ആദ്യ തവണ വാക്സിൻ എടുക്കാനായി ഞാൻ ആ സ്കൂളിൽ ചെന്നതായിരുന്നു. നല്ല തിരക്കുണ്ട്. മാക്സ് ധരിച്ചിട്ടുണ്ടെങ്കിലും സാമൂഹ്യ അകലം പാലിക്കാതെ തോളോട് തോൾ ചേർന്ന് ആൾക്കാർ അവിടെ നിന്നിരുന്നു. എവിടെയും ഞാൻ മുമ്പിൽ എനിക്കാദ്യം എന്ന നിഷ്ഠ നിർബന്ധ പൂർവം പ്രാവർത്തികമാക്കി വരുന്ന മലയാളികൾക്ക് എത്ര താക്കീതുകൾ നൽകിയാലും എനിക്കാദ്യം എന്ന ചിന്ത മനസ്സിൽ വന്നാൽ എല്ലാ താക്കീതുകളും അവഗണിക്കും. ഇവിടെയും അത് തന്നെ കണാൻ കഴിഞ്ഞു.
വാക്സിൻ വിരോധിയല്ലെങ്കിൽ കൂടിയും ഇത്രയും നാൾ വാക്സിൻ എടുക്കാതെ ഞാൻ ഒഴിഞ്ഞ് നടക്കുകയായിരുന്നു. കോവിഡ് ബാധയാൽ ജനങ്ങൾ മരിച്ച് വീണിരുന്ന കാലത്ത് നിർബന്ധിതാവസ്ഥയിൽ നിർമ്മിച്ചെടുത്ത വാക്സിനാണ് ഇപ്പോൾ പ്രചാരത്തിലുള്ളത്. ഏതൊരു പ്രതിരോധ കുത്തി വെപ്പും അനേക കാലത്തെ നിരീക്ഷണ പരീക്ഷണങ്ങൾക്ക് ശേഷമായിരുന്നു പ്രചാരത്തിൽ വന്നിരുന്നത്. അത് കൊണ്ട് അതിന്റെ ഗുണദോഷ വശങ്ങൾ ശാസ്ത്ര ലോകത്തിന് ജനങ്ങളെ അറിയിക്കാൻ സാധിച്ചിരുന്നുവല്ലോ. തുടർന്ന് ദോഷവശങ്ങൾ ഒഴിവാക്കാൻ കൂടുതൽ പരീക്ഷണങ്ങൾ നടത്താനും സയൻസിന് കഴിഞ്ഞു. ഇന്ന് പ്രചാരത്തിലുള്ള എല്ലാ കുത്തിവെയ്പ്പുകളും അപ്രകാരമാണ് പ്രചാരത്തിൽ വന്നത്.
പക്ഷേ നിർബന്ധിതാവസ്ഥയിൽ തട്ടിക്കൂട്ടിയതും വേണ്ടത്ര നിരീക്ഷണ പരീക്ഷണങ്ങൾ നടത്താൻ മതിയായ സമയം ലഭിക്കാത്തതും സർവോപരി കച്ചവട മാൽസര്യത്തിൽ ഓരോ രാഷ്ട്രങ്ങളും ഞാൻ ആദ്യം ഞാൻ ആദ്യം എന്ന് വാശിയോടെ ചുട്ടെടുത്തതുമായ കോവിഡ് വാക്സിന്റെ ഫലപ്രാപ്തിയെ സംശയത്തോടെയാണ്` ഞാൻ കണ്ടത്.
ഇതെല്ലാം എന്റെ കാഴ്ചപ്പാട് മാത്രമാണ്. ഇത്രയും നാളായിട്ടും വാക്സിൻ എടുക്കാതിരുന്നത് എന്ത് കൊണ്ട് എന്ന് വിശദീകരിക്കുകയാണ് ഞാനിവിടെ. വാക്സിനെ സംബന്ധിച്ച് കൂടുതൽ കൂടുതൽ പഠനങ്ങൾ പുറത്ത് വരട്ടെ എന്നിട്ട് കുത്തിവെയ്പ് നടത്താമെന്ന് കരുതി മറ്റ് പ്രതിരോധ മാർഗങ്ങൾ അവലംബിച്ചും ഏറെ സൂക്ഷ്മത പുലർത്തിയും യാത്രകളും കൂടിച്ചേരലുകളും ഒഴിവാക്കിയും കാലം കഴിച്ച് കൂട്ടി. വീട്ടിൽ മറ്റുള്ളവർ വാക്സിൻ സ്വീകരിക്കുകയും ചെയ്തു.
അപ്പോഴാണ് ഒരു വാക്സിനെങ്കിലും എടുത്തില്ലെങ്കിൽ ഉണ്ടാകാൻ പോകുന്ന ബുദ്ധിമുട്ടുകൾ സർക്കാർ ഉത്തരവിലൂടെ പുറത്ത് വന്നത്. നിയമം കഴിയുന്നിടത്തൊളം പാലിക്കണമെന്ന നിഷ്ഠ ഉള്ളവനാണ് ഞാൻ. കാരണം നിയമം ലംഘിക്കുമ്പോഴാണ് ബന്ധപ്പെട്ട അധികാരികൾക്ക് മുമ്പിൽ നമുക്ക് തല ചൊറിയേണ്ടി വരുന്നത്. അതൊഴിവാക്കാൻ കഴിയുന്നിടത്തോളം നിയമത്തെ അനുസരിക്കാൻ ഞാൻ പരിശ്രമിക്കാറുണ്ട്. അത് കൊണ്ട് തന്നെ വാക്സിന്റെ കാര്യത്തിൽ ഇനി അമാന്തം വേണ്ടാ എന്ന് കരുതി ഇന്ന് ഈ സെന്ററിൽ വന്നത്.
സിറിഞ്ചുമായി ഇരിക്കുന്ന പെൺകുട്ടി എന്നോട് അടുത്തുള്ള കസേരയിൽ ഇരിക്കാൻ പറഞ്ഞു. എനിക്ക് മുമ്പേ ഒരു സ്ത്രീയെ രണ്ട് പേർ താങ്ങി പിടിച്ച് ആ കസേരയിൽ കൊണ്ടിരുത്തി കുത്തിവെയ്പ്പിക്കുന്നത് ഞാൻ കണ്ട് കൊണ്ട് നിൽക്കുകയായിരുന്നു. അവരെ കൊണ്ട് പോയതിന് ശേഷം ആ കസേര ഒന്ന് തുടക്കുകയോ ആവശ്യമുള്ള ശുചീകരണം നടത്തുകയോ ചെയ്യാതെയാണ് എന്നോട് ഇരിക്കാൻ പറഞ്ഞത്. ഞാൻ ശക്തിയായി പ്രതിഷേധിച്ച് ചോദിച്ചു, ഇത് ക്ളീൻ ചെയ്യാതെ ഞാൻ ഇരുന്നാൽ ആ പോയ സ്ത്രീക്ക് കോവിഡുണ്ടെങ്കിലോ? അത് പകരില്ലേ?
സിറിഞ്ച്കാരി എന്നെ അന്തംവിട്ട് നോക്കി, ഇത് വരെ ആ കാര്യം അവർ ശ്രദ്ധിച്ചില്ലാ എന്ന് വ്യക്തം. അവിടെ എത്രയോ പേർ വന്ന് പോയി കാണും.അവരൊന്നും ഈ കാര്യം ചോദിച്ചില്ല. സമൂഹത്തിന്റെ ജാഗ്രത കുറവിനെ സൂചിപ്പിക്കാനാണ്` ഞാൻ ഈ സംഭവം ഇവിടെ കുറിച്ചത്. ഞാൻ ആ കസേരയിൽ തന്നെ ഇരുന്ന് കുത്തിവെയ്പ്പ് എടുക്കേണ്ടി വന്നതും അവിടെ നിന്നിറങ്ങി വീട്ടിലെത്തി ആവശ്യമായ ശുചീകരണം നടത്തുകയും ധരിച്ചിരുന്ന വസ്ത്രങ്ങൾ സോപ്പ് വെള്ളത്തിൽ താഴ്ത്തി വെച്ചതും പിന്നത്തെ സംഭവങ്ങൾ. പക്ഷേ വാക്സിനേഷൻ സെന്ററുകളിൽ ക്രമീകരണങ്ങൾ നടത്തുന്ന തദ്ദേശ ഭരണ അധികാരികൾ അപ്പോളപ്പോൾ ജനങ്ങൾ ഇരിക്കുന്ന ഇരിപ്പടങ്ങൾ ശുചീകരണത്തിനും പ്രതിരോധത്തിനും ആയി ഒരാളെ എങ്കിലും അവിടെ നിയമിക്കാൻ ശ്രദ്ധിക്കേണ്ടതായിരുന്നു.
എന്റെ അടുത്ത ബന്ധുവും അടുത്ത സ്നേഹിതനുമായ വ്യക്തിയുടെ മാതാവിനു കോവിഡ് ബാധിച്ചതും തുടർന്ന് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മാതാവ് അന്തരിച്ചതും വാക്സിനെടുക്കാൻ അസാധാരണമായ തിരക്കുള്ള സർക്കാർ ആശുപത്രിയിൽ അന്ന് പോയതിനാലായിരുന്നു എന്ന് ഞങ്ങൾക്കെല്ലാം ഉറച്ച വിശ്വാസമുണ്ട്. കാരണം വൃദ്ധയായ ആ മാതാവ് പുറത്തെങ്ങും പോകാത്ത വീട്ടിന്റെ ഉള്ളകങ്ങളിൽ കഴിയുന്ന ആളായിരുന്നുവല്ലോ. ആകെ അവർ പോയത് ഈ ജനക്കൂട്ടത്തിലും.
കോവിഡ് വാക്സിൻ കുത്തിവെയ്പ്പ് ഇപ്പോഴത്തെ രീതി മാറ്റി വാർഡ് തലത്തിൽ രണ്ടോ മൂന്നോ കേന്ദ്രങ്ങളിൽ വെച്ച് മുൻ കൂട്ടി നോട്ടീസ് നൽകി നടത്തുകയാണെങ്കിൽ ഈ പ്രതിസന്ധികളെല്ലാം തരണം ചെയ്യാൻ കഴിയില്ലേ? അതിനെന്ത് പ്രതിബന്ധമാണ് അധികാരികൾ നേരിടുന്നത്. കാര്യമെത്ര സുഗമമായി നടന്ന് പോകും പണ ചിലവും കൂടുതലാവില്ല. ഈ വിഷയം കണക്കിലെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
No comments:
Post a Comment