അയാളുടെ വളരെ നാളത്തെ അദ്ധ്വാന ഫലം ഉപയോഗിച്ച് ഒരു പറമ്പും വീടും വാങ്ങി അതില്‍ താമസം തുടങ്ങി കുറച്ച് ദിവസങ്ങള്‍ കഴിഞതേയുള്ളു, ദാ അപ്പോഴേക്കും കോടതിയില്‍ നിന്നും നോട്ടീസ് വരുന്നു, പറമ്പും വീടും മറ്റൊരാള്‍ക്ക് അവകാശപ്പെട്ടതാണെന്നും നിങ്ങള്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്ത വിലയാധാരം റദ്ദാക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ ആയത് ബോധിപ്പിക്കണമെന്നും അല്ലാത്ത പക്ഷം നിങ്ങളെ കൂടാതെ കേസ് തീര്‍പ്പ് കല്‍പ്പിക്കുമെന്നും പറഞ്ഞു കൊണ്ടോ , അഥവാ ഈ വസ്തു പണയം വെച്ച് വസ്തു വിലക്ക് തന്ന ആള്‍ ബാങ്കില്‍ നിന്നും വായ്പ എടുത്തിരുന്നു എന്നും അത് ഇപ്പോള്‍ പലിശ സഹിതം അടച്ച് തീര്‍ക്കണമെന്നും ഇല്ലെങ്കില്‍ വീടും പറമ്പും ജപ്തി ചെയ്യുമെന്നോ മറ്റും കാണിച്ചുള്ള നോട്ടീസ്.
അപ്പോള്‍ അയാള്‍ക്ക് ഉണ്ടാകുന്ന മാനസികാവസ്ഥയെ കുറിച്ച് ചിന്തിച്ച് നോക്കുക.പലര്‍ക്കും സംഭവിക്കാവുന്ന അനുഭവമാണിത്. വീടോ പറമ്പോ വിലക്ക് വാങ്ങുമ്പോള്‍ അത്യാവശ്യം ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട് . അത് ചെയ്യാതിരുന്നാല്‍ സംഭവിക്കുന്ന ദുര്യോഗം വലുതായിരിക്കും. സാമ്പത്തിക നഷ്ടം, നിരാശ, കോടതി കയറ്റം, വില തന്നവനുമായുള്ള പക, അങ്ങിനെ പല അവസ്ഥകളില്‍ കൂടി കടന്ന് പോകേണ്ടി വരുന്നു. വസ്തു വില വാങ്ങുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങളില്‍ ജാഗ്രത വേണം. ആധാരം എഴുത്തുകാരെ മാത്രം വിശ്വസിച്ച് ഒരു പ്രമാണം തയാറാക്കരുത്.
ആധാരം എഴുതുന്നതിനു മുമ്പ് അസല്‍ പ്രമാണം (ഒറിജിനല്‍ ഡോക്യുമെന്റ്) (ടൈറ്റില്‍ ഡീഡ്) വസ്തു വിലക്ക് തരുന്ന ഉടമസ്ഥരില്‍ നിന്നും ചോദിച്ച് വാങ്ങുക. കോപ്പി മാത്രമാണ് തന്നതെങ്കില്‍ ഒറിജിനല്‍ എന്തു ചെയ്തു എന്ന് തിരക്കുക . മറുപടി തൃപ്തികരമെന്ന് കാണുന്ന പക്ഷം മാത്രം കച്ചവടം മുന്നോട്ട് കൊണ്ട് പോകുക. അല്ലെങ്കില്‍ അവിടെ വെച്ച് കച്ചവടം അവസാനിപ്പിക്കുക.
അസല്‍ പ്രമാണത്തില്‍ വിലയ്ക്ക് തരുന്ന ആള്‍ക്ക് എങ്ങിനെ വസ്തു അവകാശപ്പെട്ടു എന്ന് കാണിച്ചിരിക്കും. അയാള്‍ക്ക് മറ്റൊരാളില്‍ നിന്നും വിലയായി കിട്ടിയതാണെങ്കില്‍ വിലയര്‍ത്ഥം എല്ലാം കൊടുത്ത് തീര്‍ത്തതാണോ എന്ന് പരിശോധിക്കണം. ചില ആധാരങ്ങളില്‍ വിലയര്‍ത്ഥം നിലനിര്‍ത്തിയിരിക്കും എന്നതിനാലാണത് . ഇഷ്ടദാനം വഴിയോ ധനനിശ്ചയം വഴിയോ അയാള്‍ക്ക് ലഭിച്ചതാണെങ്കില്‍ നമുക്ക് വില തരുന്ന സമയം അയാള്‍ക്ക് കൈവശവും അനുഭവവും ഉണ്ടോ എന്നും കരം ഒടുക്ക് രസീത്, തണ്ടപ്പേര്‍ എന്നിവ അയാളുടെ പേരില്‍ ഉണ്ടോ എന്നും ഉറപ്പ് വരുത്തണം. വസ്തുവിന്റെ ഉടമസ്ഥനു വസ്തു ഇഷ്ടദാനമായി /ധനനിശ്ചയമായി കൊടുത്ത ആള്‍ ജീവനോടിരിക്കുന്നു എങ്കില്‍ നാം ഈ വസ്തു വിലക്ക് വാങ്ങാന്‍ പോകുന്നു എന്ന വിവരം അയാളെ അറിയിക്കുന്നത് അഭികാമ്യമാണ്.
വില്ലേജ് ഓഫീസില്‍ പോയി വസ്തു വിലക്ക് തരുന്ന ആളുടെ പേരില്‍ തണ്ടപ്പേര്‍ പിടിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കണം. മാത്രമല്ല ജപ്തി മറ്റു തടസങ്ങള്‍ തുടങ്ങിയവ ബന്ധപ്പെട്ട രജിസ്റ്ററില്‍രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കണം.
വസ്തു നിലകൊള്ളുന്ന അധികാരാതൃത്തിയിലുള്ള സബ് രജിസ്ട്രാര്‍ ആഫീസില്‍ നിന്നും 12കൊല്ലത്തെബാദ്ധ്യതാ സര്‍ട്ടിഫിക്കറ്റ് (എന്‍ കമ്പറന്‍സ് സര്‍റ്റിഫികേറ്റ്) എടുത്ത് പരിശോധിച്ചിരിക്കണം. വസ്തുവില്‍ ബാദ്ധ്യത വല്ലതും ഉണ്ടോ എന്നറിയാനാണത്.
വസ്തു നേരില്‍ കണ്ട് ബോദ്ധ്യപ്പെട്ടിരിക്കണം. അതിരുകള്‍ ഭദ്രമാണോ, കയ്യാല/ മതിലുകള്‍, അതിരുകല്ലുകള്‍ എന്നിവയാല്‍ അയല്‍ക്കാരുടെ വസ്തുവുമായി വാങ്ങാന്‍ പോകുന്ന വസ്തു വേര്‍തിരിച്ചിട്ടുണ്ടോ എന്ന് നിരീക്ഷിക്കണം. സംശയം ഉണ്ടെങ്കില്‍ അയല്‍ക്കാരോട് അവരുടെ അതിരിനെ പറ്റി ചോദിച്ച് സംശയം തീര്‍ത്തിരിക്കുന്നത് ഭാവിയില്‍ വഴക്കുകള്‍ ഒഴിവാക്കാന്‍ സഹായകരമാകും.
വസ്തു അളന്ന് നോക്കി കരം ഒടുക്ക് രസീതിലും ടൈറ്റില്‍ ഡീഡിലും പറഞ്ഞിരിക്കുന്ന അളവില്‍ വസ്തു ഉണ്ടോ എന്ന് ബോദ്ധ്യപ്പെട്ടിരിക്കണം.
ഇവയെല്ലാം പ്രധാനമായി ശ്രദ്ധിക്കേണ്ട ചില വസ്തുതകളാണ്. മറ്റ് ചില കാര്യങ്ങളും കൂടിനിരീക്ഷിക്കേണ്ടി വരും. ശരിക്കും വില കിട്ടേണ്ട ഒരു വസ്തു, വളരെ വില കുറച്ച് കിട്ടുന്നു എങ്കില്‍ നിങ്ങള്‍ സൂക്ഷിക്കുക, എന്തോ കെണി നിങ്ങളെ കാത്തിരിക്കുന്നുണ്ട്. പെണ്ണിനെ കെട്ടിച്ച് വിടേണ്ടിവരുക, മകനു ഉദ്യോഗം/വിസാ ലഭിക്കാന്‍ പൈസ്സാ ആവശ്യം വരുക, വീട്ടുടമസ്ഥന്‍ അന്ധവിശ്വാസി ആണെങ്കില്‍ വാസ്തു വിദ്യക്കാരന്‍ വന്ന് അവിടെ താമസിച്ചാല്‍ ഗുണം പിടിക്കില്ലാ എന്ന് പറയുക, വസ്തു വില്‍ക്കുന്നവനു തല തെറിച്ച പെണ്ണും അപ്പുറത്ത് തല തെറിച്ച ചെക്കനും ഉണ്ടായിരിക്കുകയും അവരു തമ്മില്‍ കുശുകുശുപ്പും ആംഗ്യം കാണിപ്പും ഉണ്ടായിരിക്കുക, വസ്തു ബാങ്കില്‍ ലോണ്‍ വെച്ച് പലിശ കയറി മുടിയുക, ഇതെല്ലാം സാധാരണയായി വസ്തു വില്‍ക്കാനുള്ള കാരണങ്ങളാണ്. ഈ കാരണങ്ങളൊന്നും ഇല്ലാതിരിക്കുകയും വസ്തു വളരെ വിലക്കുറച്ച് കിട്ടുകയും ചെയ്താല്‍, എന്തോ പാര ഉറപ്പ്. റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന ആളല്ല വസ്തു ഉടമസ്ഥന്‍ എങ്കില്‍ എന്ത് കൊണ്ട് വസ്തു ഉടമസ്ഥന്‍ ആ വസ്തു വില്‍ക്കുന്നു എന്ന് രഹസ്യമായി അന്വേഷിക്കുന്നത് നല്ലതാണ്.
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിച്ച് ഒരു ആധാരം ചമക്കുകയാണെങ്കില്‍ അത് പിന്നീട് കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ ഇട വരില്ല. വന്‍ തുകക്കുള്ള വസ്തു ആണെങ്കില്‍ വാങ്ങുന്നതിനു രണ്ടാഴ്ച മുമ്പ്ഒരു പത്ര പരസ്യം ചെയ്യുന്നത് ഉത്തമമാണ്. അതായത് ഇന്ന വില്ലേജിലെ ഇത്രാം നമ്പര്‍ സര്‍വേയിലെ ഇത്ര സ്ഥലം ഞാന്‍ വിലക്ക് വാങ്ങാന്‍ ഉദ്ദേശിക്കുന്നു, ആര്‍ക്കെങ്കിലും ആക്ഷേപം ബോധിപ്പിക്കാനുണ്ടെങ്കില്‍ 15ദിവസത്തിനകം എന്നെ അറിയിക്കേണ്ടതാണ് എന്ന ഒരു പത്ര പരസ്യം.
വസ്തു വിലക്ക് വാങ്ങാന്‍ ഉടമ്പടി എഴുതി അഡ്വാന്‍സ് നമ്മളില്‍ നിന്നും വാങ്ങിയിട്ടും സമയത്ത് പ്രമാണം എഴുതി തരുന്നില്ലാ എങ്കില്‍, കാലാവധി തീരുന്ന ദിവസം നിങ്ങള്‍ ബന്ധപ്പെട്ട സബ് രജിസ്ട്രാര്‍ ആഫീസില്‍ പോയി അന്നേ ദിവസത്തെ ഏതെങ്കിലും ഒന്ന് രണ്ട് ആധാരങ്ങളില്‍ സാക്ഷി ആയി നില്‍ക്കണം. പിറ്റേ ദിവസമോ തുടര്‍ന്ന് ഏതെങ്കിലും ദിവസങ്ങളിലോ വസ്തു തരാമെന്ന് പറഞ്ഞ് നമ്മെ പറ്റിച്ച കക്ഷിക്ക് വസ്തു എഴുതി തരാന്‍ ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയക്കണം. ഏതെങ്കിലും കാരണവശാല്‍ അയാള്‍ പ്രമാണം എഴുതി തരുന്നില്ലാ എങ്കില്‍ കോടതി മുഖേനെ വസ്തുഎഴുതി കിട്ടാന്‍ അന്യായം ഫയല്‍ ചെയണം.
എത്രയെല്ലാം സൂക്ഷിച്ചാലും പുതിയ പുതിയ വേലകള്‍ ഓരോ ആള്‍ക്കാര്‍ ഇറക്കി വിടും, നമ്മളെ കെണിയില്‍ പെടുത്താന്‍ ഓരോ തടസവും അതിനു വേണ്ടി അവര്‍ സൃഷ്ടിച്ച് കൊണ്ട് വരും.കൃത്യമായി എല്ലാ മുന്‍ കരുതലുകള്‍ എടുത്തിട്ടും 24ലക്ഷം രൂപാ അഡ്വാന്‍സ് കൊടുത്ത് വസ്തു ഉടമ്പടി നടത്തിയ എന്റെ ഒരു സ്നേഹിതന്‍ ഇപ്പോഴും ആ രൂപാ തിരികെ കിട്ടാന്‍ കോടതിയില്‍ കയറി ഇറങ്ങി നടക്കാന്‍ തുടങ്ങിയിട്ട് ഒന്നര വര്‍ഷം കഴിഞ്ഞിരിക്കുന്നു. വസ്തു ഉടമസ്ഥന്‍ ഉടമ്പടി എഴുതി സ്നേഹിതനില്‍ നിന്നും അഡ്വാന്‍സ് വാങ്ങി. ആധാരം എഴുതേണ്ട ദിവസം വസ്തു ഉടമസ്തന്റെ ഭാര്യയും സഹോദരങ്ങളുമടങ്ങിയ ഒരു ട്രസ്റ്റിന്റെ വക്കീല്‍ കോടതിയില്‍ ഹാജരായി ടി വസ്തു ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണെന്നും വസ്തു ഉടമസ്ഥനു അത് വില്‍ക്കാന്‍ അവകാശമില്ലെന്നും അതുകൊണ്ട് അധാരം എഴുതുന്നത് ഒരു ഇഞ്ചങ്ഷന്‍ ഉത്തരവ് മുഖേനെ നിരോധിക്കണമെന്നും കാണിച്ച് കേസ് ഫയല്‍ ചെയ്തു. സ്വാഭാവികമായി കോടതി കേസ് തീര്‍ച്ച വരെ താല്‍ക്കാലിക നിരോധന ഉത്തരവ് നല്‍കി . കോടതിയെ വിശ്വസിപ്പിക്കാനായി ഭാര്യ , ഭര്‍ത്താവിനെ ഒന്നാം പ്രതി സ്ഥാനത്തും വസ്തു വാങ്ങാനായി അഡ്വാന്‍സ് നല്‍കിയവനെ രണ്ടാം പ്രതി സ്ഥാനത്തും കേസില്‍ പെടുത്തി. അങ്ങിനെ അഡ്വാന്‍സ് നല്‍കിയ 24ലക്ഷം രൂപ തിരികെ കിട്ടാന്‍ എന്റെ പാവം സ്നേഹിതന്‍ കാത്തിരിക്കുകയാണ്. വസ്തു വളരെ വിലക്കുറച്ച് കിട്ടുമെന്ന ലാക്ക് നോക്കി എടുത്ത് ചാടിയതിന്റെ ദുര്യോഗമാണിത്. വസ്ത് ഉടമസ്ഥന്‍ വേറെയും രണ്ട് പേരെ ഇതേ പോലെ കുഴിയില്‍ ചാടിച്ചിട്ടുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വസ്തു വിലക്ക് വാങ്ങുന്നതിനു മുമ്പ് നോക്കി കുഴപ്പമൊന്നുമില്ലാ എന്ന് ഉറപ്പ് വരുത്തുക, എന്നിട്ട് മാത്രം മുമ്പോട്ട് പോകുക.
ഈ പോസ്റ്റ് ഇപ്പഴാണോ ഇടുന്നത്...? 24നു രജിസ്റ്ററാ...
ReplyDeleteനല്ല പോസ്റ്റ്.
ReplyDeleteഇവിടെ ഇങ്ങനെ ഒരു ചര്‍ച്ച നടക്കുന്നു. നാണം മറക്കാന്‍ നാണിക്കുന്നവര്‍
ReplyDeleteഈ ലിങ്കിട്ടത് ബുദ്ധിമുട്ടയെങ്കില ദയവു ചെയ്ത് ഡിലിറ്റ് ചെയ്യുക
ഷെരീഫിക്ക...ഇങ്ങനെയുള്ള കളിയും കാര്യവും നിറഞ്ഞ പോസ്റ്റുകൾ തുടർന്നും പ്രസിദ്ധീകരിച്ചാൽ സാധാരണക്കാരായ പലർക്കും അത് ഉപകാര പ്രദമായിരിക്കും...പൊതുജനത്തിന് അറിവില്ലാത്ത, എന്നാൽ ദിനംപ്രതി ഇടപെടേണ്ട എല്ലാ മേഖലകളിലും ഒളീഞ്ഞിരിക്കുന്ന ഇത്തരം ചതിക്കുഴികൾ താങ്കളെപ്പോളുള്ളവർക്ക് നന്നായി അറിയാമല്ലോ..തുടർന്നും ഇതുപോലെയുള്ള പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു.. വളരെ നന്ദി..
ReplyDeleteനല്ല ലേഖനം.എങ്കിലും,ചിലർ ഇത്തരം ദുരന്തങ്ങളിൽ ഇനിയും ചാടും. അത് മലയാളികളുടെ ഒരു പ്രത്യേകതയണ്(?)
ReplyDeleteനല്ല ലേഖനം !
ReplyDeleteപ്രിയ ശരീഫ്ക്ക ഈ ലേഖനം ഞാന്‍ (താങ്കളുടെ പേര് വെച്ചുകൊണ്ടുതന്നെ) എന്‍റെ ബ്ലോഗില്‍ കോപ്പി ചെയ്യുന്നതില്‍ വിരോധം ഉണ്ടോ. താഹിര്‍
ReplyDeleteഉപകാരപ്രദമായ പോസ്റ്റ്.
ReplyDeleteഉപകാരപ്രദമായ പോസ്റ്റ്.അല്പം കോമഡിയും നിറച്ച്. കൊള്ളാം
ReplyDeleteഇപ്പോഴും പലര്‍ക്കും സംഭവിക്കുന്ന ദുരന്തങ്ങള്‍.
ReplyDeleteനന്നായി ഇങ്ങിനെ ഒന്ന്.
പ്രിയപ്പെട്ട അനോണീ ലേഖനം എന്റെ പേരില്‍ കോപ്പി ചെയ്യുന്നതില്‍ വിരോധമില്ല.
ReplyDeleteപ്രിയപ്പെട്ടവരേ! ഇവിടെ സന്ദര്‍ശിച്ച് അഭിപ്രായം പറഞ്ഞതില്‍ ഏവര്‍ക്കും നന്ദി.
ഇത് വളരെ പ്രയോജനകരമായ ഒരു വിഷയമാണ്.നാട്ടില്‍ പോകുമ്പോള്‍ ഇക്കാര്യം എല്ലാം ഓര്‍ത്തിരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. അത് കൊണ്ട് ഞാന്‍ ഒരു കാര്യം തീരുമാനിച്ചു. സ്ഥലം വാങ്ങുമ്പോള്‍ ഇക്കയെ വിളിക്കാം,കാര്യങ്ങള്‍ അപ്പോള്‍ നന്നായി പഠിക്കാം . ആശംസകള്‍
ReplyDeleteവസ്തു വാങ്ങിക്കുന്നവര്‍ അവശ്യം
ReplyDeleteഅറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്. എനിക്കും മുമ്പ് ഒരു അബദ്ധം പറ്റി
( അത് നേരില്‍ പറയാം )
വളരെ ഉപകാരപ്രദം... ഈ വക കാര്യങ്ങളെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു... പറഞ്ഞു തരാന്‍ അറിവുള്ളവരും പൊയ്പ്പോയി... ഈ ലേഖനം ഒരു റഫറന്‍സ് തന്നെ... നന്ദി ഷെരീഫിക്ക :)
ReplyDeleteഅബ്ദുല്‍ നിസ്സാര്‍,
ReplyDeleteകേരളദാസനുണ്ണി,
മജ്ഞു മനോജ്,
പ്രിയപ്പെട്ടവരേ നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് നന്ദി.
പ്രിയപ്പെട്ട നിസാര്‍, വിളിപ്പുറത്ത് എപ്പോഴും ഈ ഇക്കാ തയാര്‍ ഇന്‍ഷാ അല്ലാ.
what the heck? what is this registration office does? shouldn;t they able to stop a sale if it does not have proper document?
ReplyDeleteif not why the tax payers putting so much money for those employees?
വൈകിയാണു കണ്ടതെങ്കിലും പറയട്ടെ! വളരെ ഉപകാരപ്രദം.
ReplyDelete