് അവൾ ഓടി പോയി. കുറച്ച് നേരം കൂടി നിൽക്കൂ എന്ന് പറയാൻ മനസ്സ് വെമ്പിയെങ്കിലും ഒന്നും ഉരിയാടാൻ സാധിച്ചില്ല. ആ നിലാ വെളിച്ചത്തിൽ കുറേ നേരം കൂടി ഞാൻ വേലിക്കരികിൽ നിന്നു. എന്തെല്ലാമോ വികാരങ്ങൾ എന്നിലൂടെ കടന്ന് പോയി. അത് സന്തോഷമാണോ സങ്കടമാണോ ആശയാണോ നിരാശയാണോ എന്താണെന്ന് എനിക്ക് അന്നും ഇന്നും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
പിന്നെയും പൂർണ ചന്ദ്രൻ പലതവണകളിൽ വന്ന് പോയി. ഈ പ്രണയത്തിന്റെ തീവൃത വീട്ടിൽ എങ്ങിനെയോ അറിഞ്ഞത് കൊണ്ടാണോ എന്തോ പരീക്ഷാ ഫലം വന്നതിന് ശേഷം ഒരു പരിചയക്കാരനുമായി ഉപജീവനാർത്ഥം മലബാറിൽ പോകുന്നതിൽ വീട്ടിൽ മാതാപിതാക്കൾ തടസ്സം പറഞ്ഞില്ല. അവരുടെ നിസ്സംഗത അന്ന് എനിക്ക് അതിശയമായിരുന്നു. ഞാൻ വീട് വിട്ട് ദൂരെ പോകുന്നതിൽ അവർ എന്ത് കൊണ്ട് തടസ്സം നിന്നില്ലാ....!!!?
പക്ഷേ പിന്നീട് ഞാൻ സത്യം തിരിച്ചറിഞ്ഞു. കൗമാര പ്രണയത്തിൽ നിന്നും ഞാൻ രക്ഷപെടട്ടേയെന്ന് അവർ കരുതിക്കാണണം.
പക്ഷേ കൗമാര പ്രണയത്തിന്റെ സ്മരണകളിൽ നിന്നും ഞാൻ രക്ഷപെട്ടോ? എത്രയോ വസന്തങ്ങളും വർഷങ്ങളും വെണ്ണിലാവും വന്ന് പോയി. ഓർമ്മകൾക്ക് മരണമില്ലല്ലോ.
ഇന്ന് ഞാൻ വളർന്ന ആ വീട് അന്യ കൈവശമാണ്. ആ വീട്ടിൽ ആ മണ്ണീൽ നിലാവിനെ നോക്കി പഴയ ഓർമ്മകളിൽ മുഴുകി കുറേ നേരം ഇരിക്കാൻ എന്നും ഞാൻ കൊതിക്കും ഒരിക്കലും സഫലമാകാത്ത ആഗ്രഹം. അത് വിലക്ക് വാങ്ങാൻ എന്നെ കൊണ്ടാവില്ല.
കൗമാര പ്രണയത്തിൽ അകപ്പെട്ട ആർക്കാണ് ആ കാലത്തെ ഓർമ്മകൾ മറക്കാൻ സാധിക്കുന്നത്? ആണായാലും പെണ്ണായാലും അവർക്കെല്ലാം ഇണകളും സന്തതികളും അവരുടെ സന്തതികളും ഉണ്ടായാലും, എത്രയെത്ര കാലം കടന്ന് പോയാലും സ്മരണകൾ എന്നും അവരുടെ മനസ്സിൽ നിലാവ് നിറച്ച് കൊണ്ടേ ഇരിക്കും. അത് കൊണ്ട് തന്നെ ഇത് കുത്തിക്കുറിക്കുമ്പോൾ ഒരു ആത്മനിർവൃതി അനുഭവപ്പെടുന്നല്ലോ.
വർഷങ്ങൾ പോയാലും ഇണവേറെ വന്നാലും
ReplyDeleteആ ശിശിരം മായുമോ ഓർമ്മകളിൽ
മറക്കുവാനാകുമോ.. ആ ദിവ്യരാഗം, ആദ്യാനുരാഗം ജന്മങ്ങളിൽ
ഞാൻ എഴുതിയതല്ല. കോട്ടയ്ക്കൽ കുഞ്ഞിമൊയ്തീൻ കുട്ടിയുടേതാണ് വരികൾ. മോഹൻ സിതാരയുടെ സംഗീതത്തിൽ യേശുദാസ് പാടിയ ഗാനം "വർഷങ്ങൾ പോയതറിയാതെ" എന്ന ചിത്രത്തിനു വേണ്ടി.