Wednesday, August 9, 2017

ജസ്റ്റിസ് കർണനും ജയിൽ ജീവിതവും

ജസ്റ്റിസ് കർണന്റെ ജയിൽ ജീവിതത്തെപറ്റി മാധ്യമ പ്രവർത്തകർക്കോ ചാനൽകാർക്കോ ഒന്നും പറയാനില്ല. കർണന്റെ കൂടെ മറ്റ് തടവുകാരുണ്ടോ പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടോ  ആഹാരം ഏത് തരത്തിൽ പെട്ടതാണ് ഇതൊന്നും ആ ന്യായാധിപൻ സിനിമാ നടനല്ലാത്തതിനാൽ വാർത്താ പ്രാധാന്യം ലഭിക്കാത്ത വസ്തുതകളായി തീർന്നു. അത് കൊണ്ട് തന്നെ ഇന്ത്യാ ചരിത്രത്തിൽ ഇതിനു മുമ്പ് കേട്ട് കേൾവി പോലുമില്ലാതെ ഒരു ഹൈക്കോടതി ജഡ്ജ്  ജയിൽ വാസം അനുഭവിക്കുന്നു. അദ്ദേഹത്തിന് പൊതുജനത്തോട് പറയാനുള്ളത് എന്തായാലും അത്  പ്രസിദ്ധീകരിക്കരുത് എന്ന് പരമോന്നതി കോടതി  ഒരു ഉത്തരവ് മുഖേനെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിൽ  നിരോധിക്കുകയും ചെയ്തു. കുറ്റം ചാർത്തപ്പെടുന്നവനു കിട്ടുന്ന ആനുകൂല്യം നിഷേധിക്കപ്പെട്ട  കർണൻ തന്റെ സർവീസ് ജീവിതത്തിൽ നേരിട്ട ചില അനുഭവങ്ങൾ  ഉന്നത് കോടതിയെ അറിയിച്ചു, അതിനെ തുടർന്നുണ്ടായ പ്രതികരണങ്ങളെ  ഒട്ടും കൂസാതെ തന്റേതായ  മാർഗത്തിൽ തിരിച്ചടിച്ചു. ഇതാണ് കർണൻ ചെയ്ത കുറ്റം. കണൻ ചെയ്തത് ശരിയോ തെറ്റോ എന്നതല്ല ഇവിടെ നിരീക്ഷിക്കപ്പെടേണ്ടത്. തന്റെ മേൽ ചാർത്തപ്പെട്ട കുറ്റത്തിലെ പ്രതിയെന്ന നിലയിലുള്ള  അവകാശങ്ങൾ കർണന് ലഭിച്ചോ എന്നതാണ്. കീഴ്ക്കോടതിയിലെ ജീവനക്കാരനോ ന്യായാധിപനോ ബന്ധുക്കളോ കക്ഷിയായി വ്യവഹാരം ആ കോടതിയിൽ വന്നാൽ ഒന്നുകിൽ ആ വ്യവാഹാരം മറ്റ് കോടതിയിലേക്ക് മാറ്റും അല്ലെങ്കിൽ ജീവനക്കാരനെ മാറ്റും. ഇവിടെ കർണനെ ശിക്ഷിക്കാൻ ഉപോൽബലകമായ കേസ് കൈകാര്യം ചെയ്തത് അതേ ന്യായാധിപന്മാർ തന്നെ ആയിരുന്നു. പരമോന്നത കോടതിയിലെ  ഒരു വലിയ കൂട്ടം നിയമ വിശാരദന്മാർ സന്നിഹിതരായിരുന്ന കോടതി ഹാളിൽ ആ വിധി പുറത്ത് വന്നതോടെ തനിക്ക് പറയാനുള്ളത്  ആരോടും പറയാനാവാതെ  കർണൻ ജയിലിൽ ആയി.
നിയമ ദേവതക്ക് കണ്ണ് കാണില്ലല്ലോ...

2 comments:

  1. ഇന്ത്യൻ നീതിന്യായവ്യവസ്ഥയെ തന്നെ ലോകത്തിനു മുന്നിൽ സംശയത്തിന്റെ നിഴലിൽ നിറുത്തുന്ന ഒരു പുസ്തകം ജസ്റ്റി കർണ്ണന്റേതായി വരും എന്നാണ് കരുതുന്നത്. സുപ്രീം കോടതിയുടെ ഉത്തരവുള്ളതിനാൽ ഇന്ത്യയിൽ പ്രസാധനത്തിനുള്ള അവകാശം കിട്ടില്ലായിരിക്കാം, എന്നാൽ വിദേശങ്ങളിൽ ആ പുസ്തകം തീർച്ചയായും വിറ്റഴിക്കപ്പെടുക തന്നെ ചെയ്യും.

    ReplyDelete
  2. അങ്ങിനെയെങ്കിലും സത്യം ലോകർ അറിയട്ടെManikandan

    ReplyDelete