സർക്കാർ ആശുപത്രിയിലെ തിരക്കും കോവിഡ് ഭീതിയും കാരണം ഭാര്യയെ സ്വകാര്യ ആശുപത്രിയിലെ യൂറോളജി ഡിപ്പാർട്ട്മെന്റിൽ പതിവ് ചെക്കപ്പിനായി കൊണ്ട് വന്നതായിരുന്നു. മൂത്രത്തിൽ കല്ല് കണ്ടത് അലിഞ്ഞ് പോയെങ്കിലും വെറുതെ ഒരു ചെക്കപ്പാകട്ടെ എന്ന് കരുതി. അടുത്ത ഊഴത്തിനായി ഡോക്ടറുടെ ക്യാബിന് പുരത്ത് കാത്ത്നിന്നു.
അകത്ത് നിന്നും ഡോക്ടറും രോഗിയുമായുള്ള സംഭാഷണ ശകലങ്ങൾ ഒഴുകി വന്നു.
“എത്ര കാലമായി ഈ അസുഖം കണ്ട് തുടങ്ങിയിട്ട്.“
“കുറേ കാലമായി ഡോക്ടറേ!...“
“എന്തായിരുന്നു ആദ്യ ലക്ഷണങ്ങൾ?“
“ആദ്യവും ഇപ്പോഴും ഒരേ ലക്ഷണങ്ങളാ ...മൂത്രം ഒഴിക്കണമെന്ന് തോന്നിയാൽ അപ്പോൾ തന്നെ ഒഴിക്കണം...അല്ലെങ്കിൽ അത് സ്വയമേ ഒഴിക്കും... രാത്രിയിൽ കിടന്നാൽ കുഴപ്പമൊന്നുമില്ല, എഴുന്നേറ്റ് പോയാൽ ഉടൻ ഒഴിക്കണം...വയസ്സ് പത്തറുപത്ത്ഞ്ച് ആയില്ലേ ഡോക്ടറേ...പഴയ മെഷീനല്ലേ? ഇങ്ങിനെയെല്ലാമേ പറ്റൂ.....കൂട്ടുകാരോട് ചോദിച്ചപ്പ, എല്ലാവനുമുണ്ട് ഈ അസുഖം...മഴക്കാലത്ത് ഇത്തിരി അധികമാ...ആശുപത്രിയിൽ വരണ്ടാന്ന് കരുതി നിന്നതാ...മക്കൾ സമ്മതിക്കേണ്ടേ...അവർക്കുടനെ അപ്പനെ ആശുപതിയിലാക്കണം...... ചുമ്മാ മെനക്കേട്“
“മക്കൾക്കെവിടാ ജോലി“
“മൂത്തവൻ കുവൈറ്റിൽ...രണ്ടാമത്തവൻ...അവനും കുവൈറ്റിലാ...മൂന്നാമത്തെ പെണ്ണ് അബൂദാബീല്...ആ മൂത്തവനാ സൂക്കേട്..അപ്പൻ..ഉടനേ ഡോക്ടറെ കാണണമെന്ന്..അവനെല്ലാം അവിടിരുന്ന് പറഞ്ഞാ പോരേ മെനക്കേടുന്നത് ഞാനും....“
പിന്നെ അൽപ്പം നേരം നിശ്ശബ്ദത....വീണ്ടും ഡോക്ടറുടെ ശബ്ദം...
“ഇവിടെത്തെ കാർഡിയോളജി ഡോക്ടറെ കാണണം, അത് കഴിഞ്ഞ് ന്യൂറോയേയും....പിന്നെ...ഗ്യാസ്ട്രോയിലുമൊന്ന് കാണിച്ചേര്...അവിടങ്ങളിലെ ഡോക്ടറന്മാരുടെ പേര് ഞാൻ ഇതാ കുറിച്ചിട്ടുണ്ട്...അവിടെല്ലാം കാണീച്ച് ഒന്ന് ചെക്ക് ചെയ്തേര്.....ഇവിടെത്തെ മരുന്ന് ഫാർമസീന്ന് വാങ്ങിക്കോ കേസ് ഷീറ്റിൽ എഴുതീട്ടുണ്ട്....പേടിക്കുകയൊന്നുംവേണ്ടാ,,,വലിയ സുഖക്കേടൊന്നും ഇല്ല, ..“
“ സൂക്കേടൊന്നുമില്ലേങ്കിൽ പിന്നെന്താത്തിനാ...ഈ ഡോക്ടറന്മാരെയെല്ലാം കാണിച്ച് ചെക്കുന്നേ....“
“ഒന്ന് ചെക്ക് ചെയ്തേര് അച്ചായാ...അസുഖമെന്തെങ്കിലുമുണ്ടോ എന്നറിയാമല്ലോ...“
“ചെക്കി ചെക്കി എന്റെ പോക്കറ്റ് കീറുമല്ലോ സാറേ...ചുമ്മാ ഇത്തിരി മുള്ളിയതിന് രൂപായ്ത്രയാ ചെലവാകുന്നേ...മക്കൾക്കവിടെ ഇരുന്ന് ചുമ്മാ കൊട്ടേഷൻ വിട്ടാ മതി...ബാക്കി ഉള്ളോര് കൊച്ച് വെളുപ്പാൻ കാലത്ത് തോട്ടത്തീ കേറി റബ്ബറ് വെട്ടിയാലേ ചിക്കിലി ഉണ്ടാകൂ....“
അച്ചായൻ പുറത്തിറങ്ങി എന്റെ അടുത്ത് വന്ന് പതുക്കെ പറഞ്ഞു.
“മക്കളാരും കുവൈറ്റിലുണ്ടെന്ന് പറഞ്ഞേക്കല്ലേ...ആശൂത്രിക്കാര് നിങ്ങളെ കീറി ഭിത്തീലൊട്ടിക്കും...“
ശരിയാണ് എനിക്കത് ഗുണ പാഠമായി....
No comments:
Post a Comment