രാവിലെയുള്ള നടപ്പ് പൊതു നിരത്ത് കഴിഞ്ഞ് നാട്ടുമ്പുറം വഴിയിലേക്ക് തിരിയുമ്പോൾ മുഖത്ത് അണിഞ്ഞിരിക്കുന്ന മുഖ കൗപീനം അഴിച്ച് കയ്യിൽ സൂക്ഷിക്കും.നാട്ടിൻ പുറത്തെ ശുദ്ധ വായു ആകുന്നിടത്തോളം ശ്വാസകോശത്തിലേക്ക് വലിച്ച് കയറ്റാനും അത് വരെ അണിഞ്ഞിരുന്ന ആവരണത്താൽ മുഖത്ത് അനുഭവപ്പെട്ടിരുന്ന ചൂടിന് അൽപ്പം ശമനത്തിനും വേണ്ടിയാണങ്ങിനെ ചെയ്യുന്നത്. മാത്രമല്ല, നാട്ടുമ്പുറം ഇടവഴികൾക്ക് ഇരുവശവും ഉള്ള പറമ്പുകളിൽ തിങ്ങി നിറഞ്ഞ് നിൽക്കുന്ന വൃക്ഷലതാദികളല്ലാതെ മനുഷ്യ താമസം കുറവുമാണ്, കൊറോണാ കേസുകളുടെ റിപ്പോർട്ടിംഗും ഇല്ല. ആൾക്കാരും താരതമ്യേനെ കുറവുമാണ്.
രാവിലെ അങ്ങിനെ പ്രകൃതി ഭംഗിയും ആസ്വദിച്ച് നടന്ന് പോകവേ എതിരേ മുഖാവരണവും അണിഞ്ഞ് ഒരു കക്ഷി വരുന്നു.
സാാർ....അയാൾ നീട്ടി വിളിച്ചു.
എനിക്ക് കാര്യം മനസ്സിലായി. എന്റെ മുഖത്ത് തുണി കെട്ടിയിട്ടില്ല, അത് സൂചിപ്പിച്ചതാണ് തത്ര ഭവാൻ.
ഞാൻ കയ്യിൽ സൂക്ഷിച്ച മുഖ കൗപീനം പൊക്കി കാണിച്ചു. എന്നിട്ട് പറഞ്ഞു;
“സാധനം കയ്യിലുണ്ട് “
“അത് കയ്യിൽ വെക്കാനുള്ളതല്ല, മുഖത്ത് അണിയാനുള്ളതാണ്, നിയമം അനുസരിക്കാൻ നാം ബാദ്ധ്യസ്തരല്ലേ സാാർ....“
“വണ്ടി വള്ളത്തിലും വള്ളം വണ്ടിയിലും പോകണമല്ലോ അനിയാ....“ ഞാൻ പൊതു ന്യായം പറഞ്ഞിട്ട് നടന്ന് പോയി. അദ്ദേഹം പള്ളിക്കൂടം വാദ്ധ്യാരാണ്. ഇനി എന്നെ നിയമ ലംഘനത്തിന്റെ ഗുരുതര സ്വഭാവം പറഞ്ഞ് പഠിപ്പിക്കാൻ നിന്നാൽ രാവിലെ കിട്ടിയ ഊർജ്ജം നഷ്ടമാകും.
വീണ്ടും വഴിയിലൂടെ മുന്നോട്ട് പോയപ്പോൾ മനസ്സിൽ ഒരു ആപത് ശങ്ക. ആൾ വാദ്ധ്യാരാണ് അപ്പുറത്തെക്ക് മാറി നിന്ന് “പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് “സർ, ദാ! ഒരുത്തൻ തുണി അണിയാതെ പോകുന്നെന്ന് പറഞ്ഞാൽ
അവർ നോക്കി ഇരിക്കുകയാണ് ഒരു പെറ്റി കൂടി തികക്കാൻ.... അപ്പോൾ തന്നെ ഏമാന്മാർ ലൊക്കേഷൻ തിരഞ്ഞ് പാഞ്ഞ് വന്ന് ആളെ കണ്ട് പിടിച്ച് 200 രൂപാ പെറ്റിഅടിച്ച് തരും. 200 രൂപായേക്കാളും വലിയ നാണക്കേടാകും.
ഞാൻ ഉടൻ തന്നെ തുണി എടുത്തണിഞ്ഞു.
ഗ്രാമീണ ഇടവഴികളിലൂടെ മുണ്ടും മടക്കി കുത്തി, തലയുമുയർത്തി പിടിച്ച്, ഒരു ചെറിയ മൂളിപ്പാട്ടും ചുണ്ടിൽ വരുത്തി കൈ വീശി നടന്ന് പോകുന്നത് ഒരു സുഖമാണ്. ഈ കൊറോണാ കാരണം അതും ഇല്ലാതായി.
No comments:
Post a Comment