പ്രേമ ലേഖനം.
അഞ്ചാംക്ളാസിൽ പഠിക്കുമ്പോൾ തന്നെ ഞാൻ നല്ലൊരു വായനക്കാരനായിരുന്നു. ആലപ്പുഴ ലജനത്തുൽ മുഹമ്മദീയ വായനശാലയിലെ വാരികകളും അവിടെയുള്ള ലൈബ്രറിയിൽ നിന്നും പിതാവ് എടുത്ത് കൊണ്ട് വരുന്ന പുസ്തകങ്ങളും സമയം കിട്ടുമ്പോഴൊക്കെ വായിക്കുമായിരുന്നല്ലോ. പല നോവലുകളും വാരികകളിലെ പൈങ്കിളികളും വായിച്ചപ്പോൾ എന്റെ ഉള്ളിൽ അതിയായ ഒരു മോഹം ഉടലെടുത്തു. ഒരു പ്രേമ ലേഖനം എഴുതണം. ആർക്കെങ്കിലും കൊടുക്കണം.
സൗഹൃദം അന്നുമിന്നും എന്റെ പ്രാണനാണ്. പ്രണയ ലേഖനം എഴുതിയാൽ കൊടുക്കേണ്ടത് പെൺകുട്ടിക്കാണ്. എന്നോട് സ്നേഹവും ആത്മാർത്ഥതയുമുള്ളവർക്കാണ്` കൊടുക്കേണ്ടത്. അത് ആർക്ക് വേണമെന്ന് തല പുകക്കുമ്പോഴാണ് പ്യാരിയുടെ മുഖം മനസ്സിൽ വന്നത്. അഞ്ച്മൺ സ്കൂളിന്റെ വടക്ക് വശമുള്ള ഇടവഴിയിലെ ഒരു പഴയ കെട്ടിടത്തിലാണ്` അവൾ താമസിക്കുന്നത്. ആ കെട്ടിടവും ഇടവഴിയും “റാംജീ റാവു സ്പീകിംഗ്“ “വിയറ്റ്നാം കോളനി“ പോലെ പല സിനിമകളിലും വന്നിട്ടുണ്ട്. അവിടെ താമസിക്കുന്ന പഠാണി കുടുംബത്തിൽ പെട്ടതാണ്` പ്യാരി.
കണക്ക് വിഷയത്തിൽ പുറകിലായിരുന്ന പ്യാരിക്ക് ഉത്തരങ്ങൾ ഞാൻ തയാറാക്കി കൊടുക്കും, പകരം അവളുടെ വെളുത്ത മുഖത്തെ പുഞ്ചിരി എനിക്ക് തരും.
അങ്ങിനെ ദിവസങ്ങൾ കഴിഞ്ഞ് പോയപ്പോൾ അര പേജ് ഒറ്റ വരി ബുക്ക് കടലാസ്സിൽ ഞാൻ പ്രേമ ലേഖനം തയാറാക്കി.
“എത്തിറയും സ്നേഹമുള്ള പ്യാരി വായിച്ചൊറിയാൻ ഷരീഫ് എഴുതുന്ന കുത്ത്.എനിക്ക് നിണ്ണോട് പിരിശം ഉണ്ടെ. ഇവിടെ ഒരുവിതം സുകം അവിടേം അപ്പറാകാരമെന്ന് വിശ്ശോസിക്കണ്...എന്ന് സൊന്തം ഷരീഫ്..“
കത്ത് എഴുതിയ ദിവസം തന്നെ ഇൻസ്ട്രമെന്റ് ബോക്സിൽ വെച്ച് പ്യാരിക്ക് കൈമാറി. എന്നിട്ട് അവളോട് പതുക്കെ പറഞ്ഞു. ഒരു ലറ്റർ, ഇതിലുണ്ട്, മറുപടി തരണം. ഉച്ചഭക്ഷണ സമയത്ത് ക്ളാസ് വിട്ടപ്പോഴായിരുന്നു ഈ സംഭവം നടന്നത്.
അവൾ ഇൻസ്ട്രമന്റ് ബോക്സ് തുറക്കുന്നതും കത്ത് വായിക്കുന്നതും എന്നെ ഏറ് കണ്ണിട്ട് നോക്കുന്നതും ഞാൻ നെഞ്ചിടിപ്പോടെ നോക്കി ഇരുന്നു. എന്നിട്ട് എന്റെ നേരെ മധുര മനോഹരമായ ഒരു പുഞ്ചിരി പാസ്സാക്കി. ഹാവൂ!!! എനിക്ക് സമാധാനമായി. പക്ഷേ അവൾ പതുക്കെ എഴുന്നേറ്റ് അദ്ധ്യാപകർ ഇരിക്കുന്ന ഓഫീസ് മുറിയിലേക്ക് നടന്നപ്പോൾ ഞാൻ അന്തം വിട്ടു. ഹെന്റെ പടച്ചോനേ! പട്ടാണിച്ചി ചതിച്ചോ?
അൽപ്പം കഴിഞ്ഞപ്പോൾ പ്യൂൺ മൊയ്തീൻ വന്ന് എന്നെ കയ്യിൽ പിടിച്ച് ആഫീസിലേക്ക് നടത്തിച്ചു, കസ്റ്റഡി പ്രതിയെ കൊണ്ട് പോകുന്നത് പോലെ. ആഫീസിൽ ആ ഉച്ച നേരം, മലയാളം പഠിപ്പിക്കുന്ന പണിക്കർ സാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ പ്യാരി അവിടെ നിൽപ്പുണ്ട്. സാറിന് എന്നെ വലിയ കാര്യമായിരുന്നു, രാമായണ--- ഭാരത കഥകൾ സാർ ക്ളാസ്സിൽ പറഞ്ഞ് തരുമ്പോൾ ഞാൻ ശ്രദ്ധയോടെ കേൾക്കുകയും സംശയങ്ങൾ ചോദിക്കുകയും ചെയ്തിരുന്നു. മാത്രമല്ല സാർ സംവിധാനം ചെയ്തതും ക്ളാസ്സിൽ അവതരിപ്പിച്ചതുമായ ലവ കുശ നാടകത്തിൽ ഞാൻ ലവന്റെ റോൾ ഗംഭീരമാക്കിയപ്പോൾ എന്റെ തോളിൽ തട്ടി അഭിനന്ദിക്കുകയും ചെയ്തിരുന്നു. പക്ഷേ അദ്ദേഹം ഇപ്പോൾ കടന്നൽ കുത്തിയ മുഖത്തോടെ ഇരിപ്പാണ്.
“ഇവിടെ വാടാ കഴുതേ!...“ സാർ എന്നെ വിളിച്ചു. ഞാൻ വിറച്ച് വിറച്ച് അടുത്തേക്ക് ചെന്നു.
“ഇതെന്തുവാടാ രാമന്റെ മോൻ ലവനേ!...“ തള്ള വിരലും ചൂണ്ട് വിരലും ചേർത്ത് പണിക്കർ സാർ എന്റെ കന്നി പ്രണയലേഖനം ചത്ത എലിയെ വാലിൽ തൂക്കി പിടിക്കുന്നത് പോലെ ആട്ടി. എനിക്ക് ഭയങ്കരമായ കരച്ചിൽ വന്നു. അതിനിടയിൽ ഞാൻ കത്തുന്ന ഒരു നോട്ടം അവളുടെ നേരെ പാസ്സാക്കിയപ്പോൾ അവൾ എന്നെ പുസ്കെന്ന മട്ടിൽ പ്രതികരിച്ചു.
“പ്യാരി വായിച്ചൊറിയാൻ....സാർ കത്തിൽ നോക്കി വായിച്ചു, എന്നിട്ട് എന്നോട് ചോദിച്ചു. എത്ര മാർക്കുണ്ട് കഴുതേ! നിനക്ക് മലയാളത്തിന്...?
“അൻപതിൽ മുപ്പത്തി എട്ട്....ഞാൻ വിക്കി വിക്കി പറഞ്ഞു.
“എന്നിട്ടാണോടാ ഇത്രേം അക്ഷര തെറ്റ്..നിന്റെ ഒരു വായീ ചൊറിയാൻ....... തിരിഞ്ഞ് നില്ല് കഴുതേ..നിന്റെ ചന്തീലൊന്ന് ചൊറിയട്ടെ...“ സാർ ചൂരൽ കൊണ്ട് എന്റെ ചന്തിയിൽ മൂന്ന് അടി പാസ്സാക്കി. എന്നിട്ട് പ്യാരിയെ നോക്കി ചോദിച്ചു, മതിയോടീ....“ ചുണ്ടിന്റെ അറ്റത്ത് എന്നെ കളിയാക്കി കൊണ്ടുള്ള ഒരു ചിരിയോടെ ആ പിശാച് മതിയെന്ന് തല കുലുക്കി.
ചന്തിയും തടവി അഫീസിന് പുറത്തിറങ്ങുമ്പോൾ ഞാൻ അവളോട് പറഞ്ഞു “ “കണക്കിന്റെ ഉത്തരം ഞാൻ പറഞ്ഞ് തരാമെടീ പട്ടാണിച്ചീ , നീ ഇങ്ങ് വാ...“ അവൾ ചിരിച്ച്കൊണ്ട് ഓടി പോയി.
അഞ്ച്മൺ സ്കൂളിലെ പഠനം കഴിഞ്ഞ് പിന്നെ ഞാൻ ആലപ്പുഴ മുഹമ്മദൻ ഹൈ സ്കൂളിലായിരുന്നു പഠനം തുടർന്നത്. അവിടെ പലപ്പോഴും പ്യാരിയെ കണ്ടിരുന്നെങ്കിലും ഞാൻ ഒഴിഞ്ഞ് മാറിക്കളയുമായിരുന്നു.
വർഷങ്ങൾ കടന്നപ്പോൾ കൗമാരം എന്നിലോടിയെത്തി എന്റെ ചുണ്ടിന് മുകളിൽ നുനുത്ത കറുത്ത രോമം പ്രത്യക്ഷപ്പെടുകയും, തല മുടി കറുത്ത് ചുരുളുകയും മുഖം ചുവന്ന് വരുകയും ചെയ്തു.സ്വയമേ തന്നെ ഞാൻ ഗൗരവക്കാരനായ ഗ്ളാമർ താരമായി. പെൺകുട്ടികളെ കാണുമ്പോൾ വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന ഭാവമെല്ലാം എടുത്തപ്പോൾ അവരുടെ മുമ്പിൽ അൽപ്പം വിലയും നിലയുമെല്ലാം ഉണ്ടായി. ആ കാലങ്ങളിലും ഞാൻ പ്യാരിയെ കണ്ടാൽ മുഖം തിരിച്ച് നടന്ന് കളയും. കാലം അവളിലും മാറ്റങ്ങൾ വരുത്തി ഒരു സുന്ദരിക്കുട്ടി യായി എനിക്കെതിരെ നടന്ന് പോകുമ്പോഴും ചുണ്ടിൽ ഒരു കള്ള പുഞ്ചിരിയുമായി എന്റെ മുഖത്ത് തന്നെ കണ്ണ് നട്ടാണ് ആ പോക്കെന്ന് ഇടം കണ്ണിലൂടെ ഞാൻ കണ്ടിരുന്നു. അപ്പോൾ ഒന്നുകൂടി ഗൗരവം ഞാൻ മുഖത്ത് വരുത്തും.
അന്ന് അവളുടെ വീട് സ്ഥിതി ചെയ്യുന്ന ഇടവഴിയിലൂടെ ഞാൻ നടന്ന് പോകുമ്പോൾ അവൾ എതിരെ വന്നു മുഖത്ത് ഒന്നുകൂടി ഗൗരവം വരുത്തി ഞാൻ കടന്ന് പോയപ്പോൾ അവൾ ചുമവന്നത് പോലെ ഒന്ന് ഇരുമ്മി. ഞാൻ അത് അവഗണിച്ച് നടന്ന് പോയി. എന്നെ കടന്ന് പോയ ആ സമയം അവൾ അൽപ്പം ഉച്ചത്തിൽ പറഞ്ഞു..“പ്യാരി വായീച്ചൊറിയാൻ...“
എന്നിൽ ദേഷ്യം പതച്ച് പൊന്തി. എന്റെ.ഗൗരവമെല്ലാം എവിടെയോ കളഞ്ഞ് ഞാൻ അവളെ നോക്കി വിറച്ച് കൊണ്ട് അലറി...“പോടീ പട്ടാണിച്ചി കഴുവേറീടെ മോളേ....“
അവൾ പൊട്ടി പൊട്ടി ചിരിച്ച് എന്നെ കടന്ന് പോയി. ഞാൻ അവിടെ തന്നെ നിന്ന് അവളെ നോക്കിയപ്പോൾ അവളുടെ തോളും പുറക് ഭാഗവും കുലുങ്ങുന്നതിൽ നിന്ന് അവൾ ചിരി നിത്തിയില്ലാ എന്നെനിക്ക് മനസ്സിലായി.
പിന്നീട് പ്യാരിയെ കാണുമ്പോഴെല്ലാം ഞാൻ ഒഴിഞ്ഞ് മാറിക്കളയുമായിരുന്നു സ്കൂൾ പഠനം അവസാനിക്കുന്നത് വരെ.
കാലം കടന്ന് പോയി. പിന്നീട് പലപ്പോഴും ആലപ്പുഴ വരുമ്പോഴെല്ലാം പഴയ സൗഹൃദങ്ങളെ അന്വേഷിക്കുമ്പോഴും പ്യാരിയുടെ വിവരങ്ങളൊന്നും ലഭിച്ചില്ല. അവൾ താമസിച്ചിരുന്ന മിഠായി ഭായിയുടെ പഴയ വലിയ കെട്ടിടം ജീർണാവസ്ഥയിൽ താമസക്കാർ ഒഴിഞ്ഞ് കാണപ്പെട്ടു.
അഞ്ച്മൺ സ്കൂൾ ഇപ്പോഴുമുണ്ട്. പണിക്കർ സാർ സ്വർഗത്തിലിരുന്ന് ലവ കുശ നാടകം പഠിപ്പിക്കുകയായിരിക്കും. പ്യാരി എവിടെയാണാവോ?
ഇന്നത്തെ ഞായറാഴ്ചയിലെ വിരസമായ നിമിഷങ്ങൾ തള്ളി നീക്കുമ്പോൾ പഴയ ഡയറികളിൽ സൂക്ഷിച്ചിരുന്ന മഞ്ഞ നിറം കലർന്ന ഇൻലാന്റ് കത്തുകൾ വായിക്കാൻ ശ്രമം നടത്തി ആ കത്തുകളിലെ മങ്ങിയ അക്ഷരങ്ങൾ ഞാൻ പെറുക്കി നോക്കിയതിൽ എല്ലാ കത്തുകളിലും (ആ കത്തുകൾ ആര് എഴുതിയതായാലും) അവസാനത്തെ വരി ഇങ്ങിനെ ആയിരുന്നു. “ ഇവിടെ ഒരുവിധം സുഖം തന്നെ അവിടെയും അപ്രകാരമെന്ന് വിശ്വസിക്കുന്നു“ ആ കാലത്ത് കത്തുകൾ അവസാനിപ്പിച്ചിരുന്നത് അപ്രകാരം ആയിരുന്നു..
എങ്കിലും “ഇവിടെയും സുഖം അവിടെയും സുഖം“ കത്തുകൾ വായിച്ചപ്പോൾ പണ്ട് വളരെ പണ്ട് ഞാൻ എഴുതിയ പ്രേമ ലേഖനവും പ്യാരിയെയും ഓർത്ത് പോയി.
No comments:
Post a Comment