Thursday, September 24, 2009

ഓമനേ ! നീ എവിടെയാണ്?

ഒരു നിശ്ശബ്ദ രാഗത്തിന്റെ ഓർമ്മയാണിത്‌. മൗനാനുരാഗം എന്നൊക്കെ നമ്മൾ പറയാറില്ലേ, അതു പോലൊരെണ്ണം. കൗമാരപ്രായത്തിൽ എല്ലാവരും ആ വക രാഗങ്ങളിൽ ചെന്നു വീഴുക സാധാരണമാണു.
ആലപ്പുഴ ഗവ്‌:മുഹമ്മദൻ സ്കൂളിൽ ഞാൻ ഫോർത്ത്‌ ഫോമിൽ പഠനം നടത്തുന്നു . അന്നു എസ്‌.എസ്‌.എൽ.സി 11 കൊല്ലമാണു. ഫോർത്ത്‌ , ഫിഫ്ത്ത്‌ , സിക്സ്ത്ത്‌ എന്നിങ്ങനെയാണു സ്കൂൾഫൈനൽ ക്ലാസ്സുകൾ.
കാർത്ത്യായനി അമ്മ ടീച്ചറിന്റെ ഫോർത്ത്‌ സി ക്ലാസ്സിൽ ഞങ്ങൾ ആണ്‍കുട്ടികള്‍ മാത്രം. തൊട്ടടുത്ത്‌ ഫിഫ്ത്ത്‌ ഫാമിൽ നാലു പെൺകുട്ടികളും ബാക്കി ആൺ കുട്ടികളൂം.നളിനി, ഇസബെല്ല,ജമീല, ഓമന.എന്നീ നാലു പേരുകൾ ഇപ്പോഴും മറന്നിട്ടില്ല.
അതിൽ ഓമനയാണ് നമ്മുടെ കഥാ പാത്രം.
ഞാൻ പഠിക്കുന്ന ഫോർത്ത്‌ ഫോമിലെ ഒരു ബെഞ്ചിൽ ഞാൻ, ഹംസ്സ, ഫാസ്സിൽ,സുഗുണൻ തുടങ്ങിയവർ.
(പിൽക്കാലത്ത്‌ ഹംസ്സാ കോടതിയിലും ഫാസ്സിൽ സിനിമാ സംവിധാന രംഗത്തും സുഗുണൻ ബാങ്കിലും അവരവരുടെ വഴികൾ കണ്ടെത്തി.)
പഠനകാലത്ത്‌ എല്ലാവർക്കും ഓരോ അനുരാഗ കേസ്സുകൾ ഉണ്ടായിരുന്നെങ്കിലും എനിക്കു ഒരെണ്ണം തരാപ്പെട്ടില്ല. അങ്ങിനെ ഇരിക്കെ ഫിഫ്ത്തിലെ ഒരു ആൺകുട്ടിയുമായി ഞാൻ ലോഹ്യത്തിലായി.
രാജേന്ദ്രൻ!
അവൻ ഓമനയുടെ ആരാധകനായിരുന്നു.ഓമനയുടെ മൂത്ത സഹോദരൻ ആ ക്ലാസ്സിൽ തന്നെ പഠിക്കുന്നുണ്ടു. അതിനാൽ ഓമനയുടെ പുറകെയുള്ള പാച്ചിലിൽ രാജേന്ദ്രൻ എന്നെ കൂട്ടു പിടിച്ചു.

എന്റെ നിരീക്ഷണത്തിൽ രാജേന്ദ്രന്റെ റൗണ്ടടി ഓമന പരിഹാസത്തോടെയാണു കാണുന്നതെന്നു വെളിപ്പെട്ടു.
രാജേന്ദ്രൻ ആദ്യകാലത്ത്‌ എന്റെ പേരു തെറ്റി എന്നെ"രാജു" എന്നാണു വിളിച്ചിരുന്നത്‌
ഒരുദിവസം അവൻ എന്നോടു പറഞ്ഞു
" എടേയ്‌ നിന്നെയും അവൾ നോക്കുന്നുണ്ട്‌; നിന്റെ പേരു എന്നോടു ചോദിച്ചു. രാജു എന്നാണെന്നു ഞാൻ പറയുകയും ചെയ്തു."
ഞാൻ കോൾമയിർ കൊണ്ടു. അതിനു മുമ്പു തന്നെ ഞാൻ ഓമനെയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
കാഴ്ച്ചയിൽ സുന്ദരി ആയിരുന്ന ഓമനയുടെ ആകർഷകമായ വലിയ കണ്ണുകൾ എന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന്‌ എനിക്കും തോന്നി തുടങ്ങി.
അങ്ങിനെ 14 വയസ്സുകാരനായ ഞാൻ 15 വയസ്സുകാരിയായ ഓമനയെ ഇഷ്ടപ്പെടാനും തുടങ്ങി. അതു ഏതു തരം വികാരമാണെന്നു ഇന്നും എനികു നിർവ്വചിക്കാൻ കഴിയില്ല. ഒരു ഇഷ്ടം...അത്രമാത്രം.
ഓമന ഒരു പോലീസ്സുകാരന്റെമകളാണു. ആലപ്പുഴ കടപ്പുറം പോലീസ്സ്‌ ക്വാർട്ടേഴ്സിൽ കിഴക്കേ അറ്റത്തെ ഗേറ്റിൽ ആദ്യത്തെ ക്വാട്ടേഴ്സിലാണുതാമസ്സം. സ്പോർട്ട്സ്സിൽ ചാമ്പ്യൻ.
ചിലപ്പോള്‍ റോഡിൽ എതിർ ദിശകളിൽ നിന്നും ഞങ്ങൾ നടന്നു വരും അടുത്തു വരുമ്പോൾ ഞാൻ ഗൗരവത്തിൽ നടന്നു പോകും . (ഞാൻ അന്നു ലേശം ഗൗരവക്കാരനാണു.) എന്റെ ഇടം കണ്ണിലൂടെ ഓമന എന്നെ നോക്കി കടന്നു പോകുന്നത്‌ ഞാൻ തിരിച്ചറിയുമായിരുന്നു. കുറേ ദൂരം മുമ്പോട്ടു പോയി എതിർ വശത്തേക്കു പോകാനെന്നവണ്ണം ഞാൻ റോഡ്‌ കുറുകെ നടക്കുമ്പോൾ ഓമനയെ തിരിഞ്ഞു നോക്കും. ഓമനയും അപ്പോൾ അതു പോലെ റോഡ്‌ കുറുകെ കടന്നു എന്നെ തിരിഞ്ഞു നോക്കുന്നതു കാണുമ്പോൾ ഞാൻ മുഖം വെട്ടി തിരിഞ്ഞു നടന്നു പോകും.
ക്ലാസ്സിൽ ഇരിക്കുമ്പോൾ എന്റെ ശ്രദ്ധ അപ്പുറത്തെ ക്ലാസിലെ ലേഡീസ്സ്‌ ബെഞ്ചിലാണു. ഓമന തിരിഞ്ഞു നോക്കുമ്പോൾ ഞാൻ മുഖം മാറ്റും.
രാജേന്ദ്രനോടു ഇതൊന്നും ഞാൻ പറഞ്ഞിരുന്നില്ല. പറഞ്ഞാലും അവനു എന്നോടുവിരോധം തോന്നില്ലാ എന്നു എനിക്കു അറിയാമായിരുന്നു. അവൻ എല്ലാ കാര്യങ്ങളും കൗമാരത്തിലെ ചാപല്യങ്ങളായാണല്ലോകണ്ടിരുന്നതു.
പക്ഷേ എന്റെ സ്നേഹം ഗാഡമായിരുന്നു. പെൺകുട്ടികളെ റൗണ്ടടിക്കാത്ത എനിക്കു ഓമനയുടെ കണ്ണൂകൾ ആകർഷകമായി അനുഭവപ്പെട്ടു.
മാസങ്ങൾ ഓടിപ്പോയി.
സ്കൂൾ ആനിവേഴ്സറിക്കു ഓമന സ്പോർട്ട്സിൽ സമ്മാനങ്ങൾ വാരിക്കൂട്ടി. കൈ നിറയെ സമ്മാനമായി കിട്ടിയ കപ്പുകളുമായി സ്റ്റേജിൽനിന്നു ഇറങ്ങി വരുമ്പോൾ അതിൽ ഒരെണ്ണം താഴെ വീണു ഉരുണ്ടു എന്റെ അരികിലെത്തി. ഞാൻ അതു കുനിഞ്ഞു എടുത്തു ഓമനയുടെ നേരെ നീട്ടി. ആ കണ്ണിന്റെ അഗാധതയിൽ നന്ദി ഞാൻ തിരിച്ചറിഞ്ഞു.
അടുത്ത കൊല്ലം അവൾ ഗേൽസ്‌ സ്കൂളിൽ സിക്സ്തു ഫോമിൽ ചേർന്നു പഠിക്കാൻ പോയെങ്കിലും കടൽ തീരത്തേക്കുള്ള എന്റെ യാത്ര ഓമനയുടെ ക്വാർട്ടേഴ്സിനു സമീപം കൂടി ആയിരുന്നതിനാൽ പലപ്പോഴും അവളെ കാണാൻ കഴിഞ്ഞിരുന്നു.ആ ഗേറ്റ്‌ അടുക്കുമ്പോൾ എന്റെ നെഞ്ചു ഇടിക്കാൻ തുടങ്ങും. ഓമന അവിടെ ഉണ്ടാകുമോ?
അരമതിലിൽ ഇരിക്കുകയോ മുറ്റത്തു നിൽക്കുകയോ ചെയ്യുന്ന അവളുടെ കണ്ണുകളുമായി എന്റെ കണ്ണുകൾ കൂട്ടിമുട്ടും.
ഒരു ദിവസം ഞാൻ കടൽ തീരത്തു പൂഴിപ്പരപ്പിൽ ഇരിക്കുകയാണു. അന്നു എന്റെ സാഹിത്യ രചനയുടെ ആരംഭ കാലമായിരുന്നു. ഓമനയും കൂട്ടുകാരികളും എന്റെ അരികിലൂടെ കടന്നു പോയി. ഒരു നിമിഷം എന്റെ പുറകിൽ അവൾ നിന്നു എന്നു എനിക്കു തീർച്ച ഉണ്ടു. ഞാൻ എഴുതുന്നതു എന്തെന്ന് നോക്കിയതാവാം.
പിന്നീടും പലതവണ അപ്രകാരം അവൾ കടന്നു പോയിട്ടുണ്ടു. കടൽ തീരത്തു ഞാൻ ഇരിക്കുന്നതിലും കുറെ ദൂരെയായി വന്നിരുന്നിട്ടുമുണ്ടു. അത്രമാത്രം....ജീവിതത്തിൽ ഞങ്ങൾ തമ്മിൽ ഒരിക്കൽ പോലും സം സാരിച്ചിട്ടില്ല. പക്ഷെ ഓമന എന്നെ എത്ര മാത്രം ആകർഷിച്ചിരുന്നു എന്നു വിവരിക്കാനാവില്ല. ഏതു തരത്തിലുള്ള വികാരമായിരുന്നു അതെന്നു എനിക്കു നിർവ്വചിക്കാനും കഴിയില്ല. അതൊരു അധമ വികാരമായിരുന്നില്ല എന്നു എനിക്കു തീർച്ച ഉണ്ടു.ജീവിതത്തിൽ ഒരിക്കൽ പോലും സം സാരിച്ചിട്ടില്ലാത്ത വ്യക്തിയോടുള്ള അപൂർവ്വ രാഗമായിരുന്നു അതു.
പിന്നീടു രാജേന്ദ്രനും എങ്ങോ മാറിപ്പോയി.പുതിയ സ്നേഹ ബന്ധങ്ങൾ......പുതിയ കൂട്ടുകാർ....വിദ്യാഭ്യാസ കാലം അങ്ങിനെയാണല്ലോ.
ഞാൻ സിക്സ്തു പാസ്സായി. ജീവിത യോധനത്തിനായി ആലപുഴയിൽ നിന്നും കുറെ മാസങ്ങൾ വിട്ടു നിന്നു. തിരികെ വന്നു മലയാ ബെയിൽസിൽ കോണ്ട്രാക്റ്ററുടെ സെക്രട്ടറീ ലാവണത്തിൽ ജോലി നോക്കി. ആ സ്ഥാപനം കടൽ തീരത്തിനു സമീപമായിരുന്നു. പക്ഷേ പിന്നീടു ഓമനയെ ഞാൻ കണ്ടിട്ടില്ല. ക്വാർട്ടേഴ്സ്സിനു അരികിൽ കൂടി ഞാൻ പോകുമ്പോൾ ഗേറ്റിലൂടെ നോക്കും. അവിടെ അപരിചിതരായ ആൾക്കാരെയാണു കണ്ടതു. . ആരോടെങ്കിലും അന്വേഷിക്കാൻ ധൈര്യവുമില്ല. നിരാശനായി ഞാൻ നടന്നു പോകും. പിന്നീടു കുറച്ചു കാലങ്ങൾക്കു ശേഷം ഞാൻ ആലപ്പുഴയിൽ നിന്നും താമസം മാറി.
വർഷങ്ങൾ ഏറെ കഴിഞ്ഞു.യൗവ്വനത്തിന്റെ തിരക്കും ആരവങ്ങളും കെട്ടടങ്ങി മലയടിവാരത്തിന്റെ നിശ്ശബ്ദത ഉൾകൊള്ളുന്ന പ്രായം നമ്മിലെത്തുമ്പോൾ ആ നിശ്ശബ്ദതയിൽ ചിലപ്പോൾ പഴയ ആരവങ്ങൾ ഒരു മുരളീ നാദമായി മനസ്സിൽ ഉയർന്നു വരും. അപ്പോൾ ഒരിക്കൽ കൂടി ആ കാലം തിരിച്ചു വന്നിരുന്നെങ്കിൽ എന്ന ആഗ്രഹം മനസ്സിലുണരും. സഫലമാകാത്ത ആഗ്രഹ നിവർത്തിക്കായി പഴയ കാലഘട്ടത്തിലെ വ്യക്തി ബന്ധങ്ങൾ പുനർ ജീവിപ്പിക്കാൻ നമ്മൾ ശ്രമിക്കാറുണ്ടു. അതു കൊണ്ടാണല്ലോ പൂർവ്വ വിദ്യാർത്ഥി സംഗമം എന്നൊക്കെ പറഞ്ഞ്‌ നമ്മൾ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതു.
പഴയ സ്മരണകൾ മങ്ങാതെ ഇന്നും കാത്തു സൂക്ഷിക്കുന്നവനാണു ഞാൻ. പുസ്തക താളിലെ മയിൽ പീലി തുണ്ടു എന്നൊക്കെ ആലങ്കാരിക ഭാഷയിൽ നമ്മള്‍ പറയാറില്ലേ ,അതു തന്നെ.
ഈ ഭൂമി സ്നേഹത്താൽസൃഷ്ടിക്കപ്പെട്ടതാണെന്ന് വിശ്വസിക്കുന്നതിനാൽ പിൽക്കാലത്തു ഞാൻ എന്റെ പഴയ സുഹൃത്തുക്കളെ അന്വേഷിച്ചു നടന്നു. ആ കൂട്ടത്തിൽ രാജേന്ദ്രനെ ...ഓമനയെ.. എന്നിവരെയും തിരക്കി. പക്ഷെ മറ്റു ചിലരെയും അവർ രണ്ടു പേരെയും കണ്ടെത്താൻ കഴിഞ്ഞില്ല.
ആലപ്പുഴയിൽ എത്തിചേരുന്ന ദിവസങ്ങളിൽ ഞാൻ കടൽതീരത്തു പോകും; പോലീസ്സു ക്വാർട്ടേഴ്സ്സിനരികിലൂടെ.ആ മയിൽപീലി തുണ്ടിൽ ഞാൻ ഒന്നു തലോടും .
ഓർമ്മകളേ! നിങ്ങൾ എന്നിൽ അനുഭൂതികൾ നിറക്കുന്നുവല്ലോ!.
പിന്നീടു ജീവിത യാത്രയിൽ എവിടെയോ വെച്ചു എന്റെ സഹപാഠിയായ ഹംസ്സായെ കണ്ടെത്തി.അവനുമായി പഴയ സ്മരണകൾ പങ്കുവെച്ചു. ഫാസിൽ പ്രസിദ്ധ സിനിമാ സംവിധായകനായതും സുഗുണൻ ബാങ്ക്‌ മനേജരായതും ഹംസ്സാ ഹെഡ്‌ ക്ലാർക്കായി കോടതിയിൽ നിന്നും വിരമിച്ചതും മറ്റും മറ്റും... ഇടയിൽ ഞാൻ രാജേന്ദ്രനെ അന്വേഷിച്ചു.(ഓമനയെ ആദ്യം അന്വേഷിക്കാൻ എനിക്കു ലജ്ജ ആയിരുന്നു)രാജേന്ദ്രൻ കൊച്ചിയിൽ തുറമുഖത്തോടു അനുബന്ധിച്ച എതോ ജോലിയിലാണെന്നു അറിഞ്ഞു. പിന്നീടു ഓമന സംഭഷണ വിഷയമായി.
അവൾക്ക്‌ സ്പോർട്ട്സ്‌ ക്വാട്ടായിൽ പോലീസ്സിൽ ജോലി കിട്ടി പിന്നീടു എസ്സ്‌.ഐ ആയി പെൻഷൻ പറ്റി; ഇപ്പോൾ ആലപ്പുഴയിൽ എവിടെയോ ഉണ്ടൂ.
മനസ്സു തുടി കൊട്ടി. കണ്ടെത്തണം. ഇപ്പോൾ 61 വയസ്സുള്ള സ്ത്രീ ആയിരിക്കാം . എങ്കിലും കണ്ടെത്തണം. ഒന്നു കാണണം.
പരിചയക്കാരിയായ ഒരു പോലീസ്സ്‌ ഉദ്യോഗസ്ഥയോടു കിട്ടിയ വിവരം വെച്ചു അന്വേഷിച്ചപ്പോൾ ആലപ്പുഴ അറവുകാടു ഭാഗത്തോ മറ്റോ ഓമന താമസമുണ്ടെന്നു അറിഞ്ഞു.
ഞാൻ അന്വേഷിക്കുന്ന ഓമന തന്നെയാണോ അതെന്നു തീർച്ചയില്ല. ഏതായാലും അന്വേഷിക്കാം.
പക്ഷേ ജോലി തിരക്കു കാരണം വീണ്ടും മാസങ്ങൾ ഓടിപ്പോയി.
വിരസമായ ഒരു യാത്രയിൽ പഴയ കാര്യങ്ങൾ ഓർമ്മിച്ചു ബസ്സിൽ ഇരിക്കുമ്പോൾ ഓമന മനസ്സിൽ കടന്നു വന്നു. ഞാൻ ഓമനയെ കണ്ടെത്തി സം സാരിക്കുന്നതും ജീവിതത്തിൽ ആദ്യമായാണു നമ്മൾ സം സാരിക്കുന്നതു എന്നൊക്കെ ഓർമിപ്പിക്കുന്നതും മറ്റും ഞാൻ സങ്കൽപ്പിച്ചു. പെട്ടെന്നു എന്റെ മനസ്സിൽ മറ്റൊരു ചിന്ത കടന്നു വന്നു.
എനിക്കു ഓമനയോടു ഉണ്ടായിരുന്ന താൽപര്യം ഓമനക്കു എന്നോടും ഉണ്ടായിരുന്നു എന്നു എന്റെ വിശ്വാസമല്ലേ. അതു ശരിയാകണമെന്നില്ലല്ലോ. ഞാൻ ഈ സങ്കൽപ്പിക്കുന്നതെല്ലാം എന്റെ തലയിൽ കൂടി മാത്രമാണു. ഓമനയുടെ തലയിൽ ഞാൻ കയറി ഇരുന്നു ചിന്തിച്ചാൽ അതു സത്യമാവണമെന്നില്ലല്ലോ.
ഞാന്‍ ചെന്നു പരിചയപ്പെടുമ്പോള്‍ ഓമനക്ക് എന്നെ അറിയില്ലെന്ന് പറഞ്ഞാലോ?
ശരി
,ഇനിഎന്നെ തിരിച്ചറിഞ്ഞു എന്ന് തന്നെ കരുതുക ....അടുത്ത ചോദ്യം
"ഇപ്പോള്‍ കാണാന്‍ വന്നതിനുകാരണം?" ചോദ്യത്തിന് എന്തായിരിക്കും എന്റെ ഉത്തരം
"വെറുതെ കാണാന്‍ വന്നു" എന്നോ അതോ
"ഞാൻ ഓമനയെ പണ്ടു ഭയങ്കരമായി ഇഷ്ടപ്പെട്ടിരുന്നു " എന്നോ?
എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നതു ഏകപക്ഷീയമായ വികാര വിചാരങ്ങളാണു. അവൾക്കു അതേപോലെ തിരിച്ചു ഇങ്ങോട്ടു ഉണ്ടാകണമെന്നില്ലല്ലോ
" ചെറുപ്പത്തിൽ അതെല്ലാം സംഭവിച്ചിരിക്കാം ഇപ്പോൾ അതിനു എന്തു പ്രസക്തി" എന്നു ചോദിച്ചാലോ.....
മനസ്സിൽ എവിടെയോ ഒരു തേങ്ങൽ...... എന്നിൽ മധുര സ്മരണകളായി ഉറങ്ങുന്ന മൗനരാഗങ്ങെളെല്ലാം ആ നിമിഷം അപശ്രുതികളായി മാറും. ഓമനയെ കണ്ടെത്താതിരിക്കുന്നതല്ലേ അതിലും ഭേദം. കഴിഞ്ഞു പോയ വസന്ത കാലത്തിന്റെ തിരുശേഷിപ്പുകളായി നില നിൽക്കുന്ന മധുരമനോഹരമായ ഓർമ്മകളിന്മേൽ കരി നിഴൽ വീഴ്ത്താതിരിക്കുന്നതല്ലേ നല്ലതു.
വല്ലപ്പോഴും ആ മയിൽപീലി തുണ്ടു പുറത്തെടുത്തു ഓമനേ! നീ എവിടെയാണു എന്ന അന്വേഷണവുമായി കഴിയുന്നതല്ലേ ഒരു സുഖം.....
നിങ്ങളെന്തു പറയുന്നു?.........
പിൻ കുറി:- ഇതു ഇത്രയും ഞാൻ എഴുതി തയാറാക്കിയപ്പോൾ മനസ്സിലെവിടെയോ പ്രത്യാശയുടെ ഒരു കിരണം! ഈ പോസ്റ്റ്‌ ഓമനയോ രാജേന്ദ്രനോ അന്നത്തെ ഫോർത്ത്‌ സി യിലെ എന്റെ ആത്മമിത്രങ്ങൾ ആരെങ്കിലുമോ കണ്ടിരുന്നു എങ്കിൽ! അവർ ഞാനുമായി ബന്ധപ്പെട്ടിരുന്നു എങ്കിൽ...... എങ്കിൽ അതെന്റെ ബാല്യം എനിക്കു തിരികെ തരുമായിരുന്നാല്ലോ.......!

3 comments:

 1. കൊച്ചു ഗള്ളാ....

  എന്തായാലും ഒന്നന്വേഷിക്കെന്നേ, നിങ്ങടെ സ്കൂള്‍ മേറ്റല്ലെ :)

  ReplyDelete
 2. കഴിഞ്ഞു പോയ വസന്ത കാലത്തിന്റെ തിരുശേഷിപ്പുകളായി നില നിൽക്കുന്ന മധുരമനോഹരമായ ഓര്‍മ്മകളില്‍ ഓമന ഒരു ഓണം തന്നെ

  ReplyDelete
 3. വാഴക്കോടാ, ഓമനയെ അന്വേഷിക്കണമെന്നുണ്ടു...എന്നാലും..ഒരു ലജ്ജ.....
  പാവപ്പെട്ടവൻ, കമന്റിനു നന്ദി.

  ReplyDelete