Saturday, August 21, 2021

ഒരു ഓണ സദ്യയുടെ ഓർമ്മക്ക്...

 അന്ന് തിരുവൊണമായിരുന്നു. വാസു ചേട്ടന്റെ പറമ്പിലെ  തെങ്ങിൽ വലിച്ച് കെട്ടിയ ഊഞ്ഞാലിൽ ഉച്ച സമയത്ത് പത്ത് വയസ്സ്കാരനായ  ഞാൻ തനിച്ചിരുന്ന് ആടിക്കൊണ്ടിരുന്നപ്പോഴാണ് സരസ്സു ചേച്ചി  എന്നോട് ചോദിച്ചത് “കൊച്ചേ, ഉണ്ണാൻ പോകുന്നില്ലേ? “ എന്ന്

ഞാൻ ഇല്ലാ എന്നർത്ഥത്തിൽ തോളുകൾ  രണ്ടും പൊക്കി കാണിച്ചു. ഇന്നലെ രാത്രി എന്തോ കഴിച്ചതാണ്, രാവിലെ കരിപ്പട്ടി ചായ മാത്രം. വയറ്  കാളുന്നത് കൊണ്ടാണ് ഊഞ്ഞാലാടി വിഷമം മാറ്റാമെന്ന് കരുതി അവിടെ വന്നത്. കൂടെ ആടിക്കൊണ്ടിരുന്ന പാക്കൻ എന്ന ഭാസ്കരനും പൊന്നമ്മയും രാജമ്മ ചേച്ചിയും  തിരുവോണമായതിനാൽ അവരുടെ അമ്മ വന്ന് വിളിച്ച് ഉണ്ണാൻ പോയപ്പോൾ ഞാൻ തനിച്ചായി.. 

മുറ്റത്ത് ബീഡിയും പുകച്ച് നിന്നിരുന്ന കയർ ഫാക്ടറി തൊഴിലാളിയായ വാസു ചേട്ടനോട്  സരസുച്ചേച്ചി എന്നെ ചൂണ്ടി എന്തോ പറഞ്ഞു. ചേട്ടൻ എന്റെ അടുത്ത് വന്ന് മടിച്ച് മടിച്ച് ചോദിച്ചു. “കൊച്ചേ, ചോറുണ്ണാൻ വാ,....“

 വിശപ്പ് എന്നെ വല്ലാതെ തളർത്തിയിരുന്നെങ്കിലും  നാണവും ഉമ്മായോ മറ്റാരെങ്കിലുമോ കണ്ടാലോ എന്ന ഭയവും  വേണ്ടാ എന്ന് പറയിപ്പിച്ചെങ്കിലും      എന്റെ തൊണ്ടയിലൂടെ  ഒരു കുടം ഉമി നീർ ഇറങ്ങി പോയി.

ആലപ്പുഴ വട്ടപ്പള്ളിയിൽ ആ പ്രദേശത്ത്  ഏഴെട്ട്  വീടുകൾ ഒഴികെ ബാക്കി എല്ലാവരും മുസ്ലിം താമസക്കാരും കർശനമായ യാഥാസ്തിതികരുമായിരുന്നല്ലോ. ആഹാരത്തിൽ പോലും വേർതിരിവ് പ്രകടമായിരുന്നു. ദോശ , ഇഡ്ഡിലി, സാമ്പാറും പുളിശ്ശേരിയും അവിയലും തോരനും മറ്റും കൂട്ടിയുള്ള ഊണും ഒട്ടുമില്ലായിരുന്നു. പത്തിരി , അപ്പം, പുട്ട്, ഇറച്ചിക്കറി , നെയ്ച്ചൊര്, ബിരിയാണി, തുടങ്ങിയവയായിരുന്നു അവരുടെ ചിട്ടകൾ. ഇതര മതസ്തരുടെ  ആഹാരം കഴിക്കുന്നതിൽ വല്ലാതെ വൈമുഖ്യം കാണിച്ചിരുന്നവരായിരുന്നു അന്നത്തെ തലമുറ. നാട്ടിൽ ഭൂരിഭാഗം പേരും അര പട്ടിണിയും മുഴു പട്ടിണിയുമായി  ദിവസങ്ങൾ തള്ളി വിടുമ്പോഴും ചിട്ടകൾക്ക് മാറ്റമൊന്നും ഉണ്ടായിരുന്നില്ല.

ഈ ചിട്ടകൾ അറിയാമായിരുന്നത് കൊണ്ടാണ് വാസു ചേട്ടൻ എന്നെ ഉണ്ണാൻ ക്ഷണിക്കുന്നതിൽ മടി കാണിച്ചത്. പക്ഷേ എന്റെ നിൽപ്പ് കണ്ടപ്പോൾ എന്തോ മനസ്സിലാക്കിയത് പോലെ അദ്ദേഹം എന്നെ കൈക്ക് പിടിച്ച് വീടിന് ഉള്ളിലേക്ക് കൊണ്ട് പോയി. അവിടെ പാക്കനും പൊന്നമ്മയും മറ്റും ഇലയിൽ ആഹാരം കഴിച്ച് കൊണ്ടിരിക്കുകയായിരുന്നു.എന്നെ കണ്ടപ്പോൾ അവർ രണ്ട് പേർക്കും മദ്ധ്യത്തിൽ ഇടം ഉണ്ടാക്കി എന്നെ ഇരുത്തി.  ചാണകം മെഴുകിയ തറയിൽ വിരിച്ച പുൽപ്പായയിൽ ഇരുന്ന് ഇലയിൽ ആഹാരം കഴിക്കുമ്പോൾ  ഉമ്മാ അറിഞ്ഞാൽ അടി കിട്ടുമെന്ന ഭയം മനസ്സിൽ ഉണ്ടായിരുന്നു. ബാപ്പായെ ഭയക്കേണ്ടതില്ലായിരുന്നു, കാരണം  കഴിഞ്ഞ ഓണത്തിന് പുന്നപ്രയിൽ ഗുമസ്ഥൻ മാധവൻ പിള്ള ചേട്ടന്റെ വീട്ടിൽ ഓണത്തിന് ബാപ്പാ സൈക്കിളിൽ ഇരുത്തി എന്നെ കൊണ്ട് പോയി അവിടെ നിന്നും ആഹാരം കഴിച്ചിരുന്നുവല്ലോ. ഇലയിൽ ആദ്യമായി ഉണ്ടത് അവിടെ നിന്നായിരുന്നു. അത് കഴിഞ്ഞ് ഇതാ ഇപ്പോൾ വാസുചേട്ടന്റെ വീട്ടിൽ നിന്നും.

ഞാൻ ആസ്വദിച്ച് ചോറുണ്ട്. നല്ല വിശപ്പുമുണ്ടായിരുന്നല്ലോ. ഏറ്റവും രുചിച്ചത് ഇലയിൽ അവസാനം വിളമ്പിയ പായസമായിരുന്നു. ഉണ്ട് കഴിഞ്ഞപ്പോൾ എന്നെ കൊണ്ട് ഇല എടുപ്പിക്കാതെ സരസു ചേച്ചി അതെടുത്ത് പുറത്ത് കളഞ്ഞു.

പിന്നെയും കുറേ നേരം കഴിഞ്ഞ് ഞാൻ വീട്ടിലെത്തി. വീട്ടിൽ  ആഹാരം ഒന്നും ഇല്ലായിരുന്നു. ഉമ്മാ എന്നെ ദയനീയമായി നോക്കി. എന്നിട്ട് ഒരണ എന്റെ കയ്യിൽ വെച്ച് തന്ന് “മോനേ! ഈ പൈസാക്ക് എന്തെങ്കിലും വാങ്ങി കഴിക്ക്..“ എന്ന് പറഞ്ഞു. എന്ത് കൊണ്ടോ മനസ്സിൽ വല്ലാത്ത പ്രയാസം അനുഭവപ്പെട്ടതിനാൽ എന്തും വരട്ടെയെന്ന് കരുതി ഞാൻ ഊണ് കഴിച്ച വിവരം ഉമ്മായൊട് തുറന്ന് പറഞ്ഞു. അപ്പോഴേക്കും ഉമ്മായുടെ  വിധം മാറി, കൈ കൊണ്ട് ഒന്ന് രണ്ടടി പുറത്ത് തന്നു എന്നിട്ട് ഉച്ചത്തിൽ വഴക്ക് പറയാൻ തുടങ്ങി.

നാണമില്ലേടാ പന്നി സുവ്വറേ! ജാതി അല്ലാത്തവരുടെ ഓണത്തിന്  ചോറുണ്ണാൻ പോയിരിക്കുന്നു, .ഇവിടെ എല്ലാവരും പട്ടിണി ആണല്ലോ നിനക്ക് മാത്രമെന്താടാ ഇത്രക്കും വിശപ്പ്..പൊയ്ക്കോ എന്റെ മുമ്പീന്ന്...“

വഴക്ക് കേട്ട് ബാപ്പാ മുൻ വശത്ത് നിന്ന് കാര്യം തിരക്കിയപ്പോൾ  ഉമ്മാ ഞാൻ ഓണത്തിന് ഉണ്ണാൻ പോയ കാര്യം പറഞ്ഞു. ബാപ്പാ ഉമ്മായുടെ വഴക്ക് വളരെ നിസ്സാരപ്പെടുത്തി  പറഞ്ഞു, അതിനാണോ ഈ ബഹളം, അവൻ ചോറ് പോയി ചോദിച്ചില്ലല്ലോ വിളിച്ച് കൊടുത്തതല്ലേ....“ ഉമ്മാ ഒന്നും മിണ്ടാതെ പിറു പിറുത്ത് കൊണ്ടിരുന്നു.

കാലം കടന്ന് പോയപ്പോൾ വട്ടപ്പള്ളിയിൽ ദോശയും ഇഡ്ഡിലിയും വന്നു, സാമ്പാറും പുളിശ്ശേരിയും കൂട്ടി  ചോറും വന്നു, ഓണത്തിന് ക്ഷണ പ്രകാരം ആൾക്കാർ പോയി ആഹാരം കഴിക്കാനും പെരുന്നാളിന് ബിരിയാണി കഴിക്കാൻ ഇങ്ങോട്ടും വന്ന് തുടങ്ങി.

ഞാൻ കൊട്ടാരക്കരയിൽ സ്ഥിര താമസം തുടങ്ങിയതിൽ പിന്നെ ഉമ്മാ പലതവണ ഓണത്തിന് വന്നു, ഇലയിൽ ചോറുണ്ടു. ഉമ്മാ ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴും വന്നെനെ.

ഇന്ന് വാസുചേട്ടൻ ഇല്ല, സരസ്സു ചേച്ചി, പാക്കൻ പൊന്നമ്മ, ഇവർ ഉണ്ടോ ഇല്ലയോ എന്നറിയില്ല.ആ പറമ്പ് നിറയെ വീടുകൾ ആണിപ്പോൾ, അവിടെ ഇപ്പോൾ ഊഞ്ഞാലും കാണില്ല.

കാലാവസ്ഥാ വ്യതിയാനത്താൽ  കാർമേഘാവൃതമായ ശോഭ കെട്ട  പകലുകളും കോവിഡ് ഭീഷണിയും കഴിഞ്ഞ വർഷവും  ഈ വർഷവും ഓണത്തിനെ നിർജ്ജീവമാക്കിയപ്പോൾ  ഉമ്മറത്തെ ചാര് കസേരയിൽ കിടന്ന് ചെറുപ്പത്തിലെ ഓണ നാളിനെ  കുറിച്ച് ഓർത്ത് പോയി.

No comments:

Post a Comment