ഊരകത്തിലുണ്ടെനിക്കിപ്പോളൊരു വിരോതി
വന്നവൻ എന്നോട് പലവട്ടവും ചോദിച്ച്,
വമ്പ് കാണിച്ചപ്പോളോനെ ചൂലു കൊണ്ടടിച്ച്
അന്ന് മുതലയ്യവൻ ഫസാദ് വിണ്ടയത്തെ
ജയിലിൽ കഴിയുന്ന ഭർത്താവിന് തന്റെ നിരപരാധിത്വം വിശദീകരിച്ച് ഒരു ഭാര്യ എഴുതിയ കത്ത് കവിതയായപ്പോൾ അതിലെ നാല് വരികളാണ് മുകളിൽ ഉദ്ധരിച്ചിരിക്കുന്നത്.
നാട്ടിൽ എനിക്കൊരു ശത്രു ഉണ്ടെന്നും അവൻ തന്നോട് പലവട്ടവും തെറ്റായ കാര്യം ആവശ്യപ്പെട്ടെന്നും കൂടുതൽ വിളച്ചിൽ കാണിച്ചപ്പോൾ അവനെ ചൂല് കൊണ്ട് നേരിട്ടെന്നും അന്ന് മുതൽ അവൻ എനിക്കെതിരെ ഫസാദ്(പരദൂഷണം) പരത്തുകയാണെന്നും ഭാര്യ കത്തിലൂടെ പറയുന്നു.
മാപ്പിള പാട്ടിലെ ഹൃദ്യമായ ഇശലിൽ ഈ കവിത രചിച്ചിരിക്കുന്നത് പൂക്കോട്ട് ഹൈദർ. കവിതയുടെ പേര് “മറിയക്കുട്ടിയുടെ കത്ത്“
1921ലെ മലബാർ കലാപത്തിന് ശേഷം ആയിരക്കണക്കിന് മാപ്പിളമാർ കൊല്ലപ്പെടുകയും അനേകായിരം ഒളിവിലും ജയിലിലും പിന്നെ ആയിരക്കണക്കിന് നാട് കടത്തപ്പെടുകയും ചെയ്തു.100 വർഷങ്ങൾക്ക് മുമ്പ് നടന്ന ഈ സംഭവത്തിന് ശേഷം കൂനിൻ മേൽ കുരു എന്ന പോലെ കേരളം കണ്ട ഏറ്റവും വലിയ പ്രളയം (1924) നാടിനെ നരകമാക്കി. അന്നത്തിന് വക കൊണ്ട് വന്ന് തരാൻ വീടകങ്ങളിൽ ആണൊരുത്തൻ ഇല്ലാത്ത സ്ത്രീകളും കുഞ്ഞുങ്ങളും അനുഭവിച്ച യാതനകൾ ഏറെയാണ്. ഈ സന്ദർഭം മുതലാക്കി ദുരുദ്ദേശത്തൊടെ നാട്ടിലെ വിടന്മാർ വീട്ടമ്മമാരെ സമീപിക്കാൻ ശ്രമിച്ചു. ലഹളയെ തുടർന്നുള്ള നിയമ നടപടികളാൽ ബെല്ലാരി ജെയിലിൽ അടക്കപ്പെട്ട ഹസൻ കുട്ടി എന്ന യുവാവിന്റെ യുവതിയായ ഭാര്യ മറിയക്കുട്ടിയെയും ഒരു കശ്മലൻ സമീപിച്ചപ്പോൾ ആ യുവതി അവനെ ചൂലു കൊണ്ട് നേരിട്ടു. തന്റെ കാര്യം നടക്കാത്ത വൈരാഗ്യത്താൽ ആ ദുഷ്ടൻ മറിയക്കുട്ടിയെ പറ്റി ജയിലിൽ കഴിയുന്ന ഹസൻ കുട്ടിക്ക് ഊമ കത്തയക്കുകയുണ്ടായി. ആകെ തകർന്ന ആ യുവാവ് തന്റെ ഭാര്യയുടെ അമ്മക്ക് മകളെ വിവാഹ മോചനം ചെയ്യാൻ ത്വലാക്ക് കുറി അയക്കാൻ പോകുന്നു എന്ന് കത്തെഴുതി.ആ കത്ത് വായിച്ച മറിയക്കുട്ടി തന്റെ നിരപരാധിത്വം ഹൃദയത്തിൽ തട്ടുന്ന വിധം ആവിഷ്കരിച്ച് വിശദമായി ഭർത്താവിന് ജയിലിലേക്ക് മറുപടി കത്തെഴുതുകയുണ്ടായി. ആ കത്താണ് പ്രസിദ്ധ മാപ്പിള പാട്ട് കവിയായ പൂക്കോട്ട് ഹൈദർ “ മറിയക്കുട്ടിയുടെ കത്ത് എന്ന പേരിൽ മാപ്പിള പാട്ടായി പ്രസിദ്ധപ്പെടുത്തിയത്. കേൾക്കാൻ ഇമ്പമേറിയ ഈണത്തിൽ രചിച്ച ഈ കവിത നമ്മൾ അർത്ഥമറിഞ്ഞ് പാടിയാൽ അത് മനസ്സിനെ വല്ലാതെ തരളിതമാക്കുമെന്നുറപ്പ്.
സ്ത്രീക്കെതിരായ അപവാദ പ്രചരണം (അവൾ സുന്ദരിയാണെങ്കിൽ പിന്നെ പറയുകയും വേണ്ട) ചില മനുഷ്യർക്ക് ഒരു ഹരമാണ്. അവരുടെ മനസ്സിലെ അടങ്ങാത്ത ലൈംഗിക ദാഹം ഇപ്രകാരം വിഷം പരത്തുന്നതിലൂടെ അവർക്ക് ശമനം നൽകുമായിരിക്കും. പക്ഷേ അത് ഉണ്ടാക്കി വെക്കുന്ന ദുരന്തം അത് എത്രമാത്രമാണെന്ന് അളക്കാനാവില്ല.
മദ്രാസ്സിൽ പല്ലാവരത്ത് ഭൂവനേശ്വരി ആൻട് കമ്പനി എന്ന സ്ഥാപനത്തിൽ ജോലി ചെയ്ത എന്നോട് ഒരു സഹപ്രവർത്തകൻ തമാശയായി ചോദിച്ച ചോദ്യം ഇന്നും മനസ്സിലുണ്ട്. “നിങ്ങൾ മലയാളികൾ ഗൾഫിലും ബോംബെയിലും മറ്റും ദീർഘകാലം ജോലിക്കായി മാറി നിൽക്കുമ്പോൾ നിങ്ങളുടെ സ്ത്രീകൾ എന്ത് ചെയ്യും“ എന്ന്. ആ തമിഴ് നാട്ട്കാരന്റെ കാഴ്ചപ്പാടിൽ സ്ത്രീകൾ ഇങ്ങിനെ ദാഹാർത്തരായി കഴിഞ്ഞ് വരികയാണ്.
ഈ കാഴ്ചപ്പാടോടെ സ്ത്രീകളെ ദുരുദ്ദേശത്തൊടെ സമീപിക്കുമ്പോൾ ശക്തമായ പ്രതികരണം സ്ത്രീയിൽ നിന്നും നേരിട്ടാൽ പിന്നെ അവളെ താറടിക്കുകയായി അവന്റെ ജോലി.
യുഗങ്ങൾ കഴിഞ്ഞിട്ടും ലോകമാകെ മാറിയിട്ടും മനുഷ്യരിലെ ഈ ദുർ സ്വഭാവം ഇപ്പോഴും അവസാനിക്കുന്നില്ല എന്ന് പല വാർത്തകളിൽ നിന്നും തിരിച്ചറിയുമ്പോൾ മറിയക്കുട്ടിയുടെ കത്തിനെ പറ്റി ഓർത്ത് പോയി.
No comments:
Post a Comment