Saturday, June 21, 2014

നഗ്നപാദനായി നടന്നപ്പോൾ.....

   ആശുപത്രിയിൽ നിന്നും  ആഞ്ജിയോ പ്ലാസ്റ്ററി  കഴിഞ്ഞ് വന്ന   ബന്ധുവിനെ കാണാൻ  പോകുന്നതിന് മകൻ സൈഫുവും ഭാര്യ ഷൈനിയും  കാറിൽ വന്ന് വിളിച്ചപ്പോൾ ധൃതിയിൽ  ഇറങ്ങി തിരിച്ച ഞാൻ ചെരുപ്പ് ധരിക്കാൻ  മറന്ന് പോയി. കൊട്ടാരക്കരയിൽ നിന്നും  എട്ട് കിലോമീറ്റർ ദൂരമുള്ള കുന്നിക്കോട് ചെന്ന് കാറിൽ  നിന്നിറങ്ങാൻ  നേരമാണ്  ചെരിപ്പ്  ഇല്ലാ എന്ന വിവരം ഞാൻ തിരിച്ചറിഞ്ഞത്.  അടുത്ത കടയിൽ നിന്നും ചെരിപ്പ് വാങ്ങാൻ മകനും  മരുമകളും ധൃതി കൂട്ടിയപ്പോൾ  മുണ്ടും ഷർട്ടും ധരിച്ചിരുന്ന  ഞാൻ നഗ്നപാദനായി  നടന്നാൽ  എനിക്ക്  എന്ത് സംഭവിക്കാനാണ്  എന്ന  ചോദ്യവുമായി  ഞാൻ അവരെ നേരിട്ടു.  മകൻ സിനാനുമായി കാറിൽ  അവർക്ക്  മറ്റൊരു പരിപാടിക്ക് പോകാനുണ്ടായിരുന്നതിനാൽ  എന്റെ മടക്ക യാത്ര  ബസിലാകുമെന്നും   കൊട്ടാരക്കര  ബസ് സ്റ്റാന്റിൽ  ഇറങ്ങി  വീട് വരെ ചെരിപ്പ്  ഇല്ലാതെ   യാത്ര ചെയ്യാൻ ഞാൻ   മടിക്കില്ലെന്നും  എന്റെ നിർബന്ധ ബുദ്ധയെ പറ്റിി  അറിയാവുന്ന അവർക്ക്  തീർച്ച ഉണ്ടായിരുന്നു.   അത്കൊണ്ട്  തന്നെ   ആ യാത്രയെ പറ്റി  ആലോചിച്ച്   അവർ അന്തം വിട്ട് നിന്നപ്പോൾ   എന്ന് മുതലാണ്  കേരളീയർ    ചെരിപ്പ് നിർബന്ധ  വസ്തു ആക്കിയതെന്ന ചിന്തയിലായിരുന്നു  ഞാൻ.  ബസിലിരുന്നപ്പോഴും   കൊട്ടാരക്കരയിൽ ബസ്സിറങ്ങി റോഡിലൂടെ   വീട്ടിലേക്ക് നടന്നപ്പോഴും  ആൾക്കാർ എന്റെ നഗ്നപാദത്തെ സൂക്ഷിച്ച് നോക്കിക്കൊണ്ടിരുന്നു.  അവരുടെ  ആ നോട്ടം   ചെരിപ്പിനെ പറ്റി  വീണ്ടും ചിന്തിക്കാൻ  ഇടവരുത്തി. 
 ഏത് കാലഘട്ടം  മുത്ല്ക്കാണ്   ചെരിപ്പ്  അവശ്യ വസ്തുവായി  പരിണമിച്ചത്?  
എന്റെ  യൗവനാരംഭ   കാലഘട്ടമായ 1980 വർഷങ്ങളിൽ   മുണ്ടും  ഷർട്ടുമായിരുന്നു   ഞാൻ  ധരിക്കുന്നതെങ്കിൽ      ചെരിപ്പ്   ഒഴിച്ച് കൂടാനാവാത്ത  വസ്തു  ആയി  ഞാൻ പരിഗണിച്ചിരുന്നില്ല. എന്നാൽ  പാന്റ്സു  ധരിക്കുമ്പോൾ  ഷൂസ്   നിർബന്ധമായി ധരിക്കുമായിരുന്നു. അന്ന് പൊതുവേ   ഭൂരിപക്ഷം  മലയാളികളും   അപ്രകാരമുള്ള ചിട്ടയിലായിരുന്നല്ലോ..    ഉപ്പിട്ട കലവും  ചെരിപ്പിട്ട കാലും ശരിയാവില്ലാ എന്നൊരു  ചൊല്ലും  നാട്ടിൻ പുറങ്ങളിൽ  അന്ന്  ഉണ്ടായിരുന്നു.
  ആലപ്പുഴയിലെ മലയാ ബെയിൽസിലെ കൽക്കത്താ സ്വദേശിയായ  മാനേജർ  വെയിലത്ത് കുട പിടിച്ച്  നടന്നിരുന്ന തന്റെ ഫാക്റ്ററി  തൊഴിലാളികളെ പറ്റി   എന്നോട്  പറഞ്ഞത്   മലയാളികളെല്ലാം  ഛത്രപതികളാണ് (കുട  ചൂടുന്നവർ)   പക്ഷേ  ഒരാളും  ചെരിപ്പ്    ധരിക്കുന്ന സ്വഭാവക്കാരല്ലാ എന്നായിരുന്നു. .   ഇതായിരുന്നു  ആ കാലഘട്ടത്തിലെ മലയാളി  സമൂഹത്തിന്റെ  അവസ്ഥ.
 ആ കാലം  കടന്ന് പോയപ്പോൽ   പകരം  വന്ന ഗൾഫ് കാലം  പല മാറ്റങ്ങളും  പരിഷ്കാരങ്ങളും  നാട്ടിൻപുറങ്ങളിൽ  കൊണ്ട് വന്നു.   പല ശീലങ്ങളും  ഒഴിച്ച് കൂടാനാവാത്തതായി. ദാരിദ്ര്യം   നാട്ടിൽ  നിന്നും  മാഞ്ഞ്  പോവുകയും ആഡംബരങ്ങൾക്ക്   ചെലവാക്കാൻ     പോക്കറ്റ്  തയാറാവുകയും ചെയ്തു.  അങ്ങിനെ 80 ൽ  ആഡംബരമായിരുന്നത്  2000ത്തിൽ  അവശ്യ വസ്തുവായി  മാറ്റപ്പെട്ടു.    പാചക വാതകം  പോലെ   റഫ്രിജേറ്റർ  പോലെ  റ്റി.വി.  പോലെ  ടെലഫോൺ  പോലെ പലതും  ജീവിതത്തിൽ  ഒഴിച്ച് കൂട്ടാനാവാത്തവയായി കൂട്ടത്തിൽ  എന്റെ പാവം  ചെരിപ്പും  .  ആ വക വസ്തുക്കളുടെ അഭാവം  നമ്മിലുണ്ടെങ്കിൽ    നമ്മൾ നാട്ടിൽ  ശ്രദ്ധിക്കപ്പെടുന്നവരുമായി,  .
   അത്  കൊണ്ടായിരിക്കാം  ഇന്ന് രാവിലെ  നടക്കാനിറങ്ങിയപ്പോൾ   വഴിയിൽ  കണ്ട  എന്റെ യുവ സുഹൃത്ത് ഷാ  എന്നോട്  ചോദിച്ചു " സാർ ഇന്നലെ ചെരിപ്പില്ലാതെ റോഡിലൂടെ  നടന്ന് പോകുന്നത്  കണ്ടല്ലോ   സാറിന്     എന്ത് പറ്റി     എന്ന്  .
  ഇനി  ഒരു  കാലഘട്ടത്തിൽ  ചെരിപ്പ്  ഇല്ലാതെ നടക്കുന്നത്  ഫ്ലാഷ്  ന്യൂസ്  ആകുമോ  എന്തോ?

3 comments:

  1. എസ്.എസ്.എല്‍.സിയ്ക്ക് പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ആദ്യത്തെ ജോഡി ചെരിപ്പ് കിട്ടി. പിന്നെ ഇതുവരെ ചെരിപ്പില്ലാതെ നടന്നിട്ടില്ല. ഒരിയ്ക്കല്‍ ചെരിപ്പില്ലാതെ നടക്കാന്‍ നോക്കി, നടക്കാന്‍ അല്പം ബുദ്ധിമുട്ടും ഉണ്ട്.

    ReplyDelete
  2. ഒരിക്കല്‍ കൊട്ടാരക്കര ഗണപതി അമ്പലത്തില്‍ പോയി. ചെരുപ്പ് അഴിച്ച് സൂക്ഷിക്കുന്ന കടയില്‍ കൊതുത്തിട്ട് അമ്പലത്തിനുള്ളില്‍ കയറി. അപ്പോഴാണ് ഒരു വലിയ സ്ഫോടന ശബ്ദം കേട്ടത്. വെടിമരുന്ന് ശാലക്ക് തീപിടിച്ചതായിരുന്നു അത്.. അതിനടുത്തായിരുന്ന ചെരിപ്പ് സൂക്ഷിപ്പ് കേന്ദ്രവും കത്തി. അങ്ങനെ ഞാനും അമ്മയും കെ.എന്‍,എസ് ഹോസ്പിറ്റലിന്‍റെ അടുത്ത് ഗ്ലോറിവരെ നടന്നുവന്ന് ചെരുപ്പ് പുതിയത് വാങ്ങി..

    ഈ കഥ ഒരു സുഹൃത്തിനോട് പറഞ്ഞപ്പോള്‍ അവന്‍ ആശ്ചര്യത്തോടെ ചോദിക്കുന്നു.

    ’ചെരിപ്പില്ലാതെ നീയും അമ്മയും ഗണപതിയമ്പലം മുതല്‍ ഗ്ലോറിവരെ നടന്നോ!!!!’

    ReplyDelete
  3. njanum ,, shramichu nokiyittund,, pattaarilla,, ,, kaalil onnum kollillenkilum enthokkeyo tharakkunna pole,,,,,,,
    nalla avatharanam,,,,,,,,,,aashamsakal......

    ReplyDelete