അഛാ!
എന്താ മോനേ!
ഇതാ അവിടെ ഒരു പമ്പ്.......
മോനേ! വാക്കുകൾ ചുരുക്കി പറയരുത്, നീട്ടി പറയണം...പമ്പല്ല..പാമ്പ്...“
‘ഹോ! അതിന്റെ ഒരു പാത്തി...“
“പാത്തിയല്ല, മോനേ...വാക്കുകൾ ചുരുക്കി പറഞ്ഞ് പഠിക്കണം പാത്തിയല്ല അതിന്റെ പത്തി...“
അഛാ...ഹോ അതിന്റെ ഒരു ഒട്ടം....
“എന്താ മോനേ ഇത്...വാക്കുകൾ നീട്ടിപ്പറയണമെന്ന് ഞാൻ പറഞ്ഞില്ലേ...ഒട്ടമല്ല...അതിന്റെ ഓട്ടം....“
പാടി പതിഞ്ഞ ഈ പഴങ്കഥ ഇവിടെ ഇപ്പോൾ പറഞ്ഞത് കൊട്ടാരക്കര സർക്കാർ ആശുപത്രിയിലെ യുവ ഡോക്ടറുടെ ദാരുണ അന്ത്യത്തെ സംബന്ധിച്ച് പഴയ ഒരു ഉത്തരവിന്റെ ദുർവ്യാഖ്യാനങ്ങൾ ഓൺ ലൈനിൽ വ്യാപകമായി കണ്ടത് കൊണ്ടാണ്.
തടി രക്ഷിക്കാൻ എല്ലാവരും നിയമത്തെ ദുർവ്യാഖ്യാനം ചെയ്യും. ഈ കേസിലും അതുണ്ടായി. പ്രതിയെ വൈദ്യ പരിശോധനക്കായി പോലീസ് കൊണ്ട് വരുമ്പോൾ പരിശോധനാ സമയം പ്രതിയിൽ നിന്നും ഡോക്ടറിൽ നിന്നും പോലീസ് അകന്ന് നിൽക്കണം എന്ന് ഉത്തരവിൽ പറയുന്നു. അത് നടപ്പിലാക്കാൻ വർഷങ്ങൾക്ക് മുമ്പ് ഒരു വനിതാ ഡോക്ടർ തന്നെ മുന്നിട്ട് ഇറങ്ങുകയും ചെയ്തിരുന്നു.
പക്ഷേ ഓരോന്നിനും അതിന്റേതായ സമയവും സ്ന്ദർഭവുമില്ലേ ദാസാ....! മനുഷ്യന് വിവേചനാ ബോധം നൽകിയിരിക്കുന്നത് അതിനല്ലേ.... മുകളിലെ നാടോടി കഥയിലെ ഉദാഹരണം പോലെ വാക്കുകൾ അതേപടി അനുസരിച്ചാൽ വലിയ കുഴപ്പങ്ങൾ സംഭവിക്കും. ആ ഉത്തരവ് അൽപ്പമൊന്ന് ലംഘിച്ചിരിന്നെങ്കിൽ ഒരു പാവം പെൺകുട്ടി കൊലക്കത്തിക്കിരയാകില്ലായിരുന്നു. നിയമ ലംഘനത്തിന് പഴി കേട്ടേക്കാം പക്ഷേ ഒരു ജീവൻ നഷ്ടപ്പെടില്ലായിരുന്നു
അങ്ങിനെ നിയമം അൽപ്പമൊന്ന് വ്യതി ചലിപ്പിക്കുന്ന കാരണം ഡോക്ടറെ പറഞ്ഞ് മനസ്സിലാക്കാമായിരുന്നു
പ്രതിയെ കൊണ്ട് വന്ന പോലീസ്കാരന് പ്രതിയുടെ അക്രമ സ്വഭാവം തിരിച്ചറിയാൻ കഴിവുണ്ടായിരിക്കണം.അത് സാധ്യമാകണമെങ്കിൽ സംഭവങ്ങളുടെ തുടക്കത്തിൽ തന്നെ അതായത് പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്ത സമയം മുതൽ കൂടെ ഉണ്ടായിരുന്ന പോലീസ്കാരനായിരിക്കണം അയാളെ ആശുപത്രിയിൽ കൊണ്ട് വരേണ്ടിയിരുന്നത്. അങ്ങിനെയാണോ ഇവിടെ സംഭവിച്ചതെന്നറിയില്ല്. സാധാരണയായി ഒരു പ്രതിയെ ആശുപത്രിയിൽകൊണ്ട് പോകാൻ അപ്പോൾ അവിടെ ഉണ്ടാകുന്ന ഏതെങ്കിലും കോൺസ്റ്റേബിളിന് ചുമതല നൽകും അയാൾക്ക് പ്രതിയുടെ സ്വഭാവത്തിന്റെ ചരിത്രവും ഭൂമി ശാസ്ത്രവും അറിയില്ലായിരിക്കാം, അത് കൊണ്ട് തന്നെ സാധാരണ കേസ് പോലെ അയാൾ ഇതും കൈകാര്യം ചെയ്തിരിക്കാം. ഇതെല്ലാം ഇനി വ്യക്തമാകാനിരിക്കുന്നതേയുള്ളൂ. ആ കുട്ടി പോയി...അവളുടെ രക്ഷിതാക്കൾക്ക് അവളെ നഷ്ടപ്പെട്ടു...അവരുടെ എല്ലാ സ്വപ്നവും തകർന്നു.
ഇപ്പോൾ ദുർ വ്യാഖ്യാനം ചെയ്യപ്പെടുന്ന നിയമം അതിന്റേതായ സമയത്തും സന്ദർഭത്തിലും യുക്തി സഹജമായിരുന്നു. പക്ഷേ എല്ലാവരും തിരിച്ചറിയാത്ത സത്യം നിയമം മനുഷ്യന് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നും മനുഷ്യൻ നിയമത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടില്ലാ എന്ന്മാണ്. അത് തിരിച്ചറിഞ്ഞ് ബോദ്ധ്യപ്പെട്ട് പ്രവർത്തിക്കാനുള്ള കഴിവ് നിയമം കൈകാര്യം ചെയ്യുന്ന എല്ലാ വിഭാഗത്തിനും നിർബന്ധമായി ഉണ്ടായിരിക്കേണ്ടതാണ്.
പണ്ട് വളരെ പണ്ട് ഈ ആശുപത്രിക്കെട്ടിടത്തിന്റെ മുമ്പിൽ വെച്ച് ഒരു വനിതാ ഡോക്ടർക്ക് കുത്തേറ്റു, അവർ ഒരു ഗയ്നക്കോളജിസ്റ്റ് ആയിരുന്നു. . രോഗിയുടെ ബന്ധുവായിരുന്നു പ്രതി. ഗുരുതരമായി പരിക്കേറ്റ ഡോക്ടർ മരിച്ചില്ല, ഇന്ന് അവർ ഉണ്ടോ എന്നുമറിയില്ല. പ്രതി ശിക്ഷിക്കപ്പെട്ടു എന്നാണറിഞ്ഞത്. ഡോക്ടർ കാറിൽ നിന്നിറങ്ങുമ്പോഴായിരുന്നു കുത്തേറ്റത് അന്ന് ജനം പലവിധത്തിൽ പ്രതികരിച്ചു പക്ഷേ ഇന്ന് ഈ കുട്ടിയുടെ കാര്യത്തിൽ ജനം ഒറ്റക്കെട്ടായി വേദനിക്കുന്നു,
അത് കൊണ്ട് തന്നെ ഇന്ന് നഗരം ഇത് വരെ കാണാത്ത വിധത്തിൽ ആശുപത്രി തൂപ്പ്കാരി മുതൽ സൂപ്രണ്ട് വരെ ഒറ്റക്കെട്ടായി പൊരി വെയിലത്ത് അണി നിരന്ന പ്രതിഷേധ റാലിക്ക് പൊതുജനം സർവാത്മനാ പിൻ തുണ നൽകുകയും ചെയ്തു.
ഇപ്രകാരം മേലിൽ സംഭവിക്കാതിരിക്കാൻ ഭരിക്കുന്നവർ ഉണർന്ന് പ്രവർത്തിക്കട്ടെ....
No comments:
Post a Comment