Tuesday, July 27, 2021

അർഹമായത് കിട്ടി

 എത്രയോ വർഷങ്ങൾ കേസ് പറഞ്ഞ് കിട്ടുന്ന വിധി നടപ്പിലാക്കി തരുന്നത് കോടതിയിലെ ആമീനാണ്. വസ്തുക്കൾ കൈവശം വിട്ടൊഴിപ്പിച്ചും ജപ്തി ചെയ്തും  വാദിക്ക്  വിധി നടപ്പാക്കി കൊടുക്കുന്ന ആമീന് പലപ്പോഴും വൻ തുക കിംബളമായി ലഭിക്കും. അത് അവരുടെ അവകാശം പോലെ ചിലപ്പോൾ ചോദിച്ചും വാങ്ങും. അങ്ങിനെ ഒരു കേസിൽ ചോദിച്ചപ്പോൾ കിട്ടിയ ഉപഹാരം തിരിച്ച് കടിച്ച ഒരു സംഭവ കഥയാണിത്.

വിധി നടപ്പിലാക്കി കഴിഞ്ഞ്  അമീൻ സാർ  വാദിയുടെ മേൽ വിലാസം തിരക്കി കണ്ട് പിടിച്ച് ടിയാന്റെ സ്ഥാപനത്തിൽ ചെന്നു. കൂട്ടത്തിൽ സഹായി ആയി രണ്ട് ശിപായിമാരുമുണ്ട്. വാദി ഒരു  പാരമ്പര്യ ആയുർവേദ വൈദ്യനുമാണ്. ചികിൽസയും കൂട്ടത്തിൽ മരുന്ന് വിലപ്പനയുമുണ്ട്. അരിഷ്ടത്തിന്റെയും ആസവത്തിന്റെയും ഗന്ധം നിറഞ്ഞ് നിൽക്കുന്ന വൈദ്യ ശാലയിൽ  അകത്തെ മുറിയിൽ ഉപവിഷ്ഠനായിരിക്കുന്ന  വൈദ്യനെ  കോടതിക്കാർ മൂന്ന് പേരും ആഞ്ഞ് തൊഴുതു. വൈദ്യർ തിരിച്ചും.

ങ്ഹൂം? വൈദ്യർ  ഒരു മൂളലിലൂടെ കാര്യം തിരക്കി. വ്യവാഹാര പ്രിയനായ  വൈദ്യർക്ക് ആയുർവേദം കഴിഞ്ഞാൽ  സൈഡ് ബിസ്സിനസ്സ് കേസ് നടത്തലാണ് കോടതിയുടെ എല്ലാ ചിട്ടവട്ടങ്ങളും  വകുപ്പുകളും കാണാ പാഠവുമാണ്. ഈ വിവരം ആമീൻ സാറിനുമറിയാം.

“വസ്തു ഒഴിപ്പിച്ച് കാര്യസ്ഥനെ  ഏൽപ്പിച്ചു“ ആമീൻ ഭവ്യതയോടെ മൊഴിഞ്ഞു.

“വളരെ നല്ലത്.., പിന്നെന്താ ഇങ്ങോട്ട്....കോടതിയിൽ അതിന് റിപ്പോർട്ട് കൊടുക്കേണ്ടേ...? വൈദ്യർ.

“വേണം അതിനു മുമ്പ്  വാദിയായ വൈദ്യരെ ഒന്ന് കാണാമെന്ന് കരുതി...“ ആമീൻ തലചൊറിഞ്ഞ് കൊണ്ട് കാര്യത്തിന്റെ സൂചന കൊടുത്തു.

“വസ്തു ഒഴിപ്പിച്ച് കൊടുത്താൽ ആമീൻ സാറിനെ എല്ലാരും ഒന്ന് കാണാറുണ്ട്...“ സഹായിമാരിൽ ഒരാൾ കാര്യം വ്യക്തമാക്കി.

“അതിന് നിങ്ങൾക്ക് സർക്കാർ ശമ്പളം തരുന്നില്ലേ..?“ വൈദ്യർ വലയിൽ വീഴുന്ന ലക്ഷണമില്ല.

ആമീൻ സാറും സഹായികളും  നാല് ചുറ്റും നിരന്നിരിക്കുന്ന അലമാരകളിലെ  അരിഷ്ടവും ലേഹ്യവും കുപ്പികളിൽ  അലസമായി കണ്ണോടിച്ചു. ഓ! ഈ ഘടോൽക്കചന്റടുത്ത് ഒരു വേലയും നടക്കില്ല. അവർ പല്ലിറുമ്മി പോകാനായി തിരിഞ്ഞു.

“നിങ്ങൾ  വെയിലത്ത് നടന്ന് കഷ്ടപ്പെട്ടതല്ലേ....ക്ഷീണം മാറാൻ  ഒരു ഔൺസ് അരിഷ്ടം  ആവശ്യമെങ്കിൽ തരാം...വില തരേണ്ടാ....“ വൈദ്യർ ഔദാര്യം കാണീച്ചു.

“ ഒന്നും കിട്ടാത്തിടത്ത് അതെങ്കിലുമാകട്ടെ...“ഒരു ശിപായി ആമീൻ സാറിന്റെ ചെവിയിൽ മന്ത്രിച്ചു....ആമീൻ സാറിനും അത് ശരിയാണെന്ന് തോന്നി.

വൈദ്യർ  രണ്ട് മൂന്ന് കുപ്പികളിൽ നിന്നും അൽപ്പാൽപ്പം നിറമുള്ള  ദ്രാവകം ഒരു പാത്രത്തിലേക്ക് ഒഴിച്ച്  അത് നല്ലവണ്ണം ഇളക്കി മൂന്ന് ഗ്ളാസുകളിലായി പകർന്നു മൂന്ന് പേർക്കും കൊടുത്തു, അവർ മൂന്നു പേരും അത് വലിച്ച് കുടിച്ചു, ചിറിയും തുടച്ച് കിമ്പളം കിട്ടാത്തതിനാൽ മനസ്സിൽ വൈദ്യരെ പിരാകി  ഇറങ്ങി നടന്നു.

വീട്ടിൽ ചെന്ന  ആമീൻ സാർ കുളിക്കാനായി തോർത്തുടുത്തപ്പോൾ വല്ലാതെ ശരീരം ചൊറിയാൻ തുടങ്ങി. തോർത്ത് ഉരിഞ്ഞ് പരിശോധിച്ചതിൽ ഒന്നും കണ്ടില്ല, അപ്പോൾ കക്കൂസിൽ പോകണമെന്ന് തോന്നി, അങ്ങോട്ട് പോയി. അവിടെ ആസകലം ചൊറിച്ചിലും വയറ്റിൽ നിന്നുമൊഴിച്ചിലും ശരിക്ക് ഉണ്ടായി.  കക്കൂസയിൽ നിന്നും ഇറങ്ങിയപ്പോൾ ഇനിയും പോകണമെന്ന തോന്നൽ..ഒന്നുകൂടി പോയി. പിന്നെ രണ്ട് മൂന്ന് നാല് അഞ്ച്...അത് കഴിഞ്ഞ് എണ്ണം കിട്ടിയില്ല. കണ്ണാടിയിൽ നോക്കിയപ്പോൽ മുഖം കോൺ വെക്സ് ലെൻസിലൂടെ നോക്കുമ്പോൾ കാണുന്നത് പോലെ വീർത്ത് വരുന്നു,  കവിൾ വീർത്ത് കണ്ണ് ചൈനാക്കാരന്റേത് പോലെ ചെറുത് ആയി. മൂന്ന് ദിവസം മുമ്പ് കഴിച്ചതും വയറ്റിൽ നിന്നും ഇളകി പോയി. അവശനായി  കക്കൂസിൽ ഇരുന്നു ഹോട്ടൽ  ഡാൻസറന്മാർ കൈയും കാലും ഇളക്കി അവിടെയും ഇവിടെയും ചൊറിയുന്നത് പോലെ  ശരീരമാസകലം ചൊറിഞ്ഞ് ചിന്തിച്ചു. എന്താണ് ഞാൻ കഴിച്ചത്. പെട്ടെന്ന് വൈദ്യരുടെ  സൽക്കാരം ഓർമ്മ വന്നു. അതായിരിക്കുമോ എന്ന് ഉറപ്പിക്കാനായി കക്കൂസയിൽ നിന്നും ചാടി ഇറങ്ങി ഫോണിനടുത്തേക്ക് പാഞ്ഞു. (അന്ന് മൊബൈൽ  പ്രചാരത്തിലായിട്ടില്ല. ലാൻട് ഫോണാണ്)

പൂയപ്പള്ളിയിൽ താമസിക്കുന്ന ഒരു ശിപായിയെ വിളിച്ചു. കുറേ നേരം ബെൽ അടിച്ചപ്പോൾ അയാളുടെ ഭാര്യ ഫോണെടുത്തു. “ആളെന്തിയേ/...ആമീൻ സാർ ചോദിച്ചു.

“അങ്ങേർക്ക് കക്കൂസിൽ നിന്നിറങ്ങാൻ നേരമില്ല, ചൊറിഞ്ഞ് ചൊറിഞ്ഞ് അവിടെ ഇരിക്കുകയാണ്, എവിടെ നിന്നെങ്കിലും കണ്ടമാനം വാരി കയറ്റിക്കാണും...എന്താ സാറേ വിളിച്ചത്.....“ ആമീൻ ഫോൺ താഴെ വെച്ചു.

ഇനി രണ്ടാമന്റെ ഫോണിൽ വിളിച്ചു, അപ്പോഴേക്കും രാത്രി ആയി. രണ്ട് മൂന്ന് തവണ വിളീച്ചപ്പോഴാണ് ഫോൺ എടുത്തത്. ശിപായി സാറിന്റെ മകനാണ് മറുവശത്ത് ഫോണെടുത്തത്. അഛനെന്തിയേടാ മോനേ...ആമീൻ സാർ തിരക്കി.

“അഛനും അമ്മയും കക്കൂസിലാണ്, അഛൻ തൂറുന്നു...അമ്മ  നെഞ്ചും പുറവും മുഖവും ചൊറിഞ്ഞ് കൊടുക്കുന്നു,  അഛനെ കമ്പിളി പുഴു എവിടെയോ വെച്ച് ആട്ടീന്ന പറഞ്ഞേ...“

എടാ കമ്പിളി പുഴു വൈദ്യരേ....ആമീൻ സാർ അലറി. പരാതി പെട്ടിട്ട് എന്ത് കാര്യം? കൈക്കൂലി വാങ്ങാൻ അവിടെ പോയ കാര്യം പുറത്ത് പറയാനൊക്കുമോ?

പിന്നീട് കോടതി വരാന്തയിൽ വെച്ച് വൈദ്യരെ കണ്ടപ്പോൾ ആമീൻ സാർ ചോദിച്ചു “ എന്ത് കോപ്പിലെ മരുന്നാ വൈദ്യരേ! അന്ന് ഞങ്ങൾക്ക് തന്നത്.../“

“അനർഹമായതൊന്നും ആരോടും ആവശ്യപ്പെടരുത്....അങ്ങിനെ ആവശ്യപ്പെട്ടാൽ നിങ്ങൾക്ക് അർഹമായത് കിട്ടും...അർഹമായത് കിട്ടിയില്ലേ...അത് മതി കേട്ടോ.......ആമീന്റെ നാവിറങ്ങി പോയി.

No comments:

Post a Comment