ദിലീപ് കുമാർ...പകരം വെക്കാനില്ലാത്ത താര രാജാവ്.
പഴയ തലമുറയും പുതിയ തലമുറയും ഒരേ പോലെ ഇഷ്ടപ്പെടുന്ന അഭിനയ ശൈലിയുടെ ഉട്മസ്ഥനായിരുന്നു ദിലീപ് കുമാറെന്ന യൂസുഫ് ഖാൻ.
അൻപത് വർഷത്തെ സിനിമാ ജീവിതത്തിൽ കേവലം 65 ചിത്രങ്ങളിൽ മാത്രം അഭിനയിച്ചിട്ടും അതൊരു വലിയ അക്കമായാണ്` സിനിമാ ലോകത്തുള്ളവർ കണക്കാക്കുന്നത്. കാരണം മിക്കവാറും വർഷത്തിലൊരിക്കൽ മാതം ഇറങ്ങുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾക്കായി ഇങ്ങ് തെക്കുള്ള മലയാളികൾ വരെ കാത്തിരുന്നിരുന്നു എന്നത് തന്നെ അദ്ദേഹത്തിന്റെ അഭിനയ ശൈലിയുടെ പെരുമ ചൂണ്ടിക്കാണിക്കുന്നു.
അദ്ദേഹത്തെ സംബന്ധിച്ച് ഇന്ന് ജീവിച്ചിരിക്കുന്ന അമിതാ ബചൻ ഉൾപ്പടെയുള്ള നടന്മാർ ബഹുമാനത്തോടെ മാത്രമേ സംസാരിച്ചിരുന്നുള്ളൂ.
മലയാളത്തിലെ പ്രസിദ്ധ സംവിധായകൻ ഫാസിൽ 2015 ജനുഅരിയിലെ മാധ്യമം ആഴ്ചപ്പതിപ്പ് 883 ലക്കത്തിൽ ദിലീപ് കുമാർ ഒരു പാഠ പുസ്തകം എന്ന പേരിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന് മറുപടിയായി ഞാൻ എഴുതിയ കുറിപ്പുകൾ വാരികയിൽ പിന്നീട് പ്രസിദ്ധീകരിച്ച് വന്നിരുന്നു. അതിന്റെ സംക്ഷിപ്തം താഴെ ചേർക്കുന്നു:------ ദിലീപ് കുമാറിനെ പറ്റിയുള്ള ഞങ്ങളുടെ തലമുറയിൽ പെട്ടവരുടെ അഭിനിവേശം ആ കുറിപ്പുകളിൽ നിന്നും ലഭിക്കും.
“.......ഞങ്ങളുടെ തലമുറയിൽ പെട്ടവരുടെ ഹരമായിരുന്നു ദിലീപ് കുമാർ.......ആലപ്പുഴയിലെ മുഹമ്മദൻ സ്കൂളിൽ ഹൈസ്കൂൾ പഠന കാലത്ത് ദിലീപ് കുമാറിന്റെ കടുത്ത ആരാധകനായിരുന്നു ഫാസിൽ എന്ന് ഒരു ക്ളാസ്സിൽ ഒരുമിച്ച് പഠിച്ചിരുന്ന ഞാനിപ്പോഴും ഓർമ്മിക്കുന്നു......മുഗൽ ഇ..അസം എന്ന പ്രസിദ്ധ ചിത്രത്തിൽ “പ്യാർ കിയാതോ ഡർനാ ക്യാ“ എന്ന പാട്ട് രംഗത്തിൽ അടുത്ത് നിന്ന തോഴിയോട് മാറ്..അകന്ന് മാറി നിൽക്ക്...എന്ന് സലീം രാജകുമാരൻ ശരീരം കൊണ്ടല്ലായിരുന്നു പറഞ്ഞത് ഭാവ രഹിതമായ എന്നാൽ എല്ലാ ഭാവവും ഉൾക്കൊള്ളിച്ച ശാന്തമായ ഒരൊറ്റ നോട്ടം കൊണ്ട്കൽപ്പിച്ചപ്പോൾ തോഴി പതുക്കെ പതുക്കെ പുറകോട്ട് പോകുന്ന ആ രംഗം കാണുന്ന ഏവർക്കും ആ നടൻ എന്താണ് നോട്ടത്തിലൂടെ കൽപ്പിച്ചതെന്ന് എളുപ്പം മനസ്സിലാക്കാൻ കഴിയുമായിരുന്നുവല്ലോ.അത് പോലൊരു രംഗം അഭിനയിച്ച് ഫലിപ്പിക്കാൻ ദിലീപിനല്ലാതെ മറ്റാർക്കാണ് കഴിയുക......
ഗോസിപ്പുകളാൽ മലീമസമാക്കപ്പെട്ട ബോംബെ സിനിമാ ലോകത്ത് ദിലീപ് കുമാർ...സൈരാബാനു...ദാമ്പത്യ ജീവിതം മാതൃകാപരമായിരുന്നു. “സൈറാ ഒരു തോഴിയായി, അമ്മയായി, മകളായി, കാവൽ മാലാഖയായി അദ്ദേഹത്തെ ഉള്ളങ്കയ്യിൽ കൊണ്ട് നടന്നു എന്ന് ഫാസിൽ നിരീക്ഷിക്കുന്നു, അതെത്ര ശരിയാണ് ഒരു വിവാഹ വാർഷികത്തിൽ ഭാര്യക്ക് സമ്മാനം നൽകുന്നതിനോടൊപ്പം “ എന്നെ ഇത്ര നാൾ സഹിച്ചതിന് ഒരു സമ്മാനം“ എന്ന് ആ അതുല്യ നടനെ കൊണ്ട് പറയിപ്പിക്കാൻ കാരണം മേൽപ്പറഞ്ഞ സത്യം അദ്ദേഹത്തിനും ബോദ്ധ്യമുള്ളതിനാലാണല്ലോ......“
അതേ ദിലീപ് കുമാറിന് പകരം ദിലീപ് കുമാർ മാത്രമേയുള്ളൂ. ഇന്ത്യൻ സിനിമാ ലോകത്തെ ഇതിഹാസം തന്നെയായിരുന്നു, ഇന്ത്യയിലെ ഏറ്റവും ഉന്നത അവാർഡുകൾക്കർഹനായ ആ മഹാനായ നടൻ....
No comments:
Post a Comment