പത്താം ക്ളാസ് പാസ്സായ എന്റെ കൊച്ച് മകന് പതിനൊന്നാം ക്ളാസിലേക്കുള്ള പാഠങ്ങൾക്കായി ട്യൂഷൻ സെന്ററിൽ ചേർത്തിട്ടുണ്ട്. രാത്രി എട്ട് മണിയോടെ ഞാൻ കിടക്കുന്നതിനരികിൽ വന്നിരുന്ന് അദ്ദേഹം എന്തൊ കുത്തിക്കുറിച്ച് കൊണ്ടിരുന്നു. അവന്റെ ഒരു കയ്യിൽ മൊബൈലുമുണ്ട്. “എന്താടാ പ്രശ്നം?“ പതിവില്ലാത്ത അവന്റെ പെരുമാറ്റം കണ്ട് ഞാൻ ചോദിച്ചു.
“ഞാൻ ടെസ്റ്റ് പേപ്പർ എഴുതുകയാണ് ചോദ്യം ഓൺ ലൈൻ വഴി ട്യൂഷൻ സാർ തന്നു കൊണ്ടിരിക്കുന്നു“ അവൻ മറുപടി പറഞ്ഞു.
“അതിന്, നീയെന്തിനാടാ എന്റെ അരികിൽ വന്നിരുന്ന് ഈ പണി ചെയ്യുന്നത്,...? സാധാരണ ഏതെങ്കിലും മൂലയിൽ പോയിരുന്ന് മൊബൈലിൽ പഠനം നടത്തുകയാണല്ലോ നിന്റെ പതിവ്...ഇന്നെന്താ ഒരു മാറ്റം.... ഞാൻ ആരാഞ്ഞു.
“ഇത് പരീക്ഷയല്ലേ..ഞങ്ങൾ കോപ്പി അടിക്കുമോ എന്നറിയാൻ രക്ഷ കർത്താക്കളുടെ അടുത്ത് പോയിരുന്ന് വേണം എഴുതാൻ..സാർ ഇപ്പോൾ ഓൺ ലൈനിൽ വരും പരിശോധിക്കാൻ...രക്ഷ കർത്താക്കൾ അടുത്തുണ്ടോ എന്നറിയാൻ...“ടിയാൻ എന്നെ അറിയിച്ചു.
“ഓഹോ! ഈ രാത്രി എട്ട് മണിക്കെന്താടാ ..ഒരു പരീക്ഷ...ഇത് പകൽ നടത്തിയാൽ പോരേ....ഇപ്പോൾ പകലൊന്നും ഒരു പഠിപ്പിക്കലും ഇല്ലേ..ചെറിയ ക്ളാസ്സിലും ഇപ്പോൾ ടീച്ചർ അതിരാവിലെയും സന്ധ്യക്കുമാണല്ലോ നിന്റെ ഇളയ കുട്ടിക്കും ഈ ഓൺ ലൈൻ പ്രയോഗം നടത്തുന്നത് ... എന്റെ സംശയം ഞാൻ ചോദിച്ചു.
“അതൊന്നും എനിക്കറിയില്ല, സാർ പറഞ്ഞു, ഞാൻ അത് കേട്ടു.....“അദ്ദേഹം കൈ കഴുകി.
“ശരി , സാറിപ്പോൾ ഓൺ ലൈനിൽ വരട്ടെ ..ഞാൻ കൊടുക്കാം.....“ എന്റെ മറുപടി.
“ദേ! പഴയ മൂരാച്ചി പണി ഒന്നും കാണിച്ച് എന്നെ സാറിന്റെ മുമ്പിൽ നാണം കെടുത്തരുത്..പറഞ്ഞേക്കാം....“ടിയാൻ എനിക്ക് താക്കീത് നൽകി
സാർ ഓൺ ലൈനിൽ വന്ന് എത്തി നോക്കുന്നത് മൊബൈലിൽ ഞാൻ കണ്ടു. ഞാൻ മകനോട് ഉച്ചത്തിൽ ചോദിച്ചു... “എന്തവാടേ.....നിനക്കെല്ലാം ഈ കോഴിയെ പിടിച്ച് കൂട്ടിലടക്കുന്ന സമയത്താണോ ഓൺ ലൈൻ ക്ളാസ്സ്....നിന്റെ സാറന്മാർ പകൽ പുറത്തിറങ്ങില്ലേ....? ഇതെന്തൊരു കോത്താഴത്തെ ട്യൂഷൻ സെന്ററാടേ....“
സാറിന്റെ മുഖം ഓൺ ലൈനിൽ നിന്നും മാഞ്ഞു. വിദ്യാർത്ഥി എന്നോട് പരിതാപപ്പെട്ടു പറഞ്ഞു. “ ഇനി നാളെ അങ്ങേര് എന്നെ ഫയർ ചെയ്യാൻ കാരണം ഉണ്ടാക്കിയല്ലേ...?
“ ഓ! അതിനൊരു വഴിയുണ്ട്...നീ പറഞ്ഞാൽ മതി...അദ്ദേഹത്തിന് ചില സമയത്ത് അൽപ്പം ലൂസുണ്ട്...ഇന്ന് ഗുളിക കഴിച്ചില്ല എന്ന് പറഞ്ഞാൽ മതി..“
“ഇത്രേം വൈരാഗ്യമെന്താ...ഈ സാറന്മാരോട്....അവൻ എന്നോട് ചോദിച്ചു.
“എന്നാൽ കേട്ടോളൂ...വിദ്യാഭ്യാസം പരിപാവനമായ ഒന്നാണ്...അതിനെ കച്ചവടമാക്കുന്ന ഏതൊരുവനും എന്തൊരു ന്യായം പറഞ്ഞാലും അവന്റെ ധന മോഹം കൊണ്ടാണ്` ഈ വേഷം കെട്ട് . പത്താം ക്ളാസ്സ് ഫലം വരുമ്പോഴെല്ലാം പൈസാ മുടക്കി രക്ഷ കർത്താക്കളുടെ ഫോൺ നമ്പർ എങ്ങിനെയോ ശേഖരിച്ച് അവരെ ഫോണിൽ വിളിച്ച് കുട്ടികളെ വലയിട്ട് പിടിക്കുക റ്റി.വി.യിൽ പരസ്യം ചെയ്യുക...ആ ആപ്പുണ്ട് ഈ ആപ്പുണ്ട് അത് പഠിച്ചാൽ മതി..എന്നൊക്കെ വിദ്യാഭ്യാസം മത്തിക്കച്ചവടമാക്കി മാറ്റുക അങ്ങിനെ ഉള്ളവരെ അന്നും ഇന്നും എന്നും .ഞാൻ ഇഷ്ടപ്പെടില്ല അത് കൊണ്ടാണ് ഈ ദേഷ്യം.... നിന്റെ മാതാപിതാക്കളോട് പറഞ്ഞാൽ അവർക്ക് മണ്ടയിൽ കയറില്ല, അത് കൊണ്ടാണ്` നിന്നോട് പറയുന്നത് പഠിക്കേണ്ട സമയത്ത് ആത്മാർത്ഥമായി പടിക്കുക, അതിന് ഒരു ആപ്പും വേണ്ട പഠിക്കുന്നത് അവരവർക്ക് വേണ്ടിയാവണമെന്ന് മാത്രം ഞാൻ നിർത്തി.
No comments:
Post a Comment