Tuesday, June 16, 2020

മറ്റ് രോഗ ചികിൽസ സ്വകാര്യ ആശുപത്രിക്കാർക്ക്

  കോവിഡ് രോഗ ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ പനിയും പകർച്ച വ്യാധികളുൾപ്പടെ  മറ്റ് രോഗ ചികിൽസ ഇനി സ്വകാര്യ ആശുപത്രികളിൽ മാത്രമായി സർക്കാർ നിരക്കിൽ  ക്രമീകരിക്കുന്നു  എന്ന് പത്ര വാർത്ത.
1130 സ്വകാര ആശുപത്രികളും 20 മെഡിക്കൽ കോളേജുകളുമാണ്  മറ്റ് രോഗങ്ങളുടെ ചികിൽസക്ക് സന്നദ്ധത അറിയിച്ചിട്ടുള്ളത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ സർക്കാർ എടുത്ത നല്ല തീരുമാനങ്ങളിലൊന്നായി ഇതിനെ കണക്കിലെടുക്കാം. ലോക്ക് ഡൗണിൽ  എല്ലാ സ്വകാര്യ ആശുപത്രികളും വലിയ നഷ്ടത്തിലായിരുന്നു പ്രവർത്തിച്ച് വന്നിരുന്നത്. രോഗികളെത്തിയെങ്കിലല്ലേ അവർക്ക് ഗുണമുള്ളൂ.
അതേ പോലെ കോവിഡ് ബാധിതരുടെ ചികിൽസയും ഇതര രോഗ ചികിൽസയും ഒരു സ്ഥാപനത്തിന് കീഴിൽ ഒന്നിച്ച് കൊണ്ട് പോകുന്നത് ആപത്കരമാണെന്ന് സംശയമേ ഇല്ല.
പക്ഷേ സർക്കാർ നിരക്ക് എന്നത് മാത്രം പിടി കിട്ടുന്നില്ല.  അത് സർക്കാരെങ്ങിനെ കണക്ക് കൂട്ടും. സ്വകാര്യ ആശുപത്രിയിലെ ബില്ലുകൾ എന്നെങ്കിലും കണ്ടവരുണെങ്കിൽ  ഈ ആശങ്ക തിരിച്ചറിയും. ഇത്രത്തോളം പിടിച്ച് പറിക്കാർ ഉള്ള മേഖല വേറെ ഇല്ല. ഇതിനെ ചോദ്യം ചെയ്യാൻ സാധിക്കാത്ത വിധം ആശുപത്രി സംരക്ഷണ നിയമം  എന്നൊരെണ്ണം കുറച്ച് കാലത്തിന് മുമ്പ്  കേരളാ നിയമ സഭയിൽ ചുട്ടെടുത്തിരുന്നു. ഈ നിയമ നിർമ്മാണത്തിന് ഹേതുവായി ഒരു പിന്നാമ്പുറ കഥയുണ്ട്.  മെഡിക്കൽ കോളേജിലെ ഒന്ന് രണ്ട് ഡോക്ടറന്മാർക്ക് ഏതോ ചിൽസാ പിഴവിൽ അടി കിട്ടുകയും അതിൽ പ്രതിഷേധിച്ച് അവർ ഒന്നായി പണി മുടക്കുകയും ചെയ്തിരുന്നു.  തുടർന്നുണ്ടായ ഒത്ത് തീർപ്പിലാണ് ഈ നിയമം പിറന്ന് വീണത്.   അതിന്റെ പിൻ ബലത്തിൽ ഒരു അക്ഷരം എതിർത്ത് സംസാരിച്ചാൽ ജാമ്യമില്ലാ വകുപ്പ് ഉപയോഗിച്ച് കേസെടുക്കാം. രസകരമായ ഒരു വസ്തുത ഈ ബില്ല് പാസാകുമ്പോൾ അന്ന് ഭരണത്തിലിരുന്നവർ  ആശുപത്രി ഉപഭോക്താവിന്റെ സംരക്ഷണത്തിനായും നിയമം ഉടൻ നിർമ്മിക്കും എന്ന് പറഞ്ഞിട്ട് വർഷങ്ങളും ഭരണക്കാരും എത്രയോ കടന്ന് പോയി. അത് സംബന്ധമായി ഒരു നിയമം ഉണ്ടായില്ലെന്ന് മാത്രമല്ല മറ്റേ നിയമം അവസരത്തിലും  അനവസരത്തിലും എടുത്ത് ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.
ചുരുക്കത്തിൽ ഏത് കഴുത്ത് അറുപ്പൻ ബില്ല്  സ്വകാര്യക്കാരൻ തന്നാലും രോഗി കൊടുക്കാൻ ബാദ്ധ്യസ്തനാകും.
മരിച്ചവന് ഒരു ലക്ഷത്തോടടുത്ത്  ബിൽ കൊടുത്ത ഒരു സ്വകാര്യൻ ഞാൻ താമസിക്കുന്ന പ്രദേശത്തുണ്ട്. അവർ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ലോൺ എടുത്ത പലിശ കൂടി ചേർത്താണ് രോഗികളെ പിഴിയുന്നത്.
എങ്കിലും “സർക്കാർ നിരക്കിൽ“ എന്നൊരു വാക്ക് പ്രത്യാശ നൽകുന്നു. ജനങ്ങളെ സ്വകാര്യാ‍ശുപത്രിക്കാർക്ക് വിട്ട് കൊടുക്കുന്നതിന് മുമ്പ് രോഗികളെ  പിഴിയുന്നതിന് എതിരായി  കർശന നിയമങ്ങളും ഏർപ്പെടുത്തുക തന്നെ വേണം. ഇല്ലെങ്കിൽ ഇപ്പോൾ കറണ്ട് ബില്ലിൽ  ഉണ്ടായിട്ടുള്ള  മുറുമുറുപ്പ്  ഈ വിഷയത്തിലും ഉണ്ടാകുമെന്നുറപ്പ്.

No comments:

Post a Comment