Sunday, April 9, 2017

സൗജന്യം ചതിയാണ്

ഇന്ന്  ആരെയാണ് കൊല്ലേണ്ടത്  എന്ന ചിന്തയോടെ  മടി ഉൽപ്പാദന ചാര് കസേരയിൽ മാനം നോക്കി  കിടന്നപ്പോൾ  ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടു നോക്കിയതിൽ കഴുത്തിൽ  കൗപീനം ധരിച്ച  രണ്ട് ചെറുപ്പക്കാർ കടന്ന് വരുന്നത് കണ്ടു.   അവരുടെ കയ്യിൽ രണ്ട് വലിയ പെട്ടികളുമുണ്ട്.
" ചൂരീദാർ പീസും സാരിയും  വേണോ  സർ?" അവരിൽ ഒരുവൻ എന്നോട് ആരാഞ്ഞു.
" ഞാൻ പാന്റ്സാണ് ധരിക്കുന്നത്, ചിലപ്പോൾ മുണ്ടും ഉടുക്കും." യാതൊരു ഭാവഭേദവുമില്ലാതെയായിരുന്നു എന്റെ ഉത്തരം.
 ഒരു വളിച്ച ചിരിയോടെ അപരൻ മൊഴിഞ്ഞു. " വീട്ടിലെ സ്ത്രീകൾക്ക് വാങ്ങിക്കൊടുക്കാം."
 ചൂരീദാർ / സാരി ആവശ്യക്കാരായ വീട്ടിലെ അന്തർജനങ്ങളും അയലത്തെ അദ്ദേഹികളും   ഇതിനുള്ളിൽ രംഗം കയ്യടക്കി കഴിഞ്ഞു. അവരെ കണ്ട നിമിഷത്തിൽ ഗള കൗപീനങ്ങൾ പെട്ടി മലർക്കെ തുറന്ന് സാധനങ്ങൾ പുറത്തേക്ക് വാരിയിട്ടു. അന്തർജനങ്ങളുടെ വായിൽ നിന്നും  ശ്ശ്ശ്ശ്..സ്...സ്... ശബ്ദങ്ങളും  വാളൻ പുളി കാണുമ്പോഴുള്ള ഉമിനീർ പ്രവാഹവും ഞാൻ കണ്ടു.
"  ഫസ്റ്റ് ക്വാളിറ്റി ആണ് പക്ഷേ നിങ്ങൾക്ക്   വിലക്കുറച്ച് തരാം" വ്യാപാരികൾ രണ്ട് പേരും  ഏക സ്വരത്തിൽ ഉവാച.
"നിൽക്ക്...നിൽക്ക്..." മടി ഉൽപ്പാദന കസേരയിൽ നിന്നും ചാടി എഴുന്നേറ്റ് ഞാൻ  വ്യാപാരത്തിൽ ഇടപെട്ടു.
"നിങ്ങൾ രണ്ട് പേരും എന്റെ അമ്മായി അപ്പന്മാരാണോ?" ഞാൻ അന്വേഷിച്ചു.
   "അല്ല.."  ലേശം പകച്ചായിരുന്നു രണ്ടിന്റെയും ഉത്തരം. " ഞാൻ നിങ്ങളുടെ അമ്മായി അപ്പനാണോ? " എന്റെ അടുത്ത ചോദ്യം
"അല്ലല്ലോ..." അൽപ്പം ഹാസ്യം കലർന്നായിരുന്നു ഇപ്പോൾ മറുപടി വന്നത്.
"പിന്നെന്ത്  കൊണ്ടാ അനിയന്മാരേ! ഇന്ന്  പരിചയപ്പെട്ട ഞങ്ങളോട് ഇത്രയും  സ്നേഹവും ഞങ്ങൾക്കൊരു സൗജന്യവും... വിലക്കുറവും  " എന്റെ ചോദ്യത്തിന് അവരിൽ ഒരുവൻ മൗനം ദീക്ഷിച്ചപ്പോൾ അപരൻ മൊഴിഞ്ഞു " ഞങ്ങളുടെ കമ്പനിയുടെ വിറ്റഴിക്കൽ പ്രോഗ്രാമിനോടനുബന്ധിച്ചുള്ള വിലക്കുറവാണ്..."
ചൂരീദാർ പീസിലും സാരിയിലും ചാടി വീഴാനും  അത് മണത്തും രുചിച്ചും ഉടുത്തും  ശരീരത്തിൽ ചേർത്ത് വെച്ചും സായൂജ്യം അടയാനും വെമ്പി നിന്ന അന്തർജനങ്ങളെല്ലാം കൂടി എന്നെ രൂക്ഷമായി നോക്കി.എന്റെ വീട്ടിലെ പ്രധാന അന്തർജനം എന്നോട്കണ്ണിൽക്കൂടി ആശയ വിനിമയം നടത്തി   "വേറെ പണി ഒന്നുമില്ലേ?"
  ഞാൻ  അത് അൺ വാന്റഡ്  ഹെയർ പോലെ  നിസ്സാരവത്കരിച്ച് അടുത്ത ചോദ്യം ഉന്നയിച്ചു. " നിങ്ങളുടെ  കമ്പനി ഏതാണ് ? അത് എവിടെയാണ്?"
"അത്...അത്...ബാംഗ്ലൂരാണ്..." ഒരേ സ്വരത്തിലായിരുന്നു അവരുടെ മറുപടി
"അപ്പോൾ ഈ സാരിയും ചൂരീദാർ പീസും ഒന്ന് കഴുകി കഴിയുമ്പോൾ അതിന്റെ നിറവും പോയി മണവും പോയി മേശപ്പുറം തുടക്കാൻ പോലും കൊള്ളാതെ വരുമ്പോൾ  പരാതിപ്പെടാൻ ബാംഗ്ലോോർ വരെ പോകണമല്ലേ?ഇന്ന് ഈ സാധനവും വിറ്റഴിച്ച് പോകുന്ന നിങ്ങളെ ഇനി മഷിയിട്ട് നോക്കിയാൽ പോലും കാണില്ലല്ലോ...അത് കൊണ്ട് അനിയന്മാർ പെട്ടി അടച്ചോളൂ...ഈ സാധനം ഇവിടെ ചെലവാകില്ല, വേറെ കംബോളം  പിടിക്കുന്നതാണ് നല്ലത്...ഞാൻ പറഞ്ഞ് നിർത്തി വീണ്ടും ചാരു കസേരയിലേക്ക് വീണു.
ഇപ്പോൾ  രംഗം നിശ്ശബ്ദമാണ്. അന്തർജനങ്ങളുടെ മുഖങ്ങളിൽ  ഞാൻ പറഞ്ഞതിന്റെ  അർത്ഥം ഉൾക്കൊള്ളുന്ന  ഭാവവും  പെട്ടിയിലുള്ളതിന്റെ പരിശോധനയും തലോടലും നടത്താത്തതിന്റെ നിരാശയും മിന്നി നിന്നു.
കഴുത്തിൽ കോണകം കെട്ടിയവർ പെട്ടി അടച്ച് എന്നെ നല്ലവണ്ണം ഒന്ന് നോക്കിയതിന് ശേഷം ഗെയ്റ്റിലേക്ക് നടന്നു.
 അന്തർജനങ്ങളുടെ സഭ പിരിഞ്ഞു. അയലത്തെ അദ്ദേഹികൾ അവരുടെ വസതികളിലേക്ക് പോയപ്പോൾ  നമ്മുടെ  അന്തർജനത്തോട് ഞാൻ പറഞ്ഞു.
" പറ്റിക്കാൻ സാധിക്കാതെ വന്നപ്പോൾ   അവന്മാരുടെ ഒരു നോട്ടം കണ്ടില്ലേ ?!"
"ആ നോട്ടത്തിന്റെ അർത്ഥം മനസിലായോ?" അവൾ ചോദിച്ചു
"ഇല്ലാാ എന്താ അർത്ഥം?"
" ഈ കസേരയിൽ കിടക്കുന്നത് പോലുള്ള സാധനത്തിനെ വീട്ടുകാരി എങ്ങിനെ സഹിക്കുന്നു ദൈവമേ! എന്നാണ് "
ഇതും പറഞ്ഞ് അവൾ വേഗത്തിൽ അകത്തേക്ക് പോയതിനാൽ അതിന് മറുപടിയായി ഞാൻ പറഞ്ഞ ശ്രേഷ്ട മലയാളം അവൾ കേട്ടിരിക്കാൻ ഇടയില്ല. 

2 comments:

  1. ഹേ മനുഷ്യാ നിങ്ങള്‍ ഇപ്പോളും ബ്ലോഗ്‌ എഴുതുന്നുണ്ടോ!!!!!

    ReplyDelete
  2. പത്രക്കാരാ അന്നും ഇന്നും എന്നും ഞാൻ ബ്ലോഗിലുണ്ട്...വന്ന വഴി മറക്കാൻ കഴിയുമോ അനിയാ!

    ReplyDelete