ഇന്ന് ആത്മഹത്യ വിരുദ്ധദിനമാണ്.
ആത്മഹത്യ എന്ന് കേൾക്കുമ്പോൾ എന്റെ മനസ്സിലേക്ക് ഓടി വരുന്ന ഒരു സംഭവമുണ്ട്. അത് ഏറെ വർഷങ്ങൾക്ക് മുമ്പ് നടന്നതാണ്.
അന്ന് ഞാൻ തമിഴ് നാട്ടിലെ പല്ലാവരത്തിന് സമീപമുള്ള ക്രോം പേട്ടയിൽ ഭൂവനേശ്വരി ആൻട് കമ്പനി എന്ന സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. സിനിമ ലോകത്തിലേക്ക് പോയ എന്റെ യാത്ര എത്തിച്ചേർന്നത് ഭൂവനേശ്വരിയിലാണ്.
ശിശുക്കൾക്ക് ആ കാലത്ത് പതിവായി നൽകി വന്നിരുന്ന ഗ്രേയ്പ്പ് വാട്ടർ എന്ന മരുന്നിന്റെ കുപ്പിയിലെ അലൂമിനിയം കലർന്ന അടപ്പിനുള്ളിൽ ലോഹവുമായി കലരാതിരിക്കാൻ സ്ഥാപിക്കുന്ന വാഡ്സ് എന്ന സാധനം നിമ്മിക്കുന്ന കമ്പനിയാണ് ഭൂവനേശ്വരി.
കമ്പനി സൂപ്രവൈസർ മേനോൻ എന്നൊരാളായിരുന്നു. മലയാളി ആണെങ്കിലും ഒരു മമതയും ആരോടും കാണിക്കാത്ത കണീശക്കാരനും ഗൗരവക്കാരനും കർശനക്കാരനുമായിരുന്നു മേനോൻ. അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ അണുവിട തെറ്റിയാൽ ദുർവാസാവിനേക്കാളും അരിശക്കാരനായ മേനോനെ എല്ലാവരും ഭയന്നു. അസ്സിസ്റ്റന്റ് സൂപ്രവൈസർ, തമിഴ് ബ്രാഹ്മണനായ കണ്ണനും. കണ്ണൻ സുസ്മേരവദനും ചെറുപ്പക്കാരനും ദയാലുവുമായിരുന്നു.
മേനോനെ എല്ലാവരും ഭയഭക്തി ബഹുമാനത്തോടെയാണ് കണ്ടിരുന്നത്. ഞാനും ആദ്യം അങ്ങിനെ തന്നെയായിരുന്നു. രാവിലെ പല്ലാവരത്ത് നിന്നും തിരിക്കുന്ന ഞാൻ പോൻഡ്സ് പൗഡർ കമ്പനി സമീപത്തെ സുഗന്ധവും അത് കടന്ന് വരുമ്പോൾ തോൽ ഊറക്കിടുന്ന അടുത്ത കമ്പനി പരിസരത്തെ ദുർഗന്ധവും ആസ്വദിച്ച് ഭൂവനേശ്വരി വാതിൽക്കലെത്തുമ്പോൾ പലപ്പോഴും സമയം വൈകും. മേനോൻ രൂക്ഷമായി നോക്കും. ആ നോട്ടം കാണൂമ്പോൾ “താൻ പോടോ! അൺ വാൻഡഡ് ഹെയറേ! “ എന്ന മട്ടിൽ ഞാൻ അകത്തേക്ക് പോകുമായിരുന്നു...
എന്റെ സഹപ്രവർത്തകനും കൂട്ടുകാരനുമായ കണ്ണൂർക്കാരൻ അലക്സാണ്ഡർ പലപ്പോഴും എന്നോട് ഉപദേശിക്കും,വൈകി വന്നാൽ അയാൾ ശമ്പളം കട്ട് ചെയ്യുമെന്ന്.ഞാൻ അതൊന്നും തെല്ലും വക വെച്ചില്ല.
അങ്ങിനെ ഇരിക്കെ ഒരുകാര്യം തിരിച്ചറിഞ്ഞു. മെനോൻ തികഞ്ഞ മദ്യപാനിയാണെന്ന്.അതോടെ അയാളോട് എനിക്കുണ്ടായിരുന്ന ബഹുമാനത്തിന് ഇടിവ് പറ്റി
കമ്പനി എന്തോ കാരണത്താൽ പൂട്ടിയപ്പോൾ. ഞാൻ നാട്ടിൽ പോയി കുറേ നാൾ കഴിഞ്ഞ്.കമ്പനി തുറന്നു എന്ന് വിവരം കിട്ടിയപ്പോൾ തിരിച്ച് പല്ലാവരത്തെത്തിയെങ്കിലും കമ്പനി തുറന്നിരുന്നില്ല. വിവരം തിരക്കാൻ മേനോന്റെ വീട് തിരക്കി കണ്ട് പിടിച്ച് വീടിന്റെ മുൻ വശം കതകിൽ തട്ടിയപ്പോൾ വാതിൽ തുറന്ന് വന്നത് ശാലീനയായ ഒരു സ്ത്രീയായിരുന്നു. അവരോട് വിവരം പറഞ്ഞപ്പോൾ അവർ അകത്തെക്ക് പോയി. കുറേ കഴിഞ്ഞ് മേനോൻ അകത്ത് നിന്നും ഉറക്കച്ചടവോടെ എന്നെ അഭിമുഖീകരിച്ച് ചോദിച്ചു..“ഉം എന്താ....“ ഞാൻ വിവരം പറഞ്ഞു.
“ കമ്പനി തുറക്കുമ്പോൾ നിങ്ങളെ അറിയിക്കും,,,,“ മറുപടിയിൽ അൽപ്പം പോലും ദയയില്ലായിരുന്നതിനാൽ ഒന്നും മിണ്ടാതെ ഞാൻ തിരിഞ്ഞ് നടന്നു.അപ്പോൾ അയാൾ എന്നെ കൈ കൊട്ടി വിളിച്ചു. ഞാൻ തിരിച്ച് ചെന്നു.
എന്റെ വൈഫിന് കമ്പനി കാര്യം അറിയില്ല, കാര്യങ്ങൾ മേലിൽ എന്നോട് ചോദിച്ചാൽ മതീ കേട്ടോ...“ അയാൾ എന്റെ നേരെ കതക് കൊട്ടിയടച്ചു.
പിന്നീട് വളരെ കാലം കഴിഞ്ഞാണ് പല്ലാവരത്തെത്തിയത്. അപ്പോഴേക്കും ഞാൻ നാട്ടിൽ സർക്കാർ ജോലിയിൽ പ്രവേശിച്ച് കഴിഞ്ഞിരുന്നു. പല്ലാവരത്തെത്തിയപ്പോൾ ഭൂവനേശ്വരിയിലെ കണ്ണനെ കാണാമെന്ന് കരുതി കമ്പനിയിൽ ചെന്നു കണ്ണനെ കണ്ടു. പഴയ കാര്യങ്ങൾ സംസാരിച്ച് വരവേ മേനോനെ തിരക്കി. അപ്പോഴാണ് കണ്ണൻ ഞെട്ടിപ്പിക്കുന്ന ആ വാർത്ത പറഞ്ഞത്.
മേനോൻ വീട്ടിലെ ഉത്തരത്തിൽ തൂങ്ങി ചത്തു. ഭാര്യ മൃതദേഹം കണ്ടപ്പോൾ അത് താഴെ ഇറക്കി ആ കയറിൽ തന്നെ അവരും ജീവനൊടുക്കി. നാട്ടുകാർ വിവരം അറിഞ്ഞ് ചെന്നപ്പോൾ ആ മൃതദേഹങ്ങളെ നോക്കി ഇരുന്ന് കരയുന്ന കുഞ്ഞിനെയാണ് കണ്ടത്.. കാര്യമെന്താണെന്ന് ആർക്കുമറിയില്ല.അവിടെ ഉണ്ടായിരുന്ന ആത്മഹത്യാ കുറിപ്പിൽ നിന്ന് മേനോനാണ്. ആദ്യം തൂങ്ങിയതെന്ന് മനസ്സിലായത്. “വല്ലാത്ത കാഴ്ച...“ കണ്ണൻ പറഞ്ഞ് നിർത്തി.
നിശ്ശബ്ദനായി കമ്പനിയിൽ നിന്നും ഇറങ്ങി വന്ന എന്റെ ഉള്ളിൽ കരയുന്ന ആ കുഞ്ഞിന്റെ രൂപം വല്ലാതെ നൊമ്പരമുളവാക്കി.
കാലമൊരുപാട് കഴിഞ്ഞ് ഇപ്പോൾ ഈ കുറിപ്പ് എഴുതുമ്പോൾ ആ കുട്ടിക്ക് എന്ത് സംഭവിച്ചു എന്നൊന്നും എനിക്കറിയില്ല. അത് ആൺകുട്ടിയാണോ പെൺ കുട്ടിയാണോ എന്നുമറിയില്ല. ഒന്നുമാത്രമറിയാം.ആ കുട്ടി ജീവിച്ചിരിപ്പുണ്ടെങ്കിൽ ഈ സംഭവം ഒരു പേക്കിനാവ് പോലെ അതിനെ പിൻ തുടർന്നുകൊണ്ടിരിക്കുമെന്ന് ഉറപ്പ്.
ആത്മഹത്യ ചെയ്യുന്ന എല്ലാവരും തനി സ്വാർത്ഥരാണ്.അവർ ക്രൂരരാണ്. ആവരുടെ ആത്മഹത്യ മറ്റുള്ളവരിൽ എന്ത് പ്രതികരണം സൃഷ്ടിക്കും എന്ന് അവർ ചിന്തിക്കുകയേയില്ല. അവരുടെ വികാരങ്ങളാണ് അവർക്ക് വലുത്. അവർ അവശേഷിപ്പിച്ച് പോകുന്ന ബന്ധങ്ങൾക്ക് സംഭവിക്കുന്ന വേദന, കഷ്ടപ്പാട്, തുടങ്ങിയവയെ പറ്റി അവർ വേവലാതിപ്പെടുകയേയില്ല. അവരുടെ താല്പര്യം ജയിക്കണം അത്രമാത്രമേ അവർക്ക് വാശിയുള്ളൂ.
No comments:
Post a Comment