Saturday, April 29, 2017

ഇറച്ചി സ്ത്രീ ലിംഗമാണോ?

എട്ട് ജെ യിലെ  ഹിന്ദി ക്ലാസ് കുമാരൻ സാറാണ്  എടുക്കുന്നത്.  ഹിന്ദി കലക്കി കുടിച്ച അദ്ധ്യാപകനാണ്  കുമാരൻ സാർ.. അന്ന് സാറ് ഹിന്ദിയിലെ പുല്ലിംഗവും സ്ത്രീ ലിംഗവും  പഠിപ്പിക്കുകയാണ്. സ്ത്രീ ലിംഗം കണ്ട് പിടിക്കാൻ  അദ്ദേഹം എളുപ്പ വഴി പഠിപ്പിച്ച് തന്നു.  "ഇ" കാരത്തിൽ അവസാനിക്കുന്ന എല്ലാ വാക്കുകളും  സ്ത്രീ ലിംഗമാണ്. ഉദാഹരണത്തിന്  " നദി " അപ്രകാരമുള്ള  വാക്കുകൾ പറയാൻ സാർ  ആവശ്യപ്പെടുകയും ഓരോരുത്തർ  പറഞ്ഞ് തുടങ്ങുകയും ചെയ്തു.  "ഭൂമി" "നാരി"  "പഡോസി" അങ്ങിനെ  ഇ  കാരത്തിൽ അവസാനിക്കുന്ന വാക്കുകൾ  തുരു തുരാ വന്ന് തുടങ്ങിയപ്പോൾ  ഞാൻ പറഞ്ഞു "ഇറച്ചി"
സാർ തല ഉയർത്തി  ചോദിച്ചു " അരെടാ അത്?" കൂട്ടുകാർ എന്നെ ചൂണ്ടിക്കാണിച്ചു. "ഇവിടെ വാടാ " എന്ന് സാർ ആവശ്യപ്പെട്ടപ്പോൾ ഞാൻ പതുക്കെ സാറിന്റെ സമീപം ചെന്നു.  "ഇറച്ചി ഏത് ഭാഷയിലെ വാക്കാണെടാ ?"
സാറിന്റെ ചോദ്യം.
"മലയാളം" എന്റെ മറുപടി.  "അപ്പോൾ നിനക്ക് അറിയാൻ വയ്യാതെയല്ലാ, എന്നെ കളിയാക്കാൻ വേണ്ടി  വേല ഇറക്കിയതാണല്ലേ?  ഇറച്ചിക്ക് പോയവന്റെ ഗതി എന്താണെന്നറിയാമോടാ " സാർ എന്റെ പൊതു വിജ്ഞാനം  അളന്നപ്പോൾ ഞാൻ ഉത്തരം നൽകി. "ഇറച്ചിക്ക് പോയവൻ വിറച്ച് ചത്തു" " നീ ഇറച്ചിക്ക് സൈക്കിളിൽ പോയാ മതി " എന്നും പറഞ്ഞും കൊണ്ട് സാർ എന്റെ തുടയിൽ നഖം അമർത്തിയപ്പോൾ ഞാൻ വേദന സഹിക്കാൻ കഴിയാതെ  സൈക്കിൾ ചവിട്ടുന്നത് പോലെ  കാലുകൾ മാറി മാറി പൊക്കി പിടിച്ചു.
 ഇതെല്ലാമാണെങ്കിലും  സാറിന് എന്നെ വലിയ കാര്യമായിരുന്നു. എന്നെ സാഹിത്യത്തിലേക്ക് വഴി കാട്ടിയത് സാർ ആയിരുന്നു.
 അന്ന് സാറും  ആലപ്പുഴ മുഹമ്മദൻ സ്കൂളും സഹപാഠികളും എന്റെ ജീവിതത്തിൽ നിറഞ്ഞ് നിന്നപ്പോൾ അതല്ലാതെ വേറെ ഒരു ലോകം എനിക്ക് വരാനില്ലാ എന്ന് ഞാൻ കരുതി.
 കാലം കടന്ന് പോയപ്പോൾ പല വേഷങ്ങൾ ആടി തമർത്ത എന്റെ  ഉള്ളിൽ അതിലും വലിയ പല ലോകങ്ങളും  കടന്ന് വന്ന് പഴയ കാലത്തെ  അപ്രധാനമാക്കിയത് സ്വാഭാവികമായ  മാറ്റം തന്നെ.  അന്നേതോ ഒരു ദിവസം കുമാരൻ സാർ എവിടെയോ വെച്ച് ഊർദ്ധൻ വലിച്ചിരിക്കാം. ആ സമയം  ഞാൻ  അതൊന്നുമറിയാതെ  കൂട്ടുകാരുമായി കളി തമാശകളിൽ ഏർപ്പെടുകയോ  കോടതി മുറികളിലെ കേസുകെട്ടുകളിൽ ലയിച്ചിരിക്കുകയോ ചെയ്തിരിക്കാം.
    ഈ മേട മാസ സന്ധ്യയിൽ മാനത്തെ കരിമേഘത്തെ നോക്കി കിടന്ന  എന്റെ മനസിലേക്ക്  ഇറച്ചി വാങ്ങാൻ സാർ എന്നെ സൈക്കിൾ ചവിട്ടിച്ച സ്കൂൾ കാല അനുഭവം  എന്തിനാണാവോ കടന്ന് വന്ന് ആ നല്ല നാളുകളെ ഓർമ്മിപ്പിച്ച് ചിരിപ്പിക്കാൻ  ഇടയാക്കിയത്.

No comments:

Post a Comment