Wednesday, June 10, 2020

സമൂഹ മാധ്യമങ്ങളും തെറ്റായ വാർത്തകളും.

അബദ്ധവശാൽ ഒരു വാർത്ത പ്രചരിപ്പിക്കുന്നതും മനപൂർവം  സമൂഹത്തെ  തെറ്റിദ്ധരിപ്പിക്കാനായി വാർത്ത പ്രചരിപ്പിക്കുന്നതും  രണ്ടും രണ്ടാണ്.
ഒരു വാർത്താ ചാനലിൽ വാർത്തകളുടെ  അവസാനഭാഗം  തെറ്റായി പ്രചരിപ്പിക്കുന്ന വാർത്തകളുടെ വിവരവും  അതിന്റെ ശരിയായ വാർത്തയും  ദിവസവും കാണിക്കുന്നുണ്ട്. അവിടെ പ്രസക്തമായ ചോദ്യം ഇപ്രകാരം തെറ്റായ വാർത്തകൾ സമൂഹത്തെ വഞ്ചിക്കുന്നതിനെതിരായി  മനപൂർവം സൃഷ്ടിക്കുന്നവർക്കെതിരെ  എന്ത് നടപടി എടുക്കാൻ കഴിയുമെന്നുള്ളതാണ്?
  ഒന്നു മുതൽ പ്ളസ് റ്റൂ വരെ പഠിക്കുന്ന കുട്ടികൾക്ക് പ്രധാന മന്ത്രിയുടെ  ഫണ്ടിൽ നിന്നും പതിനായിരം രൂപാ  ബാങ്ക് അക്കൗണ്ടിൽ ഇട്ട് കൊടുക്കുന്നു എന്ന് വാട്ട്സ് അപ്പിൽ കഴിഞ്ഞ ദിവസങ്ങളിൽ ഒരു വാർത്ത പരന്നു. കിട്ടിയവർ കിട്ടിയവർ ഒന്നും നോക്കാതെ ആ വാർത്ത ഷെയർ ചെയ്തു. വീട്ടമ്മമാർ  കുട്ടികളുടെ വിവരങ്ങളും ബാങ്ക് അക്കൗണ്ട് നമ്പറും മറ്റ് രേഖകളുമായി അക്ഷയാ സെന്ററിലേക്ക് പായാൻ തുടങ്ങി. പല അക്ഷയ സെന്ററുകളും അപേക്ഷകളും രേഖകളും വാങ്ങി വെച്ചു. ചിലർ തിരിച്ചയച്ചു. ആരായാലും ഈ വാർത്ത ഉല്പാദിച്ചവർ മാറി ഇരുന്ന് ഊറി ഊറി ചിരിച്ചു. അവർക്ക് ഇങ്ങിനെ സമൂഹത്തെ വഞ്ചിക്കുന്നതിൽ യാതൊരു പ്രയോജനവും ഇല്ലാ എങ്കിലും  ഇപ്രകാരം ആൾക്കാരെ   പറ്റിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന ദുഷ്ട മനസാണുള്ളത്. ഇവരെ കണ്ടെത്തി മാതൃകാ പരമായ ശിക്ഷ  കൊടുക്കേണ്ടതല്ലേ?.
നവ മാധ്യമങ്ങളിൽ പ്രത്യേകിച്ച് ഫെയ്സ്ബുക്കിലും വാട്ട്സപ്പിലും കാണുന്ന വാർത്തകൾ സത്യമാണെന്നാണ് സാധാരണക്കാരുടെ വിശ്വാസം. ആ വിശ്വാസത്തെയാണ് ഈ ദ്രോഹികൾ തകർക്കുന്നത്.
ഇനി മറ്റൊരു പറ്റിപ്പ് ഇന്റർ നെറ്റിൽ കുറേ കാലമായി നിലവിലുണ്ട്. പ്രസിദ്ധമായ ഒരു ചലചിത്രം ഫുൾ മൂവി എന്ന ടൈറ്റിൽ താഴെ കൊടുത്ത് യൂ ട്യൂബിൽ പ്രദർശിപ്പിക്കും. അതിൽ അമർത്തി സിനിമാ കാണാൻ ഇരിക്കുന്നവൻ കാണുന്നത് മറ്റൊരു സിനിമയോ ഏതെങ്കിലും സിനിമയുടെ ചില ഭാഗങ്ങളോ ആയിരിക്കും. ഒരു മടിയും കൂടാതെ നിർഭയരായാണ് ഇപ്രകാരം  ചെയ്യുന്നവർ യൂ ട്യൂബിനെ ദുരുപയോഗം ചെയ്യുന്നത്.
ചുരുക്കത്തിൽ ഇന്റർ നെറ്റ് മേഖല  തട്ടിപ്പിന്റെയും പറ്റിപ്പിന്റെയും  പ്രധാന കമ്പോളമായി തീർന്നിരിക്കുന്നു.
ഒരു ജനാധിപത്യ രാജ്യത്തിൽ ഇപ്രകാരം സമൂഹ വഞ്ചന നടത്തുന്നവർക്കെതിരെ ഉചിതമായ നടപടികൾ എടുക്കുന്നതിന് മതിയായ നിയമ നിർമ്മണത്തിനായി  സമയം അതിക്രമിച്ചിരിക്കുന്നു.

No comments:

Post a Comment