ഇന്ത്യയിൽ കോവിഡ് ആദ്യമായി രംഗപ്രവേശനം നടത്തിയത് ഈ കൊച്ച് കേരളത്തിലാണ്.2020 ജനുവരിയിലോ ഫെബ്രുവരിയിലോ ആയിരുന്നു അത് സംഭവിച്ചത്. തുടർന്ന് സർക്കാർ മെഷീനറി ജാഗരൂകമായി . ജനങ്ങൾ ജാഗ്രതയിലും ഭയത്തിലുമായി. എല്ലാ ദിവസവും സന്ധ്യാ നേരം ആദ്യ ദിവസങ്ങളിൽ ആരോഗ്യ മന്ത്രിയും പിന്നീട് നാളിത് വരെ മുഖ്യ മന്ത്രിയും വന്ന് ചാനലുകളിലൂടെ ജനത്തിനെ അപ്പോഴപ്പോഴുള്ള വിവരങ്ങളും നിർദ്ദേശങ്ങളും അറിയിച്ച് കൊണ്ടിരുന്നു.
ജനവും പട്ടിയെ കണ്ട പൂച്ചയെ പോലെ വാൽ വണ്ണം വെപ്പിച്ച് കോവിഡിനെ നേരിടാൻ തയാറെടുപ്പ് നടത്തി. മുഖത്തിനെ തുണി ഉടുപ്പിക്കുകയും കൈകളിൽ സാനിറ്ററൈസ് എന്ന ലേപനം പുരട്ടുകയും ഭാര്യയിൽ നിന്ന് പോലും അകലം പാലിക്കുകയും ചെയ്തു. എവിടെയെങ്കിലും രോഗം ഉണ്ടെന്നറിഞ്ഞാൽ ബോംബ് നിർവീര്യമാക്കാൻ കവച കുണ്ഡലമണിഞ്ഞ് വരുന്നവരെ പോലെ രക്ഷാ പ്രവർത്തകർ ആസകലം മൂടുന്ന തുണി ഉടുത്ത് രോഗിയെ കയ്യോടെ കസ്റ്റഡിയിലെടുത്ത് ആംബുലൻസിൽ കയറ്റി സൈറൺ അകമ്പടിയോടെ ബന്ധപ്പെട്ട കോവിഡ് ആശുപത്രികളിലേക്ക് പറന്നു. നാട്ടുമ്പുറങ്ങളിലും നഗര പ്രദേശങ്ങളിലും സൈറൺ കേൾക്കുമ്പോൾ ജനം വിരണ്ടു “ദാ! ഒരെണ്ണത്തിനെ കൊണ്ട് പോകുന്നു“ എന്ന് ചുണ്ടിന് കീഴിൽ ഉരുവിടാൻ തുടങ്ങി. ചികിൽസ കഴിഞ്ഞ് തിരിച്ച് എത്താൻ ഭാഗ്യം സിദ്ധിച്ചവർ ആശുപത്രി വിശേഷങ്ങൾ വിശദമായി ഫോണിലൂടെയും മുഖപുസ്തകാദികളിലൂടെയും പുറത്ത് വിട്ടു. എന്തായാലും ഈ “സംഗതി അൽപ്പം സീരിയസാണെന്ന് ജനം തിരിച്ചറിയുകയും മുഖത്ത് തുണി ഉടുക്കാനും ലേപനം പുരട്ടാനും കട കമ്പോളാദികൾ അടച്ചിടാനുള്ള സർക്കാർ നിർദ്ദേശങ്ങൾ ഒരു മടിയും കൂടാതെ അനുസരിക്കുകയും കല്യാണങ്ങളിൽ ബിരിയാണിയും മറ്റും പൊതികളിലാക്കി അതിഥികൾക്ക് നൽകുകയും അസൗകര്യങ്ങൾക്ക് മാപ്പ് പറയുകയും ചെയ്തു . ജനം പുറത്തിറങ്ങാതെ സൂക്ഷ്മത പാലിച്ചു.ആട്ടോ റിക്ഷാക്കാർ വീടൂകളിൽ തലക്ക് കയ്യും വെച്ചിരിക്കുകയും ടാക്സ് അടക്കാനുള്ള ടെസ്റ്റ് മുതലായവയുടെ തീയതികൾ സർക്കാർ നീട്ടി തന്നതിനെ പ്രകീർത്തിക്കുകയും കിറ്റുകൾ സമയാസമയം കൈ പറ്റുകയും പെൻഷൻ കൈ പറ്റാൻ ബാങ്കുകളിൽ ക്യൂ നിൽക്കുകയും ചെയ്തു.
സായിപ്പിന്റെ ഭാഷ അറിയാത്തവനും പോസറ്റീവ് നെഗറ്റീവ് തുടങ്ങിയ വാക്കുകൾ കാണാ പാഠമാക്കി. കമ്പോള കാഴ്ചകൾ കാണാനുള്ള കൊതിയോടെ പുറത്തിറങ്ങിയവരെ പോലീസ് തുരത്തി ഓടിക്കുകയും കയ്യിൽ കിട്ടിയവർക്ക് പിഴ അടിച്ച കായിതം ഒപ്പിട്ട് നൽകുകയും ചെയ്തു. വടക്കെങ്ങാണ്ട് ഒരു വലിയ പോലീസ് ഏമാൻ കടത്തിണ്ണയിലിരുന്നവരെ 50 ഏത്തം വീതം ഇടീപ്പിച്ച് നല്ല പിള്ളാരാക്കി.
സർക്കാർ മുൻ കരുതലെന്ന നിലയിൽ പ്രവാസികളെയും അന്യ സംസ്ഥാനക്കാരെയും നാട്ടിലെത്തുന്നതിൽ നിന്നും കടമ്പ കെട്ടി തടയുകയും പിന്നീട് ആ കർശനതയിൽ അയവ് വരുത്തി നാട്ടിൽ വന്നാൽ വൃതം നോറ്റവനെ പോലെ ഭാര്യയെ പോലും സ്പർശിക്കാനോ നോക്കാനോ നിശ്ചിത തീയതി വരെ നിരോധനം ഏർപ്പെടുത്തി വീടിനുള്ളിൽ പ്രത്യേക മുറിയിൽ പ്രത്യേക ചട്ടിയും കലവും തുപ്പൽ കോളാമ്പിയുമായി മനസ്സും ശരീരവും നിയന്ത്രിച്ച് കഴിഞ്ഞോളാൻ നിർദ്ദേശിച്ചു. അത് പാലിക്കാൻ കൂട്ടാക്കാത്ത തെക്കെങ്ങാണ്ട് പത്തനം തിട്ട ദേശത്തെ പ്രവാസി വീട്ടിൽ നിന്നും പുറത്ത് ചാടി അങ്ങാടിയിൽ വന്ന വിവരം “ ദാണ്ടെ...ആള് പുറത്ത് ചാടിയേയ് “ എന്ന് അയൽ വാസിയോ സ്വന്തം വീട്ടിലുള്ളവരോ വിളിച്ചറിയിച്ചതിനെ തുടർന്ന് ആരോഗ്യ പ്രവർത്തകരും പോലീസും കൂടി ഓടിച്ചിട്ട് പിടിക്കുകയും ടിയാനെ ബാക്കി കാലം കൂടി ക്വാറന്റൈനിൽ ( ആ വാക്കും നാട്ടുമ്പുറങ്ങളിൽ സുപരിചിതമായി) ഇരുത്തുകയും ചെയ്തു.
എന്തിനേറെ പറയുന്നു, എണ്ണയിട്ട മെഷീൻ പോലെയുള്ള ഈ പ്രവർത്തികൾ കാരണം കേരളത്തിലെ കോവിഡ് നിയന്ത്രണം ലോക രാഷ്ട്രങ്ങൾ അഭിനന്ദിക്കുകയും കേരളം മറ്റ് സംസ്ഥാനങ്ങളേക്കാളും കോവിഡ് പ്രതിരോധത്തിന് മുമ്പിലെത്തുകയും കോവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം രണ്ടക്കത്തിലും മരണം ആകെ പത്തിന് താഴെ നിൽക്കുകയും ചെയ്തു. ജനം ആശ്വാസ പൂർവം നെടുവീർപ്പിട്ടു. ഹോ! ഈ നാശത്തിനെ നമ്മൾ പിടിച്ച് കെട്ടിയല്ലോ ഇനി പാത്രം കൊട്ടുകയോ വിളക്ക് തെളിക്കുകയോ ഒന്നും വേണ്ടല്ലോ എന്ന് സമാധാനപ്പെട്ടു. കട കമ്പോളങ്ങൾക്ക് പതുക്കെ അനക്കം വെച്ചു, വാഹനങ്ങൾ നിരത്തുകളിൽ ഉരുളാനും തട്ടു ദോശയും മുട്ട ആമ്ലറ്റും വഴിയോരങ്ങളിൽ പ്രത്യക്ഷപ്പെടാനും ജനത്തിന്റെ മുഖത്തെ തുണി പലപ്പോഴും മൂക്കിന് താഴെ ഇറക്കി വെച്ച് ഉടുക്കാനും തുടങ്ങി.
അങ്ങിനെ കോവിഡ് നിരാശനായി ബാഗുമെടുത്തു ബസ് സ്റ്റാന്റിൽ തിരികെ പോകാൻ ബസ്സു കാത്ത് നിന്നപ്പോളാണ് ചെകുത്താൻ വേദമോതിയത്.“ എടേയ്, നീ പോകാൻ വരട്ടെ, തെരഞ്ഞെടുപ്പ് വരണുണ്ട് എന്ന്“
പിന്നത്തെ കഥ പറയേണ്ടല്ലോ, തുണി ഉടുക്കാത്തവരും(മുഖത്ത്) ലേപനം പുരട്ടാത്തവരും അകലം പാലിക്കാത്തവരും , എണ്ണാമെങ്കിൽ എണ്ണിക്കോ ലച്ചം ലച്ചം പിന്നാലേ എന്ന് മുദ്രാവാക്യം വിളിച്ച് നിരത്തുകളിലൂടെ തിങ്ങി നിറഞ്ഞ് ഒഴുകി. ഒരു കൂട്ടർക്ക് ഭരണം നില നിർത്താൻ, എതിർ കക്ഷികൾക്ക് ഭരണം പിടിച്ച് പറ്റാനും പൊരിഞ്ഞ വാശി. കിം ഫലം, കോവിഡ് കയറി അങ്ങ് മേഞ്ഞ് കൊടുത്തു. സന്ധ്യാ നേരത്തെ പ്രതി ദിന കണക്ക് രണ്ടക്കം, മൂന്നക്കമായി, മൂന്ന് നാലായി, നാല് അഞ്ചായി, മരണ എണ്ണം എലി വാണം പോലെ മുകളിലേക്ക് കുതിച്ചു. അതിൽ തന്നെ കോവിഡ് വന്ന് മരിച്ചവരും അല്ലാത്തവരും എന്ന് തർക്കം ആയി. ചക്ക തലയിൽ വീണ് ചത്തവനും കോവിഡ് ചേകോൻ ആകുമോ എന്ന ചോദ്യങ്ങൾ ഉണ്ടായി ആകെ പുകില്.
ഇതിനിടയിൽ കോവിഡ് രോഗികളുടെ എണ്ണം കുട്ടയിലും ദേ! അവിടെയും കൊള്ളാതെ വന്നപ്പോൾ പണ്ടത്തെ പോലെ പിടിച്ചോണ്ട് പോകുന്ന പതിവ് അങ്ങ് നിർത്തി, ...വലിയ അസുഖമില്ലാത്തവരെല്ലാം വീട്ടിൽ തന്നെ കഴിഞ്ഞാലും കുഴപ്പമില്ലാ എന്നിടത്തെത്തി കാര്യങ്ങൾ. അവിടെ കുഴപ്പങ്ങൾ ആരംഭിച്ചു, ജനത്തിന്റെ ആ ഭയം...ജാഗ്രത അതങ്ങ് പോയി. രോഗം വന്നാൽ ത്ന്നെ പുറത്ത് പറയാത്ത എത്ര എണ്ണം എല്ലായിടങ്ങളിലുമായി. രോഗ പകർച്ച വർദ്ധിച്ചു.
ജനത്തിന്റെ കാഴ്ചപ്പാട് പണ്ടത്തെ മൂപ്പിലാന്മാരെ പോലെ “ ഓ! ഇതെന്തിരു കോവിഡ്, പണ്ട്...സർ.സി.പിയുടെ കാലത്തെ കോവിഡാ,,,കോവിഡ്...“ എന്ന മട്ടിലായിപ്പോൾ..
നാളിത് വരെയുള്ള കോവിഡ് കാല നിരീക്ഷണത്തിൽ വാക്സിനേക്കാളും പ്രധാനമായി ജനത്തിനു ആവശ്യമുള്ളത് ജാഗ്രത, സൂക്ഷ്മത, രോഗത്തെ പറ്റിയുള്ള ഭയം ,എന്നിവയാണ് എന്ന് വെളിവാകുന്നത്. ഇവയില്ലാതെ കോവിഡിനെ പിടിച്ച് കെട്ടാനാകുമെന്ന് തോന്നുന്നില്ല.
No comments:
Post a Comment