ക്രൂരമായി പോലീസ് തന്നെ മർദ്ദിച്ച വിവരം എം.എൽ.എ. ആയിരുന്ന സഖാവ് പിണറായി വിജയൻ അന്നത്തെ നിയമ സഭയിൽ പറയുകയും പീഡനത്താൽ ശരീരത്തിൽ ഉണ്ടായ പാടുകളെ ഷർട്ട് ഊരി അദ്ദേഹം സഭയിലുണ്ടായിരുന്ന അംഗങ്ങളെ കാണിച്ച് കൊടുക്കുകയും ചെയ്തു. കമ്മ്യൂണിസ്റ്റ്കാരെ കയ്യിൽ കിട്ടിയാൽ തല്ലി ചതക്കുന്ന പ്രവണത പോലീസിന് അന്നത്തെ കാലത്ത് സഹജമായുണ്ടായിരുന്ന സ്വഭാവ വിശേഷമായിരുന്നല്ലോ.
കാലം ഓടി പോയി. അന്ന് തല്ലി ചതക്കപ്പെട്ട സഖാവ് ശ്രീ പിണറായി വിജയൻ ഇന്ന് ആഭ്യന്തരവകുപ്പിന്റെ ചുമതല കൂടിയുള്ള സംസ്ഥാന മുഖ്യ മന്ത്രിയാണ്. പക്ഷേ ആൾക്കാരെ മുഖത്തടിക്കുന്നതിന് അദ്ദേഹം ഭരണത്തിൽ ഉള്ളപ്പോൾ പോലും പോലീസിന് ഒരു മടിയുമില്ല എന്ന് ഇന്നലത്തെ ചടയമംഗലം സംഭവം കാണിച്ച് തരുന്നു. അടി കൊണ്ടയാൾ 69 വയസ്സുള്ള വയോധികനാണ്. അയാൾ മദ്യപിച്ചിരിക്കാം, ഇരു ചക്രവാഹനത്തിന് പുറകിലിരുന്നപ്പോൾ ഹെൽമറ്റ് ധരിച്ചില്ലാത്തതിന് പിഴ ശിക്ഷിച്ചപ്പോൾ ചീത്ത പറഞ്ഞിരിക്കാം ഇതെല്ലാം കുറ്റമായി പോലീസ് പറയുമ്പോഴും പ്രതിയുടെ മുഖത്ത് അടിക്കാൻ അതും ഒരു വൃദ്ധന്റെ മുഖത്തടിക്കാൻ ആ ന്യായീകരണങ്ങൾ മതിയാകുന്നതായി തോന്നുന്നില്ല. അയാളെ അടിക്കാൻ ആരാണ് പോലീസിന് അധികാരം നൽകിയിരുന്നത്.എന്ന് ചോദിക്കേണ്ടി വരുന്നു.
പിന്നെ എന്ത് വേണം കെട്ടി പിടിച്ച് അയാൾക്ക് ഒരു ഉമ്മ കൊടുക്കണോ എന്ന ചോദ്യത്തിന് തണ്ടും തടിയുമുള്ള ചോര തിളപ്പുള്ള പ്രായത്തിലെ ആ പോലീസ്കാരന് വൃദ്ധനെ കായികമായി കീഴ്പ്പെടുത്തി വണ്ടിയിൽ കയറ്റിക്കൊണ്ട് പോകാൻ സാധിക്കുമെന്നത് നിഷേധിക്കാനാവുമോ? എങ്കിൽ പിന്നെ അതിനായിരിക്കും പുകിൽ എന്നാണ് മറുപടിയെങ്കിൽ . അതാണ് നിയമം ലംഘിക്കുന്നവരുടെ നേരെ പോലീസ് ചെയ്യേണ്ടത്, അത് കുറ്റമല്ല, അല്ലാതെ വയസ്സനായ ഒരുവന്റെ നേരെ ചെറുപ്പക്കാരനായ ഒരുവൻ മുഖത്തടിക്കുന്നത് നിയമവുമല്ല അത് ഒട്ടും ശരിയുമല്ല എന്ന് പറയേണ്ടി വരുന്നു.
ചടയമംഗലം കമ്മ്യൂണിസ്റ്റ് ബെൽറ്റാണ് പോലീസിന് ആ ഒരു ഭയമൊന്നുമില്ല.ആര് ഭരിച്ചാലും പോലീസ് കുപ്പായം ശരീരത്ത് കയറി കഴിഞ്ഞാൽ ബഹുഭൂരിപക്ഷം പോലീസ്കാർക്കും ബാധ കയറും. നികുതി ദായകനായ പൗരൻ അവരുടെ മുതലാളിയാണ്, അന്ന ദാതാവാണ് എന്നൊക്കെ പറഞ്ഞാൽ “എടാ അന്ന ദാതാവായ മൗന ഗായകാ,...മോനേ...ഇന്നാ, ഇതുംകൂടി പിടിച്ചോടാ എന്ന് പറയുന്ന വിധത്തിലാണൊ ഇവർക്ക് പരിശീലനം കൊടുക്കുന്നത്..
ഈ സംഭവത്തിന് ശേഷം കഥാ നായകനെ ഏതോ ട്രൈനിങ് കോളേജിലേക്ക് അയച്ചുവത്രേ. സ്വഭാവം നന്നാക്കാനാണോ? എങ്കിൽ അത് നന്നാകാൻ പോകുന്നില്ല. കാരണം ഓരോ സബ് ഇൻസ്പക്ടറന്മാരും ബിരുദ ധാരികളാണ്. ബിരുദ ധാരിയായ ഒരു യുവാവിന് വയസ്സന്റെ കരണത്തടിക്കരുത് എന്ന സാമാന്യ മര്യാദ തിരിച്ചറിയാൻ പറ്റുന്നില്ലെങ്കിൽ ഏത് ട്രൈനിങ് ക്യാമ്പിലയച്ചാലെന്താ അയാൾ നന്നാവുമോ?!
1881ൽ തിരുവിതാംകൂറിൽ സ്ഥാപിതമായ പോലീസ് സേനക്ക് അന്ന് ലഭിച്ച പരിശീലനം പോരാതെ വന്നത് കൊണ്ടാണ് 1943ൽ തിരുവനന്തപുരത്ത് പോലീസ് ട്രൈനിങ് കോളേജ് സ്ഥാപിച്ച് പോലീസിനെ ആധുനിവത്കരിച്ചത്. അന്ന് ആ കോളേജ് സ്ഥാപിച്ച് കൊണ്ട് അന്നത്തെ ദിവാനായിരുന്ന സർ. സി.പി. രാമസ്വാമി അയ്യർ ഉദ്ഘാടന പ്രസംഗത്തിൽ ഇങ്ങിനെ പറഞ്ഞു.“സൗമ്യ ഭാവം, ഉറച്ച കൃത്യ നിർവഹണം“ ഇതായിരിക്കണം പോലീസെന്ന്.
കാലം കഴിഞ്ഞു അന്ന് ലഭിച്ചതിലും മെച്ചപ്പെട്ട പരിശീലനം ഇന്ന് ലഭിച്ചിട്ടും ആര് ഭരിച്ചാലും ഈ പോലീസെന്താ സർ, നന്നാകാത്തത്.
നായയുടെ വാലിന്റെ കാര്യം പറഞ്ഞതു പോലെ ആണ് പൊതുവിൽ പോലീസിന്റെ സ്വഭാവം.പന്തീരാണ്ടുകാലം കുഴലിൽ കിടന്നാലും നേരെ ആവില്ല. എല്ലാവരും അങ്ങനെ ആണെന്നല്ല. എല്ലാക്കാര്യത്തിലേയും പോലെ ഇതിലും ചില അപവാദങ്ങൾ ഉണ്ട്.
ReplyDelete