Wednesday, June 11, 2014

പൂച്ചയും കാക്കയുംതിരിഞ്ഞ് നോക്കാത്ത ഭക്ഷണം

വൃക്ഷങ്ങളിലെ മധുര ഫലങ്ങളുടെ  ഉള്ളിൽ  കേട്  ഉണ്ടെങ്കിൽ  കാഴ്ചയിൽ അതിന് തകരാറൊന്നും  കാണപ്പെടുന്നില്ലാ എങ്കിലും  അതിനുള്ളിലെ കേട്  തിരിച്ചറിഞ്ഞ്  പക്ഷികൾ  ആ ഫലങ്ങൾ  തിരിഞ്ഞ്  നോക്കുക പോലുമില്ല. ശരീരത്തിന്  ഹാനികരമാകുന്ന കായ് കനികളെ  കുരങ്ങുകൾ  ഒഴിഞ്ഞ് വെക്കും. അവക്കറിയാം  ആ വക  സാധങ്ങൾ  അവർക്ക് പണി  കൊടുക്കുമെന്ന് . മനുഷ്യനൊഴികെ ജീവികൾക്ക് പ്രകൃതി നൽകിയ വരദാനമാണത്.  മനുഷ്യന്  വിശേഷ ബുദ്ധിയും  തിരിച്ചറിവും നൽകി,  ഈ ജീവികളെയും  പ്രകൃതിയെയും  നിരീക്ഷിക്കാനും  പഠിക്കാനും  കൊള്ളേണ്ടത് കൊള്ളാനും തള്ളേണ്ടത്  തള്ളാനും.
    ഇത്രയും  ആമുഖം.  ഇനി  ബാക്കി വായിക്കുക.
ചൂടാക്കിയ  ആഹാരപദാർത്ഥങ്ങൾ   ഫ്രിഡ്ജിൽ  സൂക്ഷിച്ചതിന്  ശേഷം  പിന്നീട്  വെളിയിലെടുത്ത്  വീണ്ടും ചൂടാക്കി  കഴിക്കാൻ  ഒരുങ്ങുന്നതിനു  മുമ്പ്   അതിൽ അൽപ്പം  എടുത്ത്  കാക്കക്കോ  പൂച്ചക്കോ  കൊടുത്ത്  നോക്കുക . ആ വക സാധനങ്ങൾ  അവർ  തിരിഞ്ഞ്  നോക്കാറില്ല. അതായത്  കാക്കയും  പൂച്ചയും  തിരിഞ്ഞ്  നോക്കാത്ത  സാധനങ്ങളാണ്  മനുഷ്യൻ വെട്ടി  വിഴുങ്ങുന്നത്. ഈ വക ആഹാര സാധങ്ങൾ  തങ്ങൾക്ക്  ദോഷം  ചെയ്യുമെന്നുള്ള  തിരിച്ചറിവിനാലായിരിക്കാം ആ ജീവികൾ  ഒഴിഞ്ഞ് വെക്കുന്നത്. അവക്കുള്ള  വിശേഷ ബുദ്ധി പോലും  മനുഷ്യർക്കില്ല.
രണ്ടും  മൂന്നും  ദിവസങ്ങളിലേക്കുള്ള ചോറ്   ഒരു ദിവസം പാകം ചെയ്ത് അന്നന്നത്തെ ചെലവ്  കഴിഞ്ഞ്  ബാക്കി  എച്ചിൽ പെട്ടിയിൽ  കയറ്റി വെച്ച്   തുടർന്ന് വരുന്ന ദിവസങ്ങളിൽ വെളിയിലെടുത്ത്  വീണ്ടും തിളപ്പിച്ച് , വെള്ളം  ഊറ്റി  കളഞ്ഞ് ഉപയോഗിക്കുന്നത്  ഇപ്പോൾ ഫാഷനാണ്. ജോലി  തിരക്ക്,  സമയലാഭം,  ഗ്യാസ് പോലുള്ള  ഇന്ധന ലാഭം  തുടങ്ങിയവയാണ് ഇതിനുള്ള  ന്യായീകരണങ്ങൾ. പ്രവാസികൾ, ഉദ്യോഗസ്ഥർ എന്നിവരെ  ഈ ന്യായീകരണങ്ങളുടെ  തണലിലേക്ക്  നമുക്ക്  മാറ്റി  നിർത്താം.  പക്ഷേ  ഇതൊന്നുമല്ലാത്ത  അലസതയും  മടിയും കാരണത്താൽ   ഇങ്ങിനെ  ഈ   ചവറ്   ആഹരിക്കുന്നവരെയും  കുട്ടികൾ  ഉൾപ്പടെയുള്ള  കുടുംബാംഗങ്ങളെ  ആഹരിപ്പിക്കുകയും ചെയ്യുന്നവരെ പറ്റി  എന്ത്  പറയാൻ!
അവർ  രോഗങ്ങൾ വിലക്ക്  എന്ന്  അവർ  തിരിച്ചറിയുന്നില്ലല്ലോ!!!
പിന്നാമ്പുറ  കഥ:-  എനിക്ക്  തീരെ  സുഖമില്ലാ  ഡോക്റ്റർ   എല്ലാ രോഗവും  എനിക്കുണ്ട്....വയ്യാ...എനിക്ക്  വയ്യാ...
നിങ്ങൾക്ക്  എത്ര   വയസ്സ് ?
മുപ്പത്തി  അഞ്ച്  വയസ്സ്  ഡോക്റ്റർ.
  നിങ്ങൾ  ചെറുപ്പമാണല്ലോ...വീട്ടിൽ  ജോലികൾ  ചെയ്യുന്നുണ്ടോ?
 വീട് ക്ലീൻ  ചെയ്യാൻ വാക്വം ക്ലീനറുണ്ട്  ഡോക്റ്ററ്റർ....അടുപ്പിൽ  ഊതി  തീ കത്തിക്കേണ്ട....ഗ്യാസ്  സ്റ്റൗ  ഉണ്ട്...കിണറ്റിൽ  നിന്നും  വെള്ളം  കോരണ്ടാ  മോട്ടോർ  ഫിറ്റ്  ചെയ്തിട്ടുണ്ട്....അരി ആട്ടണ്ടാ  ഗ്രൈന്റർ  ഉണ്ട്....കറിക്ക് അരക്കണ്ട   മിക്സി  ഉണ്ട്  മൂന്ന് ദിവസത്തെ ചോറ്  ഒരുമിച്ച്  പാകം ചെയ്ത്  ഫ്രിഡ്ജിൽ  കയറ്റി വെച്ച് ഉപയോഗിക്കുന്നത്  കൊണ്ട്   സമയലാഭവും  കിട്ടും  ഡോക്റ്റർ.........
ചുരുക്കത്തിൽ  നിങ്ങൾക്ക്  ജോലി ചെയ്യേണ്ട  ആവശ്യമൊന്നുമില്ല.  ആട്ടെ... നിങ്ങളുടെ
ഷുഗർ വെറും വയറിൽ  320...ബി.പി. 100-180  .   ദേഹം  അനങ്ങി ജോലി  ചെയ്യാതെ  നിങ്ങൾ  സമയം  ലാഭിച്ച്  എന്ത് ചെയ്യുന്നു?
ഇതെന്തൊരു  ചോദ്യമാണ് ഡോക്റ്റർ?!....എനിക്ക്  റ്റി.വി. സീരിയൽ  കാണാനും  ഫെയ്സ് ബുക്കിൽ  കയറാനും  സമയം  തികയുന്നതേ  ഇല്ലാ  ഡോക്റ്റർ........

2 comments:

  1. ആ‘രോഗ’കേരളം

    ReplyDelete
  2. ഇതാണ് മോഡേണ്‍ യുഗം. അത്ഭുതപ്പെടാനില്ല.

    ReplyDelete