Tuesday, December 31, 2013

പ്രണയ ലേഖനം എങ്ങിനെ എഴുതണം....

പ്രിയതമാ  പ്രിയതമാ പ്രണയ ലേഖനം
എങ്ങിനെ  എഴുതേണം
മുനികുമാരികയല്ലോ  ഞാനൊരു
മുനികുമാരികയല്ലോ.
ഈ  പഴയ ഗാനം  കഴിഞ്ഞ ദിവസം ചാനൽ  പ്രോഗ്രാമിലൂടെ  ഒരു പെൺകുട്ടി  പാടുന്നത്  കേൾക്കുകയുണ്ടായി.
ശരിയാണ് ഒരു കാലത്ത് പ്രണയലേഖനമെഴുത്ത്  അന്നത്തെ യുവതക്കൊരു സങ്കീർണ വിഷയമായിരുന്നു. ഇഷ്ടപ്പെട്ടവർക്ക്  കത്തെഴുതാൻ  തുടങ്ങുമ്പോൾ  ആദ്യ ശങ്ക ഇതാണ്  എങ്ങിനെയാണ് അവളെ/അവനെ സംബോധന  ചെയ്യേണ്ടത്.
പ്രാണപ്രിയാ/ഇണക്കുയിലേ/മണിക്കുയിലേ/എന്റെ പ്രാണപ്രേയസീ/പ്രാണനാഥാ/  ഈ  തരത്തിൽ  ഒരെണ്ണം  തരപ്പെടുത്തി കഴിഞ്ഞാൽ അതിനെ  തുടർന്ന്  അന്നത്തെ സ്ഥിരം  നമ്പറുകൾ  കത്തിൽ  കുത്തി തിരുകും."നീയില്ലാത്ത/അങ്ങില്ലാത്ത  ജീവിതം ഹാ!! ഹൂ!! ശൂന്യം  നിശ്ചലം. അത്  നക്ഷത്രങ്ങൾ ഇല്ലാത്ത  ആകാശം  പോലെയാണ്,  ചമ്മന്തി  ഇല്ലാത്ത ദോശ  പോലെയാണ്, പഞ്ചസാര ഇല്ലാത്ത ചായപോലെയും  ഉപ്പില്ലാത്ത  കറി  പോലെയുമാണ്  എന്നൊക്കെ  തരാതരം  കാച്ചിക്കഴിഞ്ഞതിന്  ശേഷം  സമകാലിക  വിഷയങ്ങൾ  കടത്തി വിടും. ഇന്നലെ  കവലയിൽ ബസ് കാത്ത് നിന്നപ്പോൾ   എന്നെ കണ്ടിട്ടും   എന്തേ  മിണ്ടിയില്ലാ,  എന്ന് പരിഭവം  പറഞ്ഞും  അഥവാ  കഴിഞ്ഞ കത്ത് അമ്മ  പുസ്തകത്തിനുള്ളിൽ  നിന്ന്  കണ്ട് പിടിച്ചതും  എന്തിരവളേ!  മൂധേവീ!  നിന്റഛൻ  ഇങ്ങ് വന്നോട്ടേ  കാണിച്ച് തരാം  എന്നൊക്കെ  ഹാലിളകിയതും  അത്   കൊണ്ട്  ഇനി  കത്തിന് മറുപടി  താമസിച്ചാൽ  വിഷമിക്കരുതെന്നും  എന്നൊക്കെ  ആയിരിക്കും   കുത്തിക്കുറിക്കുക. വിദ്യാഭ്യാസ കാലത്താണെങ്കിൽ "മാവിൻ  ചുവട്ടിൽ വെച്ച്  അങ്ങ്  എന്റെ കയ്യിലണിയിച്ച കരിവള  ഉടഞ്ഞ്  പോയെങ്കിലും എന്റെ ഹൃദയത്തിലണിയിച്ച കരിവള  ഒരിക്കലും  ഉടയില്ലാ" എന്ന രീതിയിലുള്ള  വാചകങ്ങൾ   ആയിരിക്കും തട്ടി വിടുക. ചിലപ്പോൾ  അന്ന് പ്രചാരത്തിലുള്ള സിനിമാഗാനങ്ങളിലെ  രണ്ട് വരി സന്ദർഭാനുസരണം  അനുബന്ധമായി  ചേർക്കുമായിരുന്നു
ഹൃദയ സരസ്സിലേ  പ്രണയ പുഷ്പമേ
ഇനിയും  നിൻ  കഥ  പറയൂ /  എന്ന  മട്ടിലോ

എൻ  പ്രാണ നായകനെ  എന്ത് വിളിക്കും
എങ്ങിനെ  ഞാൻ നാവെടുത്ത്  പേര് വിളിക്കും/
 
എന്ന  രീതിയിലോ  വെച്ച്   കാച്ചുമായിരുന്നു.  കത്ത് അവസാനിക്കുന്നത്  ആയിരം  ചുംബനങ്ങളോടെ  എന്നോ  വെറും  സിംഗിൾ  ചുംബനത്തോടെയെന്നോ  ആകാം
എഴുതി  പൂർത്തിയാക്കി പുസ്തകത്തിനുള്ളിൽ വെച്ചോ  അല്ലെങ്കിൽ  നടന്ന് വരുന്ന  വഴിയിൽ  ഇട്ട് കൊടുത്തോ   അയൽ വീട്ടിലാണ് സ്നേഹഭാജനമെങ്കിൽ  എറിഞ്ഞ്  കൊടുക്കേണ്ട സൗകര്യത്തിനായി  കത്തിനുള്ളിൽ ഭാരത്തിനായി  ചെറിയ  കല്ല്  ഫിറ്റ്  ചെയ്ത്  സാധനം വിക്ഷേപിക്കുകയോ  ചെയ്യും (സാധനം നമ്മുടെ റോക്കറ്റ് വിക്ഷേപണം  പോലെ  ലക്ഷ്യം  തെറ്റി അമ്മയുടെയോ  അഛന്റെയോ മുമ്പിൽ വീണാൽ  രണ്ട് വീടുകളിൽ  നിന്നും  തീപ്പൊരി  പറക്കുമെന്ന്  ഉറപ്പ്)
 കത്ത് അയച്ച് കഴിഞ്ഞാൽ  പിന്നെ  മറുപടിക്കായി  കാത്തിരിപ്പാണ്.   കത്ത് വിക്ഷേപണവും ആ  കാത്തിരിപ്പും  സുഖകരമായ ഒരു  ഇടപാട്  തന്നെയായിരുന്നു. നാലു ചുറ്റും  പരതി നോക്കി  ആരും  കാണാതെ   കത്ത് തന്റെ കക്ഷിക്ക് എത്തിച്ച് കൊടുക്കലും  മറ്റും ഒരു  ത്രിൽ  ആയി  കണക്കാക്കിയിരുന്നതിനാൽ  യുവതക്ക്   വേണ്ടിയിരുന്ന  സാഹസികതയുടെ സുഖവും  അവർ  അനുഭവിച്ചിരുന്നു.
കുറച്ച് ദിവസങ്ങൾക്ക്  മുമ്പ് പഴയ ഡയറികളിലൂടെ ഊളിയിട്ടപ്പോൾ  വിദ്യാഭ്യാസ  കാലഘട്ടത്തിൽ ലഭിച്ചതും  അന്ന് അമൂല്യമെന്ന് കരുതിയിരുന്നതുമായ  ഒരു  കത്ത് കണ്ണിൽ പെട്ടു. മിണ്ടാ പൂച്ച എന്ന പേരിൽ ക്ലാസ്സിൽ അറിയിപ്പെട്ടിരുന്ന  ഒരു  കുട്ടിയിൽ  നിന്നും ആദ്യത്തേതും  അവസാനത്തേതുമായി  ലഭിച്ച ആ കത്ത്.  വെപ്രാളത്തോടെ ആ കുട്ടി തന്നപ്പോൾ ആ കൈകൾ  വിറച്ചിരുന്നു  എന്ന്  ഇന്നും  എനിക്കോർമ്മയുണ്ട്. സ്വർഗം കിട്ടിയ  പ്രതീതിയായിരുന്നു അന്നെനിക്ക്.  ആ  കത്ത് തരാൻ അവൾക്കുണ്ടായ  പ്രചോദനം എന്തായിരുന്നു  എന്ന് എനിക്കിപ്പോഴും  അറിയില്ല. ആ കത്ത് ഇപ്പോൾ കണ്ണിൽ  പെട്ടപ്പോൾ നിമിഷ  നേരത്തിനുള്ളിൽ  തിരശ്ശീലയിലെന്ന വണ്ണം  മനസിനുള്ളിൽ ആ കുട്ടി തെളിഞ്ഞ് വന്നു. മധുരിക്കുന്നോർമ്മകൾ  ഒരു കുളിർകാറ്റായി  എന്നെ തഴുകിയപ്പോൾ  കാലപ്പഴക്കത്തിനാൽ  അക്ഷരങ്ങൾ മാഞ്ഞ് പോയ  ആ കത്ത് വായിക്കാൻ  വൃഥാ ഞാനൊരു ശ്രമം  നടത്തിയെങ്കിലും  ചില  വാക്കുകൾ  മാത്രമേ  തിരിച്ചറിയാൻ  കഴിഞ്ഞുള്ളൂ. പക്ഷേ  അതിലെ  വാക്കുകൾ എനിക്ക്   ഒരു കാലത്ത് ഹൃദിസ്തമായിരുന്നല്ലോ.സുഗന്ധം നിറഞ്ഞ് പരിലസിച്ചിരുന്ന പനിനീർ പുഷ്പം  പോലെ ഒരു കാലത്ത് ഈ കത്ത് എനിക്കനുഭവപ്പെട്ടിരുന്നു.ഇപ്പോൾ  കയ്യിലെടുത്തപ്പോൾ  പൊടിഞ്ഞ് പോകുന്ന ഈ കടലാസ്സ് തുണ്ടുകൾ  ജീവിതത്തിലെ വിലപ്പെട്ട  നിധിയായി  കരുതിയിരുന്ന  ആ നാളുകൾ  എന്നെന്നേക്കുമായി  കടന്ന്  പോയല്ലോ. ഈ കത്തെഴുതിയവൾ  ഭൂമിയിലെവിടെയോ അമ്മയായി  അമ്മൂമ്മയായി  കഴിയുന്നുണ്ടായിരിക്കാം;  മരിച്ചിരിക്കാം.  കൗമാരത്തിൽ  താനെഴുതിയ കത്ത്  ഇന്നും സൂക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന്  അവൾ  ഒരിക്കലും അറിയില്ല. സുഗന്ധം  നഷ്ടപ്പെട്ട്  ഇതളുകൾ കരിഞ്ഞ്  കാണപ്പെടുന്ന  ഒരു കാലത്തെ ഈ പനിനീർ പുഷ്പം  എന്നിൽ  എന്തെന്നില്ലാത്ത അനുഭൂതികൾ സൃഷ്ടിക്കുന്നു.
പ്രണയം അന്ന് ദിവ്യമായിരുന്നു,  ദൂരെ  ദൂരെ  നിന്നും ഒഴുകിയെത്തുന്ന  വിഷാദ രാഗം  പോലെ അത് മനസിന്റെ ഉള്ളറകളെ തൊട്ട് തഴുകിയിരുന്നു. ആ കാലവും  അന്നത്തെ മനുഷ്യരും  മാറിക്കഴിഞ്ഞു.  അന്നത്തെ  പ്രിയതമനും  പ്രാണപ്രേയസിയും  ഔട്ട് ഓഫ് ഫാഷനായി.

ഡാ.....ഇന്നലെ  നീ എവിടെയായിരുന്നെടാ......എന്ന് ഇന്നത്തെ കാമുകിക്ക്  ചോദിക്കുവാൻ അവൾക്ക്  പരിഭ്രമത്തോടെ നാല് ചുറ്റും  നോക്കേണ്ട  ആവശ്യമില്ലല്ലോ. അവൾക്ക് അവനെ ഇപ്പോഴും എപ്പോഴും  എവിടെയും വെച്ച് സംഗമിക്കാം. കത്തെഴുതേണ്ട കാര്യമേ  ഇല്ലാ,  എന്തിന് കത്തെഴുതണം? ദിവസം പത്ത് നേരം മൊബൈലിലൂടെ അവൾക്ക്/അവന് കൊഞ്ചാം  കുഴയാം.രാത്രി  നെറ്റിലൂടെ ചാറ്റാം, അൽപ്പം  റിസ്ക്  എടുത്താൽ  മമ്മിയും  ഡാഡിയും വാൽസല്യത്തിലൂടെ ഫിറ്റ് ചെയ്ത് തന്ന   വെബ്ക്യാം വഴി കമിതാവിനെ നേരിൽ കണ്ട് സംസാരിക്കാം.
 ദിവ്യാനുരാഗവും  ഹൃദയം നിറഞ്ഞ പ്രണയവും മൗന രാഗവും എല്ലാം  നമുക്ക് പഴയ പുസ്തക  താളുകളിലോ ബ്ലാക്ക്  ആന്റ്  വൈറ്റ് സിനിമയിലോ കണ്ട്  ബോറടിക്കാം.

ദാ  കേൾക്കുന്നു  റ്റി.വിയിൽ പാട്ട്..."  ഇഷ്ടമില്ലഡാ.....എനിക്കിഷ്ടമില്ലടാ.....

2 comments:

  1. ഹ ഹ രസയിട്ടൊണ്ട്

    ReplyDelete
  2. എന്റെ ഭാഗ്യത്തിനോ മറ്റുള്ളോരുടെ ഭാഗ്യത്തിനോ എനിക്ക് ഒരു പ്രേമലേഖം വാങ്ങാൻ കഴിഞ്ഞിട്ടില്ല. മൂന്നുപേർക്കു കൊടുത്തിരുന്നു. അതിലൊരുത്തിയുടെ മുന്നിൽ കെട്ടിയോളേം കൊണ്ടു ചെന്നു പെട്ടപ്പോ ഓള് ഓള കെട്ട്യോനോടു പറയുവാ, ഇദ്ദേഹം പണ്ട് എനിക്ക് ലവ്വ് ലറ്ററു തന്നയാളാന്ന് ! തൊലിക്കട്ടി അത്യാവാശ്യമുള്ളോണ്ട് വല്യ ചമ്മലുണ്ടായില്ല...

    ReplyDelete