രോഗാവസ്ഥയിൽ എല്ലാവരുടെയും അവസാന ആശ്രയം മെഡിക്കൽ കോളേജാണു. ഇവിടെ എത്തി കഴിഞ്ഞാൽ രണ്ടിലൊന്നു തീരുമാനിക്കപ്പെടുന്നു.ഒന്നുകിൽ ജീവിതത്തിലേക്കു തിരിച്ചു വരുന്നു . അല്ലെങ്കിൽ എന്നെന്നേക്കുമായി ലോകത്തു നിന്നും കടന്നു പോകുന്നു. വിധിയും കാത്തുജീവിതത്തിനും മരണത്തിനും ഇടയിലെ നൂൽപ്പാലത്തിലൂടെ മകനുമായി സഞ്ചരിച്ച അൻപത്തി ഒന്നു ദിവസങ്ങൾ. മെഡിക്കൽ കോളേജിൽ കഴിച്ചുകൂട്ടിയ ആ ദിവസങ്ങളിൽ അവിടെ കണ്ടതും കേട്ടതും സ്വയം അനുഭവിച്ചതും ഡയറിയിൽ കുറിച്ചിട്ടു. കഥയോ നോവലോ ആക്കി മാറ്റാവുന്ന കുറിപ്പുകൾ. പക്ഷേ കാലങ്ങൾക്കു ശേഷം ആ കുറിപ്പുകളിലൂടെ കടന്നു പോയപ്പോൾ തോന്നി,ഇതു ഡയറിക്കുറിപ്പുകളായി ത്തന്നെ നില നിർത്തുന്നതാണു നല്ലതെന്നുപക്ഷേ അതു ചീകി മിനുക്കണം; ആവശ്യമില്ലാത്തതെല്ലാം വെട്ടി മാറ്റണം സർവ്വോപരി വായിക്കുന്നവനു സ്വന്തം അനുഭവമായി തോന്നണം,മറ്റൊരാൾക്കു ഉപകാരപ്പെടണം. രണ്ടായിരം ആണ്ടിൽ എഴുത്തു തുടങ്ങി,പഴയ കുറിപ്പുകൾ അടിസ്ഥാനമാക്കി അടുക്കും ചിട്ടയും വരുത്തി. കഥയോ ലേഖനമോ എഴുതാൻ ദിവസങ്ങൾ മാത്രം മതിയാകുന്ന എനിക്കു സ്വന്തം അനുഭവം നന്നാക്കി എഴുതാൻ രണ്ടു വർഷം വേണ്ടി വന്നു. എഡിറ്റ് ചെയ്തു വന്നപ്പോൾ വളരെ ഏറെ ചുരുങ്ങി. പിന്നീടു ഫോട്ടോ കോപ്പി എടുത്തു നീതിന്യായ വകുപ്പിലെ സാഹിത്യാസ്വാദകരായ സുഹ്രുത്തുക്കൾക്കും അടുത്ത സ്നേഹിതന്മാരായ അഭിഭാഷകർക്കും വായിക്കാൻ കൊടുത്തു.ഫലം ഞാൻ പ്രതീക്ഷിച്ചതിലും വിസ്മയാവഹമായിരുന്നു. എല്ലാവർക്കും ഒരേ നിർബന്ധം ; ഈ അനുഭവ കഥ പ്രസിദ്ധീകരിക്കണം.
പിന്നീടു അതിനായി ശ്രമം.മലയാളത്തിലെ പത്ര ഭീമന്മാരുടെ ഓഫീസ്സുകൾ ഞാൻ കയറി ഇറങ്ങി. പ്രസിദ്ധീകരണ രംഗത്തു എനിക്കു മുൻ അനുഭവം ധാരാളം ഉണ്ടു. പക്ഷേ അന്നൊന്നും ഉണ്ടാകാത്ത നിരാശയാണു ഈ പുസ്തകത്തെ സംബന്ധിച്ചു എനിക്കുണ്ടായത് . വ്യക്തിപരമായി അറിയാവുന്ന പലരും അവിടങ്ങളിൽ ഉണ്ടായിരിക്കുകയും അവരെല്ലാം ഒരേ സ്വരത്തിൽ "ഇതു കൊള്ളാം ഇതു പ്രസിദ്ധീകരിക്കാം" എന്നു എന്നോടു നേരിൽ പറയുകയും ചെയ്തിട്ടു മാസങ്ങളോളം പ്രസിദ്ധീകരിക്കാതെ കൈവശം സൂക്ഷിക്കുകയും ചെയ്തു. അവസാനം ഞാൻ പോയി തിരികെ വാങ്ങും. പ്രസിദ്ധീകരണ യോഗ്യമല്ലെങ്കിൽ ഒരു നിശ്ചിത കാലത്തിനുള്ളിൽ അവർ അതു തിരിച്ചയക്കും എന്നു എനിക്കു അറിയാം. പക്ഷേ ഇതു അതല്ല,തിരിച്ചയക്കുകയും ഇല്ലാ പ്രസിദ്ധീകരിക്കുകയും ഇല്ല. എറുണാകുളത്ത് നിന്നും പുറത്തിറങ്ങുന്ന മലയാളത്തിലെ ഒരു വാരികയിലെ ചീഫ് എഡിറ്റർ പഴയ ഒരു പത്ര പ്രവർത്തകനാണു. അദ്ദേഹം ഒന്നര വർഷം ഇതു കയ്യിൽ സൂക്ഷിച്ചു. വിളിക്കുമ്പോഴെല്ലം അദ്ദേഹം പറയും " ദാ ഇപ്പോഴുള്ള ആ പംക്തി തീരട്ടെ ഉടനെ നിങ്ങളുടേതു പ്രസിദ്ധീകരിക്കും" പിന്നീട് ഒരിക്കൽ പറഞ്ഞു " അടുത്ത ഓണപതിപ്പിൽ അതു വരും " ഞാൻ അതിശയിച്ചു; കാരണം ഓണപ്പതിപ്പിൽ അതു വരണമെങ്കിൽ മൊത്തം പേജിന്റെ പകുതി എന്റെ രചനക്കു വേണ്ടി വരും .ഞാൻ അതു സൂചിപ്പിച്ചപ്പോൾ അദ്ദേഹം പറഞ്ഞു അതു നിങ്ങൾ അറിയേണ്ട" ഒരിക്കൽ ഞാൻ പറഞ്ഞു "സർ, അതു വാരികയിൽ പ്രസിദ്ധീകരിക്കുമെന്നു ഉറപ്പുണ്ടെങ്കിൽ എത്ര വേണമെങ്കിലും ഞാൻ കാത്തിരിക്കാം. അതിനു അദ്ദേഹം പറഞ്ഞ മറുപടി ഞാൻ അയച്ചു കൊടുത്തതു കമ്പോസ് ചെയ്തു കഴിഞ്ഞെന്നാണു. എന്നിട്ടു അവസാനം അദ്ദേഹം പറഞ്ഞതു ഇങ്ങിനെയാണു :"ഇതു കുറച്ചു കൂടി ചെറുതാക്കി തരാമോ?" ചെറുതാക്കാനായി ഞാൻ അതു തിരിച്ചു വാങ്ങിയിട്ടു പിന്നീടു അവിടേക്കു തിരിഞ്ഞില്ല. കോട്ടയത്തു മലയാള മനോരമ വാരാന്ത്യപ്പതിപ്പിനാണു അയച്ചതു. തിരിച്ചു അയക്കാനുള്ള സമയം കഴിഞ്ഞിട്ടും മാസങ്ങളോളം അവർ അതു ചെയ്യാതിരുന്നതിനാൽ ഞാൻ നേരിൽ സെക്ഷനിൽ ചെന്നു. അവിടെ ഇരിക്കുന്നവർ വളരെ ദയാ വായ്പോടെ എന്നോടു പെരുമാറി. ഒന്നുകൂടി വായിച്ചു നോക്കട്ടെ എന്നു അവർ പറഞ്ഞതിനാൽ ഞാൻ തിരികെ പോന്നു. പിന്നീടു ചെന്നപ്പോൾ അവരുടെ ബുദ്ധിമുട്ടു അവർ വിഷമത്തോടെ പറഞ്ഞു. വാരാന്ത്യ പതിപ്പിൽ ഇപ്പോൾ തുടർച്ചയായി പ്രസിദ്ധീകരിക്കുന്ന രചനകളൊന്നും ഇടുന്നില്ല.(അഥവാ അങ്ങിനെ ഇടാൻ തക്ക വിധം ഞാൻ അത്ര പ്രസിദ്ധനുമല്ലല്ലോ) പക്ഷേ മറ്റൊന്നു അവർ മുന്നോട്ടു വെച്ചു "ഇതു ചുരുക്കി മറ്റൊരു രീതിയിലാക്കി തന്നാൽ പ്രസിദ്ധീകരിക്കാം. ഞാൻ ഉപയോഗിച്ച പുതിയ രചനാ രീതി മാറ്റുന്നതിനു വൈമുഖ്യം ഉള്ളതിനാൽ തിരികെ പോന്നു. അവസാനം 2007 ആരംഭത്തിൽ തിരുവനന്ത പുരത്തെ ഒരു പ്രസിദ്ധീകരണശാല ഉടമസ്ഥനെ യാദ്രചികമായിപരിചയപ്പെട്ടു. അദ്ദേഹം എന്റെ പുസ്തകം വായിച്ചു. അതു പ്രസിദ്ധീകരിക്കാൻ സമ്മതിച്ചു. അങ്ങിനെ 2007 ജൂലൈയിൽ എന്റെ പുസ്തകം "ഒരു മെഡിക്കൽ കോളേജു ഡയറിക്കുറിപ്പുകൾ" എന്ന പേരിൽ അനുഭവ കഥയായി പ്രസിദ്ധീകരിക്കപ്പെട്ടു. പുസ്തകം ചിലവാകുന്നുമുണ്ടു.
ഇതു ഇത്രയും ഞാൻ ഇവിടെ എഴുതിയതു ഞാൻ ബൂലോഗത്തു വരാൻ കാരണമെന്തെന്നു പറയാനാണു. ഞാൻ എഴുതുന്നതു പ്രസിദ്ധീകരിക്കൻ..അതു എത്ര ചവറു ആയാലും ... ഒരാളുടെയും പുറകെ നടക്കേണ്ട..എനിക്കു എഴുത്തുകാരനാകുന്നതിനോടൊപ്പം പ്രസാധകനാകാം , വായനക്കാരനുമാകാം. ഞാൻ എഴുതുന്നതിനു ഒരാളെങ്കിലും അഭിപ്രായം പറയാൻ ഉണ്ടാകുന്നു. അതെത്ര മഹത്തരമാണു, ഉദരമാണു.അതിനോടൊപ്പം ബ്ലോഗർ എന്ന ചങ്ങലയിലെ ഒരു കണ്ണി ആകാനും എല്ലാവരുമായി സൗഹ്രുദം നില നിർത്താനും സാധിക്കുന്നു. മതി എനിക്കു അത്രയും മതി.
എന്നെ ബൂലോഗത്തു എത്തിച്ചതു നടേ പറഞ്ഞ കാരണങ്ങളാണു. അതു കൊണ്ടു തന്നെ അതിനു നിമിത്തമായ എന്റെ പുസ്തകം "ഒരു മെഡിക്കൽ കോളേജു ഡയറിക്കുറിപ്പുകൾ" ഖണ്ഡ:ശ്ശ ആയി എന്റെ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നു. ദൈവം അനുവദിച്ചാൽ എല്ലാ തിങ്കളും ബുധനും ചിലപ്പോൾ ശനിയും ഈ പുസ്തകം( അനുഭവ കഥ) ഭാഗങ്ങളായി പോസ്റ്റു ചെയ്യാമെന്നു കരുതുന്നു. കാര്യ മാത്ര പ്രസക്തമായ നിരൂപണങ്ങൾ പ്രതീക്ഷിച്ചുകൊണ്ടു.
ആശംസകൾ
ReplyDelete