“ഇന്നൊന്നും ഉണ്ടാവില്ല, അടുത്ത ആഴ്ച സംഭവിക്കത്തേ ഉള്ളൂ, നീ വെറുതേ ലീവെടുത്ത് ഓടി പാഞ്ഞ് വന്നതെന്തിന്?“
ബാപ്പക്ക് അസുഖം കൂടി എന്നറിഞ്ഞ് 100 കിലോ മീറ്റർ അകലത്തുള്ള സ്ഥലത്ത് നിന്നും ഓടിയെത്തിയ എന്നോട് അവശനായി കിടന്നിരുന്ന അദ്ദേഹം പറഞ്ഞതാണീ വാക്കുകൾ. ആ സംഭവം നടന്നിട്ട് ഇന്നത്തേക്ക് 47 വർഷങ്ങൾ. അത് ഇന്നലെ നടന്നതായാണ് എനിക്കിപ്പോഴും അനുഭവപ്പെടുന്നത്
ഞാൻ നിശ്ശബ്ദനായി തലയും കുനിച്ച് നിന്നു. സ്വന്തം മരണത്തെ പറ്റിയാണ്` ബാപ്പാ നിസ്സാരമായി കാലഗണന നടത്തി പറഞ്ഞത്, ഒരു സാധാരണ സംഭവം പോലെ.
“അടുത്ത കടയിൽ 65 പൈസാ കൊടുക്കാനുണ്ട്. ചാർമിനാർ സിഗററ്റോ മറ്റോ വാങ്ങിയതാണ്.അത് നീ കൊടുത്ത് തീർക്കണം. പിന്നെ ലൈബ്രറിയിൽ നിന്നുമെടുത്ത പുസ്തകം അവിടെ തിരിച്ചേൽപ്പിക്കണം.“
യാത്ര പോകുന്നതിനു മുമ്പ് കാര്യങ്ങൾ പറഞ്ഞേൽപ്പിക്കുകയാണ്. മൊത്തം ജീവിതകാലത്തിൽ ആകെയുള്ള ബാദ്ധ്യത...65 പൈസാ...
തല ഉയർത്തി ഞാൻ പതുക്കെ പറഞ്ഞു, “ അസുഖവുമായി കഴിയുമ്പോൾ ചാർമിനാർ സിഗരറ്റ് വലിക്കാതിരുന്നൂടേ......
“വരണ്ട ഒരു ചിരി മുഖത്ത് വരുത്തി വാപ്പാ ചോദിച്ചു..“ കടലിൽ ചാടി മരിക്കാൻ പോകുന്നവൻ മഴയത്ത് കുട പിടിക്കുമോ?....മരണം ഉറപ്പിച്ച് കിടക്കുകയാണ് ബാപ്പാ....ഞാൻ ഒന്നും മിണ്ടിയില്ല, ആൾ വല്ലാതെ അവശതയിലെത്തിയിരിക്കുന്നു.
ആ അവശതക്ക് കാരണം രോഗമാണ്, സ്വയം പട്ടിണി കിടന്ന് ഞങ്ങളെ തീറ്റിയത് കൊണ്ട് വരുത്തി വെച്ച രോഗം. എനിക്ക് സർക്കാർ ജോലി കിട്ടി കുറച്ച് കാലമായതേ ഉള്ളൂ. പക്ഷേ അപ്പോഴേക്കും ബാപ്പാ രോഗിയായി കഴിഞ്ഞിരുന്നു. ചെറുപ്പ കാലത്ത് സമ്പന്നത നിറഞ്ഞ കുടുംബത്തിൽ ജനിച്ച് പിന്നെ കാലത്തിന്റെ കുത്തൊഴുക്കിൽ നാടൊട്ടുക്ക് പട്ടിണി പടർന്ന് പിടിച്ചപ്പോൾ സാമ്പത്തിക തകർച്ചയിലെത്തിയ ജീവിതം.എന്നിട്ടും എങ്ങിനെയെല്ലാമോ പിടിച്ച് നിന്നു. പകൽ ചിട്ടി കമ്പനി കണക്കെഴുത്ത്, രാത്രി ബീഡി തെറുപ്പ്, എന്നിട്ടും രാവേറെ ചെന്നിട്ടും മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ ആലപ്പുഴ ലജനത്ത് ലൈബ്രറിയിൽ നിന്നും എടുത്ത പുസ്തകങ്ങൾ വായിച്ച് കൊണ്ടിരിക്കും.
പ്രവചിച്ചത് പോലെ അടുത്ത ആഴ്ച യാത്ര പറഞ്ഞു. ഇന്നത്തേക്ക് 47 വർഷത്തിനു മുമ്പ് ആലപ്പുഴ പടഞ്ഞാറേ ജമാത്ത് പള്ളിയിൽ കബറടക്കി. ഒരു അടയാള കല്ല് പോലും വെക്കാതെ (അന്നതിന്റെ ചെലവിന് പണമില്ലായിരുന്നല്ലോ) പക്ഷേ സ്ഥലം അറിയാമെന്നുള്ളതിനാൽ എപ്പോൾ ആലപ്പുഴയിൽ പോകുന്നോ ആപ്പോളെല്ലാം ആ ഭാഗത്ത് പോയി നിന്ന് പ്രാർത്ഥിക്കും.
ഇന്നും ദൂരത്തിലിരുന്നു ഞാൻ മനസ്സിൽ പ്രാർത്ഥിക്കുന്നു, ഒരിറ്റ് കണ്ണീർ പൊഴിക്കുന്നു, ആ സ്നേഹത്തെ കുറിച്ചോർത്ത്, അത് പലപ്പോഴും ഉള്ളിൽ തട്ടി ഞാൻ അനുഭവിച്ചതാണല്ലോ.
No comments:
Post a Comment